മുൻ കാമുകിയെ ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്ത യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച് റഷ്യ.
വ്ലാഡിസ്ലാവ് കന്യൂസ് എന്ന യുവാവിനെയാണ് വെറും ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വെറുതെ വിട്ടത്. 17 വര്‍ഷമായിരുന്നു ഇയാള്‍ ശിക്ഷ വിധിച്ചത്. എന്നാല്‍ യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചതോട റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ ഇയാളെ മോചിപ്പിക്കുകയായിരുന്നു. മുൻ കാമുകിയായ വെരാ പെഖ്‌ടെലേവ എന്ന യുവതിയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
ബന്ധം വേര്‍പെടുത്തിയതിന് കന്യൂസ് തന്റെ മുൻ കാമുകിയെ 111 തവണ കുത്തുകയും ബലാത്സംഗം ചെയ്യുകയും മൂന്നര മണിക്കൂര്‍ പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുമ്ബ് കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിെയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രൂര കൊലപാതകം നടത്തിയ വ്ലാഡിസ്ലാവ് സൈനിക യൂണിഫോമില്‍ ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് യുവതിയുടെ അമ്മ ഒക്സാന രംഗത്തെത്തി. ഭരണകൂടത്തിന്റെ നിയമരാഹിത്യം വല്ലാതെ ഉലച്ചെന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കൻ റഷ്യയിലെ റോസ്‌റ്റോവിലേക്ക് കന്യൂസിനെ മാറ്റിയതായി ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചതായി വനിതാ അവകാശ പ്രവര്‍ത്തക അലിയോണ പോപോവ പറഞ്ഞു. കന്യൂസിന് മാപ്പ് നല്‍കിയെന്നും ഏപ്രില്‍ 27 ന് രാഷ്ട്രപതി ഉത്തരവിലൂടെ അദ്ദേഹത്തിന്റെ ശിക്ഷ ഒഴിവാക്കിയെന്നും പ്രസ്താവിച്ചു. അതേസമയം, റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചു. റഷ്യൻ തടവുകാര്‍ അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു.