പന്തളം: വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയില്‍നിന്നുപോയ ഭര്‍ത്താവിനെ കാണാതായി.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന്, പോലീസും അഗ്നിരക്ഷാസേനയും അച്ചൻകോവിലാറ്റിലെ പുലക്കടവ് പാലത്തിന് സമീപം തിരച്ചില്‍ തുടങ്ങി. കാറിനുള്ളില്‍ രക്തംകൊണ്ട് 'ഐ ലവ് യു അമ്മുക്കുട്ടി' എന്ന് എഴുതിയിട്ടുണ്ടെന്നും കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്ത് രക്തം കണ്ടെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുളനട വടക്കേക്കരപ്പടി മലദേവര്‍കുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തില്‍ ലിജി (അമ്മു-25)യെ വീടിന്റെ മുകളിലെനിലയിലുള്ള കിടപ്പുമുറിയില്‍ ഷാളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അരുണ്‍ ബാബുവാണ്, ലിജിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
വെണ്മണി, പന്തളം, ഇലവുംതിട്ട പോലീസ് ചേര്‍ന്നാണ് അന്വേഷണം. അരുണ്‍ ആറ്റില്‍ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. ആറ്റില്‍ ജലനിരപ്പുയര്‍ന്നതിനാലും അടിയൊഴുക്കുള്ളതിനാലും തിരച്ചിലിന് ബുദ്ധിമുട്ടുണ്ട്.
തഹസീല്‍ദാര്‍ പി.സുദീപിന്റെ സാന്നിധ്യത്തില്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ലിജിയുടെ മൃതദേഹപരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പാലക്കാട്ടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. നേരത്തേ ഗള്‍ഫിലായിരുന്ന അരുണ്‍ ബാബു ഇപ്പോള്‍ ലോറിഡ്രൈവറായി ജോലിചെയ്യുകയാണ്. മൂന്നുവര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. മകള്‍: ആരോഹിണി (ഒന്നര വയസ്സ്).