ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും വീഡിയോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍.
ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു അതിക്രമം. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റിച്ചി ഹോംസ്റ്റേ മാനേജരും സുഹൃത്തുക്കളുമാണ് പ്രതികള്‍. പ്രതികള്‍ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷം അതിന്‍റെ കുപ്പി നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് മുറിയിലേക്ക് വലിച്ചിഴച്ച് കയറ്റി. അതിക്രമത്തെ ചെറുത്തുനില്‍ക്കാന്‍ നോക്കിയപ്പോള്‍ മര്‍ദിച്ചെന്നും യുവതി പറഞ്ഞു.
ദയവായി രക്ഷിക്കൂ, എനിക്ക് നാല് പെണ്‍മക്കളുണ്ട്. അവരെന്‍റെ ഫോണ്‍ എടുത്തു. എന്‍റെ വീഡിയോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നു"- എന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞത്.
ആഗ്രയിലെ താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് യുവതി സംഭവിച്ചത് പറഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തിയെന്ന് അര്‍ച്ചന സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേ സീല്‍ ചെയ്തു. പ്രതികള്‍ ആഗ്ര സ്വദേശികളാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെ ജീവനക്കാരിയാണ് യുവതി.
റിച്ച് ഹോംസ്റ്റേ മാനേജര്‍ രവി റാത്തോഡും സുഹൃത്തുക്കളായ മനീഷ് റാത്തോഡ്, ജിതേന്ദ്ര റാത്തോഡ്, ദേവ് കിഷോര്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അതിജീവിതയുടെ വീഡിയോ ചിത്രീകരിക്കാൻ പ്രതികളെ സഹായിച്ച വനിതാ ജീവനക്കാരിയും അറസ്റ്റിലായി.