Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/07/2024)

 


പ്രഭാത വാർത്തകൾ

2024 | ജൂലൈ 8 | തിങ്കൾ | മിഥുനം 24 |


◾ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട 38 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോ എന്നതിലടക്കം പരമോന്നത കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക.


◾ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ന് അത്താഴ വിരുന്ന് നല്‍കും. നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. ഇന്ത്യ - റഷ്യ വ്യാപാര സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനവും ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനിടെ റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും.


◾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലെത്തും. അസമിലെ പ്രളയബാധിത പ്രദേശങ്ങളും രാഹുല്‍ സന്ദര്‍ശിക്കും. അസമിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ സന്ദര്‍ശിച്ച ശേഷമാകും രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തുക. അടുത്തിടെ സംഘര്‍ഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുല്‍ സംസാരിക്കും. പിന്നീട് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകള്‍ സന്ദര്‍ശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തും. സംസ്ഥാന ഗവര്‍ണ്ണര്‍ അനസൂയ ഉയിക്കയെ കണ്ട ശേഷം രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.


◾ സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിംഗില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.


◾ ഇരിക്കുന്ന പദവിക്ക് യോജിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആത്മപരിശോധന നടത്തണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യബോധത്തോടെ കാണുന്നുവെന്നും എന്നാല്‍, പറയുന്നത് വസ്തുതാപരമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും റഹീം കൂട്ടിചേര്‍ത്തു.


◾ ബിനോയ് വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എ.എ റഹീമിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. ബിനോയ് വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും അത് റഹീം മനസിലാക്കി എസ്എഫ്ഐയെ തിരുത്തുകയാണ് വേണ്ടിയിരുന്നതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.


◾ കെ.എസ്.ഇ.ബി. ഓഫീസില്‍ അതിക്രമം കാണിച്ചതിന് കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ തിരുവമ്പാടിയിലെ ഉള്ളാട്ടില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചു. റസാഖിന്റെ മകന്‍ അജ്മല്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ അതിക്രമം കാണിച്ചതിന് കെ.എസ്.ഇ.ബി ഉള്ളാട്ടില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം വിശ്ച്ഛേദിക്കുയായിരുന്നു. ഇതിനു പിന്നാലെ റസാഖും ഭാര്യയും കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. സംഗതി വിവാദമായതോടെ കോഴിക്കോട് കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തഹസില്‍ദാര്‍ എത്തി റസാഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ രാത്രി എട്ടരയോടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്.


◾ തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി.ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ഫ്യൂസ് ഊരിയ സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി പാലക്കാട് ഡിസിസി. കെഎസ്ഇബി നടപടിയെ ന്യായീകരിച്ച മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിലപാട് ഊരുവിലക്കിന്റെ ഭൂതകാല തികട്ടലാണെന്ന് പാലക്കാട് ഡി.സി.സി. വൈസ് പ്രസിഡന്റ്  ആരോപിച്ചു. മുതിര്‍ന്ന പൗരന്മാരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിനു ഉദാഹരണമാണ് തിരുവമ്പാടിയിലെ നടപടികളെന്നും ഡി സി സി ആരോപിച്ചു.


◾ കെഎസ്ഇബി ഓഫീസില്‍ അക്രമം നടത്തിയെന്ന പേരില്‍ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു.


◾ കേരളത്തിന് ടൂറിസം വികസനത്തില്‍ വളരെ വലിയ സാധ്യതകളാണ് ഉള്ളതെന്നും അത് ശരിയായി ഉപയോഗിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി.  ടൂറിസം മേഖലയെ രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്ക് അതീതമായി വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്നും കേരള ടൂറിസം ഡെവലപ്മെന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.


◾ സിപിഎമ്മിനകത്തെ കോഴ ആരോപണത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ്. എന്തുകൊണ്ടാണ് മന്ത്രിയുടെ പേര് ചേര്‍ത്ത് തുടര്‍ച്ചയായി ഇത്തരം കോഴ ആരോപണങ്ങള്‍ വരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. 60 ലക്ഷം രൂപ കൊടുത്ത് പിഎസ്സി മെമ്പറാവുന്ന ആള്‍ എങ്ങനെയാണ് അത് മുതലാക്കുകയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.


◾ കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയതായി വിവരം. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നല്‍കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. പിഎസ്സി അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയും പരാതി നല്‍കിയതെന്നാണ് സൂചന.


◾ കോണ്‍ഗ്രസ് കൂടോത്ര പാര്‍ട്ടിയായെന്നും പ്രിയങ്ക ഗാന്ധിക്ക് കൂടോത്രം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം പരിഹസിച്ചു. കെപിസിസി പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കില്‍ മണ്ഡലം പ്രസിഡന്റിന്റെയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കൂടോത്രം അടക്കം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്നും റഹിം പറഞ്ഞു.


◾ ഹേമ കമ്മറ്റി റിപ്പോര്‍ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവില്‍ അതിജീവിതര്‍ക്ക് നീതി ലഭിക്കുമെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ്. ഭാവിയിലെങ്കിലും നിര്‍ഭയരായി വിവേചനവും വേര്‍തിരിവും ചൂഷണവുമില്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കുമെന്ന് പ്രത്യാശ നല്‍കുന്ന ഉത്തരവാണിത്. നിലവില്‍ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്ഥയും നിര്‍ബന്ധമായും പുറത്ത് വരേണ്ടവയാണെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.


◾ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പരിശീലകന്‍ മനു പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കെ എസി എ വിശദീകരണം നല്‍കണമെന്ന് കാട്ടിയും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.


◾ കുര്‍ബാന വിഷയത്തില്‍ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അനുകൂലികളും ജനാഭിമുഖ കുര്‍ബാന അനുകൂലികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച പള്ളിയിലെ സിയോന്‍ ഓഡിറ്റോറിയത്തില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികള്‍ സംഘടിപ്പിച്ച ഫൊറോന വിശ്വാസ സംഗമത്തോടനുബന്ധിച്ചാണ് പള്ളിവളപ്പില്‍ സംഘര്‍ഷമുണ്ടായത്.


◾ എറണാകുളo റെയില്‍വെ ട്രാക്കില്‍ മരം ഒടിഞ്ഞുവീണതിനേത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കും തൃശ്ശൂര്‍ ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. സ്വകാര്യ വ്യക്തിയുടെ കേസില്‍ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്.  ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചെങ്കിലും പിന്നീട്സര്‍വീസ് പുനരാരംഭിച്ചു.


◾ കൊച്ചി നഗരത്തില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ തിരഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. കെ.എല്‍ 01 സി.ടി 6680 രജിസ്ട്രേഷനുള്ള ബൈക്കിലാണ് യുവാവ് കഴിഞ്ഞ ആഴ്ച അഭ്യാസ പ്രകടനം നടത്തിയത്. പിന്നാലെ വന്ന കാര്‍ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.


◾ കൊച്ചിയില്‍ സെഡേറ്റീവ് - ഹിപ്നോട്ടിക്സ് വിഭാഗത്തില്‍പ്പെടുന്ന 75 അതിമാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയില്‍.  മട്ടാഞ്ചേരി ആനവാതില്‍ സ്വദേശി മുഹമ്മദ് അമാന്‍ ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ഗുളികകള്‍ 15 ഗ്രാമോളം തൂക്കമുണ്ടായിരുന്നു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.


◾ കൊണ്ടോട്ടിയില്‍ സൈഡ് തരാതിരുന്നതിനെ തുടര്‍ന്ന് ഹോണ്‍ മുഴക്കിയ സ്വകാര്യ ബസ്സിന് മുന്നില്‍ വടിവാള്‍ വീശി കാണിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍  വലിയപറമ്പ് സ്വദേശി ഷംസുദ്ദീന്‍ പോലീസ് പിടിയിലായി.വാള്‍ മൂര്‍ച്ച കൂട്ടാന്‍ വേണ്ടി കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഷംസുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴി. ഇതിനിടെ ബസ് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പിന്നാലെ  വന്നതിന്റെ ദേഷ്യത്തിലാണ് താന്‍ വടിവാള്‍ വീശിയതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.


◾ തിരുവനന്തപുരം തുമ്പയില്‍ നാടന് ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്. നെഹ്രു ജംഗ്ഷന്‍ സ്വദേശികളായ അഖില്‍, വിവേക് അപ്പൂസ് എന്നിവര്‍ക്കാണ് പരിക്ക്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


◾ ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാര്‍ക്കറ്റില്‍ നിന്ന്  ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടി കൂടി. ഏകദേശം 45 കിലോയോളം കേര മീനുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.


◾ കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്ര കുളത്തില്‍ നിന്നും കണ്ടെത്തി. അമ്പലപ്പുഴ കോമന മണ്ണാരു പറമ്പ് രാധാകൃഷ്ണന്റെ മകന്‍  മുകേഷിന്റെ മൃതദേഹമാണ്   അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി  ക്ഷേത്ര കുളത്തില്‍ നിന്നും കണ്ടെത്തിയത്. ക്ഷേത്രക്കുളത്തില്‍ ചാടി മരിക്കുമെന്ന് കഴിഞ്ഞ രാത്രിയില്‍ വീട്ടില്‍ വഴക്കുണ്ടായപ്പോള്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.


◾ തൃശ്ശൂരില്‍ ഏഴു വയസ്സുകാരി മതില്‍ തകര്‍ന്ന് ദേഹത്തേക്ക് വീണ് മരിച്ചു. മാമ്പ്രാ തൊട്ടിപ്പറമ്പില്‍ മഹേഷ് കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


◾ കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയില്‍ വെച്ചായിരുന്നു അപകടം. ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍വശത്ത് നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.


◾ കൊച്ചിയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറിയ പതിനേഴുകാരന്‍ റെയില്‍വേ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി--സൗമ്യ  ദമ്പതികളുടെ ഏകമകന്‍ ആന്റണി ജോസാണ് മരിച്ചത്.


◾ മംഗളൂരുവില്‍ വീട്ടുകാരെ ബന്ദികളാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മലയാളികള്‍ ഉള്‍പ്പടെ പത്ത് പേര്‍ പിടിയില്‍. മംഗളൂരു ഉള്ളൈബെട്ടുവിലെ കോണ്‍ട്രാക്റ്ററായ പത്മനാഭ കോട്ടിയന്റെ വീട്ടില്‍ മുഖംമൂടി ധരിച്ചെത്തിയായിരുന്നു മോഷണം. പത്മനാഭയേയും ഭാര്യയേയും കുട്ടികളേയും മാരകായുധങ്ങള്‍ കാട്ടി ബന്ദികളാക്കി ഒന്‍പത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും പണവുമാണ് കൊള്ളയടിച്ചത്. കഴിഞ്ഞ 21 ന് നടന്ന മോഷണത്തില്‍ ഏഴ് മലയാളികള്‍ അടക്കം പത്ത് പേര്‍ പിടിയിലായി.


◾ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ പോലീസ് കേസെടുത്തു. വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പോലീസാണ് മഹുവയ്‌ക്കെതിരേ കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് മഹുവ വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്.


◾ ഹാഥ്റസ് ദുരന്തത്തില്‍ ആള്‍ദൈവം ഭോലെ ബാബയ്ക്കെതിരെ നടപടികള്‍ക്ക് ഒരുങ്ങി പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കേസില്‍ അറസ്റ്റിലായ സത്സംഗ് സംഘാടകന്‍ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍, കോള്‍ റെക്കോര്‍ഡുകള്‍ എന്നിവ സംബന്ധിച്ചു പരിശോധന തുടരുകയാണ്.


◾ ഹാഥ്‌റസില്‍ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേര്‍ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ഭോലെ ബാബയുടെ അഭിഭാഷകന്‍. പതിനഞ്ചോളം പേര്‍ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും ഇത് ദുരന്തത്തിലേക്ക് നയിച്ചെന്നുമാണ് അഭിഭാഷകന്റെ ആരോപണം. തിക്കും തിരക്കും ഉണ്ടായതിന് പിന്നാലെ ഇവര്‍ സ്ഥലം വിട്ടുവെന്നും അഭിഭാഷകന്‍ എ.പി. സിങ് ആരോപിച്ചു.


◾ ആഗ്രയില്‍ നാല് കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ അപകടത്തില്‍ പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി. എന്നാല്‍ ഇവരെ നാട്ടുകാരും പൊലീസും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാല് പേര്‍ മരിച്ചു .മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം പരിശോധനകള്‍ക്കായി അയച്ചു.


◾ മഹാരാഷ്ട്രയിലെ അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്ഫോടനം. ആര്‍ക്കും പരിക്കില്ല. നാടന്‍ ബോംബ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ജയിലിലെ 6, 7 ബാരക്കുകള്‍ക്ക് സമീപമാണ് സ്ഫോടകവസ്തു എറിഞ്ഞത്. എവിടെ നിന്നാണ് ബോംബ് ജയിലിനുള്ളില്‍ എത്തിയതെന്നോ ആരാണ് എറിഞ്ഞതെന്നോ വ്യക്തമല്ല. കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.


◾ ചൈനയുടെ കൈയ്യേറ്റം കേന്ദ്ര സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പാങ്ഗോം തടാക തീരത്ത് ചൈന സൈനിക ക്യാംപ് നിര്‍മ്മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഖര്‍ഗെയുടെ വിമര്‍ശനം.  ഇന്ത്യയുടെ സ്ഥലം ആരും കൈയ്യേറിയിട്ടില്ലെന്ന് വാദിക്കുന്ന നരേന്ദ്ര മോദി ചൈനയെ സഹായിക്കുകയാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.


◾ കനത്ത മഴയെ തുടര്‍ന്ന് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ പ്രളയം. 5700 കുടുംബങ്ങളെ വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാര്‍പ്പിച്ചു. 74 മില്യണ്‍ യുഎസ് ഡോളറാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന ബണ്ടിന്റെ അറ്റകുറ്റ പണികളും സമാന്തരമായി പുരോഗമിക്കുന്നതായാണ് സൂചന.


◾ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി കരാറുണ്ടാക്കണമെന്ന ആവശ്യമുയര്‍ത്തി ഇസ്രയേലില്‍ പ്രക്ഷോഭം. ടെല്‍ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രധാന റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണയിരുന്നു. ഇസ്രയേലുകാരായ 120 ബന്ദികളാണു ഗാസയിലുള്ളത്.


◾ അടുത്തവര്‍ഷം നടക്കുന്ന ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ രോഹിത് ശര്‍മതന്നെ നയിക്കും. ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം അറിയിച്ചത്.


◾ ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയെ നാണം കെടുത്തിയ സിംബാബ്വേയെ രണ്ടാം ഏകദിനത്തില്‍ പഞ്ഞിക്കിട്ട് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 പന്തില്‍ 100 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 47 പന്തില്‍ 77 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും 22 പന്തില്‍ 48 റണ്‍സെടുത്ത റിങ്കു സിങിന്റേയും മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ സിംബാബ്വേ 134 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.


◾ കോപ്പ അമേരിക്കയില്‍ ബ്രസീലിന് സെമി കാണാതെ മടക്കം. ഉറുഗ്വായ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തകര്‍ന്നത്. ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വാ മലര്‍ത്തിയടിച്ചത്. വമ്പന്‍ സേവുകളുമായി ഗോളി സെര്‍ജിയോ റോഷെ ഉറുഗ്വായുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വായ്ക്ക് എതിരാളികള്‍. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പനാമയെ തകര്‍ത്ത കൊളംബിയ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.


◾ യൂറോ കപ്പിലും കോപ്പ അമേരിക്കയിലും ഇന്നും നാളേയും മത്സരങ്ങളില്ല. ബുധനും വ്യാഴവുമാണ് സെമി ഫൈനലുകള്‍. യൂറോ കപ്പില്‍ ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ സ്പെയിന്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടുമ്പോള്‍ വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയില്‍ നെതര്‍ലണ്ട്സ് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ജൂലൈ 15  പുലര്‍ച്ചെ 12.30 നാണ് ഫൈനല്‍. കോപ്പ അമേരിക്കയില്‍ ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ അര്‍ജന്റീന കാനഡയുമായി ഏറ്റുമുട്ടുമ്പോള്‍ വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ഉറുഗ്വായും കൊളംബിയായും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ജൂലൈ 15 പുലര്‍ച്ചെ 5.30 നാണ് ഫൈനല്‍.


◾ രാജ്യത്തെ 10 മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. എട്ട് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 1.83 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞയാഴ്ച ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 963 പോയിന്റ് ആണ് മുന്നേറിയത്. ടിസിഎസിന്റെ വിപണി മൂല്യം 38,894 കോടി രൂപ വര്‍ധിച്ച് 14,51,739 കോടിയായി ഉയര്‍ന്നു. ഇന്‍ഫോസിസ് ആണ് തൊട്ടുപിന്നില്‍. 33,320 കോടി രൂപ വര്‍ധിച്ച് ഇന്‍ഫോസിസിന്റെ വിപണി മൂല്യം 6,83,922 കോടിയായി. റിലയന്‍സ് 32,611 കോടി, ഐസിഐസിഐ ബാങ്ക് 23,676 കോടി, എല്‍ഐസി 16,950 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണിമൂല്യത്തില്‍ ഉണ്ടായ വര്‍ധന. കഴിഞ്ഞയാഴ്ച ഉണ്ടായ നേട്ടത്തോടെ റിലയന്‍സിന്റെ മൊത്തം വിപണി മൂല്യം 21,51,562 കോടിയായാണ് ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നഷ്ടം നേരിട്ട മുന്‍നിര കമ്പനികള്‍. എച്ച്ഡിഎഫ്‌സി ബാങ്കിന് 26,970 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വിപണി മൂല്യം 12,53,894 കോടിയായാണ് താഴ്ന്നത്. ഭാരതി എയര്‍ടെലിന് 8,735 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ജൂലൈ മാസത്തിലെ ആദ്യ ആഴ്ചയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 7,900 കോടിയാണ് വിപണിയില്‍ ഒഴുക്കിയത്. ഇതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിപണിയിലെ നിക്ഷേപം 1.16 ലക്ഷം കോടിയായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.


◾ മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നിരവധി ആരാധകരുണ്ട് ഫഹദ് ഫാസിലിന്. മാമന്നന്‍, പുഷ്പ, വിക്രം തുടങ്ങിയ ചിത്രങ്ങളിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പ്രേക്ഷകരിലുണ്ടാക്കിയ ആവേശം ചെറുതൊന്നുമല്ല. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടിരിക്കുകയാണ് ഫഹദ്. രജനിയുടെ വരാന്‍ പോകുന്ന 'വേട്ടയ്യന്‍' എന്ന ചിത്രത്തിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് തുടങ്ങിയ വിവരം അറിയിച്ചിരിക്കുകയാണിപ്പോള്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. ഫഹദിന്റെ ഡബ്ബിങ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റാണാ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിലെത്തുക.


◾ ലോകേഷ് കനകരാജും രജനികാന്തും ഒരുമിച്ച് ചിത്രം വരുന്നുവെന്ന വാര്‍ത്തയെത്തിയപ്പോള്‍ മുതല്‍ സിനിമ പ്രേക്ഷകര്‍ ആവേശത്തിലാണ്. രണ്ടു പേരും ഒന്നിച്ചെത്തുമ്പോള്‍ തന്നെ ഒരു മാജിക് ബിഗ് സ്‌ക്രീനില്‍ പ്രതീക്ഷിക്കാമെന്നു തന്നെയാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. നിലവില്‍ കൂലിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. കൂലിയിലെ മറ്റു താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. കൂലിയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ സെറ്റിലെത്തിയ വിവരം നടി ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ശ്രുതിയും തലൈവര്‍ക്കൊപ്പമുണ്ടാകുമെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം നടി റെബ ജോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവു പുതിയ വിവരം. ഹൈദരബാദിലെ ഫിലിം സിറ്റിയില്‍ നിന്നുള്ള ഒരു ചിത്രം റെബ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ മാസം അഞ്ചിനാണ് കൂലിയുടെ ചിത്രീകരണം തുടങ്ങിയത്. ഒരു ബോളിവുഡ് താരവും കൂലിയുടെ ഭാഗമാകുമെന്ന് പറയപ്പെടുന്നു.


◾ ടാറ്റ മോട്ടോഴ്‌സ് ഈ മാസം എല്ലാ ഇലക്ട്രിക് കാറുകള്‍ക്കും കിഴിവ് വാഗ്ദാനം ചെയ്യുന്നു. പുതുതായി പുറത്തിറക്കിയ ടാറ്റ പഞ്ച് ഇവിയും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ച് ഇവിക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം, അതായത് ജൂണില്‍ രാജ്യത്തെ നമ്പര്‍-1 കാറായി പഞ്ച് മാറിയിരുന്നു. ഇത് മാരുതി സ്വിഫ്റ്റിനെ പിന്നിലാക്കി. ഈ മാസം പഞ്ചിന്റെ ഇലക്ട്രിക് മോഡലിന് കമ്പനി 30,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. പഞ്ച് ഇവിയുടെ ആകെ 20 വകഭേദങ്ങളുണ്ട്. അതിന്റെ ഏത് വേരിയന്റിലും കുറഞ്ഞത് 10,000 രൂപ കിഴിവ് തീര്‍ച്ചയായും ലഭ്യമാകും. ടാറ്റ പഞ്ച് ഇവിയുടെ രൂപകല്‍പ്പനയിലെ പല ഘടകങ്ങളും നെക്‌സോണ്‍ ഇവിയില്‍ നിന്ന് എടുത്തിട്ടുണ്ട്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ടാറ്റ പഞ്ച് ഇവി വാങ്ങാം. ഇതില്‍ 25 കിലോവാട്ട്അവര്‍, 35 കിലോവാട്ട്അവര്‍ ബാറ്ററി പാക്കുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ 7.2 കിലോവാട്ട് ഫാസ്റ്റ് ഹോം ചാര്‍ജറും 3.3 കിലോവാട്ട് വാള്‍ബോക്സ് ചാര്‍ജറും ഉള്‍പ്പെടുന്നു. 25 കിലോവാട്ട്അവര്‍ ബാറ്ററി പാക്കിന്റെ സാക്ഷ്യപ്പെടുത്തിയ ശ്രേണി 421 കിലോമീറ്ററാണ്. അതേസമയം 35 കിലോവാട്ട്അവര്‍ ബാറ്ററി പാക്കിന്റെ സാക്ഷ്യപ്പെടുത്തിയ ശ്രേണി 315 കിലോമീറ്ററാണ്. ബോണറ്റിന് കീഴിലുള്ള 14 ലിറ്റര്‍ ഫ്രങ്ക് ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ച് ഇവിക്ക് ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം, പ്രീമിയം ഫിനിഷുള്ള ഫ്രഷ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, ടാറ്റ ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ ലഭിക്കുന്നു.


◾ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് ഒഴികെയുള്ള മറ്റ് ഒന്‍പതു ദ്വീപുകളിലും പ്രചാരത്തിലുള്ള കലാരൂപമാണ് ദോലിപ്പാട്ട്. മനുഷ്യമനസ്സുകളിലെ സമ്മര്‍ദ്ദങ്ങളെ ഒഴി വാക്കുകയാണ് ഈ പാട്ടുകളുടെ ധര്‍മ്മം. സൂഫി ഗാനങ്ങളുടെ ഒരു മാസ്മരികത ഇതി നുണ്ട്. ദോല്‍ എന്ന വാദ്യ ഉപകരണത്തില്‍ താളം പിടിച്ചാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ കായല്‍പ്പട്ടണം എന്ന പ്രദേശത്തുനിന്നാണ് ഈ കലാരൂപം ലക്ഷദ്വീപിലെത്തിയതെന്ന് കരുതപ്പെടുന്നു. ഒരു ഫോക്ക് കലാരൂപമായ ദോലിപ്പാട്ടുകള്‍ പലതും നാമാവശേഷമായി കഴിഞ്ഞു. ഇതിന്റെ സംരക്ഷണം പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാണ്. 'ലക്ഷദ്വീപിലെ ദോലിപ്പാട്ടുകള്‍'. കെ.ബാഹിര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 95 രൂപ.


◾ മഴക്കാലത്ത് ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ഏറ്റവും പുറമേയുള്ള നേര്‍ത്ത വെളുത്ത ഭാഗമാണ് കണ്‍ജങ്‌ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് കോണ്‍ജങ്ടിവൈറ്റിസ്. ബാക്ടീരിയ, വൈറസ്, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. കണ്ണ് ദീനം എന്നും ഈ രോഗം അറിയപ്പെടുന്നു. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണില്‍ നിന്ന് തുടരെ വെള്ളം വരല്‍ തുടങ്ങിയവയാണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത് എളുപ്പത്തില്‍ മറ്റൊരാളിലേക്ക് പകരാവുന്ന രോഗമാണ്. എന്നാല്‍ പലരും സ്വയം ചികിത്സ നടത്തിയാണ് രോഗത്തെ നേരിടുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്. മലിനമായ ജലം കണ്ണുകളുമായി സമ്പര്‍ക്ക പുലര്‍ത്തുമ്പോള്‍ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും വൈറസും ഉള്‍പ്പെട വിവിധ രോഗകാരികള്‍ ഉണ്ടാകാം. ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരെയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടണം. സ്‌കൂള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ വ്യാപനസാധ്യത കൂടുതലായതിനാല്‍ കുട്ടികളില്‍ കൂടുതല്‍ കരുതല്‍ വേണം. പടരുന്ന രോഗമായതിനാല്‍ രോഗബാധിനായ വ്യക്തി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ഇടയ്ക്കിടെ കണ്ണുകള്‍ തിരുമ്മുന്ന ശീലം ഒഴിലാക്കുക. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക