Click to learn more 👇

പുന്നപ്രയില്‍ കിടപ്പുരോഗിയായ അച്ഛനോട് കൊടുംക്രൂരത, ആഹാരം സ്വയം കഴിച്ചില്ല, വാക്കര്‍ കൊണ്ടടിച്ച്‌ കൊന്ന് മകൻ


 


ആലപ്പുഴ: രോഗിയായ അച്ഛനെ വാക്കര്‍ കൊണ്ട് തലക്കടിച്ച്‌ കൊന്ന് മകന്‍. പുന്നപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സെബാസ്റ്റ്യനെ (65) കൊലപ്പെടുത്തിയ കേസില്‍ മൂത്ത മകൻ സെബിൻ ക്രിസ്റ്റ്യൻ (26) ആണ് അറസ്റ്റിലായത്.

സെബാസ്റ്റ്യൻ വര്‍ഷങ്ങള്‍ക്കു മുൻപുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഭാര്യ എട്ട് മാസങ്ങള്‍ക്കു മുമ്ബ് ക്യാൻസര്‍ ബാധിച്ച്‌ മരിച്ചു. അതിന് ശേഷം മക്കളായിരുന്നു ഇദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്. നവംബര്‍ 21ന് വൈകിട്ടോടെ തറയില്‍ വീണു പരിക്കുപറ്റിയെന്ന് പറഞ്ഞ് സെബാസ്റ്റ്യനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സെബാസ്റ്റ്യന്‍ മരിച്ചു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അച്ഛൻ കട്ടിലില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്നതിലും ആഹാരം സ്വയമെടുത്ത് കഴിക്കാത്തതിലുമുള്ള ദേഷ്യം കാരണം മൂത്ത മകൻ സെബിൻ പിതാവിനെ വാക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചു.

അടികൊണ്ട് കട്ടിലില്‍ നിന്ന് താഴെ വീണ അച്ഛനെ അടിക്കുകയും ചവിട്ടുകയും ചെയ്തു. തലയ്ക്കും കഴുത്തിനും ഏറ്റ മാരകമായ പരിക്കുകളാണ് മരണത്തിന് കാരണമായത്. 

പുന്നപ്ര പൊലീസ് സ്റ്റേഷൻ എസ് എച്ച്‌ ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രാകേഷ് ആര്‍, വിനോദ് കുമാര്‍, സിദ്ദിക്ക്, അനസ്, സിപിഒമാരായ സേവിയര്‍, രതീഷ്, അഭിലാഷ്, രമേശ് ബാബു, രാജേഷ്, ഷെഫീഖ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതിയെ അമ്ബലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.