Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (17/07/2024)


 പ്രഭാത വാർത്തകൾ

2024 | ജൂലൈ 17 | ബുധൻ | കർക്കിടകം 2 


◾ കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ മാത്രം ഒന്‍പത് പേര്‍ മഴക്കെടുതിയില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യാത്രക്കാരി മരിച്ചു. പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് പേര്‍ മരിച്ചു. തിരുവല്ലയിലും വയനാട്ടിലും  ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. കനത്ത മഴയിലും കാറ്റിലും മരം വീണും മറ്റും നിരവധി വീടുകളാണ് തകര്‍ന്നത്. മലപ്പുറത്ത് മാത്രം 35 വീടുകള്‍ക്ക് നാശമുണ്ടായി. ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലംഗ സംഘത്തെ അതിസാഹസികമായി ഫയര്‍ ഫോഴ്സ് രക്ഷിച്ചു.


◾ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


◾ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏട്ട് ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകളും അംഗണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.


◾ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്നും എന്നാല്‍  സംസ്ഥാനത്ത്   നിലവില്‍ പ്രളയസാധ്യത ഇല്ലെന്നും അതേസമയം ജാഗ്രത വേണമെന്നും മന്ത്രി കെ രാജന്‍. അപകട സാധ്യത ഉള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തിന് ശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾ എറണാകുളം ജില്ലയില്‍ മഴക്കെടുതി രൂക്ഷം. പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകള്‍ തുറന്നതോടെ ഈ ജലം ഇടുക്കിയിലൂടെ പൂര്‍ണമായും പെരിയാറിലേക്കാണ് ഒഴുകി വരുന്നത്. പാതാളം, മഞ്ഞുമ്മല്‍, പുറപ്പള്ളിക്കാവ് റെഗുലറ്റര്‍ കം ബ്രിഡ്ജുകള്‍ മുഴുവന്‍ ഷട്ടറുകളും തുറന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പിനും മുകളിലാണ് ആലുവയില്‍ പെരിയാറിലെ ജലനിരപ്പെന്നാണ് സൂചന. ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.


◾ തിരുവനന്തപുരത്ത് പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പരിക്കേറ്റു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.


◾ കേരളത്തിലെ മാലിന്യ നിര്‍മാര്‍ജനത്തില്‍ ഒന്നും നടക്കുന്നില്ല എന്ന വാദം തെറ്റാണെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നുണ്ട്. ബ്രഹ്‌മപുരത്തടക്കം ഈ മാറ്റം പ്രകടമാണെന്ന് പറഞ്ഞ മന്ത്രി തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേയുടെ അനാസ്ഥയുണ്ടെന്ന് ആവര്‍ത്തിച്ചു. വിമര്‍ശിക്കുന്നവര്‍ തന്നെ പലപ്പോഴും ചില കാര്യങ്ങള്‍ക്ക് തടസം നില്‍ക്കുമെന്നും എംബി രാജേഷ് പറഞ്ഞു.


◾ ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ കെ.പി.സി.സി. ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുന്നതിനായി മിഷന്‍ 2025 അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. വയനാട്ടില്‍ കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രതിപക്ഷ നേതാവ് മിഷന്‍ 2025 അവതരിപ്പിച്ചത്. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് മിഷന്‍ 2025 ലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.


◾ താമര ചിഹ്നത്തോടുള്ള അലര്‍ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന്‍. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. തിരുവനന്തപുരത്ത് നാലു മാസം മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ വന്നിരുന്നേല്‍ അവസ്ഥ മാറിയേനെയെന്നും മുരളീധരന്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഈ കളി മതിയാവില്ലെന്ന്  കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടില്‍ പാര്‍ട്ടി യോഗം ചേര്‍ന്നതെന്നും ഈ ക്യാമ്പില്‍ ഉണ്ടാവില്ലെന്ന് താന്‍ നേരത്തെ അറിയിച്ചതാണെന്നും എടുത്ത തീരുമാനം നടപ്പാക്കാന്‍ പാര്‍ട്ടിയുടെ കൂടെ ഉണ്ടാവുമെന്നും താന്‍ ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.


◾ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡിഷ്യല്‍ കമ്മീഷന്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ജസ്റ്റിസ് ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോര്‍ട്ട് നല്‍കുക. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാലക്ക് സംഭവിച്ച വീഴ്ചകളാണ് കമ്മീഷന്‍ അന്വേഷിച്ചത്.


◾ നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. നടന്‍ ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം വാങ്ങിവെച്ച രമേശ് നാരായണന്‍ സംവിധായകന്‍ ജയരാജനെ വിളിച്ചു വരുത്തി അതേ പുരസ്‌കാരം അദ്ദേഹത്തില്‍ നിന്ന് സ്വീകരിച്ചതാണ് വിവാദമായത്. 


◾ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ -ആസിഫ് അലി വിവാദത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പരിമിതികള്‍ ഏറെയുണ്ടായിട്ടും കഠിനാധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരനെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


◾ രമേഷ് നാരായണ്‍ വിഷയത്തില്‍ ആസിഫ് അലിക്ക് പൂര്‍ണ പിന്തുണയുമായി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. 'ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച  ചിരിയാണ് യഥാര്‍ത്ഥ സംഗീതം, അമ്മ ആസിഫിനൊപ്പം', എന്നാണ് നടന്റെ ഫോട്ടോയ്ക്കൊപ്പം സംഘടന കുറിച്ചത്.  


◾ പുരസ്‌കാരം നല്‍കാന്‍ വന്ന നടന്‍ ആസിഫ് അലിയെ അപമാനിച്ചതല്ലെന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. സംവിധായകന്‍ ജയരാജും സംഘവും സ്റ്റേജില്‍ ഒരുമിച്ചപ്പോള്‍ തന്നെ വിട്ടുപോയി. അത് വല്ലാതെ മനോവിഷമമുണ്ടാക്കി. ആസിഫ് അലി ഉപഹാരം തരുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും ആസിഫ് അലിയെ അപമാനിച്ചതല്ലെന്നും മനോവിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണന്‍ പറഞ്ഞു.


◾ അങ്കമാലി ഫയര്‍ഫോഴ്സ് ഓഫീസിനോട് ചേര്‍ന്നുള്ള മെസ്സിന് മുകളിലേക്ക് മരം വീണു. രാവിലെയായിരുന്നു സംഭവം. ആരു ഭക്ഷണം കഴിക്കാന്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ജെ സി ബി അടക്കം എത്തിച്ച് പിന്നീട് മരം നീക്കം ചെയ്തു.


◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ വീണ്ടും ഡോക്ടര്‍മാര്‍ കുടുങ്ങി. രാവിലെ തകരാര്‍ പരിഹരിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ മൂന്ന് ഡോക്ടര്‍മാര്‍ ലിഫ്റ്റില്‍ കയറിയപ്പോഴാണ് വീണ്ടും ഇത് പാതിവഴിയില്‍ നിന്നത്. അഞ്ചു മിനിറ്റിനുള്ളില്‍ സാങ്കേതിക തകരാര്‍ പരിഹരിച്ചു.


◾ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍  മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്തുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇതിനെ ചെറുത്ത് പരാജയപ്പെടുത്തും. സഖാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി തിരുത്തല്‍ പ്രക്രിയ ആണ് . തെറ്റു ചെയ്തതിന്റെ പേരില്‍ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് വീരപരിവേഷം നല്‍കുന്ന രീതി മാധ്യമങ്ങളും എതിരാളികളും നേരത്തെയും സ്വീകരിക്കുന്നതാണെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു.


◾ കിഫ്ബിയെ കേസ് കൊടുത്ത് മറ്റു പല വിവാദങ്ങളിലേക്ക് കൊണ്ടു പോകുന്നുവെന്നും ഇതിന്റെ ഭാഗമായി പല കാര്യങ്ങളും സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണെന്നും മന്ത്രി പി രാജീവ്. വൈപ്പിന്‍ മേഖലയിലെ കടലേറ്റം രൂക്ഷമായ എടവനക്കാട് പഴങ്ങാട് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


◾ തിരുവനന്തപുരം കാട്ടാക്കടയില്‍ ജി സ്റ്റീഫന്‍ എം.എല്‍.എയുടെ കാറിന് വഴി കൊടുക്കാത്തതിന് എട്ടു മാസം ഗര്‍ഭിണിയായ യുവതിയടങ്ങുന്ന കുടുംബത്തെ ആക്രമിച്ചെന്ന പരാതിയില്‍ നാല് പേര്‍ കീഴടങ്ങി. കല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിനീഷ്, നീതു ദമ്പതികളുടെ കാര്‍ തകര്‍ക്കുകയും മാല പൊട്ടിക്കുകയും ചെയ്തെന്നാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ മനു, സുമിത്, ആദര്‍ശ്, അനൂപ് എന്നിവരാണ് കാട്ടാക്കട സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അതേസമയം സംഭവം നടക്കുമ്പോള്‍ താന്‍ ഓഡിറ്റോറിയത്തിലായിരുന്നുവെന്നും മറ്റൊരു കാറുകാരനുമായാണ് തര്‍ക്കം ഉണ്ടായതെന്നുമാണ് ജി സ്റ്റീഫന്‍ എംഎല്‍എയുടെ വിശദീകരണം.


◾ കണ്ണൂരിലെ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. 2019ല്‍ അനുവദിച്ച ബിസിനസ് വായ്പകളിലാണ് ഇരിവേരി സഹകരണ ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയത്. വ്യാജരേഖകള്‍ നല്‍കി ഒരു വ്യക്തിക്ക് വേണ്ടി പത്ത് ലക്ഷത്തിന്റെ പത്ത് ബെനാമി വായ്പകള്‍ ഒരേ ദിവസം അനുവദിച്ചത് കണ്ടെത്തിയതോടെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.


◾ സുപ്രീം കോടതിയില്‍ പുതുതായി രണ്ട് ജഡ്ജിമാര്‍ക്ക് കൂടി നിയമനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ്, ജസ്റ്റിസ് മഹാദേവന്‍ എന്നിവര്‍ക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നല്‍കിയത്. ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതിന് പിന്നാലെ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് നിയമനക്കാര്യം പ്രഖ്യാപിച്ചത്.


◾ മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സബ് കളക്ടറായ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറോട് പരിശീലനം നിര്‍ത്തി മടങ്ങാന്‍ മസൂറിയിലെ ഐഎഎസ് അക്കാദമി ആവശ്യപ്പെട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐഎഎസ് നേടിയതെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ യുപിഎസ്സി നിര്‍ദേശപ്രകാരം ഇവര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.


◾ ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാണയില്‍ വിദ്വേഷ പ്രസംഗവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നാണ് അമിത് ഷാ പ്രസംഗിച്ചത്. കര്‍ണാടകയില്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്താണ് മുസ്ലിങ്ങള്‍ക്ക് നല്‍കിയതെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹരിയാണയിലും അതുതന്നെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾ മഹാരാഷ്ട്ര കോലാപ്പുര്‍ വിശാല്‍ഗഡ് കോട്ടയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയുണ്ടായ സംഘര്‍ഷത്തില്‍ 21 പേര്‍ അറസ്റ്റില്‍. അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തു . സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഷിന്‍ഡെ സര്‍ക്കാറിന് ആണെന്ന് ഉദ്ധവ് വിഭാഗവും അസദുദീന്‍ ഒവൈസിയും ആരോപിച്ചു.


◾ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പാടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. ഗവര്‍ണര്‍ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.


◾ മദ്യം ഹോം ഡെലിവറി നടത്താന്‍ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നീ കമ്പനികള്‍ ഒരുങ്ങുന്നു. കേരളമടക്കം 7 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മദ്യം ഹോം ഡെലിവറി സൗകര്യമുണ്ട്. കേരളത്തിന് പുറമെ ദില്ലി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളിലും ഹോം ഡെലിവറി സാധ്യത പരിശോധിക്കുന്നുണ്ട് .


◾ ബിഹാറില്‍ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവന്റെ അച്ഛനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍  രണ്ട് പേര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട രണ്ട് പേരെയാണ് ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. മുന്‍ മന്ത്രിയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവനുമായ മുകേഷ് സാഹ്നിയുടെ അച്ഛനെയാണ് വീട്ടില്‍ കയറി അടിച്ചുകൊലപ്പെടുത്തിയത്. മോഷണത്തിനെത്തിയവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റ പ്രാഥമിക നി?ഗമനം.


◾ ചാന്ദിപുര വൈറസ് ബാധിച്ച് അഞ്ച് ദിവസത്തിനിടെ ഗുജറാത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയിട്ടുണ്ട്. ചാന്ദിപുര വൈറസ് ഗുരുതരമായ എന്‍സെഫലൈറ്റിസിലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണല്‍ ഈച്ചകള്‍ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിതിഗതികള്‍ ഗൗരവമായി കാണുകയും പ്രത്യേക സംഘത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.


◾ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ മരണം ഒമ്പതായി. ഇവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മരിച്ച ഒമ്പതുപേരില്‍ അഞ്ച് സാധാരണക്കാരും ഒരു പോലീസുകാരനും മൂന്ന് അക്രമികളും ഉള്‍പ്പെടുന്നു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.


◾ കൊമോറോസ് പതാകവെച്ച എണ്ണക്കപ്പല്‍ ഒമാന്‍ തീരത്ത് മറിഞ്ഞതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്.കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റര്‍ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.


◾ നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ സി ബി ഐ  പട്ന സ്വദേശി പങ്കജ് കുമാര്‍, ഹസാരിബാഗ് സ്വദേശി രാജു സിങ്ങ് എന്നിവരെ കൂടി അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ എന്‍ ടി എയുടെ ട്രങ്ക് പെട്ടിയില്‍ നിന്നും മോഷ്ടിച്ച കേസിലാണ് ഇരുവരെയും സി ബി ഐ പിടികൂടിയത്. ഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ ബിഹാറിലെ നളന്ദയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.


◾ പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ മൂന്ന് കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. യഥാക്രമം 399 ദിവസങ്ങളിലും 333 ദിവസങ്ങളിലുമുളള കാലാവധിയില്‍ മണ്‍സൂണ്‍ ധമാക്ക ഡെപ്പോസിറ്റ് സ്‌കീമും ബാങ്ക് അവതരിപ്പിച്ചു. സാധാരണക്കാര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും പലിശ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂലൈ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ബാങ്ക് ഓഫ് ബറോഡ 15 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ നിരക്ക് നല്‍കുന്നു. 7 മുതല്‍ 14 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന 3 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 4.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതല്‍ 90 ദിവസം വരെ 5.50 ശതമാനം നിരക്കിലും 91 ദിവസം മുതല്‍ 180 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 5.60 ശതമാനം നിരക്കിലും പലിശ നല്‍കുന്നു. 181 നും 210 നും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ ലഭിക്കും. 211 നും 270 നും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 6.15 ശതമാനം പലിശനിരക്ക് നല്‍കും. ഒരു വര്‍ഷത്തില്‍ കൂടുതലും രണ്ട് വര്‍ഷം വരെ കാലാവധിയുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.85% പലിശയും രണ്ട് വര്‍ഷത്തില്‍ കൂടുതലും മൂന്ന് വര്‍ഷം വരെ കാലാവധിയുള്ളവയ്ക്ക് 7.15% പലിശയുമാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. മണ്‍സൂണ്‍ ധമാക്ക ഡെപ്പോസിറ്റ് സ്‌കീം അനുസരിച്ച് 399 ദിവസങ്ങള്‍ക്ക് 7.25 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.ബാങ്കിന്റെ ആഗോള ബിസിനസ് 2024 ജൂണ്‍ 30 വരെ 8.52% വര്‍ഷം വര്‍ധിച്ച് 23.77 ട്രില്യണ്‍ രൂപയായി. ബാങ്കിന്റെ ആഗോള നിക്ഷേപം  2024 ജൂണ്‍ 30 വരെ 8.83% വര്‍ധിച്ച് 13.06 ട്രില്യണ്‍ രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


◾ 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു ജാതി ജാതകം' തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 22-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. തിര, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാകേഷ് മണ്ടോടി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. നിഖില വിമല്‍, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവര്‍ ചിത്രത്തിലുണ്ട്. ബാബു ആന്റണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മനു മഞ്ജിത്ത് ആണ് ചിത്രത്തിന് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം  ഗുണസുബ്രഹ്‌മണ്യം.


◾ അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'ഉടുമ്പന്‍ചോല വിഷന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും  ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കുന്നത്. എ&ആര്‍ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവരെക്കൂടാതെ സിദ്ദിഖ്, അശോകന്‍, ദിലീഷ് പോത്തന്‍, സുദേവ് ??നായര്‍, ബാബുരാജ്, അഭിറാം രാധാകൃഷ്ണന്‍, ജിനു ജോസ്, ഷഹീന്‍ സിദ്ദിഖ്, ഭഗത് മാനുവല്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഗബ്രി ജോസ്, ആര്‍ ജെ മുരുകന്‍, അര്‍ജുന്‍ ഗണേഷ്, അധീഷ് ദാമോദരന്‍, ശ്രിന്ദ, നീന കുറുപ്പ്, ചൈതന്യ പ്രകാശ്, ഹസ്ലി, ജിജിന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.


◾ 3കിലോവാട്ട്അവര്‍ ബാറ്ററിയുള്ള ജീറ്റ് എക്സ് ഇസെഡ്ഇയുടെ പുതിയ വേരിയന്റ് പുറത്തിറക്കി ഇവൂമി. ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 170 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധക്കും. ഈ സ്‌കൂട്ടര്‍ 99,999 രൂപയ്ക്ക് ലഭ്യമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ നഗരങ്ങളിലെ ഇവൂമി ഡീലര്‍ഷിപ്പുകളില്‍ പ്രാദേശിക രജിസ്‌ട്രേഷനോടൊപ്പം ഈ സ്‌കൂട്ടര്‍ ലഭ്യമാകും. സ്‌കൂട്ടറിന്റെ ഈ പുതിയ വേരിയന്റില്‍ മൊബൈല്‍ ആപ്പ് കണക്റ്റിവിറ്റിയുള്ള നൂതന സ്മാര്‍ട്ട് സ്പീഡോമീറ്റര്‍ വരുന്നു. ഇത് റൈഡര്‍മാര്‍ക്ക് നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍, മെസേജ് അറിയിപ്പുകള്‍, ട്രിപ്പ് ഡാറ്റ, എസ്ഒസി അലേര്‍ട്ടുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്. ഇതുകൂടാതെ, ബാറ്ററിയുടെ ചാര്‍ജിംഗ് ശതമാനം വിശദാംശങ്ങളും റൈഡര്‍ക്ക് ദൃശ്യമാകുമെന്നും കമ്പനി പറയുന്നു. മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ ഉണ്ട്. 170 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഇക്കോ മോഡ് ഇതില്‍ ലഭ്യമാണ്. നഗര സവാരികള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഈ മോഡ് കൂടുതല്‍ അനുയോജ്യമാണ്. ഇതുകൂടാതെ, റൈഡര്‍ മോഡും സ്‌കൂട്ടറില്‍ ലഭ്യമാണ്. ഇത് 140 കിലോമീറ്റര്‍ പരിധിയുള്ള പ്രതിദിന റൈഡിംഗിന് മികച്ച ഓപ്ഷനാണെന്നും കമ്പനി പറയുന്നു.  ഇതുകൂടാതെ, സ്പീഡ് മോഡും സ്‌കൂട്ടറില്‍ ഉണ്ട്. അതില്‍ നിങ്ങള്‍ക്ക് 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. സ്‌കൂട്ടറിന്റെ ബാറ്ററി അഞ്ച് വര്‍ഷത്തെ വാറന്റിയോടെയാണ് വരുന്നത്. ഡെലിവറി ജൂലൈ അവസാനത്തിനും ഓഗസ്റ്റിനും ഇടയില്‍ ആരംഭിക്കുമെന്നും കമ്പനി പറയുന്നു.


◾ മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച അന്തിമയങ്ങിയതിനുശേഷം, പ്രതിവിഷം, അതിരൂപ, ജിന്ന്, കവിത, ഒരിക്കലൊരു ഗ്രാമത്തില്‍, ഉഭയജീവിയുടെ ആത്മകഥ, പാഴ്ച്ചെടികളുടെ പൂന്തോട്ടം എന്നിങ്ങനെ എട്ട് ചെറുകഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 'പ്രതിവിഷം'. സുഭാഷ് ഒട്ടുംപുറം. ഡിസി ബുക്സ്. വില 144 രൂപ.


◾ പലപ്പോഴും അമിതവണ്ണമാണ് കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കാണാറുള്ളത്. എന്നാല്‍, കാലിലും കൊളസ്ട്രോള്‍ കൂടുന്നതിന്റെ ചില ലക്ഷണങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടുമ്പോള്‍ കാലിലേക്ക് രക്തം എത്തിക്കുന്ന ചില ധമനികളുടെ പ്രവര്‍ത്തനവും തടസപ്പെടും. ഇത് മൂലം കൊളസ്‌ട്രോള്‍ ഉയരുന്നത് മൂലം കാലുകള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാകും. കാലുകള്‍ക്ക് തണുപ്പ് തോന്നും. ഏത് ചൂട് കാലാവസ്ഥയിലും നിങ്ങളുടെ കാലുകള്‍ക്ക് തണുപ്പ് തോന്നിയാല്‍ അത് ശ്രദ്ധിക്കണം. കാരണം ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ഇത് സംഭവിക്കാം. കൂടാതെ, ഇത് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന്റെയും ലക്ഷണമാകാം. ഈ രോഗാവസ്ഥയില്‍ ഒരു കാലിന് മാത്രമാകും തണുപ്പ് തോന്നുക. ഈ പ്രശ്‌നം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണം. കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണ് കാല്‍ വേദന. കാലിലേക്ക് രക്തയോട്ടം കുറയുന്നതും ആവശ്യത്തിന് ഓക്സിജന്‍ എത്താത്തതുമാണ് ഇതിന് കാരണമാകുന്നത്. ഇതുമൂലം കാലിന് ഭാരം തോന്നുകയും, ക്ഷീണം തോന്നുകയും ചെയ്യും. നടത്തം, ഓട്ടം, പടികള്‍ കയറുക എന്നീ സമയത്തൊക്കെ കാലുകള്‍ക്ക് വേദനയുണ്ടാകും. അതിനാല്‍ തന്നെ ഇത്തരത്തില്‍ വേദനയുണ്ടാകുകയാണെങ്കില്‍ ശ്രദ്ധിക്കണം. ത്വക്കിന് നിറവ്യത്യാസം ഉണ്ടാകും. കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ത്വക്കിലേക്കുള്ള രക്തയോട്ടം കുറയും. ഇത് മൂലം കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെയാകും. ഇത് ത്വക്കിന്റെ നിറത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. നിങ്ങള്‍ കാല്‍ ഉയര്‍ത്തുമ്പോള്‍ നിങ്ങളുടെ കാലിന്റെ നിറം മങ്ങുകയോ കാലുകള്‍ താഴ്ത്തിയിട്ട് ഇരിക്കുമ്പോള്‍ കാലുകളുടെ നിറം നീലയാകുകയോ ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക