കായികാദ്ധ്യാപിക സ്‌കൂളില്‍ വെച്ചു കുഴഞ്ഞു വീണു മരിച്ചു. ചങ്ങനാശേരി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ കായിക അധ്യാപിക മനു ജോണ്‍ (50) ആണു മരിച്ചത്.
സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെ ഡിസിപ്ലിന്‍ ഡ്യൂട്ടി ചെയ്യവേ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും മരണം സംഭവിച്ചു. ചങ്ങനാശേരി പറാല്‍ സ്വദേശിയാണ്.
24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂള്‍ ആൻഡ് ജൂനിയർ കോളജിലെ കായികാദ്ധ്യാപികയായിരുന്നു.മുൻ അത്‌ലറ്റായ മനു നിരവധി ദേശീയ മത്സരങ്ങളിലെ സ്ഥിരം മെഡല്‍ ജേതാവ് ആയിരുന്നു.
മധ്യദീര്‍ഘ ദൂര മത്സരങ്ങളില്‍ കേരളത്തിനായി നിരവധി മെഡല്‍ നേടിയ മനു സ്‌കൂള്‍ തലത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ് സ്‌കൂളിലും, യൂണിവേഴ്‌സിറ്റി തലത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നിന്നുമാണു
മത്സരിച്ചിരുന്നത്.
എം.ജി യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി ടീം ക്യാപ്റ്റന്‍ കൂടി ആയിരുന്നു മനു ജോണ്‍. മുന്‍ യൂണിവേഴ്‌സിറ്റി കോച്ച് പരേതനായ പി.വി വെല്‍സിയുടെ കീഴില്‍ മനുവിന് ഒപ്പം അഞ്ജു ബോബി ജോര്‍ജും, അജിത് കുമാര്‍, ചാക്കോ, സിനി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ആയിരുന്നു പരിശീലനത്തിന് എന്‍.എസ് .എസ് കോളജില്‍ ഒപ്പമുണ്ടായിരുന്നത്.
പരേതനായ പാറത്തറ തോമസ് മാത്യു (മോനിച്ചന്‍), അമ്മ ചിന്നമ്മ തോമസ് എന്നിവരുടെ മകളാണ്. ഭര്‍ത്താവ് പരേതനായ ജോണ്‍സണ്‍. മക്കള്‍: മേഖ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ ജോണ്‍സണ്‍ (എസ്ബി കോളജ്). മരുമകന്‍ : രവി കൃഷ്ണ (കാനഡ). ഇന്ന് രാവിലെ 9.30ന് സ്‌കൂളില്‍ പൊതു ദര്‍ശനം ഉണ്ടായിരിക്കും. സംസ്കാരം അതിനു ശേഷം ഉച്ചകഴിഞ്ഞ് 3.30ന് പറാല്‍ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടത്തും.