പ്രഭാത വാർത്തകൾ
25 ജൂൺ 2024 | ചൊവ്വ | മിഥുനം 11
◾ പതിനെട്ടാം ലോകസഭയില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള 18 എംപിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം എംപി ശശി തരൂര്‍, വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക.
◾ പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെയാണ്.
കൂടാതെ റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടന്‍ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം. ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം നടപടി സ്വീകരിക്കാന്‍ എന്നാണ് ചട്ടത്തില്‍ വ്യക്തമാക്കുന്നത്.
◾ ഇടുക്കിയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാറില്‍ സഞ്ചരിച്ചിരുന്ന രാജകുമാരി സ്വദേശി ജോസഫ് ആണ് മരിച്ചത്. വില്ലാഞ്ചിറയില്‍ ശക്തമായ മഴയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
◾ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ വയനാട് ജില്ലയിലുമാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 28 -ാം തിയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ട്രഷറികളില്‍ നിന്ന് 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തെ ട്രഷറി വേയ്സ് ആന്റ് മീന്‍സ് പരിധി സംസ്ഥാന ധനകാര്യ വകുപ്പ് ഉയര്‍ത്തി. ധനകാര്യ വകുപ്പ് 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ വേയ്സ് ആന്റ് മീന്‍സ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് മാറി നല്‍കിയിരുന്നത്.
◾ ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. കോടികള്‍ വകയിരുത്തിയ ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് വിമര്‍ശനം. മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നല്‍കിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം. കരാറില്‍ ഒപ്പിട്ട് തുടര്‍ നടപടികള്‍ ഉറപ്പാക്കാന്‍ നടത്തിപ്പ് ഏജന്‍സിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ കടകംപള്ളിയുടെ വിമര്‍ശനം.
◾ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിച്ച് കെഎസ്യുവും എഎസ്എഫും. സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു അറിയിച്ചു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
◾ പ്ലസ് വണ്‍ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെ നടന്ന കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കൊല്ലത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു.
പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. തിരുവനന്തപുരത്തും കെ.എസ്.യു. നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്യു നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ ഉന്തും തളളുമുണ്ടായി. കൂടാതെ കോഴിക്കോട് ആര്‍ഡിഡി ഓഫീസ് കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
◾ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സല്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങള്‍ സമരം ചെയ്യാത്തതെന്ന് അഫ്സല്‍ പറഞ്ഞു. എന്നാല്‍ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.
◾ കേരളം വിഭജിച്ച് മലബാര്‍ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ തന്നെ ഇനി സംസ്ഥാനമാണ് ഇവര്‍ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം വിഭജിക്കാന്‍ നീക്കമുണ്ടായാല്‍ എന്ത് വില കൊടുത്തും ബിജെപി ചെറുത്ത് നില്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്ലിം പ്രീണനത്തിന്റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതിലും, മുന്നണി യോഗങ്ങള്‍ അറിയിക്കാത്തതിലും അതൃപ്തി രേഖപ്പെടുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. രമേശ് ചെന്നിത്തലയുമായി ഒരു പ്രശ്നവുമില്ലെന്നും ഞങ്ങള്‍ തമ്മില്‍ സഹോദര ബന്ധമാണെന്നും എന്നാല്‍ ആശയവിനിമയത്തില്‍ ചില പ്രശ്നങ്ങളുണ്ടായതാണെന്നും സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന്‍ വ്യക്തമാക്കി.
◾ വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാര്‍ത്ത തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സീറ്റ് ഉയര്‍ത്തണം എന്നത് നിരന്തരം ഉള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
◾ മസ്‌കറ്റില്‍ കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ലൈന്‍സ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്.
◾ പാര്‍ട്ടി കമ്മിറ്റികളില്‍ ഇപ്പോള്‍ ഉയരുന്ന അതിരൂക്ഷ വിമര്‍ശനത്തില്‍ മാറ്റേണ്ടതെല്ലാം മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തലുണ്ടാകുമെന്നും താഴേത്തട്ടില്‍ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കി.
◾ കേച്ചേരി-കുന്നംകുളം റോഡിലെ കുഴിയടയ്ക്കാനുള്ള പണി തുടങ്ങി. മഴ മാറുന്ന മുറയ്ക്ക് ടാര്‍ ചെയ്യാനാണ് തീരുമാനം. അടുത്ത കൊല്ലം ഓഗസ്റ്റോടെ കേച്ചേരി ഉള്‍പ്പെടുന്ന തൃശൂര്‍-കുറ്റിപ്പുറം റോഡ് പണി പൂര്‍ത്തിയാക്കാന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി.
◾ കൊച്ചി മാടവനയിലെ ദേശീയപാതയില്‍ ഇന്നലെ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേറ്റല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കല്ലട ബസിന്റെ ഡ്രൈവര്‍ പാല്‍പ്പാണ്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി പനങ്ങാട് പൊലീസ്. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടര്‍ന്ന് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഗ്നലില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാന്‍ കാരണം.
◾ എറണാകുളം മാടവനയില്‍ അപകടത്തില്‍പ്പെട്ട കല്ലട ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍. കൂടാതെ ബസിന്റെ ഇടതുഭാഗത്തെ പുറകിലെ ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. ഒരു ബൈക്ക് യാത്രികന്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
◾ സംസ്ഥാന പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത വസ്തുതകള്‍ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണെന്ന് പൊലീസ് വകുപ്പിന്റെ വിശദീകരണം. മെയ് 31 ന് വിരമിക്കല്‍ മൂലവും അതിനെ തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ വിവിധ ജില്ലകളില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്.
എന്നാല്‍ അതിലേക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
◾ മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
◾ തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറുമായി മൂന്ന് കുരുന്നുകള്‍ കൂടി എത്തി.വെള്ളിയാഴ്ച രാത്രി 9.30ന് ഒന്നര മാസം പ്രായമുള്ള പെണ്‍ കുഞ്ഞും ഞായറാഴ്ച വെളുപ്പിന് 2.30ന് പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന ഇരട്ട ആണ്‍കുട്ടികളുമാണ് അതിഥികളായി എത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് രണ്ട് കുട്ടികളെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത്.
◾ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പറയുന്നത് മുസ്ലീം ലീഗ് അധ്യക്ഷന്‍ അതേ പോലെ പറയുന്നുവെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് എതിരായുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നതെന്നും മുസ്ലിം ലീഗ് ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായി മാറ്റിയെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും വല്ലാത്ത സ്നേഹമുള്ള മാധ്യമപ്രവര്‍ത്തകരാണ് കേരളത്തിലുള്ളതെന്ന് പരിഹസിച്ച വിജയരാഘവന്‍ പാര്‍ട്ടി അവലോകനങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.
◾ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 15 ദിവസത്തില്‍ രാജ്യത്ത് സംഭവിച്ച കാര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി . ട്രെയിന്‍ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്നും മോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടനയെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നും ഇന്ത്യ സഖ്യം ജനങ്ങളുടെ ശക്തമായ ശബ്ദമാകുമെന്നും എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ വ്യക്തമാക്കി.
◾ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്ന് സത്യേന്ദ്രദാസ് പറഞ്ഞു.
◾ മഴ ശക്തമായതോടെ ജനുവരിയില്‍ തുറന്ന അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളില്‍ ചോര്‍ച്ചയുണ്ടായതില്‍ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ്. വെള്ളം ഒഴുകി പോകാന്‍ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ മഴ പെയ്താല്‍ ദര്‍ശനം ബുദ്ധിമുട്ട് ആകും എന്നും സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു. ചോര്‍ച്ച പ്രതീക്ഷിച്ചതാണെന്നും നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പ്രശ്നം പരിഹരിക്കുമെന്നും അയോധ്യ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പ്രതികരണവുമായി രംഗത്തെത്തെത്തി.
അതേസമയം ബി ജെ പി അയോധ്യയെ അഴിമതിയുടെ ഹബ് ആക്കി മാറ്റിയെന്നാണ് യു പി പി സി സി അധ്യക്ഷന്‍ അജയ് റായുടെ പ്രതികരണം. അയോധ്യയില്‍ റോഡുകള്‍ ദിവസവും പൊളിയുകയാണെന്നും നേരത്തെ അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ചുറ്റു മതില്‍ മഴയില്‍ തകര്‍ന്നിരുന്നുവെന്നും അജയ് റായ് കുറ്റപ്പെടുത്തി.
◾ ബി.ജെ.പിക്ക് ഇനി പിന്തുണയില്ലെന്ന് ബിജു ജനതാദള്‍. രാജ്യസഭയിലുള്ള ഒന്‍പത് അംഗങ്ങളോടും ശക്തമായ പ്രതിപക്ഷമാകാന്‍ ബി.ജെ.ഡി. നേതാവ് നവീന്‍ പട്നായിക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
◾ പാര്‍ട്ടി പ്രവര്‍ത്തകനായ 27കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജെ.ഡി.എസ് എം.എല്‍.സി.യും പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനുമായ സൂരജ് രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. സൂരജിനെ കൂടാതെ സഹോദരന്‍ പ്രജ്ജ്വല്‍ രേവണ്ണയേയും ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
◾ ടി20 ലോകകപ്പ് ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍.
◾ ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഓസീസിനെ 24 റണ്‍സിന് കീഴടക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41 പന്തില്‍ 92 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ സ്വപ്നസമാനമായ പ്രകടനത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനറങ്ങിയ ഓസ്ട്രേലിയ 43 പന്തില്‍ 76 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെ പ്രകടനത്തിലൂടെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഒടുവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഇതോടെ ഓസീസിന്റെ സെമി സാധ്യത ഇന്ന് നടക്കുന്ന അഫ്ഗാനിസ്താന്‍ - ബംഗ്ലാദേശ് മത്സരത്തെ അനുസരിച്ചിരിക്കും. ഇന്നത്തെ മത്സരത്തില്‍ അഫ്ഗാന്‍ ജയിച്ചാല്‍ ഓസീസ് സെമി കാണാതെ പുറത്താകും, അഫ്ഗാന്‍ സെമിയില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
◾ യൂറോ കപ്പ് ഫുട്ബോളിലെ അടിമുടി ആവേശം നിറഞ്ഞ ഇറ്റലി ക്രൊയേഷ്യ മത്സരം സമനിലയിലായി. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 55-ാം മിനിറ്റില്‍ മുന്നിലെത്തിയ ക്രൊയേഷ്യയെ 98-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് ഇറ്റലി സമനില പിടിച്ച് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. മറ്റൊരു മത്സരത്തില്‍ അല്‍ബേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് സ്‌പെയിന്‍ അപരാജിത കുതിപ്പ് തുടരുകയാണ്. ക്രൊയേഷ്യയക്കെതിരെയും ഇറ്റലിക്കെതിരെയും ജയം നേടി സ്‌പെയിന്‍ നേരത്തേ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.
◾ കോപ്പ അമേരിക്കയില്‍ ഇന്ന് ബ്രസീലിറങ്ങുന്നു. കോസ്റ്റാറിക്കയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് മത്സരം.
◾ രാജ്യത്തെ സമ്പന്നരില്‍ രണ്ടാം സ്ഥാനത്താണെങ്കിലും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളയിനത്തില്‍ കൈപ്പറ്റിയത് 9.26 കോടി രൂപ മാത്രമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മറ്റ് വ്യവസായികളുമായി താരതമ്യം ചെയ്യുമ്പോള്‍ അദാനിക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ ശമ്പളമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. തന്റെ കീഴിലുള്ള 10 കമ്പനികളില്‍ രണ്ടെണ്ണത്തില്‍ നിന്നുമാത്രമാണ് അദാനി ശമ്പളം കൈപ്പറ്റിയത്. എന്നാല്‍ അദാനിക്ക് കീഴില്‍ ജോലി ചെയ്യുന്ന പലരും അദ്ദേഹത്തേക്കാള്‍ ശമ്പളം വാങ്ങിയിട്ടുണ്ട്.
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ബോര്‍ഡ് ഡയറക്ടറായ വിനയ് പ്രകാശ് 89.37 കോടി രൂപയും ഗ്രൂപ്പ് സി.എഫ്.ഒ ജുഗേഷിന്ദര്‍ സിംഗ് 9.45 കോടി രൂപയുമാണ് ശമ്പളമായി കൈപ്പറ്റിയത്. ഫോര്‍ബ്‌സിന്റെ ലോക സമ്പന്നപട്ടികയില്‍ 19-ാം സ്ഥാനവും ഇന്ത്യയിലെ സമ്പന്നരില്‍ രണ്ടാം സ്ഥാനവുമുള്ള അദാനിക്ക് കീഴില്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, സിമന്റ്, ഹരിത ഇന്ധനം തുടങ്ങി പത്ത് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ അദാനി എന്റര്‍പ്രൈസസില്‍ നിന്നാണ് ശമ്പളവും മറ്റാനുകൂല്യങ്ങളുമായി 2.19 കോടി രൂപയും മറ്റിനത്തില്‍ 27 ലക്ഷം രൂപയുമാണ് ലഭിച്ചത്. അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്.ഇ.ഇസഡില്‍ നിന്നും 1.8 കോടിയുടെ ശമ്പളവും 5 കോടിയുടെ കമ്മിഷനും അടക്കം 6.8 കോടി രൂപയാണ് ലഭിച്ചത്.
എന്നാല്‍ അദാനി എന്റര്‍പ്രൈസസില്‍ നിന്നും കമ്മിഷന്‍ കൈപറ്റിയിട്ടില്ല. ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ രാജേഷിന് 8.37 കോടിയും അനന്തരവന്‍ പ്രണവിന് 6.46 കോടി രൂപയും ലഭിച്ചു. മകന്‍ കരണ്‍ അദാനിക്ക് അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്.ഇ.ഇസഡില്‍ നിന്നും ലഭിച്ചത് 3.9 കോടി രൂപയാണ്. എന്നാല്‍ ഇവരാരും ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ നിന്നും ശമ്പളം സ്വീകരിക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾ കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്‍കി അനൂപ്മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ നടന്‍ ജയസൂര്യ റിലീസ് ചെയ്തു. 'ഇടീം മിന്നലും' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ , സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അപര്‍ണതി ,എന്‍.പി നിസ, ഇതള്‍ മനോജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
◾ പൃഥ്വിരാജ്-ബേസില്‍ ചിത്രം 'ഗുരുവായൂരമ്പല നടയില്‍' ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു. മെയ് 16ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ 85 കോടി നേടിയ ചിത്രം ജൂണ്‍ 27ന് ആണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. രണ്ടു അളിയന്മാരുടെ സ്‌നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ബസിലിനൊപ്പം പൃഥിരാജ് കൂടി എത്തിയപ്പോള്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ക്ക് ചിരിവിരുന്ന് ആയിരുന്നു.
'കുഞ്ഞിരാമായണം' എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിച്ച ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍. തമിഴ് നടന്‍ യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
◾ ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ എസ്യുവി എക്സ് എം സ്വന്തമാക്കിയ ടൊവിനോ തോമസ്. എകദേശം 2.6 കോടി രൂപയാണ് ബിഎംഡബ്ല്യവിന്റെ ഈ കരുത്തന്‍ എസ്യുവിയുടെ എക്സ്‌ഷോറൂം വില. 2022 ല്‍ ടൊവിനൊ റേഞ്ച് റോവര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാഹനം. കുടുംബ സമേതം പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിഎംഡബ്ല്യു വാഹനനിരയിലേക്കു 2022 ല്‍ അവതരിപ്പിച്ച മോഡലാണ് എക്‌സ്എം. 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിനു കരുത്തേകുന്നത്.
653 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 25.7 കിലോവാട്ട്അവര്‍ ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് മോഡലുകളായ ഐഎക്‌സ്, ഐ4 എന്നീ വാഹനങ്ങളിലേതിന് സമാനമായ ലേഔട്ടിലാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. എം ലോഞ്ച് സംവിധാനങ്ങളാണ് അകത്തളത്തിലെ ഹൈലൈറ്റുകള്‍. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ്, ഐ ഡ്രൈവ് 8 സോഫ്‌റ്റ്വെയര്‍ നല്‍കിയിട്ടുള്ള 14.9 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ആഡംബര ഫീച്ചറുകള്‍.
◾ അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ ഒരാള്‍ക്ക് താന്‍ എഴുതിവെച്ച ഡയറികള്‍ മതിയാകും. എന്നാല്‍ ഡയറിയില്‍നിന്നല്ലാതെ ഓര്‍മ്മകളിലെ ദിനസരിക്കുറിപ്പുകളിലേക്കാഴ്ന്നിറങ്ങി കഴിഞ്ഞുപോയ കാലവും ആ കാലത്തിലെ ഞാനും എന്ന തിരിച്ചറില്‍ നിന്നുമാത്രമേ ഇജ്ജാതി ഒരു പുസ്തകം വിരിയിച്ചെടുക്കാന്‍ പറ്റൂ. 'ഓനിയ്ക്കൊരു മട്ടണ്‍ ബിരിയാണി, ഞമ്മക്കൊരു കട്ടന്‍ചായ'. ലൂക്കോസ് ലൂക്കോസ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 261 രൂപ.
◾ അലുമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. അലൂമിനിയത്തില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, അലൂമിനിയം ഫോയില്‍ അസിഡിറ്റി ഉള്ള ഭക്ഷണവുമായി പ്രതിപ്രവര്‍ത്തിക്കും.
ഭക്ഷണം ചൂടുള്ളതാണെങ്കില്‍ പോലും അത് നിങ്ങളെ ദോഷകരമായി ബാധിക്കും. അലൂമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ വായു കടക്കാതെ വരുമെന്നും അതിനാല്‍ അതില്‍ ബാക്ടീരിയകള്‍ വളരുമെന്നും മറ്റ് ചില പഠനങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ക്ഷീരോല്പന്നങ്ങള്‍, മാംസം പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ് ഈ പ്രശ്‌നം കൂടുതലായി സംഭവിക്കാനിടയുളളത്.
ഇവ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് കേടാകും. ശേഷിക്കുന്ന ഭക്ഷണം അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുക എന്നത് സൗകര്യപ്രദമായ മാര്‍ഗമായിരിക്കാം എന്നിരുന്നാലും അത് വളരെ ദോഷകരമാണ്. അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ - തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍. ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍. കറികളും അച്ചാറുകളും. ചീസ്, വെണ്ണ. ഫോയില്‍ സൂക്ഷിക്കാന്‍ കഴിയുന്നവ - സാന്‍ഡ്വിച്ച്, ബ്രെഡ്, കേക്കുകളും മഫിനുകളും. റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍.