യൂറോ കപ്പില്‍ രണ്ടാം പകുതിയില്‍ സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പെനാല്‍റ്റിയിലുടെ ഗോള്‍ നേടിയത് കാണികള്‍ക്ക് ആവേശമായി.
ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് (1-1) പോളണ്ട് മടങ്ങി. ഗ്രൂപ്പില്‍ ഓസ്ട്രിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു.
രണ്ടു പെനാല്‍റ്റികള്‍ വിധിനിര്‍ണയിച്ച മത്സരത്തില്‍ 56-ാം മിനിറ്റിലാണ് ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ ഗോള്‍ നേടിയത്. 79-ാം മിനിറ്റിലാണ് ക്യാപ്റ്റന്‍ ലെവന്‍ഡോവ്സ്‌കിയിലൂടെ പോളണ്ട് മറുപടി നല്‍കിയത്. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റുമായാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം.
മത്സരത്തിലുടനീളം ഫ്രഞ്ച് മുന്നേറ്റങ്ങളെ പിടിച്ചുനിര്‍ത്തിയ പോളണ്ട് പ്രതിരോധത്തിന്റെ മികവും ഗോള്‍കീപ്പര്‍ ലൂക്കാസ് സ്‌കോറപ്സ്‌കിയുടെ പ്രകടനവും ശ്രദ്ധേയമായി. ലോകകപ്പ് റണ്ണറപ്പുകള്‍ക്കൊത്ത പ്രകടനമായിരുന്നില്ല ഫ്രാന്‍സിന്റേത്. മറുവശത്ത് മികച്ച മുന്നേറ്റങ്ങളിലൂടെ പോളണ്ട് കൈയടി നേടി.
മത്സരത്തിന്റെ ആദ്യപകുതിയോട് അടുത്ത ഘട്ടത്തില്‍ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചില്ല. പോളണ്ട് ഗോളി ലൂക്കാസ് സ്‌കോറപ്സ്‌കിയുടെ മികച്ച സേവുകളാണ് ഫ്രാന്‍സിനെ തടഞ്ഞത്.
55-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ പോളണ്ട് ബോക്സിലേക്ക് കയറിയതിനു തൊട്ടുപിന്നാലെ ഡെംബെലെയെ യാക്കുബ് കിവിയോര്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്ക് അനായാസം വലയിലെത്തിച്ച എംബാപ്പെ 56-ാം മിനിറ്റില്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു.
ഇത്തവണ യൂറോയില്‍ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.
74-ാം മിനിറ്റില്‍ പോളണ്ടിന്റെ പെനാല്‍റ്റി അപ്പീലെത്തി. ബോക്സില്‍വെച്ച് സ്വിഡെര്‍സ്‌കിയെ ഉപമെക്കാനോ വീഴ്ത്തിയതിനായിരുന്നു അപ്പീല്‍. വാര്‍ പരിശോധിച്ച റഫറി പോളണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലെവന്‍ഡോവ്സ്‌കി 79-ാം മിനിറ്റില്‍ പോളണ്ടിനെ ഒപ്പമെത്തിച്ചു.