ഇന്ന് ചിലിയെ നേരിട്ട അർജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്.
അവസരങ്ങള്‍ ഒരുപാട് കിട്ടിയിട്ടും ഒന്ന് പോലും ലക്ഷ്യത്തില്‍ എത്തിക്കാൻ ആവാതിരുന്ന ലയണല്‍ മെസ്സിയും സംഘവും അവസാനം 88ആം മിനുട്ടിലാണ് വിജയ ഗോള്‍ നേടിയത്.
ഈ വിജയത്തോടെ അർജന്റീന ക്വാർട്ടർ ഫൈനല്‍ ഉറപ്പിച്ചു. 20ഓളം ഷോട്ടുകള്‍ ഇന്ന് അർജന്റീന തൊടുത്തിട്ടും ഒരു ഗോള്‍ വരാൻ ഏറെ സമയം എടുത്തു. അവസാനം ലൗട്ടാരഒ മാർട്ടിനസും ഡി മരിയയും സബ്ബായി കളത്തില്‍ എത്തി. ഇത് അർജന്റീനയുടെ അറ്റാക്ക് കൂടുതല്‍ ശക്തമാക്കി.
ചിലി ഇന്ന് അധികം അവസരങ്ങള്‍ സൃഷ്ടിച്ചില്ല. ചിലിയുടെ ആദ്യ ഷോട്ട് വന്നത് 72ആം മിനുട്ടില്‍ ആയിരുന്നു. അതിനു ശേഷം അവർ മൂന്ന് ഷോട്ടുകള്‍ അർജന്റീന പോസ്റ്റിലേക്ക് തൊടുത്തു. ഒന്നും എമിലിയാനോ മാർട്ടിനസിന് വലിയ വെല്ലുവിളി ആയില്ല.
അവസാനം മത്സരത്തിന്റെ 88ആം മിനുട്ടില്‍ ലൗട്ടാരോ മാർട്ടിനസിലൂടെ അർജന്റീന ലീഡ് എടുത്തു. ലയണല്‍ മെസ്സി എടുത്ത കോർണറില്‍ നിന്നായിരുന്നു ലൗട്ടാരോ മാർട്ടിനസിന്റെ ഗോള്‍. ഇത് അർജന്റീമയുടെ ജയം ഉറപ്പിച്ചു.
ഈ ജയത്തോടെ 2 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുകയാണ് അർജന്റീന. ചിലിക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് 1 പോയിന്റ് മാത്രമാണ് ഉള്ളത്. ആദ്യ മത്സരത്തില്‍ അവർ പെറുവിനോടും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.