Click to learn more 👇

ഒരുവശത്ത് ആന മറുവശത്ത് കടുവ, കാട്ടുപന്നിയും മറ്റ് വന്യ ജീവികളും നടുവില്‍ വയനാട്ടുകാരും; പുല്‍പ്പള്ളിയില്‍ കടുവയെ കണ്ടെത്തിയത്


 

മാനന്തവാടിയില്‍ കാട്ടാന, പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം. ഇതാണ് വയനാട്ടുകാരുടെ അവസ്ഥ.

ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസവും പരാജയപ്പെട്ടതിനിടെയാണ് പുല്‍പ്പള്ളിയില്‍ കടുവയെ കണ്ടെത്തിയത്.

പുല്‍പ്പള്ളി വാടാനക്കവലയിലെ ജനവാസമേഖലയിലാണ് കടുവ ഇറങ്ങിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കാട്ടുപന്നിയെ ഓടിച്ചുകൊണ്ടുവന്ന കടുവ സ്വകാര്യവ്യക്തിയുടെ പറമ്ബില്‍ ഏറെ നേരം നിന്നതിനുശേഷമാണ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.

കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വനംവകുപ്പ് പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിച്ച്‌ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനപാലകര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

വന്യമൃഗങ്ങളെ കൊണ്ടുള്ള ശല്യം ജില്ലയില്‍ അതിരൂക്ഷമാകുകയാണ്. വീടുകളില്‍ നിന്ന് കുട്ടികളെ പുറത്ത് വിടാന്‍ പോലും മാതാപിതാക്കള്‍ക്ക് ധൈര്യമില്ലാത്ത സ്ഥിതിയാണ്. തിരുന്നെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

മലയോര കര്‍ഷകര്‍ നേരിടുന്ന വന്യജീവി ആക്രമണം വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം മൂലമാണെന്ന് തലശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആരോപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

വന്യജീവികള്‍ ജനവാസ മേഖലയിലിറങ്ങിയ ഘട്ടത്തില്‍ യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. കൃത്യവിലോപം നടത്തിയാലും ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വങ്ങള്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.