15വർഷം മുമ്ബു കാണാതായ യുവതിയെ ഭർത്താവുള്‍പ്പെട്ട സംഘം കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ തള്ളിയതാണെന്ന് തെളിഞ്ഞു.
പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രയേലിലുള്ള ഭർത്താവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.
ചെന്നിത്തല പായിക്കാട്ട് മീനത്തേതില്‍ ചെല്ലപ്പൻ- ചന്ദ്രിക ദമ്ബതികളുടെ മകള്‍ കലയാണ് (കാണാതാവുമ്ബോള്‍ 20 വയസ്) കൊല്ലപ്പെട്ടത്. ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്ബള്ളില്‍ അനിലാണ് ഭർത്താവ്.
അനിലിന്റെ സഹോദരീഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്‌കുമാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലയുടെ സൂത്രധാരൻ അനിലാണെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ പറഞ്ഞു. പ്രമോദിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് അനിലിന്റെ വീടിനോട് ചേർന്നുള്ള സെപ്ടിക് ടാങ്ക് ഇന്നലെ തുറന്ന് പരിശോധിച്ചു. മൂന്ന് ടാങ്കുകളില്‍ ഒന്നില്‍ നിന്ന് എല്ലിന്റെ അവശിഷ്ടവും തലയില്‍ കുത്തുന്ന ക്ലിപ്പും ലഭിച്ചു. മൃതദേഹം മറവ് ചെയ്തപ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതായി സംശയമുണ്ട്. കൊലപാതകം സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. 2009ലാണ് കൊല നടന്നത്. ടൂർ പോകാനെന്ന വ്യാജേന കലയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കുട്ടനാട് ഭാഗത്ത് എത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. ഇവർക്ക് പ്ളസ് വണ്ണിന് പഠിക്കുന്ന മകനുണ്ട്. അനിലിന്റെ രണ്ടാം ഭാര്യയോടൊപ്പമാണ് കുട്ടി കഴിയുന്നത്.
അന്വേഷണത്തിന് പ്രത്യേക സഘത്തെ രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അമ്ബലപ്പുഴ സി.ഐ പ്രദീഷ് കുമാർ, എസ്.ഐ സന്തോഷ് എന്നവരുടെ നേതൃത്വത്തിലാണ് പ്രതിയുമായി സെപ്ടിക് ടാങ്ക് പരിശോധനയ്ക്കെത്തിയത്.
തുമ്ബായത് ഊമക്കത്ത്
പ്രതികളിലൊരാളായ പ്രമോദ് നാലുമാസം മുമ്ബ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പിടിയിലായിരുന്നു. ഇയാള്‍ റിമാൻഡില്‍ കഴിയവേ അമ്ബലപ്പുഴ സി.ഐക്കും ജില്ലാ പൊലീസ് മേധാവിക്കും ലഭിച്ച ഊമക്കത്താണ് നിർണായകമായത്. പ്രമോദ് ഉള്‍പ്പെട്ട സംഘം കലയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു ഉള്ളടക്കം. തുടർന്ന് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുടുക്കിയത്. അമ്ബലപ്പുഴ ഭാഗത്തു നിന്നാണ് പിടികൂടിയത്.
കലയെ കാണാതായതിനു പിന്നാലെ, സംശയം തോന്നാതിരിക്കാൻ അനില്‍ ആദ്യം പൊലീസില്‍ പരാതി നല്‍കി. കലയെ കണ്ടെത്താനെന്ന പേരില്‍ പലയിടത്തും ചുറ്റിക്കറങ്ങി. ഇതിനിടെ, കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാർക്കോ ഒപ്പം ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു. അനിലിനെ വിശ്വസിച്ച കലയുടെ കുടുംബം കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് പോയെന്ന് വിശ്വസിച്ച് പിന്നീട് അന്വേഷണത്തിന് മുതിർന്നില്ല.
രണ്ടുസമുദായത്തില്‍പ്പെട്ട അനിലും കലയും പ്രണയിച്ചാണ് വിവാഹിതരായത്. മകന് ഒരു വയസുള്ളപ്പോഴാണ് കലയെ കാണാതായത്. പിന്നീട് അനില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം വിദേശത്തു പോയി. ഇവർ താമസിച്ചിരുന്ന വീട് എട്ട് വർഷം മുമ്ബ് അനില്‍ പുതുക്കിപ്പണിതപ്പോഴും മുന്നിലെ സെപ്ടിക് ടാങ്ക് നിലനിറുത്തി. വാസ്തുശാസ്ത്രപ്രകാരം പൊളിക്കാൻ പാടില്ലെന്നാണ് അനില്‍ അയല്‍ക്കാരോട് പറഞ്ഞത്.