ബംഗ്ലാദേശിനെ വീഴ്‌ത്തി അഫ്ഗാനിസ്ഥാൻ ടി20 ലോകപ്പിന്റെ സെമിയില്‍. മഴ നിയമപ്രകാരം എട്ടു റണ്‍സിനായിരുന്നു വിജയം.
അഫ്ഗാന്റെ ചരിത്ര വിജയത്തിന് പിന്നാലെ ബംഗ്ലാദേശിനൊപ്പം ഓസ്ട്രേലിയയും ടി20 ലോകകപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായി. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു പ്രധാന ടൂർണമെൻ്റിന്റെ സെമിയിലെത്തി അഫ്ഗാനിസ്ഥാൻ.
കണിശതയോടെയുള്ള ബൗളിംഗും റാഷിദ് ഖാന്റെ നായക മികവുമാണ് അഫ്ഗാനിസ്ഥാനെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ചത്. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുക്കാനെ സാധിച്ചുള്ളു. റഹ്മാനുള്ള ഗുർബാസിന് (43) മാത്രമാണ് അഫ്ഗാൻ നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളു. വാലറ്റ് റാഷിദ് ഖാൻ (19) നടത്തിയ പ്രകടനമാണ് അവരെ നൂറ് കടക്കാൻ സഹായിച്ചത്.
ഇബ്രാഹീം സർദ്രാൻ (18) അസ്മത്തുള്ള ഒമർസായി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന്‍ മൂന്ന് വിക്കറ്റെടുത്തു. ഇന്നിംഗ്സ് ഇടവേളയില്‍ മഴ പെയ്തതോടെ വിജയലക്ഷ്യം 19 ഓവറില്‍ നിന്ന് 114 ആയി പുനഃനിർണയിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് വേണ്ടി അവസാനം വരെ പൊരുതിയത് ലിറ്റണ്‍ ദാസ്(54) മാത്രമായിരുന്നു. ഒരു വശത്ത് വിക്കറ്റ് വീഴമ്ബോഴും പുറത്താകാതെ മത്സരത്തെ അവസാന ഓവർ വരെ എത്തിച്ചത് ദാസിന്റെ പോരാട്ട വീര്യമായിരുന്നു. 49 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്.
ലോസ്കോറിംഗ് ത്രില്ലറിനിടെ ട്വിസ്റ്റുകളുമായി മഴ ഇടയ്‌ക്കിടെ എത്തിയെങ്കിലും അഫാഗാന്റെ പോരാട്ട വീര്യം വിജയിക്കുകയായിരുന്നു. നവീൻ ഉള്‍ ഹഖ് നാലു വിക്കറ്റുമായി അഫ്ഗാൻ ബൗളിംഗിന്റെ നെടുംതൂണായി. റാഷിദ് ഖാനും നാലുവിക്കറ്റ് പിഴുത് ബംഗ്ലാദേശിന്റെ അസ്ഥിവാരം തോണ്ടി. ഫസർഹഖ് ഫാറൂഖി ,ഗുലാബ്ദി നയിബ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.