Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (14/07/2024)


 പ്രഭാത വാർത്തകൾ

2024 | ജൂലൈ 14 | ഞായർ | മിഥുനം 30 


◾ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാമുന്നണിക്ക് വന്‍ ജയം. തിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ സീറ്റുകളില്‍ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ജയിച്ചു. ഇതില്‍ പശ്ചിമ ബംഗാളിലെ നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലേയും ഹിമാചല്‍ പ്രദേശിലേയും നാല് സീറ്റുകളില്‍ കോണ്‍ഗ്രസും തമിഴ്നാട്ടിലെ സീറ്റില്‍ ഡിഎംകെയും പഞ്ചാബിലെ സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും വിജയിച്ചു. ഈ സീറ്റുകളില്ലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികളാണ് തോറ്റത്. ഹിമാചല്‍ പ്രദേശിലും മധ്യപ്രദേശിലും ഓരോ സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ബിഹാറിലെ രുപോലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് വിജയിച്ചത്.


◾ ബിജെപി കൂട്ടിക്കെട്ടിയ ഭയത്തിന്റെയും ആശയകുഴപ്പത്തിന്റെയും ചങ്ങല പൊട്ടിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍, വ്യവസായികള്‍, തൊഴിലുടമകള്‍ എന്നിങ്ങനെ എല്ലാവിഭാഗം ജനങ്ങളും സ്വേച്ഛാധിപത്യത്തെ നശിപ്പിച്ച് നീതിയുടെ ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പൊതുജനങ്ങള്‍ അവരുടെ ജീവിതപുരോഗതിക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ഇന്ത്യയ്‌ക്കൊപ്പം നിന്നുവെന്നും ഉപതെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാഷ്ട്രീയ വിശ്വാസ്യത തകര്‍ന്നതിന്റെ ശക്തമായ തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്തുകയും ശോഭനമായ ഭാവിക്കായി വ്യക്തമായ രൂപരേഖ തയ്യാറാക്കുകയും ചെയ്യുന്ന പോസിറ്റീവ് രാഷ്ട്രീയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യുവ ഇന്ത്യയുടെ ആവശ്യങ്ങളോടും അഭിലാഷങ്ങളോടും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.


◾ തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളി ജോയിക്കായുള്ള തിരച്ചില്‍ താത്ക്കാലികമായി ഇന്നലെ അര്‍ദ്ധരാത്രി നിര്‍ത്തിവെച്ചു. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് 13 മണിക്കറിലെറെ നീണ്ട രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചത്. തിരച്ചില്‍ ഇന്ന് രാവിലെ ആറരയോടെ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌കൂബ സംഘത്തിന് ടണലിനുള്ളിലേക്ക് കടക്കാന്‍ കഴിയാത്തതാണ് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. ടണലിനുള്ളില്‍ മുട്ടുകുത്തി നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നും സംഘം പറയുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42 കാരനായ ജോയിയെ ഇന്നലെ രാവിലെ 11.30 ഓടെയാണ് കാണാതായത്.


◾ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിലിന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങള്‍ എത്തി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിന് സമീപത്തെ മാന്‍ഹോളില്‍ രണ്ട് റോബോട്ടുകളെ ഇറക്കിയുള്ള തിരച്ചിലും ഫലം കാണാതായതോടെയാണ് എന്‍ഡിആര്‍എഫ് സംഘം ദൗത്യം ഏറ്റെടുത്തത്. രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിക്കും.  


◾ ആമയിഴഞ്ചാന്‍ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് റെയില്‍വേയ്ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും മാലിന്യമടിഞ്ഞതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം റെയില്‍വേക്കാണെന്നും മന്ത്രി വി ശിവന്‍കുട്ടി. അപകടമുണ്ടായ സ്ഥലം റെയില്‍വേയുടേതാണെന്നും ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാന്‍ റെയില്‍വേ ഒരിക്കലും സംസ്ഥാന സര്‍ക്കാരിനെയോ തിരുവനന്തപുരം കോര്‍പ്പറേഷനെയോ അനുവദിക്കാറില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. സംഭവത്തില്‍  അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.


◾ തന്റെ ഫോണിലെ വിവരങ്ങള്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്താന്‍ ശ്രമമെന്നും തന്റെ ഫോണില്‍ സ്‌പൈവെയര്‍ സാന്നിധ്യമുള്ളതായി ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇക്കാര്യം ആപ്പിള്‍ ഔദ്യോഗികമായി ഇ മെയില്‍ വഴി അറിയിച്ചെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ആപ്പിള്‍ അയച്ച ഇ മെയിലും കെ സി പുറത്തുവിട്ടു.


◾ പി.എസ്.സി. അംഗ്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. പ്രമോദ് കോട്ടൂളി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.


◾ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് സിപിഎം വിശദീകരണം. അതേസമയം പിഎസ് സി കോഴയിന്മേലല്ല നടപടിയെന്നാണ് സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്റെ വിശദീകരണം. പി എസ് സി കോഴയില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ബിജെപി പ്രാദേശിക നേതാവുമായി ബന്ധം പുലര്‍ത്തി, ആരോഗ്യമന്ത്രിയുടെ സെക്രട്ടറി സജീവന്റെ പേരു ദുരുപയോഗം ചെയ്തു, ആരോഗ്യവകുപ്പിലെ നിയമനത്തിന് കോഴ വാങ്ങിയെന്നടക്കം വിലയിരുത്തിയാണ് നടപടിയെന്നാണ് വിശദീകരണം.


◾ പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ടതിന് പിന്നാലെ പരാതിക്കാരന്റെ വീടിന് മുന്നില്‍ സമരമിരുന്ന് സി.പി.എം. മുന്‍ നേതാവ് പ്രമോദ് കോട്ടൂളിയും അമ്മയും. സത്യം തന്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്തണമെന്നും പാര്‍ട്ടി തെറ്റദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണമെന്നും പട്ടിയെ പേപ്പട്ടി ആക്കി പുറംതള്ളുന്ന നടപടിയാണിതെന്നും പ്രമോദ് പറഞ്ഞു


◾ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പിഡ്ബ്ല്യു.ഡി, റവന്യു, എക്സൈസ് എന്നീ വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളില്‍ എത്തുന്നില്ലെന്ന പലപഠനങ്ങളുമുണ്ടെന്നും താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടിയെന്നും ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


◾ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി വീണ ജോര്‍ജ്ജ്. നിയമസഭാ അംഗങ്ങള്‍ക്കെതിരെ പോലും നിരവധി കേസുകളുണ്ടെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ച കാലത്ത് ആര്‍ക്കും ആക്ഷേപമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരായ വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വം ശരിയായില്ലെന്ന വിമര്‍ശനവുമായി ആനി രാജ. കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ രാഹുല്‍ഗാന്ധിക്കെതിരേ സി.പി.ഐ.യുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്ത്യസഖ്യത്തെ പരിഹസിക്കാന്‍ ബി.ജെ.പി. ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നും ആനിരാജയുടെ വാദത്തോട് യോജിപ്പുള്ള സംസ്ഥാന കമ്മിറ്റിയിലുള്ളവര്‍ അഭിപ്രായപ്പെട്ടു.


◾ സുരേഷ് ഗോപിയെ കുറിച്ചുള്ള പ്രകീര്‍ത്തനം തുടരുന്ന തൃശൂര്‍ മേയര്‍  എം കെ വര്‍ഗീസിനോടുളള എതിര്‍പ്പിനെ തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് സിപിഐ ബഹിഷ്‌കരിച്ചു. മുഖ്യാതിഥിയായിരുന്ന സിപിഐ എംഎല്‍എ പി ബാലചന്ദ്രനും നാല് കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തില്ല.


◾ സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവര്‍ത്തകനോ അല്ലെന്ന വിമര്‍ശനവുമായി ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബി ജെ പി പ്രവര്‍ത്തകരെന്നും സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചതെന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. ബി ജെ പിയിലേക്ക് ആളുകള്‍ വരുന്നത് അടിസ്ഥാനപരമായ ആദര്‍ശത്തിന്റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും സികെപി വ്യക്തമാക്കി.


◾ കാസറഗോഡ് നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റി തിരിച്ചു പോകുന്നതിനിടയില്‍ കെ.എസ്.ഇ.ബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മീറ്റര്‍ മാറ്റാന്‍ കഴിയില്ലെന്ന് ജോസഫ് കെ.എസ്.ഇ.ബി ജീവനക്കാരെ അറിയിച്ചിരുന്നു.


◾ സംസ്ഥാനത്ത് അടുത്ത് 5 ദിവസം അതിശക്തമഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചക്രവാതച്ചുഴിക്ക് പിന്നാലെ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിലെ മഴ ഭീഷണി വര്‍ധിപ്പിക്കുന്നത്.


◾ എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചന ചന്ദ്രന്‍ മരിച്ചു. 27 വയസ്സ് ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.


◾ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞ് വീണ് ബാലുശേരി കരിയാത്തന്‍ കാവ് തോട്ടില്‍ മുഹമ്മദ് മരിച്ചു. മഴ നനയാതിരിക്കാന്‍ കോട്ടും തലയില്‍ ഹെല്‍മറ്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


◾ ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാടില്‍ മരം കടപുഴകി വീണു തോട്ടം തൊഴിലാളി മരിച്ചു. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്.


◾ മഹാരാഷ്ട്രയിലെ സൈബര്‍ പൊലീസ് കേസെടുത്തെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. വസ്തുതകള്‍ പരിശോധിക്കാതെ തന്റെ പേര് വലിച്ചിഴച്ചതിന് ഒരു മാധ്യമ സ്ഥാപനത്തെ വിമര്‍ശിച്ച ധ്രുവ് റാഠി ഈ ആരോപിക്കപ്പെടുന്ന പോസ്റ്റ് വന്നത് പാരഡി ട്വിറ്റര്‍ അക്കൗണ്ടിലാണെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ധ്രുവ് റാഠി പറഞ്ഞു. ലോക്‌സഭാ സ്പീക്കറുടെ മകള്‍ യുപിഎസ്സി പരീക്ഷയില്‍ ഹാജരാകാതെ പാസായെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ വിവാദം.


◾ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ത്രിപുരയിലെ സി.പി.എം നേതാവ് ബാദല്‍ ഷില്‍ മരിച്ചു. ഷില്ലിനെ ബി.ജെ.പി. പിന്തുണയുള്ള ഗുണ്ടകള്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച്  സംസ്ഥാനത്ത് ഇന്ന് 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനംചെയ്തിട്ടുണ്ട്.


◾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. പോലീസ്, ക്രമസമാധാനം, അഖിലേന്ത്യാ സര്‍വീസ് എന്നിവയില്‍ തീരുമാനമെടുക്കാന്‍ ലെഫ്. ഗവര്‍ണറുടെ അധികാരം വര്‍ധിപ്പിച്ച് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.


◾ രാജ്യത്തെ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ആഗോള തലത്തില്‍ പല രാജ്യങ്ങളിലും ഈ നികുതി സംവിധാനം  നടപ്പാക്കുന്നതിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയിലും ഈ നികുതി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം. 2023ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 167 ശതകോടീശ്വരന്‍മാര്‍ ഉണ്ടെന്നും ഇവര്‍ക്ക് രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ഒരു വര്‍ഷം 1.5 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.


◾ തെക്കന്‍ ഗാസയിലെ സുരക്ഷിത മേഖലയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും 289 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍.


◾ ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റ് നടത്തിപ്പ് തലവനും മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജരും രാജിവച്ചു. മത്സരങ്ങള്‍ അമേരിക്കയില്‍ നടത്തിയതിലൂടെ ഐസിസിക്ക് കനത്ത നഷ്ടം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരുടെയും രാജി ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടല്ലെന്നും ഇരുവരുടെയും രാജി മാസങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചിട്ടുള്ളതാണെന്നുമാണ് ഐ സി സി വിശദീകരണം.


◾ ജയ്‌സ്വാളിന്റെ വെടിക്കെട്ടില്‍ സിംബാബ്വെക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം. ഇതോടെ ഒരു മത്സരം ശേഷിക്കെ 3-1 ന് ഇന്ത്യ പരമ്പര നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെയ്ക്ക് തുടക്കം മികച്ചതായിരുന്നെങ്കിലും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. 93 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 58 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.


◾ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്. ഇന്നലെ നടന്ന ഫൈനലില്‍ ഇറ്റലിയുടെ ഏഴാം സീഡ് ജാസ്മിന്‍ പൗളീനിയെ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെജിക്കോവ കീഴടക്കിയത്.


◾ തൊഴിലാളി ക്ഷാമത്താല്‍ ബുദ്ധിമുട്ടുന്ന ജര്‍മനി വിവിധ മേഖലകളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിടുന്നു. 2035ഓടെ 70 ലക്ഷത്തോളം പേരെ തൊഴിലാളികളായി വേണമെന്നാണ് കണക്ക്. പ്രായമേറുന്ന ജനതയും തൊഴിലാളികളുടെ ക്ഷാമവും ഇപ്പോള്‍ തന്നെ വിവിധ മേഖലകളില്‍ ജര്‍മനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാന്‍ ഇന്ത്യയിലേക്ക് കണ്ണെറിയുന്നതിന് കാരണങ്ങള്‍ പലതാണ്. ആദ്യ കാരണം ഇന്ത്യയിലെ ജനസംഖ്യ തന്നെയാണ്. ആവശ്യത്തിലധികം യുവ തൊഴിലാളികളെ കിട്ടുമെന്നതാണ് മറ്റൊരു കാരണം. ട്രാന്‍സ്‌പോര്‍ട്ട്, നിര്‍മാണം, ആരോഗ്യം, എന്‍ജിനിയറിംഗ് അടക്കം 70ലേറെ മേഖലകളില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. വിദേശികള്‍ക്ക് ജര്‍മനിയിലേക്ക് ജോലിക്കു വരാനുള്ള നിയമങ്ങള്‍ ജര്‍മനി പരിഷ്‌കരിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഓപര്‍ച്യൂണിറ്റി കാര്‍ഡ് ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ ചെയ്യാനായി ജര്‍മനിയില്‍ പ്രവേശിക്കാം. അപേക്ഷകര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യത്ത് നിന്നും നേടിയ രണ്ടുവര്‍ഷത്തെ തൊഴില്‍ പരിശീലന വൈദഗ്ധ്യമോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ യോഗ്യതയുണ്ടായിരിക്കണം. കൂടാതെ ജര്‍മന്‍ ഭാഷയില്‍ പ്രാഥമിക പരിജ്ഞാനവും (എ1 ലെവല്‍) ഇംഗ്ലീഷിലെ വൈദഗ്ധ്യവും (ബി2 ലെവല്‍) നേടിയിരിക്കണം. ജോലി അന്വേഷിക്കുന്ന സമയത്ത് ജര്‍മനിയില്‍ താമസിക്കുന്നതിന് വേണ്ട പണവും തിരികെ വരാനുള്ള റിട്ടേണ്‍ ടിക്കറ്റിന്റെ പണവും അക്കൗണ്ടിലുണ്ടെന്ന് തെളിയിക്കുന്ന രേഖയും അപേക്ഷ നല്‍കുമ്പോള്‍ സമര്‍പ്പിക്കണം. അപേക്ഷകന് ഒരു വര്‍ഷത്തിനുള്ളില്‍ ശരിയായ ജോലി കണ്ടെത്താനാകാതെ വന്നാല്‍ രണ്ട് വര്‍ഷം കൂടി വീസ കാലാവധി നീട്ടാനും സാധിക്കും.


◾ ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് കോംമ്പോ ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. നേരത്തെ പുറത്തു വിട്ട ഡേറ്റ് ഓഗസ്റ്റ് 15 ആയിരുന്നു. വര്‍ക്ക് ഫുള്‍ കഴിഞ്ഞതു കൊണ്ടാണ് ഇനി കാത്തിരിക്കേണ്ട എന്ന് തീരുമാനിച്ചത് എന്നാണ് പ്രൊഡ്യൂസര്‍ പറയുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസര്‍ ആണ്. ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്. ടൊവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു നഹാസ് നാസര്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ 'അഡിയോസ് അമിഗോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിന്റെ മറ്റ് വാര്‍ത്തയുമെല്ലാം നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.  വ്യത്യസ്തമായി എത്തിയ അന്നൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു.


◾ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ കരിയര്‍ ഇപ്പോള്‍ തകര്‍ച്ചയുടെ പാതയിലാണ്. തുടര്‍ച്ചയായ എട്ട് സിനിമകളാണ് ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞത്. ഏറെ പ്രതീക്ഷയോടെ എത്തിയ 'സര്‍ഫിര'യും തകര്‍ച്ചയുടെ വഴിയെ ആണ്. ആദ്യ ദിവസം ചിത്രം നേടിയത് 2.5 കോടി രൂപ മാത്രമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷത്തിനു ശേഷം അക്ഷയ് കുമാറിന്റെ കരിയറിലുണ്ടായ ഏറ്റവും മോശം കളക്ഷനാണ് ഇത്. 2009ല്‍ ഇറങ്ങിയ 8എരക്‌സ് 10 തസ്വീറാണ് ഇതിനു മുന്‍പ് ഇതിലും കുറഞ്ഞ കളക്ഷന്‍ നേടിയത്. 1.8 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. സൂര്യ നായകനായി എത്തിയ സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കാണ് സര്‍ഫീര. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടും പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലാണ് ചിത്രം. ആദ്യ ദിവസം 13 ശതമാനം ഒക്യുപന്‍സി മാത്രമാണ് ചിത്രത്തിനുണ്ടായത്. 80 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. അതിനു മുമ്പ് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ബഠേ മിയാന്‍ ചോട്ടേ മിയാന് ആദ്യദിനം പതിനാറ് കോടിയാണ് കലക്ഷനായി ലഭിച്ചത്. എന്നാല്‍ സിനിമയുടെ ആജീവനാന്ത കലക്ഷന്‍ 59 കോടിയായിരുന്നു. 350 കോടിയായിരുന്നു ചിത്രന്റെ ബജറ്റ്. തിയറ്ററുകളില്‍ ദുരന്തങ്ങളായി മാറിയ മിഷന്‍ റാണിഗഞ്ജ് 2.8 കോടിയും സെല്‍ഫി 2.5 കോടിയും ഓപ്പണിങ് കലക്ഷനായി നേടിയിരുന്നു.


◾ അഞ്ചര വര്‍ഷം കൊണ്ട് വാഗണ്‍ ആറിന്റെ പത്തു ലക്ഷം യൂണിറ്റുകള്‍ വിറ്റ് മാരുതി. 2019ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിന്റെ ഏറ്റവും പുതിയ മോഡലാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിന്റെ ആകെ വില്‍പനയുടെ കണക്കെടുത്താല്‍ 32.1 ലക്ഷം വരും. മാരുതിയുടെ മറ്റു ജനപ്രിയ വാഹനങ്ങളായ എര്‍ട്ടിഗ, ഫ്രോങ്‌സ്, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ ഇപ്പോഴും വാഗണ്‍ ആറിന്റെ തട്ട് താഴ്ന്നു തന്നെയാണിരിക്കുന്നത്. പുറത്തിറങ്ങിയതിനു ശേഷം ഇന്നുവരെ വാഗണ്‍ ആര്‍ ജനപ്രിയ പട്ടികയില്‍ നിന്നും പുറത്തുപോയിട്ടില്ല. 2019 ജനുവരി 23ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ വകഭേദം മാത്രംആറു വര്‍ഷം കൊണ്ട് പത്തു ലക്ഷത്തിലേറെ വിറ്റഴിഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും മികച്ച പ്രകടനം വാഗണ്‍ ആര്‍ നടത്തിയത്. 12 മാസം കൊണ്ട് 2,12,340 വാഗണ്‍ ആറുകളാണ് മാരുതി വിറ്റത്. ഏറ്റവും കൂടുതല്‍ വില്‍പന രേഖപ്പെടുത്തിയ 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5.73% വില്‍പന കുറഞ്ഞെങ്കിലും 2,00,177 വാഗണ്‍ ആറുകള്‍ 2024 സാമ്പത്തിക വര്‍ഷവും വിറ്റുപോയി. ആകെ 17.5 ലക്ഷം യൂണിറ്റുകള്‍ വിറ്റ മാരുതിയുടെ വില്‍പനയില്‍ 11% പങ്കും വാഗണ്‍ ആര്‍ സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ 32.1 ലക്ഷം വാഗണ്‍ ആറുകള്‍ നിരത്തിലെത്തി. 2024 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വാഗണ്‍ ആറിന്റെ വില്‍പന 46,132 എണ്ണമാണ്. സിഎന്‍ജി ആദ്യം ലഭ്യമായ മാരുതി സുസുക്കിയുടെ മോഡലുകളിലൊന്നാണ് വാഗണ്‍ ആര്‍.


◾ ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍. ശരിക്കും ഒരു റിയല്‍ ലൈഫ് ഹീറോ. ഒരു ത്രില്ലര്‍ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിര്‍ത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താന്‍പോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാള്‍ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകള്‍ കേവലമനുഷ്യായുസ്സില്‍ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം. 'ജീവിതം എന്ന തീക്കടല്‍'. ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍. മാതൃഭൂമി. വില 331 രൂപ.


◾ പെണ്‍കുട്ടികളില്‍ ആര്‍ത്തവം ആരംഭിക്കുന്ന പ്രായം കഴിഞ്ഞ 55 വര്‍ഷങ്ങളില്‍ കുറഞ്ഞ് വരുന്നതായി അമേരിക്കയില്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ആര്‍ത്തവം ആരംഭിക്കുമെങ്കിലും ഇത് ശരിയായ ക്രമത്തിലാകാന്‍ പലര്‍ക്കും ദീര്‍ഘകാലം എടുക്കുന്നുണ്ടെന്നാണ് ആപ്പിള്‍ റിസേര്‍ച്ച് ആപ്പ് വഴി നടത്തിയ പഠനം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ഹാര്‍വാഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ചേര്‍ന്നാണ് പഠനം നടത്തിയത്. ആദ്യ ആര്‍ത്തവത്തിന്റെ ശരാശരി പ്രായം 1950-69കളില്‍ 12.5 വര്‍ഷമായിരുന്നത് 2000-2005 കാലഘട്ട ത്തില്‍ 11.9 വര്‍ഷമായി കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലയളവില്‍ തന്നെ 11 വയസ്സിന് മുന്‍പ് തന്നെ ആര്‍ത്തവം ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ ശതമാനം 8.6 ല്‍ നിന്ന് 15.5 ആയി വര്‍ധിച്ചു. ഒന്‍പത് വയസ്സിന് മുന്‍പ് തന്നെ ആര്‍ത്തവം തുടങ്ങുന്ന പെണ്‍കുട്ടികളുടെ ശതമാനം 0.6ല്‍ നിന്ന് 1.4 ശതമാനമായും വര്‍ധിച്ചു. ആര്‍ത്തവം ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന്റെ ക്രമം സാധാരണ തോതിലായവരുടെ എണ്ണം 74 ശതമാനത്തില്‍ നിന്ന് 56 ശതമാനമായി കുറഞ്ഞതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ആര്‍ത്തവം എപ്പോള്‍ ആരംഭിക്കുന്നു, അതിന്റെ ക്രമം എന്നിവയെല്ലാം പ്രത്യുത്പാദനപരമായ ആരോഗ്യത്തിന്റെ മാത്രം അടയാളമല്ല. ആര്‍ത്തവം സാധാരണയിലും നേരത്തെ ആരംഭിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, അകാല മരണം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ക്രമത്തിലാകാന്‍ കൂടുതല്‍ സമയം എടുക്കുന്നത് വന്ധ്യതയുടെ സൂചനയുമാകാം. ശരീരത്തിന്റെ ഘടന, ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, സമ്മര്‍ദ്ദം, എന്‍ഡോക്രൈന്‍ സംവിധാനത്തെ തടസ്സപ്പെടുത്തുന്ന പാരിസ്ഥിതിക ഘടകങ്ങള്‍, വായുവിലെ മാലിന്യങ്ങള്‍ എന്നിവയെല്ലാം നേരത്തെ ആര്‍ത്തവം തുടങ്ങുന്നതിനെ സ്വാധീനിക്കാമെന്നും ഗവേഷകര്‍ പറയുന്നു. 71,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തിന്റെ ഫലം ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക