Click to learn more 👇

150 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല; 230 കിലോമീറ്റര്‍ യാത്ര ചെയ്ത് ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്ന് പൊലീസുകാരന്‍


 


ബംഗളുരു: ഭാര്യയെ ഫോണിലൂടെ അസഭ്യം പറയുകയും ഒടുവില്‍ വീട്ടിലെത്തി കഴുത്ത് ഞെരിച്ച്‌ കൊല്ലുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കര്‍ണാടകയിലാണ് സംഭവം. 150 തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ക്രൂരകൃത്യം. ഇതിനായി ചാമരംജനഗറില്‍ നിന്ന് ഇയാള്‍ 230 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഹൊസ്കോട്ടയ്ക്ക് സമീപമുള്ള ഭാര്യവീട്ടില്‍ എത്തുകയായിരുന്നു. വീട്ടില്‍ കയറുന്നതിന് മുമ്ബ് യുവാവ് കീടനാശിനി കുടിച്ച ശേഷമായിരുന്നു കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. 24 വയസുകാരിയായ പ്രതിഭയാണ് കൊല്ലപ്പെട്ടത്. 11 ദിവസം മുമ്ബാണ് പ്രതിഭ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം ഹൊസ്കോട്ടയ്കക് സമീപമുള്ള കലത്തൂര്‍ ഗ്രാമത്തിലുള്ള സ്വന്തം വീട്ടിലായിരുന്നു യുവതി കഴിഞ്ഞുവന്നികുന്നത്. തിങ്കളാഴ്ച രാവിലെ ഇവിടെയെത്തിയ ഭര്‍ത്താവ് കിഷോര്‍ (32) യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കിഷോര്‍ ഇപ്പോള്‍ ആശുപത്രിയിവാണ്. ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കംപ്യൂട്ടര്‍ എഞ്ചിനീയറിങ് ബിരുദധാരിയായ പ്രതിഭയും, കോലാര്‍ ജില്ലയിലെ വീരപുര സ്വദേശിയായ കിഷോറും 2022 നവംബര്‍ 13നാണ് വിവാഹിതരായത്. പ്രതിഭയെ എപ്പോഴും സംശയത്തോടെ കണ്ടിരുന്ന കിഷോര്‍ പതിവായി അവരുടെ ഫോണിലെ മെസേജുകളും കോള്‍ വിവരങ്ങളും പരിശോധിക്കുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംസാരിക്കകയോ മെസേജ് ചെയ്യുകയോ ചെയ്യുന്ന ഓരോ ആളിനെക്കുറിച്ചുമുള്ള വിശദ വിവരങ്ങളും അവരുമായുള്ള ബന്ധവുമെല്ലാം ചോദ്യം ചെയ്തിരുന്നു. കോളേജില്‍ ഒപ്പം പഠിച്ചിരുന്ന ചില ആണ്‍ സുഹൃത്തുക്കളുമായി അടുത്ത് ഇടപെടുന്നു എന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച വൈകുന്നേരം കിഷോര്‍ ഫോണില്‍ വിളിച്ച്‌ പ്രതിഭയോട് എന്തോ ചില കാര്യങ്ങളുടെ പേരില്‍ ക്ഷോഭിച്ചു. പ്രതിഭ കരയാന്‍ തുടങ്ങിയതോടെ അവരുടെ അമ്മ വെങ്കടലക്ഷ്മമ്മ ഫോണ്‍ വാങ്ങി കോള്‍ കട്ട് ചെയ്തു. എപ്പോഴും കരഞ്ഞാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇനി കിഷോര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കേണ്ടെന്നും അമ്മ നിര്‍ദേശിച്ചു. പിന്നീട് തിങ്കളാഴ്ച രാവിലെ ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ 150 മിസ്ഡ് കോളുകളുണ്ടായിരുന്നു. ഇക്കാര്യം പ്രതിഭ വീട്ടുകാരെ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 11.30ഓടെ കിഷോര്‍ പ്രതിഭയുടെ വീട്ടില്‍ നേരിട്ടെത്തി. അമ്മ വീടിന്റെ ടെറസില്‍ നില്‍ക്കുകയായിരുന്നു. പ്രതിഭയും കുഞ്ഞും വീടിന്റ മുകള്‍ നിലയിലെ മുറിയിലായിരുന്നു.

വീട്ടിലെത്തിയ ശേഷം കീടനാശിനി കുടിക്കുകയും വാതില്‍ അകത്തു നിന്ന് കുറ്റിയിടുകയും ചെയ്തു. തുടര്‍ന്ന് ഷോള്‍ ഉപയോഗിച്ച്‌ പ്രതിഭയുടെ കഴുത്ത് ഞെരിച്ചു. ബഹളം കേട്ട് അമ്മ താഴേക്ക് വന്ന് വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. അപകടം മണത്തറഞ്ഞ അവര്‍ വാതിലില്‍ അടിച്ച്‌ ബഹളമുണ്ടാക്കുകയും കിഷോറിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ 15 മിനിറ്റ് കഴിഞ്ഞാണ് കിഷോര്‍ വാതില്‍ തുറന്നത്. ഞാന്‍ അവളെ കൊന്നു എന്ന് പറഞ്ഞുകൊണ്ട് പുറത്തുവന്ന കിഷോര്‍ ഉടന്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

കിഷോറിന് കടുത്ത ശിക്ഷ ലഭിക്കണമെന്ന് പ്രതിഭയുടെ അമ്മ ആവശ്യപ്പെട്ടു. കിഷോറിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അവര്‍ ആരോപിച്ചു. പ്രതിഭയുടെ അച്ഛന്‍ നല്‍കിയ പരാതി അനുസരിച്ച്‌ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.