പ്രഭാത വാർത്തകൾ
2024 | ജൂലൈ 18 | വ്യാഴം | കർക്കിടകം 3
◾ സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. എന്നാല്‍ 10 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. അതേസമയം കനത്ത മഴ തുടരുന്ന വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടറും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
◾ തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് ദുരന്തത്തില്‍ വിമര്‍ശനവുമായി കേരള ഹൈക്കോടതി. മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജോയിയെ തോട്ടില്‍ നിന്ന് പുറത്തെത്തിക്കാന്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ ഇറങ്ങി തിരച്ചില്‍ നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി അഭിനന്ദിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
◾ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേക്ക് നോട്ടീസ് അയച്ചു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കേസെടുത്തത്.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനായി വന്‍ പദ്ധതികളുമായി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കള്‍ക്ക് വീതിച്ചു നല്‍കി. വര്‍ക്കിങ് പ്രസിഡന്റുമാരായ ടി സിദ്ധിഖിന് വടക്കന്‍ മേഖലയുടെയും ടിഎന്‍ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നില്‍ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നല്‍കി. കോര്‍പ്പറേഷനുകളുടെ ചുമതല കെ.സുധാകരനും, രമേശ് ചെന്നിത്തലക്കും, റോജി.എം.ജോണിനും, വി.ഡി.സതീശനും, വി.എസ്.ശിവകുമാറിനും, പി.സി.വിഷ്ണുനാഥിനും നല്‍കി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ കഠിനപ്രയത്നം വേണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണ് നീക്കം.
◾ എസ്.എന്‍.ഡി.പി. യോഗത്തിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എസ്.എന്‍.ഡി.പി. യോഗത്തിനെതിരായ ഭീഷണി സി.പി.എം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തതെന്നും അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
◾ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം. എറണാകുളം ബൈപാസ് , കൊല്ലം - ചെങ്കോട്ട എന്നീ ദേശീയ പാതകളുടെ നിര്‍മാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
◾ സംസ്ഥാനത്തോട് പോലും കൂടിയാലോചിക്കാതെയാണ് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള തീരുമാനമെന്ന് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍. തീരുമാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കര്‍ണാടകയിലെ ലോബിയെ സഹായിക്കാനെന്നും ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി. നിലവിലുള്ള തീരുമാനം മലയാളികളോട് കാണിക്കുന്ന ക്രൂരതയാണെന്നും, എല്ലാ എംപിമാരെയും അണിനിരത്തി ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾ സംഗീതജ്ഞന്‍ രമേഷ് നാരായണനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. വിഷയത്തില്‍ തനിക്ക് വിഷമമോ പരിഭവമോ ഇല്ലെന്നും പറഞ്ഞ ആസിഫ് അലി തന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുതെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം മനഃപൂര്‍വം അങ്ങനെ ചെയ്തത് അല്ലെന്നും അങ്ങനെ ചെയ്യുന്ന ആളുമല്ലെന്നും എതിരെ നില്‍ക്കുന്നവന്റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂവെന്നും അദ്ദേഹത്തെ പോലെ സീനിയര്‍ ആയിട്ടുള്ള ഒരാള്‍ താന്‍ കാരണം വിഷമിക്കാന്‍ പാടില്ലെന്നും ആസിഫ് വ്യക്തമാക്കി. കൊച്ചി സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ സിനിമാ പ്രമോഷന് എത്തിയതായിരുന്നു ആസിഫ് അലി.
◾ ആസിഫ് അലിക്ക് നന്ദിപറഞ്ഞ് രമേഷ് നാരായണന്‍.. തന്റെ സാഹചര്യം മനസ്സിലാക്കി പ്രതികരിച്ചതിന് ആസിഫിനോട് വളരെയധികം നന്ദിയുണ്ടെന്നും ഇത്തരമൊരു സാഹചര്യം ഉണ്ടായതില്‍ വിഷമമുണ്ടെന്നും രമേഷ് നാരായണന്‍ വ്യക്തമാക്കി.
◾ പൊലീസ് കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്‌കായ 'ചിരി'യുടെ പരസ്യത്തില്‍ ആസിഫ് അലിയുടെ ഫോട്ടോ. പൊലീസിന്റെ മീഡിയ സെന്ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. നേരിടാം, ചിരിയോടെ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേര്‍ത്തത്. 9497900200 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേര്‍ത്തിട്ടുണ്ട്. രമേഷ് നാരായണനില്‍ നിന്ന് അവഗണന നേരിട്ടപ്പോഴും ചിരിയോടെ സാഹചര്യത്തെ ആസിഫലി നേരിട്ട പശ്ചാത്തലത്തിലാണീ പരസ്യം.
◾ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ് തികയും. ഏറെ വേദനിപ്പിച്ച വേര്‍പാടിന്റെ ഓര്‍മ്മയിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാന വ്യാപകമായി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.
◾ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീന . വിശദമായ പരിശോധനയില്‍ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു. അതേസമയം പനി ബാധിച്ച എട്ടുമാസം പ്രായമുള്ള മകളെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പരിസരം വൃത്തിയാക്കാനായി ചൂലെടുത്തപ്പോഴാണ് അതിനിടയിലുണ്ടായിരുന്ന പാമ്പ് യുവതിയെ കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യമാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലുള്ളതെന്നും ഇതാണ് പാമ്പുകടിയേല്‍ക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
◾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ള കിയോസ്‌ക്കുകള്‍ വഴിയാണ് അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി. പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ മുഖേന പുതിയ അംഗങ്ങളെ ചേര്‍ക്കുന്നുവെന്നും, കാര്‍ഡ് പുതുക്കി നല്‍കുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നും കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കി പണം കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു .
◾ കണ്ണൂര്‍ ചെങ്ങളായില്‍ നിന്നും പുരാവസ്തു വകുപ്പ് കണ്ടെത്തിയത് 200 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍. ഇതില്‍ ഇന്‍ഡോ ഫ്രഞ്ച് നാണയവും വീരരായന്‍ പണവും ഉള്‍പ്പെടുന്നു. അറക്കല്‍ രാജവംശം ഉപയോഗിച്ച നാണയങ്ങളുമുണ്ട് ഇവയില്‍. നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതല്‍ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കി. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വര്‍ണനാണയങ്ങള്‍ പതിനേഴ് പതിനെട്ട് നൂറ്റാണ്ടില്‍ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു.
◾ ബോട്ട് കേടായി നടുക്കടലില്‍ പെട്ട മത്സ്യത്തൊളിലാളികളെ രക്ഷിച്ച് കോസ്റ്റ് ഗാര്‍ഡ്. കൊച്ചി തീരത്ത് നിന്നും 80 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിപ്പോയ ആഷ്നി എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്ന് എഞ്ചിന്‍ തകരാറിലായ ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും കപ്പലും എത്തിയാണ്, കരയ്ക്ക് എത്തിച്ചത്.
◾ സൈബര്‍ തട്ടിപ്പ് തടയാന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് ആര്‍ബിഐക്ക് സംസ്ഥാന പൊലീസ് മേധാവി കത്ത് നല്‍കി. പണം കൈമാറുന്നതിന്റെ പ്രധാന മാര്‍ഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. കേരളത്തില്‍ സൈബര്‍ തട്ടിപ്പുകളില്‍ പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷ ബാങ്ക് അക്കൌണ്ടുകളില്‍ ആവശ്യപ്പെട്ട് പൊലീസ് മേധാവി ആര്‍ബിഐക്ക് കത്ത് നല്‍കിയത്.
◾ ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം. ഇതിനായി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ജെന് റോബോട്ടിക്‌സ് കമ്പനി വികസിപ്പിച്ച ആധുനിക റോബോട്ടാണ് വിമാനത്താവളത്തില്‍ ഉപയോഗിക്കുക. രാജ്യത്തുതന്നെ ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
◾ തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് . 36 പേര്‍ക്ക് എച്ച്1 എന്‍1 ഉം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12,508 പേരാണ് 24 മണിക്കൂറിനിടെ പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്നൈല്‍ മരണവും സംശയിക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
◾ തിരുവനന്തപുരം പാലോട് നന്ദിയോട് ആലംപാറയില്‍ ഇന്നലെ പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പടക്കകടയുടെ ഉടമസ്ഥന്‍ ഷിബു മരിച്ചു. 70 ശതമാനം പൊള്ളലേറ്റിരുന്ന ഷിബു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
◾ ശക്തമായ കാറ്റിലും മഴയിലും രാജാക്കാട്ടില്‍ വായ്പയെടുത്ത് വാഴകൃഷി നടത്തിയ കര്‍ഷകന്റെ വാഴത്തോട്ടം പൂര്‍ണമായും നശിച്ചു. പന്താങ്കല്‍ തുളസിയുടെ 500 ഓളം വാഴകളാണ് ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീണത്. ബാങ്ക് വായ്പ എടുത്തു നടത്തിയ കൃഷിയാണ് പൂര്‍ണമായും നശിച്ചത്.
◾ സ്വകാര്യമേഖലയില്‍ കര്‍ണാടകക്കാര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. ഐടി, വ്യവസായ മേഖലകളില്‍ നിന്നുള്‍പ്പെടെ വലിയ എതിര്‍പ്പ് വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം. വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സിദ്ധരാമയ്യ സമൂഹ മാധ്യമമായ എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി. 50% മാനേജ്മെന്റ് പദവികളിലും 75% നോണ്‍ മാനേജ്മെന്റ് ജോലികളിലും കന്നഡിഗരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാര്‍ശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികള്‍ക്ക് നൂറ് ശതമാനവും കര്‍ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ട്. നേരത്തെ സര്‍ക്കാര്‍ നീക്കത്തിനെതിരെ കൂടുതല്‍ സംഘടനകളും സ്ഥാപനങ്ങളും രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ തീരുമാനം വ്യവസായ വളര്‍ച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്‌കോം പ്രതികരിച്ചിരുന്നു. ഐടി കമ്പനികള്‍ കൂടുതലുളള ബെംഗളുരുവില്‍ നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുമെന്നാണ് സംഘടന സൂചിപ്പിച്ചത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാഥ് സബ്കാ വികാസ് മുദ്രാവാക്യം ഇനി ബിജെപിക്ക് വേണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരി. പകരം ആരാണോ ഞങ്ങള്‍ക്കൊപ്പം അവര്‍ക്കൊപ്പം നമ്മള്‍ എന്നായിരിക്കണം ഇനി മുദ്രാവാക്യം. കൊല്‍ക്കത്തയില്‍ നടന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തിലാണ് പരാമര്‍ശം. ന്യൂനപക്ഷ മോര്‍ച്ച ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രത്യേക ധനസഹായ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. 'ലാഡ്‌ല ഭായ് യോജന' എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുവജനങ്ങള്‍ക്കായി വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് നടപ്പാക്കുന്നത്. ആണ്‍കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നേരത്തെ ബജറ്റില്‍ 65 വയസുവരെയുള്ള എല്ലാ വനിതകള്‍ക്കും പ്രതിമാസം 1,500 രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.
◾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും കേസില്‍ ഇടക്കാല ജാമ്യം തേടിയുമാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കെജ്രിവാള്‍ ജയില്‍ മോചിതന്‍ ആകാതിരിക്കാന്‍ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തത് എന്ന് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഘ്വി ചൂണ്ടികാട്ടി. സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും കെജ്രിവാള്‍ ശ്രമിച്ചെന്ന് സിബിഐയും കോടതിയില്‍ ആരോപിച്ചു.
◾ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിംഘ്വി കോടതിയില്‍ പറഞ്ഞു. ഹര്‍ജി കോടതി വിധി പറയാനായി മാറ്റി.
◾ മഴക്കെടുതിയില്‍ അസമില്‍ ഇതുവരെ 109 പേര്‍ മരിച്ചു. പതിനെട്ട് ജില്ലകളിലായി ആറുലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 6 പേര്‍ കൂടി മരിച്ചു. 22 ജില്ലകളില്‍ 1500 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്. നിലവില്‍ മഴക്ക് ശമനമുണ്ടെങ്കിലും വീണ്ടും മണ്‍സൂണ്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലേറ്റ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാന ബി ജെ പിയില്‍ പൊട്ടിത്തെറി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ദില്ലിയിലെത്തി പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് നരേന്ദ്ര മോദിയെയും ജെ പി നദ്ദയെയും നേരില്‍ കണ്ടാണ് ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചത്. അതിനിടയില്‍ ബി ജെ പിക്കുള്ളില്‍ തന്നെ 'ഓപ്പറേഷന്‍ താമര' തുടങ്ങിയെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.
◾ യുപിയിലെ ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി അറിയിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലുമായി യോഗി കൂടികാഴ്ച നടത്തി. ഇന്നലെ രാത്രി ലക്നൗവിലെ രാജ്ഭവനിലെത്തിയാണ് യോഗി ഗവര്‍ണറെ കണ്ടത്. അതേസമയം, ഇന്ന് വൈകീട്ട് ചേരുന്ന മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
◾ അസമിലെ മുസ്ലിം ജനസംഖ്യ ഇന്ന് 40 ശതമാനത്തിലെത്തിയെന്നും ഇതെനിക്ക് രാഷ്ട്രീയ പ്രശ്‌നമല്ല, നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്ന് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യയിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു .
◾ മഹാരാഷ്ട്രയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളി ജില്ലയിലെ കാന്‍കര്‍ അതിര്‍ത്തി മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
◾ ഒമാനില്‍ എണ്ണക്കപ്പല്‍ മറിഞ്ഞ് ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാരെ കാണാതായ സംഭവത്തില്‍ എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കന്‍ പൗരനെയും ഉള്‍പ്പെടെ ഒമ്പതുപേരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരെ കണ്ടെത്തിയ വിവരം ഒമാനിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. നാവിക സേനയുടെ ഐ.എന്‍.എസ്. തേജ് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ 15നാണ് ഒമാന്‍ തീരത്ത് 13 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാതായത്.
◾ തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഈ സാമ്പത്തികവര്‍ഷം ഒന്നാംപാദത്തില്‍ യാത്രക്കാരുടെയും വിമാനസര്‍വീസുകളുടേയും എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. മൂന്ന് മാസത്തിനിടെ 12,6000 പേരാണ് യാത്ര ചെയ്തത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനമാണ് വര്‍ധന. മൂന്നൂമാസത്തെ യാത്രക്കാരില്‍ 6,61,000 പേര്‍ ആഭ്യന്തരയാത്രക്കാരാണ്. 5,98,000 പേര്‍ അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരില്‍ ഏറ്റവുമധികം പേര്‍ യാത്ര ചെയ്തത് ഷാര്‍ജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ബംഗളൂരുവിലേക്കും. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ പതിനാല് ശതമാനമാണ് വര്‍ധന. പ്രതിമാസം നാല് ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ഈ കാലയളവില്‍ 7954 വിമാനസര്‍വീസുകളാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 6887 ആയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ആകെ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. ഇത്തവണ രണ്ടുലക്ഷത്തിലേറെയാണ് വര്‍ധന. ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ദമാം, സിംഗപ്പൂര്‍, മാലി, ക്വാലാലംപൂര്‍, കൊളംബോ എന്നിവയുള്‍പ്പെടെ 13 അന്താരാഷ്ട്ര സര്‍വീസുകളും ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഏഴ് ആഭ്യന്തര സര്‍വീസുകളുമാണ് ഉള്ളത്.
◾ വിക്രം മുഖ്യവേഷത്തില്‍ എത്തുന്ന പാ രഞ്ജിത്ത് ചിത്രം 'തങ്കലാനി'ലെ ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്ത്. മിനിക്കി മിനിക്കി എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ചിത്രം സിന്ദൂരി വിശാല്‍ ആണ് പാടിയത്. ആഘോഷ ഗാനമാണ് പുറത്തുവന്നത്. പാര്‍വതിയുടെ ഗംഭീര നൃത്തമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ വിക്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്. 'നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാന്‍' കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയല്‍ സേനയ്‌ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനില്‍പ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് 'തങ്കലാന്‍'. ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 'തങ്കലാന്‍' തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാര്‍. പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, അര്‍ജുന്‍ അന്‍ബുദന്‍, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ വെട്രിമാരന്റെ സൂപ്പര്‍ഹിറ്റ് ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന വിജയ് സേതുപതി, മഞ്ജു വാര്യര്‍ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നത്. ചിത്രത്തില്‍ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജവും വിജയ് സേതുപതിയും ഒന്നിച്ചുള്ള മനോഹരമായ പ്രണയചിത്രമാണ് ആദ്യത്തെ പോസ്റ്ററില്‍ കാണുന്നത്. ചോരയില്‍ കുളിച്ച് വടിവാളുമായി നില്‍ക്കുന്ന വിജയ്യെ ആണ് മറ്റൊരു പോസ്റ്ററില്‍ കാണാനാവുക. വെട്രിമാരന്‍ തന്നെയാണ് രണ്ടാം ഭാ?ഗവും സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് വിടുതലൈ രണ്ടിലെ മറ്റു പ്രധാന താരങ്ങള്‍. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികള്‍ നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
◾ ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് എസ്യുവിയുടെ ഡിസൈന്‍ സവിശേഷതകള്‍ പുറത്തുവിട്ട് സ്‌കോഡ. അടുത്തവര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന സ്‌കോഡ കോംപാക്ട് എസ്യുവിയുടെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. കുഷാക്, സ്ലാവിയ, വിര്‍ട്ടസ്, ടൈഗൂണ്‍ എന്നീ കാറുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ള എംക്യൂബി എ0 ഐഎന്‍പ്ലാറ്റ്‌ഫോമിലാണ് ഇപ്പോഴും പേരിടാത്ത സ്‌കോഡയുടെ പുതിയ എസ്യുവി നിര്‍മിക്കുക. എസ്യുവിയുടെ പിന്നില്‍ നിന്നുള്ള ചിത്രമാണ് സ്‌കോഡ പുറത്തുവിട്ടിരിക്കുന്നത്. ചതുര രൂപത്തിലുള്ള ടെയില്‍ ലാംപ്, കട്ടിയേറിയ പിന്‍ ബംപര്‍, ചരിഞ്ഞിറങ്ങുന്ന പിന്‍ ചില്ലുകള്‍ എന്നിവയെല്ലാം ചിത്രത്തില്‍ വ്യക്തമാണ്. റൂഫ് റെയിലുകളും ബൂട്ട് ഡോറിന്റെ നടുവിലായി സ്‌കോഡ എന്ന എഴുത്തുമെല്ലാം ടീസറിലുണ്ട്. സ്‌കോഡയുടെ പുതിയ മോഡലായ എപിക് അടക്കമുള്ളവയില്‍ നിന്നുള്ള സ്റ്റൈലിങ് സവിശേഷതകള്‍ പുതിയ കോംപാക്ട് എസ്യുവിയില്‍ സ്‌കോഡ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.0 ലീറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. 114 ബിഎച്ച്പി കരുത്തും പരമാവധി 178 എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ വാഹനം. 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമായിരിക്കും. ഈ വാഹനത്തിന്റെ 75 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറായിരിക്കും ഇത്.
◾ 'ശാസ്ത്രത്തിന്റെ അപ്പോസ്തലര്‍' വാഴുന്ന സയന്‍സ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളില്‍ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോര്‍ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കര്‍ ത ന്റെ മെയിലുകള്‍... സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങള്‍ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കര്‍ എക്സ് ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങള്‍ക്കു പിന്നിലുള്ള കരങ്ങള്‍ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാന്‍ ശ്രമിക്കുന്നവര്‍ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കര്‍ എക്സ് രണ്ടാമന്‍. നിഗൂഢതകളും സൈബര്‍ലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു സസ്‌പെന്‍സ് ത്രില്ലര്‍. 'ഹാക്കര്‍ എക്സ് രണ്ടാമന്‍'. ആദര്‍ശ് എസ്. ഡിസി ബുക്സ്. വില 360 രൂപ.
◾ കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത്. ഇതിന് കാരണം എന്താണെന്നല്ലേ? നമ്മുടെ ശരീരത്തില്‍ ധാരാളം വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. ജോലികള്‍ ചെയ്യുമ്പോഴും, പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുമ്പോഴും ശരീരത്തിലുണ്ടാകുന്ന വിയര്‍പ്പ് പുറത്തേക്ക് പോകുന്നത് ഈ ഗ്രന്ഥികളിലൂടെയാണ്. 2 തരത്തിലുള്ള വിയര്‍പ്പ് ഗ്രന്ഥികള്‍ നമ്മുടെ ശരീരത്തിലുണ്ട്. കക്ഷത്തിലും മറ്റുമുള്ള അപ്പോക്രൈയിനും ത്വക്കില്‍ എല്ലായിടത്തുമുള്ള എക്രിയിനും. പ്രാധാനമായും രോമ കൂപങ്ങളോട് ചേര്‍ന്നാണ് വിയര്‍പ്പ് ഗ്രന്ഥികള്‍ കാണപ്പെടുക. വിയര്‍പ്പില്‍ പ്രധാനമായും വെള്ളം, മിനറലുകള്‍, ലാക്റ്റേറ്റ് യൂറിയ തുടങ്ങിയവയാണുള്ളത്. എണ്ണ പുരട്ടി കഴിയുമ്പോള്‍ ത്വക്കിലുള്ള വിയര്‍പ്പു ഗ്രന്ഥികള്‍ അടയുന്നു. പൊടിയും മറ്റു മാലിന്യങ്ങളും മണ്ണുമെല്ലാം ഗ്രന്ഥികളുടെ പുറത്തേയ്ക്കുള്ള സുക്ഷിരത്തില്‍ അടിയുന്നതോടെ ശരീരത്തിലെ മാലിന്യങ്ങള്‍ വിയര്‍പ്പ് രൂപത്തില്‍ പുറത്തേയ്ക്ക് പോകുന്ന സാധ്യത ഇല്ലാതെയാകുന്നു. ഇത് കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ഇടയാക്കും. നമ്മുടെ ശരീരത്തില്‍ പ്രധാനമായും 2 തരത്തിലുള്ള വിസര്‍ജ്യങ്ങളാണ് ഉള്ളത്. ഒന്ന്, ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ളത്. രണ്ടാമത്തേത്, ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍, മെറ്റാബോളിസവുമായി ബന്ധപ്പെട്ടുണ്ടാകുന്നത്. വിയര്‍പ്പും മൂത്രവും രണ്ടാമത്തതില്‍ പെടുന്നു. ത്വക്ക്, ശ്വാസകോശം, കരള്‍, വൃക്ക എന്നിവയാണ് മനുഷ്യ ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാനുള്ള 4 അവയവങ്ങള്‍. ഇതില്‍, എണ്ണ തേപ്പ