*പ്രഭാത വാർത്തകൾ*
2024 | ജൂൺ 30 | ഞായർ | മിഥുനം 16
◾ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇന്നലെ ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ രണ്ടാം വട്ടം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 59 പന്തില്‍ 76 റണ്‍സെടുത്ത വിരാട് കോലിയുടേയും 31 പന്തില്‍ 47 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റേയും മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.
27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വാനോളം പ്രതീക്ഷ നല്‍കിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഹെന്റിച്ച് ക്ലാസന്‍ പുറത്തായതോടെ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ ദക്ഷിണാഫ്രിക്കക്ക് സാധിച്ചുള്ളൂ. 3 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യ കൈവിട്ടുപോയ കളി തിരിച്ചു കൊണ്ടു വരുന്നതില്‍ ഇന്ത്യയെ സഹായിച്ചു. ബുംറയും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
◾ ടി20 ലോകകപ്പിലെ മോശം ബാറ്റിങ് ഫോം മറികടന്ന് നിര്‍ണായക സമയത്ത് മികച്ച ഫോമിലേക്കുയര്‍ന്ന് 59 പന്തില്‍ 76 റണ്‍സെടുത്ത ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിയെ തന്നെയാണ് ഫൈനലിലെ താരമായി തിരഞ്ഞെടുത്തത്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്‌സായിരുന്നു. കിരീടം നേടിയതിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി വിരാട് കോലി പ്രഖ്യാപിച്ചു. അതേസമയം 8 കളികളില്‍ നിന്ന് 15 വിക്കറ്റെടുത്ത് ഇന്ത്യയെ ലോകകപ്പ് കിരീടം നേടുന്നതിന് മികച്ച പങ്ക് വഹിച്ച ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്റിന്റെ താരം.
◾ വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും. ബാര്‍ബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയര്‍ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.
◾ ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ഇന്ത്യയുടെ വിജയമുറപ്പിച്ച സൂര്യകുമാര്‍ യാദവിന്റെ അവസാന ഓവറിലെ അത്ഭുത ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി പ്രത്യേകം അഭിനന്ദിച്ചു.
◾ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത ഭരണ വിരുദ്ധ വികാരം കേരളത്തില്‍ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. ആഴത്തിലുള്ള പരിശോധന നടത്തി തെറ്റു തിരുത്തണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനവിശ്വാസം തിരിച്ചു പിടിക്കാനുള്ള ശക്തമായ നപടികള്‍ ഉണ്ടാകുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാന്‍ നടപടിയുണ്ടാകുമെന്നും ഇതിനായി മാര്‍ഗരേഖ തയാറാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കേന്ദ്ര കമ്മറ്റി യോഗം ഇന്ന് അവസാനിക്കും.
◾ പി ജയരാജന് പിന്തുണയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. പി ജയരാജനെതിരെയുള്ളത് വ്യാജ വാര്‍ത്തകളാണെന്നും മനു തോമസിന്റേത് തെറ്റായ പ്രചാരവേലയാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണെന്നും അവരെ സഹായിക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നുവെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി.
◾ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് തനിക്കും മകനുമെതിരെ നടത്തിയ ആരോപണം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പി ജയരാജന്‍. മാധ്യമങ്ങളുടെ ചോദ്യത്തിന് 'മൗനം വിദ്വാനു ഭൂഷണം' എന്ന് മറുപടി നല്‍കി. ആരോപണം മാധ്യമങ്ങള്‍ക്ക് ഗുരുതരം ആയിരിക്കുമെന്നും, മറ്റൊന്നും പറയാനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയേറ്റിനകത്ത് മനു തോമസിനെതിനെതിരെ ജയരാജന്‍ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന.
◾ കണ്ണൂരില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധോലോകത്തിന്റെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇടതിനേറ്റ തിരിച്ചടിയില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകള്‍ വേദനിപ്പിക്കുന്നതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.
◾ പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെ.എസ്.യു - എം.എസ്.എഫ് സഖ്യം. തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റിലും കെ.എസ്.യു-എം.എസ്.എഫ് സഖ്യം വിജയിച്ചു. 3 സീറ്റുകളില്‍ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുക്കപ്പെട്ടു. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എസ്.എഫ്.ഐ അല്ലാത്ത ഒരു വിദ്യാര്‍ത്ഥി സംഘടന യൂണിയന്റെ നേതൃത്വത്തില്‍ എത്തുന്നത്. ഈ വര്‍ഷമാണ് കെ.എസ്.യുവും എംഎസ്എഫും ആദ്യമായി ഇവിടെ യൂണിറ്റ് രൂപവത്കരിച്ചത്.
◾ കരുവന്നൂര്‍ കേസില്‍ ഇഡി എടുത്ത നടപടിയെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണോയെന്ന് നോക്കിയിട്ടല്ല. നിയമലംഘനമുള്ളത് കൊണ്ടാണ് കേസ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
◾ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദുവിന്റെ അര്‍ഥമില്ലാത്ത പരാമര്‍ശങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി പറയണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ പത്തിലേറെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലെന്നും കഴിഞ്ഞ ഒരുവര്‍ഷമായി വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾ തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് പുനക്രമീകരണം ജനവിധി അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു പഞ്ചായത്തില്‍ ഒരു വാര്‍ഡ് കൂട്ടി പുനക്രമീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ദൂരൂഹമാണെന്നും ഈ ബില്ല് നിയമസഭയില്‍ വന്നപ്പോള്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
◾ കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കേരളത്തില്‍ മഴ കുറഞ്ഞു. വടക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തില്‍ ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരും . കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
◾ ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ രാമപുരത്തെ നഴ്സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ടാങ്കറില്‍ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ചയുണ്ടായത്. ദേഹാസ്വാസ്ഥ്യമുണ്ടായവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്.
◾ കെഎസ്ഇബി വൈദ്യുതി ബില്‍ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവിടങ്ങള്‍ വഴി സ്വീകരിക്കുന്നത് നിര്‍ത്തലാക്കി. അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഉപഭോക്താക്കള്‍ക്ക് വന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. ഉപഭോക്താക്കളുടെ സഹകരണം കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.
◾ സി.പി.എം വിട്ട മനു തോമസ് യൂത്ത് കോണ്‍ഗ്രസിലേക്ക് വന്നാല്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ ആരും കൊല്ലപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
◾ അമ്മയെ കൊലപ്പെടുത്തിയ പ്രതി പരോളിലിറങ്ങിയപ്പോള്‍ സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്. മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍.
◾ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നും പുറത്തുനിന്നും ഉയരുന്ന ആവശ്യങ്ങളില്‍ തനിക്ക് ആരുടെയും ശുപാര്‍ശ ആവശ്യമില്ലെന്നും തന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം കൈക്കൊള്ളുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രിമാരേക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചും യാതൊരു ചോദ്യങ്ങളുമില്ലെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
◾ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഡല്‍ഹിയില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ എസ്.പി. ബദലി പ്രദേശത്തെ അണ്ടര്‍പാസിലാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലയിലെ അണ്ടര്‍പാസിലെ വെള്ളക്കെട്ടില്‍ മറ്റൊരാളും മുങ്ങിമരിച്ചു.
◾ ഡല്‍ഹി വിമാനത്താവളത്തിനു പിന്നാലെ ഗുജറാത്ത് വിമാനത്താവളത്തിലും മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. രാജ്കോട്ട് വിമാനത്താവളത്തിലാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. മേല്‍കൂരയുടെ മുകളില്‍ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ സിവില്‍ എവിയേഷന്‍ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ പരിസരത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടിരുന്നത്.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വീണ്ടും തിഹാര്‍ ജയിലിലേക്ക്. കെജ്രിവാളിനെ അടുത്ത മാസം 12 വരെ ഡല്‍ഹിയിലെ റൗസ് അവന്യു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ ഇഡി കേസില്‍ കെജ്രിവാളിന് ജാമ്യം കിട്ടിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയതിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കെജ്രിവാളിനെ ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന നിലപാടാണ് സിബിഐയും സ്വീകരിച്ചത്. കെജ്രിവാളിനെ കേന്ദ്ര ഏജന്‍സികള്‍ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി ഇന്നലെ ബിജെപി ആസ്ഥാനത്തേക്ക് പ്രകടനം നടത്തി.
◾ ബിഹാറിന് പ്രത്യേക പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ട് നിതീഷ്‌കുമാറിന്റെ ജെ.ഡി.യു. പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലൂടെയാണ് ജെ.ഡി.യു. ഇക്കാര്യം ആവശ്യപ്പെട്ടത്. ജാതിസംവരണം സംബന്ധിച്ച പട്‌ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
◾ ജഡ്ജിമാരുടെ ചുമതല പൊതുതാല്‍പര്യം നിറവേറ്റലായതിനാല്‍ അവരെ ദൈവങ്ങളോട് സമീകരിക്കുന്ന പ്രവണത ശരിയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അവര്‍ ദൈവങ്ങളല്ലെന്നും അനുകമ്പയോടെയും സഹാനുഭൂതിയോടെയും നീതി പ്രഖ്യാപനം നടത്തുന്ന ജനങ്ങളുടെ സേവകരാണ് ജഡ്ജിമാരെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
◾ ദക്ഷിണാഫിക്കയ്‌ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോഡുകളുമായി ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവുമധികം ടോട്ടല്‍ നേടുന്ന ടീമെന്ന ചരിത്രനേട്ടമാണ് ഹര്‍മന്‍പ്രീതും സംഘവും സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇതുവരെ മറ്റൊരു ടീമും 600 റണ്‍സ് പിന്നിട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ നേടിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെന്ന റെക്കോഡാണ് ഇന്ത്യ തകര്‍ത്തത്. ഒന്നാം ദിനം 525 റണ്‍സ് നേടിയ ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റില്‍ ഒരുദിവസം ഏറ്റവുമധികം റണ്‍സ് എന്ന റെക്കോഡും നേരത്തെ സ്വന്തമാക്കിയിരുന്നു.
◾ യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി തോല്‍പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ ആധിപത്യം പുല്‍ത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്. മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്കിനെ തകര്‍ത്ത് ജര്‍മനിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ വിജയം.
◾ വിദേശങ്ങളില്‍ നിന്നടക്കം നിരവധി ഓര്‍ഡറുകള്‍ സ്വന്തമാക്കി തലയുയര്‍ത്തി നില്‍ക്കുന്ന കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കരുത്ത് പകര്‍ന്ന് ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡും. നോര്‍വേയിലെ വില്‍സണ്‍ എം.എസ്.എയില്‍ നിന്ന് എട്ട് 6300 ടി.ഡി ഡബ്ല്യു ഡ്രൈ കാര്‍ഗോ വെസലുകള്‍ നിര്‍മിക്കാനുള്ള ഫോളോ അപ്പ് കരാര്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്വന്തമാക്കി. ആറ് 3800 ടി.ഡി ഡബ്ല്യു ഡ്രൈ കാര്‍ഗോയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ലഭിച്ച കരാറിന്റെ തുടര്‍ച്ചയാണിത്. ഈ യാനങ്ങളുടെ നിര്‍മാണം കര്‍ണാടകയിലെ ഉഡുപ്പി യാര്‍ഡില്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 19നകം കരാറില്‍ ഒപ്പുവയ്ക്കും. സമാനമായ നാല് കപ്പലുകള്‍ നിര്‍മിക്കാനുള്ള തുടര്‍ കരാറിന് വ്യവസ്ഥയുണ്ട്.
100 മീറ്റര്‍ നീളമുള്ള കപ്പലിന് 6.5 മീറ്റര്‍ ഡിസൈന്‍ ഡ്രാഫ്റ്റില്‍ 6,300 മെട്രിക് ടണ്‍ ഭാരം ഉണ്ട്. നെതര്‍ലാന്‍ഡിലെ കൊനോഷിപ്പ് ഇന്റര്‍നാഷണല്‍ ആണ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 8 കപ്പലുകളുടെ മൊത്തത്തിലുള്ള പ്രോജക്റ്റിന് ഏകദേശം 1,100 കോടി രൂപയാണ് മൂല്യം. 2028 സെപ്റ്റംബറിനകം നിര്‍മ്മാണം പൂര്‍ത്തിയായി യാനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. 2020 സെപ്റ്റംബറിലാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ ഏറ്റെടുത്തത്. തുടര്‍ന്ന്, വിദേശ കരാറുകളടക്കം നേടാന്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നോര്‍വേ കമ്പനിയില്‍ നിന്നുള്ള ആറ് കാര്‍ഗോ വെസലുകളും ഉള്‍പ്പെടുന്നു. യൂറോപ്പിലെ തീരക്കടലില്‍ പൊതു ചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസല്‍ ഇലക്ട്രിക് യാനങ്ങള്‍ നിര്‍മ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി കപ്പല്‍ ശാലയെ തിരഞ്ഞെടുത്തിരുന്നു.
◾ ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന 'നടന്ന സംഭവം' എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. മാറുന്ന കാലം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍. അനുമിത നടേശനും കപില്‍ കപിലനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോണി ആന്റണി, സുധി കോപ്പ, ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മറഡോണ എന്ന ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന നടന്ന സംഭവം നിര്‍മ്മിക്കുന്നത് മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ്. കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രാജേഷ് ഗോപിനാഥനാണ് നടന്ന സംഭവം എഴുതിയിരിക്കുന്നത്. നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
◾ ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നുണക്കുഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ലയേഴ്സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു പൊലീസ് വാഹനത്തിനുള്ളില്‍ ഇരിക്കുന്ന ബേസിലിനേയും ?ഗ്രേസിനേയുമാണ് പോസ്റ്ററില്‍ കാണുന്നത്.
സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് 'ട്വല്‍ത്ത് മാന്‍', ' കൂമന്‍ ' എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്. ചിത്രം ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും. ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
◾ ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു യൂറോപ്പില്‍ നിര്‍മ്മിച്ച ബിഎംഡബ്ല്യു ഐ4 ന്റെ ചില യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. 2024 ഏപ്രില്‍ 3 നും ഏപ്രില്‍ 26 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ഡാറ്റാബേസ് വ്യക്തമാക്കുന്നു. മോഡലിന്റെ ചേസിസിന്റെ ഒരു ഭാഗത്തെ തകരാറാണ് തിരിച്ചുവിളിയുടെ മുഖ്യ കാരണമെന്നാണ്റിപ്പോര്‍ട്ട്. തിരിച്ചുവിളിക്കുന്ന അറിയിപ്പ് അനുസരിച്ച്, ഈ കാലയളവില്‍ നിര്‍മ്മിച്ച യൂണിറ്റുകള്‍ക്ക് പിന്‍ വശത്തെ അംഗത്തില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അത് വാഹനത്തെ ഘടനാപരമായി അസ്ഥിരമാകാന്‍ ഇടയാക്കും. വാഹനത്തിന്റെ ക്രംപിള്‍ സോണ്‍ ഉള്‍ക്കൊള്ളുന്ന കാറിന്റെ ഘടനയുടെ അവിഭാജ്യ ഘടകമാണ് റിയര്‍ സൈഡ്. ഇത് അപകടത്തില്‍ ചില ആഘാതങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ തകരാറിലായ ഈ വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ യാത്രക്കാര്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. അതേസമയം തിരിച്ചുവിളി വിജ്ഞാപനത്തില്‍ തകരാര്‍ ബാധിച്ച യൂണിറ്റുകളുടെ എണ്ണത്തെക്കുറിച്ചോ ബിഎംഡബ്ല്യു എന്ത് തിരുത്തല്‍ നടപടി സ്വീകരിച്ചുവെന്നോ പറയുന്നില്ല. 2021 മാര്‍ച്ചിലാണ് ഈ മോഡല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ മോഡല്‍ ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഒന്നിലധികം വിപണികളില്‍ വില്‍ക്കുന്നുണ്ട്.
◾ നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഏതൊക്കെയോ അതിരുകളില്‍ നിന്ന് പൊറുക്കിയെടുത്ത നിസ്സാരമെന്നു തോന്നുന്ന ചില സംഭവങ്ങളാണ് ഇവിടെ നല്ല കഥകളായി പരിണമിച്ചിട്ടുള്ളത്.അതും തീരെ സങ്കീര്‍ണതകളില്ലാതെ വളരെ സ്വാഭാവികമായ കഥ പറച്ചിലിന്റെ രീതിയില്‍.ഓരോ കഥയും വായിച്ചു തീരുമ്പോള്‍ അവനവന്റെ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നതിനോടൊപ്പം കഥാപാത്രങ്ങള്‍ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ദ മൂണ്‍ വാക്ക്, മിയാവാക്കിയിലെ കൊമ്പനാനകള്‍, സരസ സുന്ദരീമണി നീ തുടങ്ങിയ പതിനെട്ടു മികച്ച കഥകളുടെ സമാഹാരം. 'സരസ സുന്ദരീ മണീ നീ'. ഡോ പി എം മധു. കൈരളി ബുക്സ്. വില 209 രൂപ.
◾ സ്‌ക്രീന്‍ ടൈം കൂടുന്നത് കുട്ടികളിലും കൗമാരക്കാരിലും ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ചൈനീസ് സര്‍വകലാശാലയുടെ പഠനം. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കുകയും എന്നാല്‍ അകലെയുള്ളത് കാണുന്നതില്‍ അവ്യക്തതയുണ്ടാവുകയും ചെയ്യുന്ന നേത്ര രോഗാവസ്ഥയാണ് ഹ്രസ്വദൃഷ്ടി. കുട്ടികള്‍ക്കിടയില്‍ ഇന്ന് ഹ്രസ്വദൃഷ്ടി ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചു കഴിഞ്ഞു. വീടിന് പുറത്തെ കളികള്‍ ഉപേക്ഷിച്ച് കുട്ടികള്‍ വിഡിയോ ഗെയിമുമായി സ്‌ക്രീനിന് മുന്നില്‍ അധിക സമയം ചെലവഴിക്കാന്‍ തുടങ്ങിയത് കുട്ടികളില്‍ ഹ്രസ്വദൃഷ്ടി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 102,360 പേര്‍ പങ്കെടുത്ത 19 പഠനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടാണ് ചൈനയിലെ സൂചൗ സര്‍വകലാശാലയിലെ ഗവേഷകര്‍ വിലയിരുത്തിയത്. കുറഞ്ഞ സ്‌ക്രീന്‍ സമയമുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന സ്‌ക്രീന്‍ സമയമുള്ളവര്‍ക്ക് ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.
കൂടാതെ കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ലാപ്‌ടോപ്പും ടെലിവിഷന്‍ സ്‌ക്രീനും നോക്കുന്നതാണ് ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത കൂട്ടുന്നതെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. കുട്ടികള്‍ സ്‌ക്രീനിന് മുന്നില്‍ ഇരിക്കുമ്പോള്‍ അവരുടെ കണ്ണ്, റെറ്റിന, തലച്ചോറ് എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇത് പെട്ടെന്ന് നേത്രഗോളം വലുതാകാനും ഹ്രസ്വദൃഷ്ടിയിലേക്ക് എത്താനും കാരണമാകുന്നുവെന്ന് ആരോഗ്യവിദ്ഗധര്‍ പറയുന്നു. പ്രകാശത്തെ ശരിയായ വിധത്തില്‍ ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിന് ഇത് തടസ്സപ്പെടുത്തുന്നു. മങ്ങിയ കാഴ്ച, ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്, കണ്ണിന് അസ്വസ്ഥത, തലവേദന, ക്ഷീണം തുടങ്ങിയവയാണ് ഹ്രസ്വദൃഷ്ടിയുടെ ലക്ഷണങ്ങള്‍. കൂടാതെ ഹ്രസ്വദൃഷ്ടിക്ക് പാരിസ്ഥിതിക ഘടകങ്ങളും പ്രധാന കാരണമാകാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിയുന്നത് കുറയുന്നതും ഹ്രസ്വദൃഷ്ടിക്ക് കാരണമാകാം. സൂര്യപ്രകാശം പതിക്കുന്നത് റെറ്റിനയില്‍ ഡോപാമൈന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കണ്ണുകളുടെ വളര്‍ച്ച നിയന്ത്രിക്കാനും ഹ്രസ്വദൃഷ്ടി തടയാനും സഹായിക്കുന്നു. അതുകൊണ്ടാണ് കുട്ടികളില്‍ വീടിനു പുറത്തിറങ്ങിയുള്ള കളികളും പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നത് അവരുടെ നേത്രാരോഗ്യത്തിന് ഗുണകരമാണ്.