◾ സെന്‍ നദീതീരത്ത് വിസ്മയക്കാഴ്ചകളൊരുക്കി പാരിസ് ഒളിംപിക്സിന് തുടക്കം. പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ സെന്‍ നദിയിലൂടെ ഒഴുകി വന്ന 80 ബോട്ടുകളില്‍ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലും ഇന്ത്യന്‍ പതാകയേന്തിയ ചടങ്ങില്‍ 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരെ അണിനിരത്തി കൊണ്ടാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെന്‍ നദിയിലൂടെ കടന്നുപോയത്.
◾ സുപ്രീം കോടതി നിര്‍ദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എന്‍ടിഎ പ്രസിദ്ധീകരിച്ചു. ഒരു മലയാളിയടക്കം 17 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂര്‍ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷര്‍മിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യം ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് നേടിയ 67 പേരില്‍ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടിക വന്നതോടെ 16000 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി.
◾ കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായതുമായി ബന്ധപ്പെട്ട രക്ഷാ ദൗത്യത്തില്‍ പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരമായി കൂടുതല്‍ സഹായം എത്തിക്കണമെന്നും കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേവിയുടെ അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കണം, സത്തേണ്‍, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡുകളില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കര്‍ണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിദഗ്ധരും ഉപകരണങ്ങളും രക്ഷാദൗത്യത്തെ വലിയ തോതില്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍, സിഗ്നല്‍ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിനാണ് ആദ്യ പരിഗണനയെന്ന് സൈന്യം. സോണാര്‍, റഡാര്‍, ഐബോഡ് എന്നീ പരിശോധനകളില്‍ കിട്ടിയ സിഗ്നല്‍ ലഭിച്ച സ്ഥലത്താകും പരിശോധന. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പിക്കാന്‍ കഴിയില്ലെന്നും സൈന്യം പറയുന്നു.
◾ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചിലിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഷിരൂരില്‍ എത്തിക്കുന്നു. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാന്‍ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകള്‍ ഗോവയില്‍ നിന്ന് ഷിരൂരില്‍ എത്തിക്കുമെന്ന് കര്‍ണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
◾ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തെരച്ചില്‍ തുടരാന്‍ നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടുവെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരും. ഈ കാലാവസ്ഥയിലും എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
◾ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. തലസ്ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പ്ലാസ്റ്റിക് മാലിന്യം കനാലില്‍ നി?ക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും, നഗരത്തിലെ മാലിന്യ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഓരോന്നായി പരിശോധിയ്ക്കുമെന്നും തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു.
◾ പിഎസ്സി പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന പിഎസ്സി എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ 607 സെന്ററുകളിലായി നടത്തുന്ന എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തും.
◾ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹീമോഫീലിയ ചികിത്സയില്‍ എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
◾ ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. 24 വേദികളിലായാണ് മത്സരം. പ്രഥമ സ്‌കൂള്‍ ഒളിമ്പിക്സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിന്റെ ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
◾ രോഗിയില്‍ നിന്ന് നിപ വൈറസ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് വിദഗ്ധ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ . ടിറ്റോ തോമസിന്റേത് മനസ്സുലയ്ക്കുന്ന വാര്‍ത്തയാണെന്ന് പറഞ്ഞ വി ഡി സതീശന്‍, നിപ വൈറസിനെതിരായ പോരാട്ടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ മാറരുതെന്നും ചൂണ്ടികാട്ടി.
◾ കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങി കരാര്‍ പുനഃസ്ഥാപിച്ചത് അപ്പല്ലേറ്റ് ട്രിബൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി റദ്ദാക്കി. സംസ്ഥാന താല്‍പര്യം പരിഗണിച്ച് ഡിസംബറില്‍ കരാര്‍ പുനഃസ്ഥാപിച്ചിരുന്നു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വര്‍ഷത്തേക്ക് മൂന്ന് കമ്പനികളില്‍ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാര്‍. പഴയ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനികള്‍ അപ്പല്ലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
◾ പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയുടെ പരിഗണനയിലുള്ള ഫയലുകള്‍ ഒഴികെയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു .
◾ കൊച്ചി -ബാംഗ്ലൂര്‍ റൂട്ടിലോടുന്ന വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം 31 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. ഈ ട്രെയിന്‍ മാസത്തില്‍ 12 സര്‍വ്വീസാണ് ഇപ്പോള്‍ നടത്തുക. ബുധന്‍, വെള്ളി, ഞായര്‍ തുടങ്ങി ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വ്വീസ്. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍. ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് ബെംഗളൂരുവില്‍ രാത്രി പത്തോടെയാണ് എത്തിച്ചേരുക.
◾ വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹന്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു തട്ടിപ്പ്.
◾ കൂടോത്രത്തിനെതിരെ ലോക്സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാന്‍ എം പി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസില്‍ കൂടോത്ര വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്.
◾ മിഷന്‍ 2025ന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം . തിരുവനന്തപുരത്ത് ഇന്നലെ നടന്ന യോഗത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിട്ടുനിന്നു. കെപിസിസി ഭാരവാഹി യോഗത്തിലുയര്‍ന്ന വിമര്‍ശനത്തില്‍ സതീശന് അതൃപ്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത് കൊണ്ടാണ് മിഷന്‍ 25 യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെ സുധാകരന്‍. വയനാട് യോഗത്തിലെ തീരുമാനങ്ങളെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടെന്നും ചില നേതാക്കള്‍ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കള്‍ക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്നത്. തര്‍ക്കമുണ്ടായ ഇടങ്ങളില്‍ ചുമതലകള്‍ മാറ്റി എന്നും സുധാകരന്‍ പറഞ്ഞു.
◾ പാര്‍ട്ടിയുടെ വിമര്‍ശനങ്ങളില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും വിമര്‍ശനം ശരിയെങ്കില്‍ തിരുത്തുമെന്നും താന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പുറത്ത് തരുന്നവരെയാണ് പാര്‍ട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
◾ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമനകോഴ ആരോപണം പൊലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെ സുധാകരന്‍ എംപി. ഇതടക്കം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
◾ മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവില്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സീറ്റുകളുടെ കുറവ് ചോദ്യം ചെയ്ത് മലബാര്‍ എജുക്കേഷന്‍ മൂവ്മെന്റ് എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.
◾ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പിയില്‍ അംഗത്വം എടുക്കാതെ കെ.മുരളീധരന്‍ കേരള നിയമസഭയില്‍ കാലുകുത്തില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾ തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകന്‍ ലഹരിക്ക് അടിമ ആയതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്.
◾ മിന്നല്‍ ചുഴലി കെഎസ്ഇബിക്ക് കണ്ണൂര്‍ ജില്ലയില്‍ വരുത്തിവച്ചത് ആറ് കോടി രൂപയുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മിന്നല്‍ ചുഴലിയിലാണ് വ്യാപക നാശ നഷ്ടങ്ങളുണ്ടാക്കിയത്. 204 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 880 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്ന് വീണു. ജില്ലയിലെ 1900 ട്രാന്‍സ്ഫോമറുകള്‍ വൈദ്യുതി എത്തിക്കാനാവാതെ പ്രവത്തനരഹിതമാണ്. ജില്ലയില്‍ മാത്രം മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇരുട്ടിലായത്. പ്രതിസന്ധി പൂണമായി പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ബോര്‍ഡ് അറിയിക്കുന്നത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള നിതി ആയോഗ് യോഗം ഇന്ന്. യോഗത്തില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരായ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരെല്ലാം വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയത്.
◾ കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. തീര്‍ത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് യുപി സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
◾ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും. കമല ഹാരിസിന്റെ വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ബറാക് ഒബാമയും മിഷേലും ഫോണിലൂടെ കമല ഹാരിസിനെ അറിയിച്ചു.
◾ ബംഗാദേശിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ 20 ഓവറില്‍ എട്ടിന് 80 റണ്‍സിലൊതുക്കിയ ഇന്ത്യ, ഒമ്പത് ഓവറുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ജയം എളുപ്പമാക്കിയത്.
◾ പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയ്ക്ക് ഹിജാബ് ധരിച്ച് പങ്കെടുക്കാന്‍ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായി സില വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ സിലയുമായി ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് താരത്തിന് ഹിജാബ് ധരിച്ച് പങ്കെടുക്കാമെന്ന ധാരണയായത് .
◾ പാരിസ് ഒളിംപിക്സില്‍ കവര്‍ച്ച തുടര്‍ക്കഥയാവുന്നു. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയുടെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിന് പിന്നാലെ അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാമ്പിലും കവര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാനല്‍ നയനിനായി ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പാരീസിലെത്തിയ മാധ്യമ സംഘവും നേരത്തെ കവര്‍ച്ചയ്ക്ക് ഇരയായിരുന്നു.
◾ ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം. വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്. ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ഇടപാടുകളും ഒടിപി പോലുള്ള അധികസുരക്ഷാസംവിധാനം ഉപയോഗിച്ച് ഉറപ്പാക്കണം. നേരത്തേ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി 5000 രൂപ വരെ അയക്കാമായിരുന്നു. മാസം പരമാവധി 25,000 രൂപ വരെയാണ് അയക്കാനാകുക. എന്നാല്‍, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണം അയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണം അയക്കുന്നയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഒടിപി വഴി സ്ഥിരീകരിക്കുന്ന മൊബൈല്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്. മാത്രമല്ല, എന്‍ഇഎഫ്ടി - ഐഎംപിഎസ് ഇടപാട് സന്ദേശങ്ങളില്‍ പണം അയക്കുന്ന ആളുകളുടെ വിവരങ്ങള്‍ ബാങ്കുകള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇത് പണമായുള്ള കൈമാറ്റമാണെങ്കില്‍ അക്കാര്യവും രേഖപ്പെടുത്തണം. 2024 നവംബര്‍ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും റിസര്‍വ് ബാങ്ക് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
◾ ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി'യിലെ ആദ്യ ഗാനം റീലീസായി. ഓഗസ്റ്റ് പതിനഞ്ചിന് തിയറ്ററുകളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സരിഗമയാണ്. ഹല്ലേലൂയ എന്ന ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ ഒരുക്കിയിരിക്കുന്നു. 'വണ്ടിനെ തേടും ' എന്ന സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് ഗാനം ഒരുക്കിയ രജത് പ്രകാശാണ് നുണക്കുഴിയിലെ ഹല്ലേലൂയ എന്ന ഗാനം പാടിയിരിക്കുന്നത്. ഒപ്പം സാനു പി എസുമുണ്ട്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് റിലീസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നു.
◾ രജീഷ് വി രാജ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'സൂപ്പര്‍സ്റ്റാര്‍ കല്യാണി'. ഡയാന ഹമീദ് ആണ് ചിത്രത്തില്‍ കല്യാണിയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടം തൊഴില്‍ അന്വേഷകരുടെ ഉദ്വേഗഭരിതമായ കഥ പറയുന്ന ചിത്രം ഓണം റിലീസിന് തയ്യാറെടുക്കുകയാണ്. ജീവന്‍ ടാക്കീസിന്റെ ബാനറില്‍ എ വി ഗിബ്സണ്‍ വിക്ടര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിശ്രീ അശോകന്‍, മാല പാര്‍വതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരണ്‍, ആതിര മാധവ്, ഗാധ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗാനരചന രജീഷ് വി രാജ, സംഗീതം സുരേഷ് കാര്‍ത്തിക്. ഹരിശങ്കര്‍, ചിന്‍മയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിപിന്‍ രാജ് ആണ് ക്യാമറ.
◾ പുതിയ ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി ഒടുവില്‍ ഇന്ത്യയില്‍ 138,500 രൂപ എക്സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു. ബൈക്കിലെ എഞ്ചിന്‍ മാറ്റമില്ലാതെ തുടരുന്നു. അതേസമയം അല്‍പ്പം മെച്ചപ്പെട്ട രൂപകല്‍പ്പനയും കുറച്ച് പുതിയ സവിശേഷതകളും നിറങ്ങളുമായാണ് ഈ ബൈക്ക് വരുന്നത്. പുതിയ ഗോള്‍ഡന്‍ ഗ്രാഫിക്സുള്ള പുതിയ കെവ്‌ലര്‍ ബ്രൗണ്‍ കളര്‍ സ്‌കീം ഇതിനകം നിലവിലുള്ള നിയോണ്‍ ഷൂട്ടിംഗ് സ്റ്റാര്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് പെയിന്റ് സ്‌കീമുകളില്‍ ചേരുന്നു. ചുറ്റും ഗോള്‍ഡന്‍ ഗ്രാഫിക്‌സോടുകൂടിയ ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ ഫിനിഷാണ് പുതിയ കളര്‍ പതിപ്പിന്റെ സവിശേഷത. ബൈക്കിന്റെ പുതുക്കിയ മോഡലിന് സ്പ്ലിറ്റ് സീറ്റ് യൂണിറ്റിന് പകരമായി സിംഗിള്‍ പീസ് സീറ്റ് ലഭിക്കുന്നു. ബൈക്കിന്റെ പവര്‍ട്രെയിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ അതേ 163.2സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനില്‍ നിന്നാണ് പുതിയ ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി പവര്‍ ലഭിക്കുന്നത്. മോട്ടോര്‍ 8500 ആര്‍പിഎമ്മില്‍ 16.9 പിഎസ് പവറും 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കും നല്‍കുന്നു.
◾ കഴിഞ്ഞ രണ്ടു ദശകളിലേറെയുള്ള മലയാള നോവലിനെ മുന്‍നിര്‍ത്തി എഴുതിയ പഠനങ്ങ ളുടെ സമാഹാരം. സൗന്ദര്യബോധം എന്നെ നിര്‍ണായകമായ മനുഷ്യശേഷി ഓരോ കാലത്തും അതിന്റേതായ അധികാരബന്ധങ്ങള്‍ക്കുള്ളിലാണ് അനുഭൂതികള്‍ സൃഷ്ടിക്കുന്നത്. സാഹിത്യ ഗണങ്ങള്‍ ഓരോന്നും രൂപപ്പെട്ടതിന് അതിന്റേ തായ ചരിത്രസാഹചര്യങ്ങളുണ്ട്. നമ്മുടെ ആഹ്ലാദവേദനകളിലെല്ലാം ആധിപത്യത്തിന്റെ ആഘോഷമോ കീഴടക്കപ്പെടുന്നതിന്റെ ദൈന്യതയോ ഉണ്ട്. കലയുടെയും സാഹിത്യത്തിന്റെയും ഓരോ ജനുസ്സും അതിന്റെ ജന്മസാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളോടെ ഈ അധികാരസ്വഭാവം സൂക്ഷിക്കുന്നുണ്ട്. നോവലുകളോരോന്നും എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത ചരിത്ര സന്ദര്‍ഭങ്ങള്‍ക്കും അധികാരബന്ധങ്ങള്‍ക്കും ഊന്നല്‍ നല്‍കി യിട്ടുള്ള ഈ പുസ്തകം യൂറോപ്യനല്ലാത്ത ആധുനികോത്തരത യെക്കുറിച്ചുള്ള സംവാദങ്ങളുടെ തുടര്‍ച്ചകൂടിയാണ്. 2023 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച മികച്ച സാഹിത്യ വിമര്‍ശനം. 'ഭൂപടം തലതിരിക്കുമ്പോള്‍'. പി പവിത്രന്‍. ഡിസി ബുക്സ്. വില 418 രൂപ.
◾ പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരും. അതുപോലെ തന്നെ, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍, ഓക്‌സിജന്റെ സ്ഥാനത്ത് നമ്മള്‍ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും. തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇത് കാരണമായിത്തീരും. നമ്മള്‍ ഉറങ്ങുമ്പോള്‍, തലച്ചോറിലെ കോശങ്ങള്‍, സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും. കോശങ്ങളിലെ വിഷവസ്തുക്കളെ ഒഴിവാക്കി, കൂടുതല്‍ ആരോഗ്യമുള്ളതായി മാറും. എന്നാലും ഉറക്കക്കുറവ്, കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉറങ്ങുമ്പോള്‍, തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോള്‍ തലമൂടുന്നത് വഴി ഓക്‌സിജനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കാന്‍ കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.