Click to learn more 👇

മനുഷ്യമസ്തിഷ്കത്തില്‍ ചിപ്പ് ഘടിപ്പിച്ചു-ആദ്യഘട്ടം വിജയം; ലോകം കാത്തിരുന്ന പരീക്ഷണം


 

ന്യൂറാലിങ്കിന്റെ ചിപ്പ് ഒടുവില്‍ വിജയകരമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു. ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് എലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് കമ്ബനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ചിപ്പ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് മസ്ക് അറിയിച്ചു. പുറത്തുവരുന്ന ആദ്യത്തെ ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് മസ്ക് അറിയിച്ചു. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് അതിലൂടെ ചെറിയ കമ്ബ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. തലച്ചോറും കമ്ബ്യൂട്ടറുമായി ലിങ്ക് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഈ സംവിധാനത്തിനു ഭാവിയില്‍ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്. 

നിലവില്‍ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് നടത്തിയത്. മനുഷ്യന്റെ തലച്ചോറും മൈക്രോചിപ്പും തമ്മില്‍ ബന്ധിപ്പിച്ച്‌ രോഗാവസ്ഥകളെ മറികടക്കാൻ സഹായിക്കുമോ എന്നറിയാനാണ് ശ്രമം. ഒരാളുടെ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകള്‍ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച്‌ ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്‌ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച്‌ ഒരു കംപ്യൂട്ടർ കേഴ്‌സർ (cursor) അല്ലെങ്കില്‍ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനും ഈ പരീക്ഷണത്തിലൂടെ ശ്രമം നടക്കുന്നുണ്ട്.

ജൂലൈ 2016ല്‍ കാലിഫോർണിയയില്‍ മെഡിക്കല്‍ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്ബനി. ഇതിന്റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്റെതാണ്. തുടക്കത്തില്‍ അമ്യോട്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് (എഎല്‍എസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്. ചിന്തകളെപ്പോലും അപ്‌ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന 'ന്യൂറല്‍ ലെയ്‌സ്' ടെക്‌നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കമ്ബ്യൂട്ടർ ഇന്റർഫെയ്‌സിന്റെ സാധ്യതയായി കാണുന്നത്. മനുഷ്യരുടെ ചരിത്രത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിതെന്നും ഒരുവിഭാഗം ആശങ്കയുയർത്തുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.