കൊല്‍ക്കത്ത: ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വമ്ബന്‍ ജയം സ്വന്തമാക്കി ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ ഔട്ടായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.യാന്‍സന്‍ ഉള്‍പ്പെടെ ആകെ നാലു പേര്‍ മാത്രമെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നുള്ളഉ. 243 റണ്‍സ് ജയത്തോടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യ മുംബൈയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം സ്ഥാനക്കാരെ നേരിടും. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 326-5, ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83ന് ഓള്‍ ഔട്ട്.
ഈ ലോകകപ്പില്‍ നാലു സെഞ്ചുറികളുമായി മിന്നും ഫോമിലുള്ള ക്വിന്‍റണ്‍ ഡി കോക്കിനെ(5) സിറാജ് രണ്ടാം ഓവറില്‍ ബൗള്‍ഡാക്കി മടക്കി. പിന്നാലെ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ(11) രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. റാസി വാന്‍ഡര്‍ ദസ്സനെയും(13), ഏയ്ഡന്‍ മാര്‍ക്രത്തെയും(9) വീഴ്ത്തിയ ഷമി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. പിന്നീട് കാര്യങ്ങള്‍ ജഡേജയും കുല്‍ദീപും ചേര്‍ന്ന് തീര്‍പ്പാക്കി.
അപകടകാരിയായ ഹെന്‍റിച്ച് ക്ലാസനെ(1) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡേവിഡ് മില്ലറെ(11) ജഡേജ ബൗള്‍ഡാക്കി. കേശവ് മഹാരാജിനെയും(7) കാഗിസോ റബാഡയെയും(6) വീഴ്ത്തി ജഡേജ അഞ്ച് വിക്കറ്റ് നേട്ടം തികച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയ മാര്‍ക്കോ യാന്‍സനെയും(14), ലുങ്കി എങ്കിഡിയെയും(0) വീഴ്ത്തി കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യക്കായി ജഡേജ 33 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഷമി 18 റണ്‍സിനും കുല്‍ദീപ് ഏഴ് റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിലാണ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സടിച്ചത്. 49-ാം ഏകദിന സെഞ്ചുറിയുമായി കോലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയപ്പോള്‍ 77 റണ്‍സടിച്ച ശ്രേയസ് അയ്യരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. 15 പന്തില്‍ 29 റണ്‍സുമായി ജഡേജ വിരാട് കോലിക്കൊപ്പം(101*) പുറത്താകാതെ നിന്നു.