ദംഗല്‍ താരം സുഹാനി ഭട്‌നാഗർ അന്തരിച്ചു. 19 വയസായിരുന്നു. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടർന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വർഷങ്ങള്‍ക്ക് മുൻപുണ്ടായ അപകടത്തില്‍ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയെ തുടർന്നുള്ള പാർശ്വഫലങ്ങളാണ് നടിയുടെ ഇപ്പോഴത്തെ രോഗാവസ്ഥയ്ക്ക് വഴിവെച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ബോളിവുഡിലെ അറിയപ്പെടുന്ന ബാലതാരമായിരുന്നു സുഹാനി ഭട്‌നാഗർ. ദംഗലിലിലെ കഥാപാത്രമാണ് സുഹാനിക്ക് ശ്രദ്ധനേടികൊടുത്തത്. ദംഗലില്‍ അമീർ ഖാൻ ചെയ്ത മഹാവീർ സിംഗ് ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് സുഹാനി വേഷമിട്ടത്. ചിത്രത്തില്‍ ബബിത ഫോഗോട്ടിന്റെ ചെറുപ്പകാലമാണ് സുഹാനി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് വലിയ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും സുഹാനി അഭിനയിച്ചിട്ടുണ്ട്.
ദംഗലിന് ശേഷം സുഹാനിക്ക് നിരവധി സിനിമ ഓഫറുകള്‍ വന്നെങ്കിലും അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നും പഠനം പൂർത്തിയാക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. പഠനം പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ പദ്ധതിയിട്ടിരുന്നതായി സുഹാനി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.