ഗുരുഗ്രാമിനെ ഞെട്ടിച്ച് മുൻ മോഡലിന്റെ കൊലപാതകം. 27കാരിയായ ദിവ്യ പഹൂജ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന സിറ്റി പോയിന്റ് എന്ന ഹോട്ടല്‍ ഉടമയായ അഭിജീത് സിംഗാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ദിവ്യയുടെ മൃതദേഹം ഒഴിവാക്കാൻ അഭിജീത് 10 ലക്ഷം സഹായികള്‍ക്ക് നല്‍കിയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം സഹായികളോടൊപ്പം മുറിയില്‍ നിന്ന് വലിച്ചിഴച്ച് ബിഎംഡബ്ല്യു കാറില്‍ കയറ്റി കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹവും പ്രതികളെയും ഇതുവരെയും പൊലീസിന് കണ്ടെത്താനായില്ല.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. അഭിജിത്തും യുവതിയും മറ്റൊരാളും ജനുവരി 2 ന് ഹോട്ടല്‍ റിസപ്ഷനില്‍ എത്തി 111-ാം നമ്ബര്‍ മുറിയിലേക്ക് പോയി. പിന്നീട് അന്നുരാത്രി തന്നെ അഭിജിത്തും മറ്റുള്ളവരും ചേര്‍ന്ന് ദിവ്യയുടെ മൃതദേഹം ഷീറ്റില്‍ പൊതിഞ്ഞ് വലിച്ചുകൊണ്ടുപോകുന്നതും സിസിടിവിയില്‍ കാണാമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുഗ്രാം പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
2016ലെ ഗുണ്ടാസംഘം സന്ദീപ് ഗഡോളി ഏറ്റുമുട്ടല്‍ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹുജ. ഗുണ്ടാസംഘം സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരൻ ബ്രഹ്മപ്രകാശും ചേര്‍ന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ദിവ്യയുടെ കുടുംബം ആരോപിച്ചു. 2016 ല്‍ മുംബൈയില്‍ നടന്ന വിവാദ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. പൊലീസിന് ദിവ്യയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ദിവ്യക്കെതിരെയും കേസെടുത്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബോംബെ ഹൈക്കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചിരുന്നു.
2016 ഫെബ്രുവരി ആറിന് മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ ഗഡോലിയെ കൊലപ്പെടുത്തിയതിന് ദിവ്യ, അവരുടെ അമ്മ, അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്നതിന് മുമ്ബ് ദിവ്യ ഏഴ് വര്‍ഷത്തോളം തടവിലായിരുന്നു.