അട്ടിമറികള്‍ തുടരുകയെന്ന അഫ്ഗാനിസ്ഥാന്‍ മോഹങ്ങളെ തച്ചുതകര്‍ത്ത് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്‍.
292 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയെ 91/7 എന്ന നിലയിലേക്ക് ഒതുക്കുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചുവെങ്കിലും പിന്നീട് കണ്ടത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നു.
46.5 ഓവറില്‍ ഓസ്ട്രേലിയയുടെ വിജയം മാക്സ്വെല്‍ ഉറപ്പാക്കുമ്ബോള്‍ താരം 128 പന്തില്‍ പുറത്താകാതെ 201 റണ്‍സാണ് നേടിയത്. 21 ബൗണ്ടറിയും പത്ത് സിക്സും അടങ്ങിയതായിരുന്നു മാക്സ്വെല്ലിന്റെ താണ്ഡവം. മറുവശത്ത് 68 പന്തില്‍ വെറും 12 റണ്‍സ് നേടി പാറ്റ് കമ്മിന്‍സ് ഒരു വശം കാത്ത് നിര്‍ണ്ണായക ചെറുത്ത്നില്പുയര്‍ത്തി. ക്രാംപ്സിനെ അതിജീവിച്ച് മാക്സ്വെല്‍ വിജയം കുറിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്റെ സെമി മോഹങ്ങളാണ് താരം തച്ചുടച്ചത്.
ഗ്ലെന്‍ മാക്സ്വെല്ലിന്റെ ക്യാച്ച് താരത്തിന്റെ സ്കോര്‍ 33ല്‍ നില്‍ക്കുമ്ബോള്‍ മുജീബ് വിട്ടത് അഫ്ഗാന് തിരിച്ചടിയായി മാറി. പിന്നീട് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ മാക്സ്വെല്‍ മത്സരം മാറ്റി മറിയ്ക്കുന്നതാണ് കണ്ടത്. അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയ താരം അഫ്ഗാന്‍ ക്യാമ്ബില്‍ ഭീതി പരത്തി.
76 പന്തില്‍ നിന്ന് തന്റെ ശതകം മാക്സ്വെല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സ് റിസ്ക് ഇല്ലാതെ മറുവശത്ത് നിലയുറപ്പിക്കുയായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ക്കാര്‍ക്കും തന്നെ മാക്സ്വെല്ലിനെ കീഴടക്കാന്‍ സാധിക്കാതെ പോയപ്പോള്‍ പരിക്ക് താരത്തിന് ഭീഷണിയായി വന്നു.
എന്നാല്‍ അതിനെയും അതിജീവിച്ച് മാക്സ്വെല്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സും ചേസിംഗും ആരാധകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
202 റണ്‍സാണ് മാക്സ്വെല്ലും പാറ്റ് കമ്മിന്‍സും എട്ടാം വിക്കറ്റില്‍ നേടിയത്. അതില്‍ 12 റണ്‍സ് മാത്രമായിരുന്നു കമ്മിന്‍സിന്റെ സംഭാവന. അഫ്ഗാനിസ്ഥാനായി നവീന്‍ ഉള്‍ ഹക്ക്, അസ്മത്തുള്ള ഒമര്‍സായി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.