പൊതുഗതാഗത മാര്‍ഗങ്ങളുപയോഗിക്കുമ്ബോള്‍ സീറ്റ് കിട്ടണം എന്ന് വലിയ നിര്‍ബന്ധമൊന്നുമില്ല. നേരത്തെ ബുക്ക് ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ നിന്നിട്ടൊക്കെ പോകേണ്ടി വരും.
തിരക്കുള്ള റൂട്ടാണെങ്കില്‍ നല്ല തിരക്കും ആയിരിക്കും. അതിപ്പോള്‍ ട്രെയിനിലെ ജനറല്‍ കംപാര്‍ട്മെന്റാണെങ്കിലും, മെട്രോ ആണെങ്കിലും, ബസാണെങ്കിലും ഒക്കെ അങ്ങനെ തന്നെ.
സീറ്റിന് വേണ്ടി അങ്ങനെ അടി നടക്കുന്നതൊന്നും പുതിയ കാര്യമല്ല. എന്നുമാത്രമല്ല, എല്ലാവരുടെ കയ്യിലും മൊബൈലുണ്ട്, സോഷ്യല്‍ മീഡിയ ഉപയോഗിക്കാം എന്നിങ്ങനെയൊക്കെ ഉള്ളതുകൊണ്ട് തന്നെ അതിവേഗത്തില്‍ ആ ദൃശ്യങ്ങള്‍ എങ്ങും എത്തുകയും ചെയ്യും. അതുപോലെ ഒരു വീഡിയോ തന്നെയാണ് ഇതും. ഒരു ബസിനകത്തെ ദൃശ്യങ്ങളാണ് ഇതില്‍ കാണാനാവുന്നത്. സീറ്റിനു വേണ്ടി സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല് നടത്തുന്നതും വീഡിയോയില്‍ കാണാം. സഹീറാബാദില്‍ നിന്ന് സംഗറെഡ്ഡിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത് എന്നാണ് വിവരം.
ബസില്‍ നിറയെ ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒക്കെ പെടുന്നു. ആദ്യം സ്ത്രീകള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതാണ് കാണുന്നത്. എന്നാല്‍, അധികം വൈകാതെ തന്നെ അത് കയ്യാങ്കളിയിലെത്തി. അത് ചെറിയ അടിയൊന്നുമല്ല. പരസ്പരം മുടി പിടിച്ചു വലിക്കുകയും, വസ്ത്രത്തില്‍ പിടിച്ചു വലിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. രണ്ട് യുവതികളാണ് ഏറ്റവും അധികം പരസ്പരം അക്രമിക്കുന്നത്. മറ്റുള്ളവരും തല്ലില്‍ പങ്കാളികളാകുന്നുണ്ട്. ആ സമയത്ത് ബസിലുള്ള കുട്ടികള്‍ പേടിച്ചിട്ടെന്നോണം കരയുന്നതും കേള്‍ക്കാം. ഒരു പുരുഷൻ സ്ത്രീകളിലൊരാളെ പിടിച്ചു മാറ്റാനും ശ്രമിക്കുന്നുണ്ട്. Women fought over seats on the RTC bus from #Zaheerabad to #Sangareddy#TSRTC #Telangana #FreeBusTravelForWomen pic.twitter.com/dkGYnJ91wN
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയെ ആകര്‍ഷിച്ചത്. അതേ സമയം തന്നെ അധികൃതരുടെ ശ്രദ്ധയും വിഷയത്തില്‍ പതിഞ്ഞിട്ടുണ്ട്. അന്വേഷണവും നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം തന്നെ ഇവിടെ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. അതിനെച്ചൊല്ലിയും വൻ ചര്‍ച്ചകളാണ് നടക്കുന്നത്.