*പ്രഭാത വാർത്തകൾ*
2024 | ജൂലൈ 1| തിങ്കൾ | മിഥുനം 17 |
◾ രാജ്യത്ത് ഇന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമാകും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) സി ആര്‍ പി സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി എന്‍ എസ് എസ് ), ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി എസ് എ ) നിലവില്‍ വരും.
അതേസമയം പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ബാര്‍ കൗണ്‍സില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. നിയമങ്ങള്‍ ഭരണഘടന വിരുദ്ധമെന്നും സുപ്രിം കോടതി വിധിക്കെതിരായ നിയമങ്ങള്‍ വരെ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നും ബാര്‍ കൗണ്‍സില്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
◾ മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മന്‍ കി ബാത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കീ ബാത്തിന്റെ 111 -ാമത് എപ്പിസോഡായിരുന്നു ഇന്നലത്തേത്. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നതെന്നും, ജനങ്ങള്‍ ജനാധിപത്യത്തിന് ശക്തി നല്‍കിയെന്നും മോദി പറഞ്ഞു. അമ്മമാരോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ എല്ലാവരും അമ്മയുടെ പേരില്‍ ഒരു വൃക്ഷ തൈ നടണമെന്നും മന്‍ കീ ബാതില്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
◾ മന്‍ കി ബാത്തില്‍ കേരളത്തെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകള്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ സംരംഭക രംഗത്തെ വനിതകളുടെ മികവിന്റെ മികച്ച ഉദാഹരണം ആണെന്നും, ഈ കുടകള്‍ക്ക് രാജ്യമാകെ ആവശ്യമേറുന്നുവെന്നും മോദി വ്യക്തമാക്കി. നാരീശക്തിയിലൂടെയാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നതെന്നും, മുന്നൂറോളം സ്ത്രീകളാണ് അട്ടപ്പാടിയില്‍ കുട നിര്‍മാണത്തിലൂടെ സ്വയം പര്യാപ്തരായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
◾ ജനങ്ങളെ വിശ്വാസത്തിലെടുത്തും തൊഴിലാളിവര്‍ഗ കാഴ്ചപ്പാടിലൂന്നിയും മുന്നോട്ടുപോകുന്നതിലെ വീഴ്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെയും വിട്ടുപോയവരെയും തിരിച്ചെത്തിക്കാന്‍ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കി കേരളത്തില്‍ നീങ്ങണമെന്ന് കേന്ദ്രകമ്മിറ്റി യോഗം നിര്‍ദേശിച്ചു. തൊഴിലാളിവര്‍ഗത്തെ ചേര്‍ത്തുപിടിച്ചുള്ള പാര്‍ട്ടിയുടെ വര്‍ഗപരമായ സമീപനത്തില്‍നിന്ന് വ്യതിചലിച്ചുനീങ്ങുന്നത് അപകടമാണെന്നും പാര്‍ട്ടിനയം മുറുകെപ്പിടിച്ച് ജനവിശ്വാസമാര്‍ജിക്കാനുള്ള തീവ്രയജ്ഞം സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗം തീരുമാനിച്ചു.
◾ കണ്ണൂരില്‍ സി.പി.എമ്മിന് യാതൊരു പ്രതിസന്ധിയുമില്ലെന്നും പാര്‍ട്ടി ശരിയായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും എല്ലാ കാര്യങ്ങളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ്. സിനിമക്ക് തിരക്കഥ എഴുതുന്നത് പോലെയാണ് സിപിഎമ്മിനെതിരേ എഴുതുന്നതെന്ന് റിയാസ് കുറ്റപ്പെടുത്തി.
◾ സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്നും സിപിഎം പിരിച്ച് വിടേണ്ട സമയമായെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎമ്മിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും എംവി ഗോവിന്ദനും കാട്ടണമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
◾ സിപിഎമ്മിനെ വിമര്‍ശിക്കുന്നത് വ്യക്തിപരമായല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വര്‍ണം പൊട്ടിക്കുന്ന കഥകള്‍, അധോലോക കഥകള്‍ ഒന്നും ചെങ്കൊടിക്ക് ചേര്‍ന്നതല്ല. പറയാന്‍ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞുവെന്നും. എല്‍ഡിഎഫിനെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും സിപിഐ എല്‍ഡിഎഫ് വിടണമെന്ന എം എം ഹസന്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾ എസ്എസ്എല്‍സി പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി,പ്രൈമറി,അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളില്‍ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രം അടര്‍ത്തി എടുത്താണ് ഇപ്പോള്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍ കുട്ടി പിന്നീട് വ്യക്തമാക്കി. പ്രസംഗം മൊത്തം കേട്ടാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടെന്ന് കെഎസ്യു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
◾ കേന്ദ്ര ഏജന്‍സികള്‍ ഏറെക്കാലമായി ഇടതുപക്ഷ ഗവണ്‍മെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണന്‍ എംപി. അവര്‍ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണം. കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൂടാതെ സഹകരണ മേഖലയില്‍ പ്രശ്നങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കൃത്യമായ അന്വേഷണം വേണമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
◾ പാലക്കാട് യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്നും വിജയം ഉറപ്പാണെന്നും കെ മുരളീധരന്‍. അതേ സമയം തൃശൂര്‍പൂരം അലങ്കോലമാക്കിയത് അന്തര്‍ധാരയുടെ ഭാഗമായാണെന്നും പൂരം അലങ്കോലമാക്കിയതില്‍ സംസ്ഥാന മന്ത്രിസഭയില്‍ മന്ത്രി മൂക സാക്ഷിയായി നിന്നുവെന്നും ഒരു കമ്മീഷണര്‍ വിചാരിച്ചാല്‍ പൂരം അട്ടി മറിക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ചില അന്തര്‍ധാരകള്‍ ഉണ്ടന്ന് എല്ലാവരും മനസ്സിലാക്കണമെന്നും വിജയത്തിനൊപ്പം ജനങ്ങള്‍ ഒരു വാണിംഗും നല്‍കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
◾ കോട്ടയത്തെ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഈ ആവശ്യമുന്നയിച്ച് ജൂലൈ 6ന് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. ആകാശ പാതയെക്കുറിച്ച് മന്ത്രി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഒരു ജനതയെ അപമാനിക്കാന്‍ വേണ്ടിയാണെന്നും അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
◾ ഗവര്‍ണര്‍ക്കെതിരെ കേസ് നടത്താന്‍ വി.സിമാര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍നിന്ന് ചെലവിട്ടത് 1.13 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള വി.സിമാര്‍ സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചിലവാക്കിയത് കോടികളാണെന്നാണ് കണക്ക്.
◾ സ്ത്രീ വിദ്യാഭ്യാസ വിഷയത്തില്‍ ഇകെ വിഭാഗം സമസ്തയെ വിമര്‍ശിച്ചു മുജാഹിദ് വിഭാഗം. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിര്‍ത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎന്‍എം ആവശ്യപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ നടത്തിയ പരാമര്‍ശത്തിനോടാണ് കെഎന്‍എമ്മിന്റെ വിമര്‍ശനം. വിദ്യാഭ്യാസ കാര്യത്തില്‍ ലിംഗ വ്യത്യാസം കാണിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസത്തിനു സമസ്ത എതിരു നിന്നിട്ടില്ലെന്ന സമസ്ത അധ്യക്ഷന്റെ പ്രസ്താവന സത്യവിരുദ്ധമാണെന്നും കെഎന്‍എം വിമര്‍ശിച്ചു.
◾ സ്വര്‍ണം പൊട്ടിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സിപിഎം ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനൊപ്പം കാനായിയില്‍ വീട് വളഞ്ഞ സംഘത്തില്‍ ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്ന സജേഷും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും സംഘത്തിലുണ്ടെന്നാണ് സൂചന.
◾ തൃശ്ശൂര്‍ ചാവക്കാട് ഒരുമനയൂരില്‍ റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഉച്ചക്ക് മൂത്തമാവ് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്. സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിര്‍മിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
◾ മലബാറില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതിയുമായി ബിജെപി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ നിലനിര്‍ത്താനും സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മുതലാക്കാനുമാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദുമ,തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് അടക്കമുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപിക്ക് കൂടിയത് നാലിരട്ടിയിലേറെ വോട്ടുകളെന്നാണ് കണ്ടെത്തല്‍.
◾ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖിനെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
◾ പീഡനക്കേസിലെ പ്രതിയായ നേതാവിനെ തിരിച്ചെടുത്തതിന്റെ പേരില്‍ തിരുവല്ല സിപിഎമ്മില്‍ തര്‍ക്കം. സജിമോനെതിരെ തിരുവല്ല സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് അടക്കം പോസ്റ്ററുകള്‍ പതിച്ചു. തിരുവല്ല പൗരസമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍. അവിഹിതത്തിലുണ്ടായ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. സിപിഎമ്മിലെ ഒരു വിഭാഗം തന്നെയാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇടപെട്ട് പുറത്താക്കിയ സജിമോനെ ഔദ്യോഗിക വിഭാഗത്തിന്റെ ഇടപെടലില്‍ കണ്‍ട്രോള്‍ കമ്മീഷനാണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
◾ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. പോക്സോ കേസ് പ്രതിയെ സഹായിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട അഭിഭാഷകയായ സ്വപ്നയ്ക്കെതിരെയാണ് അസോസിയേഷന്‍ വിജിലന്‍സിനെ സമീപിച്ചത്.
◾ കൊച്ചി പുല്ലേപ്പടി കത്രിക്കടവ് റോഡിലെ സ്പായില്‍ വനിത ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ മാരകായുധങ്ങള്‍ കണ്ടെത്തി. ആക്രമണത്തിന് പിന്നാലെ കുറ്റിക്കാട്ടിലാണ് പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചത്.
◾ ചങ്ങനാശ്ശേരി ഗവണ്‍മെന്റ് എച്ച്എസ്എസിലെ അധ്യാപകരെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. സ്‌കൂളില്‍ മുമ്പ് ഉണ്ടായ ചില ആഭ്യന്തര കാര്യങ്ങളില്‍ പ്രിന്‍സിപ്പാള്‍ പ്രതികാരം ചെയ്യുന്നതാണെന്നാണ് ആക്ഷേപം. സ്‌കൂളില്‍ അധ്യാപകരുടെ സ്വകാര്യത മാനിക്കാതെ ക്യാമറ വച്ചതിനെതിരെ നടപടി നേരിട്ടവര്‍ മുമ്പ് വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഈ കേസില്‍ അധ്യാപകര്‍ക്ക് അനുകൂലമായി വനിത കമ്മീഷന്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ അധ്യാപകര്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
◾ വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന്‍, കൊട്ടാരക്കര സ്വദേശിയായ അന്‍വര്‍ എന്നിവരാണ് മരിച്ചത്. അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍. ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
◾ കേബിള്‍ ടിവി ടെക്‌നീഷ്യന്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് മരിച്ചു. ആനച്ചാല്‍ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫാണ് മരിച്ചത്. ആനച്ചാലില്‍ ജോലിക്കിടെയാണ് സംഭവം. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ മഹാരാഷ്ട്രയിലെ ലോണാവാലയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ മരിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ടവരില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
◾ ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് കൂറ്റന്‍ ജലസംഭരണി തകര്‍ന്ന് 2 പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മധുരയിലെ കൃഷ്ണ വിഹാറിലാണ് 240 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി തകര്‍ന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്നും ദൗത്യസംഘം കൂട്ടിച്ചേര്‍ത്തു.
◾ ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബര്‍ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് സംവിധാനം സെപ്തംബര്‍ 30 വരെ തുടരാന്‍ ഉത്തരവിട്ടത്.
◾ ബിഹാറില്‍ പാലങ്ങള്‍ തകരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങള്‍ തകരാന്‍ തുടങ്ങിയത് എന്തുകൊണ്ടാണെന്നും, സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തെങ്കിലും ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
◾ കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കര്‍ശന നിര്‍ദേശവുമായി ഡികെ ശിവകുമാര്‍. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാര്‍ താക്കീത് നല്‍കി. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവര്‍ക്ക് ഡികെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ സ്വാമിമാരുടെ നിര്‍ദേശം ആവശ്യമില്ലെന്നും ആശീര്‍വാദം മതിയെന്നും ഡികെ പറഞ്ഞു.
◾ കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുപ്പതാമത്തെ മേധാവിയായി അദ്ദേഹം ചുമതലയേറ്റെടുത്ത്. ജനറല്‍ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്നലെ പൂര്‍ത്തിയായതോടെയാണ് ചുമതല കൈമാറിയത്.
◾ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരുമെന്ന് സൂചന. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തില്‍ ജെപി നദ്ദയേയും ഉള്‍പ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കും എന്നാണ് സൂചന.
◾ നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധത്തിലാണ് റെയ്ഡ്. കഴിഞ്ഞ മെയ് മാസം അറസ്റ്റിലായ 6 പേരില്‍ നിന്ന് കിട്ടിയ വിവരങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
◾ കുവൈത്തിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്നലെ അവസാനിച്ചു. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. നിയമലംഘകരായി കഴിയുന്ന വിദേശികള്‍ ഇന്നലെ രാത്രി 12ന് മുന്‍പ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
◾ നൈജീരിയയില്‍ വിവാഹ വേദിയിലടക്കം മൂന്നിടങ്ങളില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 18 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ബോര്‍ണോ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മേധാവി അറിയിച്ചു.ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
◾ റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരില്‍ എന്‍ഐഎയുടെ പരിശോധന. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന. ഭീകരരുമായി ബന്ധമുള്ളവരില്‍നിന്നും കണ്ടെത്തിയ വസ്തുവകകള്‍ എന്‍ഐഎ പിടിച്ചെടുത്തു. ഗൂഢാലോചന സംബന്ധിച്ചടക്കമുള്ള വിവരങ്ങള്‍ ലഭിക്കാനായി ഇത് പരിശോധിക്കുന്നത് തുടരുകയാണ്. ഈമാസം ഒന്‍പതിനാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടത്.
◾ ബഹിരാകാശ യാത്രികരായ സുനിത വില്ല്യസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന് സൂചന. സ്റ്റാര്‍ലൈനറിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് യുഎസ് സ്‌പേസ് ഏജന്‍സി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാമധ്യേ ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാന്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പര്യാപ്തമാകുമെന്നും നാസ സൂചന നല്‍കി.
◾ ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സമ്മാനത്തുകയായി ലഭിച്ചത് കോടികള്‍. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്ക് ഏകദേശം 20.42 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് ഏകദേശം10.67 കോടി രൂപയുമാണ് സമ്മാനത്തുകയായി ലഭിച്ചത്. അതേസമയം സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും ഏകദേശം 6.5 കോടി രൂപയും സമ്മാനത്തുകയായി ലഭിച്ചു.
◾ ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചവെന്നും എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
◾ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ!!േജ. ബാര്‍ബഡോസില്‍ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇന്‍സ്റ്റയിലൂടെ അറിയിച്ചത്.
◾ കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസിക്ക് വിശ്രമം അനുവദിച്ച പെറുവിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് പെറുവിനെ അര്‍ജന്റീന തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ചാംപ്യന്മാരായി അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി. ഇന്നലെ നടന്ന കാനഡ - ചിലി മത്സരം ഗോള്‍രഹിത സമനിലയിലായതോടെ കാനഡ അര്‍ജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തി.
◾ യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ സ്ലോവാക്യക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം ജയിച്ചുകയറി ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ സമനില പിടിച്ച് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് എക്സ്ട്രാ ടൈമിലൂടെ സ്ലൊവാക്യയെ കീഴടക്കി. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ യുവനിരയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ജോര്‍ജിയയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ജോര്‍ജിയയെ തകര്‍ത്തെറിഞ്ഞ് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഒരു ഗോള്‍ വഴങ്ങിയതിന് ശേഷമാണ് സ്‌പെയിനിന്റെ ഗോള്‍മഴ.
◾ രാജ്യത്തെ 10 മുന്‍നിര കമ്പനികളില്‍ ഒന്‍പത് എണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. ഒന്‍പത് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 2.89 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഓഹരി വിപണിയില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1822 പോയിന്റ് ആണ് മുന്നേറിയത്. 2.36 ശതമാനത്തിന്റെ വര്‍ധന. ജൂണ്‍ 27ന് സെന്‍സെക്‌സ് 79000 പോയിന്റ് കടന്ന് മുന്നേറുന്നതിനും ഓഹരി വിപണി സാക്ഷിയായി. റിലയന്‍സിന് പുറമേ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഐടിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍. തൊട്ട് മുന്‍പത്തെ ആഴ്ച നേട്ടം ഉണ്ടാക്കിയ എല്‍ഐസി കഴിഞ്ഞയാഴ്ച താഴേക്ക് പോയി.1,52,264 കോടി രൂപയുടെ മുന്നേറ്റം കാഴ്ചവെച്ച റിലയന്‍സ് കഴിഞ്ഞയാഴ്ച പുതിയ നാഴികക്കല്ല് പിന്നിട്ടു. വിപണി മൂല്യം 21 ലക്ഷം കടന്നാണ് റിലയന്‍സ് പുതിയ ഉയരം കുറിച്ചത്. ടിസിഎസിന്റെ വിപണി മൂല്യത്തിലേക്ക് 34,733 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തു. 14,12,845 കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂല്യം. ഐസിഐസിഐ ബാങ്ക് 30,288 കോടി, ഭാരതി എയര്‍ടെല്‍ 18,267 കോടി, ഇന്‍ഫോസിസ് 14,656 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 22,042 കോടിയുടെ നഷ്ടം നേരിട്ടു.
◾ അഭിനേതാവ് എന്നതിനൊപ്പം നിര്‍മ്മാണ മേഖലയിലേക്കുകൂടി സുരാജ് വെഞ്ഞാറമൂട് ചുവടുവെക്കുന്ന ചിത്രമാണ് 'ഇഡി അഥവാ എക്സ്ട്രാ ഡീസന്റ്'. സുരാജ് തന്നെയാണ് ചിത്രത്തിലെ നായകനും. സുരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ സ്പെഷല്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ പിറന്നാളാഘോഷവും നടന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ അമീര്‍ പള്ളിക്കല്‍ ആണ്. തന്റെ ജന്മനാളും ജന്മദിനവും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാല്‍ ജന്മനാളായ ഇന്നലെ സുരാജ് ലൊക്കേഷനില്‍ കേക്ക് മുറിച്ചു മധുരം പങ്കിട്ടിരുന്നു. ആഷിഫ് കക്കോടിയാണ് ഇ ഡിയുടെ രചന നിര്‍വഹിക്കുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, ദില്‍ന പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബിക, പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ ഡി യുടെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്.
◾ മോഹന്‍ലാലിന്റെ അണ്ടര്‍റേറ്റഡ് ചിത്രങ്ങളിലൊന്നാണ് മിസ്റ്ററി ഹൊറര്‍ ചിത്രമായ 'ദേവദൂതന്‍'. ഡോള്‍ബി അറ്റ്മോസ്, 4കെ ദൃശ്യ ശബ്ദ വിന്യാസങ്ങളിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് റീ റിലീസിന് ഒരുങ്ങുകയാണ് ദേവദൂതന്‍. ഇതിനോടനുബന്ധിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. രഘുനാഥ് പലേരിയുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം റീമാസ്റ്ററിംഗിനൊപ്പം റീ എഡിറ്റിംഗും നടത്തിയാണ് പ്രേക്ഷകരിലേക്ക് ഒരിക്കല്‍ക്കൂടി എത്തുന്നത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായിരുന്നു ദേവദൂതന്‍. സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാല്‍ എത്തുന്നു. കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവുമാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമാക്കുന്നത്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിങ്ങനെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം കൂടിയാണ് ഇത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
◾ സൂപ്പര്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി ഡെസേര്‍ട്ട് എക്സ് മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റ് ആഗോളതലത്തില്‍ പുറത്തിറക്കി. ഡെസേര്‍ട്ട് എക്സ് ഡിസ്‌കവറി എന്നാണ് ഈ പുതിയ വേരിയന്റിന്റെ പേര്. ഡുക്കാറ്റി ഡെസേര്‍ട്ട് എക്സ് ഡിസ്‌കവറി ടൂറിങ്ങിനും ഓഫ്-റോഡ് അഡ്വഞ്ചറിനും യോജിച്ച നിരവധി മെച്ചപ്പെടുത്തലുകള്‍ നല്‍കുന്നു. സാധാരണ ഡെസേര്‍ട്ട് എക്സ്, ഡെസേര്‍ട്ട് എക്സ് റാലി എന്നിവയ്ക്ക് ശേഷമുള്ള മൂന്നാമത്തെ വേരിയന്റാണ് ഡെസേര്‍ട്ട് എക്സ് ഡിസ്‌കവറി. മറ്റ് ഡെസേര്‍ട്ട് എക്സ് മോഡലുകളില്‍ കാണുന്ന അതേ 937 സിസി എഞ്ചിനാണ് ഡെസേര്‍ട്ട് എക്സ് ഡിസ്‌കവറിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 108 ബിഎച്പി കരുത്തും 92 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഡ്യുക്കാറ്റി ക്വിക്ക് ഷിഫ്റ്റ് ഫീച്ചര്‍ ചെയ്യുന്ന 6-സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
◾ ഭാഷപോലെ ഘടനയാര്‍ന്നതാണ് അബോധമനസ്സ് എന്ന പ്രസിദ്ധമായ നിരീക്ഷണത്തിലൂടെ, അബോധത്തില്‍ നിന്നും ബോധത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരാശയമാണ് വ്യക്തിസത്ത എന്ന തിരിച്ചറിവോടെ, സ്വത്വവും സ്വാതന്ത്ര്യവുമെല്ലാം 'യൂസേഴ്‌സ് ഇല്യൂഷന്‍സ്' മാത്രമാവുന്ന ഡിജിറ്റല്‍ കാലത്തും സൈക്കോ അനാലിസിസ് പ്രസക്തമാണെന്ന് ലകാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഭാഷാശാസ്ത്രവും സ്ട്രക്ചറല്‍ ആന്ത്രോപോളജിയും ഹെഗലിയന്‍ ദര്‍ശനങ്ങളുമുപയോഗിച്ച് സൈക്കോഅനാലിസിസിന് പുതിയൊരു വായന സാധ്യമാക്കിയ ലകാനിയന്‍ തിയറിയുടെ ഉളളറകളിലേക്കുള്ള ഒരു തിരിനീട്ടലാണ് ഈ കൃതി. 'ലകാന്‍ വാക്കും വെളിച്ചവും'. പ്രൊഫ. സി പി മുഹമ്മദ്. ഇന്‍സൈറ്റ് പബ്ളിക്ക. വില 132 രൂപ.
◾ ദക്ഷിണേന്ത്യയില്‍ ടൈപ്പ് 2 ഡയബറ്റിസ് മുതിര്‍ന്നവരെക്കാളേറെ യുവാക്കളിലെന്ന് പഠനം. അമിതവണ്ണവും രക്തബന്ധത്തിലുള്ള ഡയബറ്റിക് രോഗികളുടെ എണ്ണം കൂടിയതും പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായെന്ന് പഠനത്തില്‍ പറയുന്നു. ചെന്നൈ, കാഞ്ചീപുരം പന്റൂത്തി എന്നിവിടങ്ങളില്‍ നിന്നായി 16,914 പേരെ ഉള്‍പ്പെടുത്തി രണ്ട് ഘട്ടമായാണ് പഠനം നടത്തിയത്. 20നും 39നു ഇടയില്‍ പ്രായമുള്ളവരിലും 40 വയസ്സിന് മുകളിലുള്ളവരിലുമാണ് 10 വര്‍ഷം നീണ്ടു നിന്ന പഠനം നടത്തിയത്. 2006-ല്‍ പഠനത്തിന്റെ തുടക്കത്തില്‍ പരിശോധന നടത്തിയപ്പോള്‍ ഒന്‍പതു ശതമാനം ഡയബറ്റിസ് രേഖപ്പെടുത്തിയ ഗ്രാമപ്രദേശങ്ങളില്‍ 2016-ലെ പരിശോധനയില്‍ 13% ആയി വര്‍ധിച്ചതായി ജേര്‍ണല്‍ ഓഫ് ഡയബറ്റിസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രായമായവരും ചെറുപ്പക്കാരും തമ്മിലുള്ള പ്രമേഹത്തിന്റെ വ്യാപനം വിലയിരുത്താനും ഇതേ പഠനങ്ങളാണ് വിനിയോഗിച്ചത്. ഈ പഠനത്തില്‍ നിന്ന് വയോധികരില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ യുവാക്കളില്‍ പ്രമേഹം വര്‍ധിച്ചുവരുന്നതായി കണ്ടെത്തി. യുവാക്കള്‍ക്കിടയില്‍ 4.5% ആയിരുന്ന ഡയബറ്റിസ് 7.8% ശതമാനമായുയര്‍ന്ന് 36% ആയി. അതേസമയം പ്രായമായവരില്‍ 28.4% ആയിരുന്ന പ്രമേഹം 34% -വുമായി. യുവാക്കള്‍ക്കിടയില്‍ 120 %വും പ്രായമായവരില്‍ 150% ശതമാനവുമാണ് ടൈപ്2 ഡയബറ്റിസ് രോഗികളില്‍ വര്‍ധനവുണ്ടായതെന്ന് പഠനം പറയുന്നു. ഇത് ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണ്. ഇതില്‍ ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഇത് ഇന്‍സുലിന്‍ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാന്‍ക്രിയാസിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങള്‍, ജനിതക ഘടന, പൊണ്ണത്തടി എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.