കൊച്ചി : കളമശേരി സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി സാലി പ്രദീപൻ (45) മരണത്തിന് കീഴടങ്ങി.
ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തില്‍ സാലി പ്രദീപന്റെ മകള്‍ 12കാരി ലിബ്നയും മരിച്ചിരുന്നു,. സ്ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ സാലി പ്രദീപൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീണും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ സഹോദരിയും മരിച്ചത് പ്രവീണ്‍ അറിഞ്ഞിട്ടില്ല.
അതേസമയം കേസിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകള്‍ ഇന്ന് പൊലീസ് കണ്ടെടുത്തു. മാര്‍ട്ടിൻ സഞ്ചരിച്ച സ്കൂട്ടറിലായിരുന്നു ഇവ ഉണ്ടായിരുന്നത്. മാര്‍ട്ടിനെ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്. വെള്ളക്കവറില്‍
പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകള്‍ സ്കൂട്ടറില്‍ ഉണ്ടായിരുന്നത്.
ഒക്ടോബര്‍ 29ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെൻഷൻ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവെ രണ്ടായിരത്തിലേറെപ്പേര്‍ ഹാളിലുണ്ടായിരുന്നു, ഹാളിന്റെ മദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്.