പ്രഭാത വാർത്തകൾ
2024 | ജൂലൈ 13 | ശനി | മിഥുനം 29
◾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചു.
◾ ജൂണ്‍ 25 ന്റെ ഭരണഘടനാ ഹത്യാദിനത്തിനു ബദലായി മോദിക്ക് തിരിച്ചടി കിട്ടിയ ജൂണ്‍ 4 ന് മോദി മുക്ത ദിവസ് ആചരിക്കാന്‍ കോണ്‍ഗ്രസ്. ഡമോക്രസി' എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ഡെമോ-കുര്‍സി' ആണെന്നും തലക്കെട്ട് പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു ശ്രമമാണ് ഭരണഘടനാ ഹത്യാദിനത്തിനു പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു. ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ഭരണഘടനക്കായി സംസാരിക്കുന്നതെന്നും മുമ്പില്‍ ഒരു കണ്ണാടി സൂക്ഷിക്കുന്നത് നല്ലതാണെന്നും ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
◾ നേപ്പാളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അറുപതിലധികം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ചിത്വാന്‍ ജില്ലയിലെ നാരായണ്‍ഘാട്ട് മുഗ്ലിംങ് റോഡില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്. ആകെ 65 പേരാണ് രണ്ട് ബസിലായി ഉണ്ടായിരുന്നത്. ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി.
◾ നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി കേരളം. 79 പോയിന്റോടെ കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. 78 പോയിന്റുമായി തമിഴ്നാട് തൊട്ടടുത്തുണ്ട്. ബിഹാറാണ് ഏറ്റവും പിന്നില്‍. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്.
◾ ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 299 കോടി കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 20 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് 14 കോടിയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 52 കോടിയും, കോര്‍പറേഷനുകള്‍ക്ക് 36 കോടി രൂപയുമാണ് ലഭിക്കുക.
◾ സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. നാല് പേര്‍ക്ക് എലിപ്പനിയും 173 പേര്‍ക്ക് ഡങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എന്‍1 രോഗബാധയാണെന്ന് വ്യക്തമായി. 12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത്.
◾ മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്ന് മരണം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ പകുതിയിലധികവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഒട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പനികളില്‍ പകുതിയിലധികവും മലബാര്‍ ജില്ലകളില്‍ നിന്നാണ്.
◾ വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനും അഭിവാദ്യം അര്‍പ്പിച്ച് യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായതിന്റെ സന്തോഷ സൂചകമായി കേക്ക് മുറിച്ച് മുന്‍തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നല്‍കി ആഘോഷിക്കുകയും ചെയ്തു.
◾ വിഴിഞ്ഞം തുറമുഖ ട്രയല്‍ റണ്ണിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഉദ്ഘാടനവേളയില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുപോലും പരാമര്‍ശിക്കാതെ പോയത് മര്യാദകേടാണെന്നും പിണറായി വിജയന്‍ കാലഹരണപ്പെട്ട നേതാവാണെന്നും കെ സുധാകരന്‍ പറഞ്ഞു.
◾ വിഴിഞ്ഞം തുറമുഖട്രയല്‍റണ്‍ ഉദ്ഘാടന വേദിയില്‍ വി എസ് അച്യുതാനന്തന്‍ തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരും പരാമര്‍ശം നടത്താത്തതില്‍ വിമര്‍ശിച്ച് വി എസിന്റെ മുന്‍ സ്റ്റാഫ് എ സുരേഷ് . വി എസ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിനടത്തിയ കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ സുരേഷ്, ഇന്നലത്തെ ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ച ആരെങ്കിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. സത്യത്തിനും... ആശകള്‍ക്കും... ആഗ്രഹങ്ങള്‍ക്കും... പ്രസക്തിയില്ലാത്ത കെട്ട കാലം... എന്ന് കുറിച്ചുകൊണ്ടാണ് സുരേഷ് കുറിപ്പ് അവസാനിപ്പിച്ചത്.
◾ സി പി എം മാഫിയകളെയും ക്രിമിനലുകളെയും പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയില്‍ കാണുന്നതെന്ന് കെ സുരേന്ദ്രന്‍. കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്കും പിന്നാലെ വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയും സി പി എമ്മില്‍ ചേര്‍ന്നതില്‍ ഒരു അത്ഭുതവുമില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കിമിനലുകള്‍ക്ക് ഭരണത്തിന്റെ തണലില്‍ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനമാണ് സി പി എം നല്‍കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതി സിപിഎമ്മില്‍ ചേര്‍ന്നതില്‍ വീണ്ടും ന്യായീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ആണ് വിശദീകരണവുമായി എത്തിയത് .പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കുള്ള കേസുകള്‍ രാഷ്ട്രീയമായതാണെന്നും അതെല്ലാം ഒത്തുതീര്‍പ്പാക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു. വാദിയും പ്രതിയും ചേര്‍ന്ന് കേസ് ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുകയാണെന്നും കെപി ഉദയഭാനു പറഞ്ഞു.
◾ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണെന്നും എന്നാല്‍ ഇടതുപക്ഷ നിലപാടിലൂന്നിയ തിരുത്തല്‍ എസ്എഫ്ഐയില്‍ നടത്തേണ്ടതുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം മാത്രമല്ല തിരുത്തേണ്ടത്, സിപിഐയും തിരുത്തണം. എല്ലാ കുറ്റവും സിപിഎമിന്റേത് എന്ന് പറയുന്നതല്ല സിപിഐ നിലപാട്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. അവ കൃത്യമായി പഠിച്ച് പരിശോധിക്കണമെന്നും സംസ്ഥാനത്ത് ഇടതുപക്ഷം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
◾ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റിന്റെ അന്വേഷണം. ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ഇഡി കണ്ടെത്തിയത്. ഇതില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
◾ തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമെന്ന് ബോബി ചെമ്മണ്ണൂര്‍. ഇഡി ചോദിച്ച കാര്യങ്ങള്‍ക്കൊക്കെ കൃത്യമായ മറുപടി നല്‍കിയെന്നും നിരവധി സ്ഥാപനങ്ങളില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും അതിലൊന്നാണ് ഇതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇഡി തെറ്റായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം ഈ മാസം തന്നെ അവസാനിപ്പിക്കുമെന്ന് ഇഡി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വേങ്ങര സ്വദേശിയായ നവവധുവിന് നേരെയുണ്ടായ ഗാര്‍ഹിക പീഡന അന്വേഷണത്തില്‍ ഇടപെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. അന്വേഷത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◾ കുടുംബ കോടതികളിലെ വസ്തുതര്‍ക്ക കേസുകളിലടക്കം കോടതി ഫീസുകളില്‍ വരുത്തിയ വര്‍ധനവില്‍ നിന്ന് പിന്നോട്ട് പോയി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ബജറ്റില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി ഫീസ് നിരക്ക് വര്‍ധിപ്പിക്കാനെടുത്ത തീരുമാനത്തിലാണ് ഇളവ് വരുത്തിയത്.
◾ സിപിഎം നേതാവിനെതിരെയുള്ള പിഎസ്സി കോഴക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ വൈശാല്‍ മൊഴി നല്‍കി. കോഴിക്കോട് മഡിക്കല്‍ കോളേജ് എസിപി ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കിയത്. വിഷയത്തില്‍ പരാതിക്കാരനാണ് വൈശാല്‍ കല്ലാട്ട്. പരാതിക്ക് ബലം നല്‍കുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്നു വൈശാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ മാന്നാര്‍ കല കൊലപാതകക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞു . പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞത് എന്നാണ് സൂചന. അതേസമയം, മാന്നാര്‍ കല കൊലപാതകക്കേസില്‍ ഒന്നാംപ്രതി അനിലിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാല്‍ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യപ്പെട്ടു.
◾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ 9 വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും മറ്റ് വിദ്യാര്‍ത്ഥികളുമായാണ് സംഘര്‍ഷം . കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മില്‍ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ചെറിയ തോതില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് കോളേജിലെ ഗാര്‍ഡന്‍ ഏരിയയിലും പിന്നീട് കോളേജിന് മുന്നിലായി റോഡിലുമായി ചേരി തിരിഞ്ഞ് സംഘര്‍ഷം നടന്നത്.
◾ പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ കൂടിക്കാഴ്ച നടത്തി. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. വ്യത്യസ്ത മന്ത്രാലയങ്ങളില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ അവര്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടണമെന്നും സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
◾ കേരള സര്‍വകലാശാല സെനറ്റിലേക്ക് നാലുപേരെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് എസ്എഫ്ഐ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് ചാന്‍സലര്‍ വീണ്ടും ശുപാര്‍ശ ചെയ്തതെന്നാണ് എസ് എഫ് ഐയുടെ ആരോപണം.ആരോപണത്തില്‍ മറുപടി നല്‍കാനാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
◾ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പൂര്‍ണ്ണപരിഹാരമായിട്ടില്ലെന്ന് കണക്കുകള്‍. അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളില്‍ അറുപത് കുട്ടികള്‍ വീതം ഇരുന്നാല്‍പ്പോലും മലപ്പുറത്ത് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പ്രശ്നം നേരിടും. ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട് മെന്റ് കഴിഞ്ഞിട്ടും പാലക്കാടും കോഴിക്കോടും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റായിട്ടില്ല. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റ താല്‍ക്കാലിക ബാച്ചുകള്‍ പോലും അനുവദിക്കാത്തതും പ്രതിസന്ധിയാണ്.
◾ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ. ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ ചുമത്തി നടത്തുന്ന അന്വേഷണത്തെ ന്യായീകരിച്ച് എന്‍ഐഎ. ഇതുസംബന്ധിച്ച സത്യവാങ്മൂലം എന്‍ഐഎ ഐജി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തു. എന്‍ഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം ഫയല്‍ചെയ്തത്.
◾ മലയാള താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ അംഗത്വമെടുത്ത് കമല്‍ഹാസന്‍. മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും 'അമ്മ'യിലെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് കമല്‍ ഹാസന് മെമ്പര്‍ഷിപ്പ് നല്‍കി.
◾ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകന്‍ ആനന്ദ് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെയും ഷൈല മെര്‍ച്ചന്റിന്റെയും മകള്‍ രാധിക മെര്‍ച്ചന്റും വിവാഹിതരായി. മാസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ ബി.കെ.സി. ജിയോ വേള്‍ഡ് സെന്ററില്‍വെച്ചാണ് ഇന്നലെ ആഡംബരവിവാഹം നടന്നത്. കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളില്‍ പങ്കെടുത്തു. വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്.
◾ ബിജെപി നേതാവ് സ്മൃതി ഇറാനിക്കെതിരായ ട്രോളുകള്‍ക്കെതിരെ പ്രതിപക്ഷനോവ് രാഹുല്‍ഗാന്ധി. മുന്‍കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ട്രോള്‍ വിഡിയോകളും പരാമര്‍ശങ്ങളും വന്നിരുന്നു. ഇതേ തുടര്‍ന്ന് സ്മൃതി ഇറാനിക്കെതിരെയോ മറ്റാര്‍ക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങള്‍ ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ആളുകളെ അപമാനിക്കുന്നതും നാണം കെടുത്തുന്നതും ശക്തിയല്ല, മറിച്ച് അത് ദൗര്‍ബല്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
◾ കേന്ദ്രബജറ്റില്‍ പ്രധാന്യം നല്‍കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി ഉല്‍പാദന മേഖല വിപുലീകരിക്കുന്നതിനേക്കാള്‍ സേവന മേഖലയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് രഘുറാം രാജന്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിന് രാജ്യം മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ വധശ്രമത്തിന് കേസ്. ടി.ഡി.പി എം.എല്‍.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് ഗുണ്ടൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ജ?#ഗന് പുറമെ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മറ്റ് നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
◾ മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റം. പതിനൊന്ന് സീറ്റില്‍ ഒന്‍പതെണ്ണത്തില്‍ എന്‍ഡിഎ സഖ്യം ജയിച്ചു. മൂന്നിടത്ത് മഹാവികാസ് അഘാഡി സഖ്യത്തിനാണ് ജയം.
◾ ജമ്മു കശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.
◾ രാജസ്ഥാനിലെ സ്വകാര്യ സര്‍വ്വകലാശാല അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ പേരില്‍ വ്യാജ ബിരുദം നല്‍കിയെന്ന പരാതിയില്‍ അന്വേഷണം. 43,409 പേര്‍ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ആരോപണം. 2013ല്‍ ആരംഭിച്ച ചുരുവിലെ ഓം പ്രകാശ് ജോഗേന്ദര്‍ സിംഗ് സര്‍വകലാശാലക്കെതിരെയാണ് ആരോപണം.
◾ 145 കോടി ജനങ്ങള്‍ ഇപ്പോഴുള്ള ഇന്ത്യയിലെ ജനസംഖ്യ 2054 ല്‍ 169 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. പിന്നീട് കുറഞ്ഞ് 2100 ആകുമ്പോള്‍ 150 കോടിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം 141 കോടി ജനങ്ങളുമായി ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 2054-ല്‍ 121 കോടിപ്പേരാകും ഉണ്ടാകുക. ഇതു പിന്നെയും കുറഞ്ഞ് 2100-ഓടെ 63.3 കോടിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
◾ കോവിഡ് മഹാമാരി ഇപ്പോഴും ആഴ്ചയില്‍ 1700 പേരുടെ ജീവനെടുക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന. വൈറസ് പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ള ആരോഗ്യപ്രവര്‍ത്തകരും അറുപതിനുമേല്‍ പ്രായമുള്ളവരും വാക്സിനെടുക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് പറഞ്ഞു.
◾ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ എം. മനു പീഡിപ്പിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. അസോസിയേഷന്‍ കുട്ടികള്‍ക്കൊപ്പമാണെന്നും മനുവിനെ സംരക്ഷിച്ചിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
◾ സിംബാബ്വേക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി.
◾ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനു ശേഷം ലോര്‍ഡ്‌സില്‍ തടിച്ചുകൂടിയ ക്രിക്കറ്റ് പ്രേമികളോട് അവസാന ചിയേഴ്‌സ് പറഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ പിരിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതായിട്ടാണ് ആന്‍ഡേഴ്‌സണ്‍ കരിയര്‍ അവസാനിപ്പിക്കുന്നത്. 991 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. മുത്തയ്യ മുരളീധരന്‍ (1347), ഷെയ്ന്‍ വോണ്‍ (1001) എന്നിവരാണ് ആന്‍ഡേഴ്‌സണ് മുന്നില്‍.
◾ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ വാര്‍ഷിക പലിശ നിരക്ക് 8.25% അംഗീകരിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇ.പി.എഫ്.ഒ 2023-24 ലെ പലിശ നിരക്ക് മുന്‍ വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനം ആയാണ് ഉയര്‍ത്തിയത്. നിരക്ക് പരിഷ്‌കരണം ഇന്ത്യയില്‍ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഇ.പി.എഫ് അംഗങ്ങള്‍ക്ക് പ്രയോജനകരമാകും. 2024 മെയ് 31 നാണ് 2023-2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് 8.2 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ത്രൈമാസത്തില്‍ അല്ല ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് പ്രഖ്യാപനം നടത്തുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് വാര്‍ഷിക പലിശ നിരക്ക് പ്രഖ്യാപിക്കപ്പെടുന്നത്. പിരിഞ്ഞ അംഗങ്ങള്‍ക്ക് അവരുടെ അന്തിമ പി.എഫ് സെറ്റില്‍മെന്റിന്റെ ഭാഗമായി പുതുക്കിയ ഇ.പി.എഫ് പലിശ നിരക്ക് വിതരണം ചെയ്തു തുടങ്ങിയതായും ഇ.പി.എഫ്.ഒ അറിയിച്ചു. വിരമിക്കുന്ന ഇ.പി.എഫ് അംഗങ്ങള്‍ക്ക് അവരുടെ പി.എഫ് സെറ്റില്‍മെന്റുകള്‍ക്ക് പുറമേ പുതുക്കിയ പലിശയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. 23,04,516 ക്ലെയിമുകളില്‍ ആയി ഏറ്റവും പുതിയ പലിശ നിരക്ക് ആയ 8.25 ശതമാനം ഉള്‍പ്പെടെ 9260.40 കോടി രൂപ ഇതിനോടകം തീര്‍പ്പാക്കി കഴിഞ്ഞു. വിവിധ പ്രാദേശിക ഭാഷകളില്‍ അക്കൗണ്ട് നില പരിശോധിക്കാവുന്നതാണ്. മിസ്ഡ് കോള്‍ സേവനം: നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കി പാസ്ബുക്ക് വിശദാംശങ്ങള്‍ നേടാവുന്നതാണ്.
◾ 'ഇന്ത്യന്‍ 2' കണ്ടിറങ്ങാനിരുന്ന പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കി 'ഇന്ത്യന്‍ 3'യുടെ ടീസര്‍. ഇന്ത്യന്‍ 2 തിയേറ്ററില്‍ അവസാനിക്കുമ്പോള്‍ ടെയ്ല്‍ എന്‍ഡ് ആയാണ് ടീസര്‍ എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വല്‍ ആണ് ഇന്ത്യന്‍ 3. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയില്‍ പറയുന്നത്. വീരശേഖരന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ എത്തുമ്പോള്‍ അമൃതവല്ലിയായി കാജല്‍ അഗര്‍വാള്‍ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യന്‍ ആദ്യ ഭാഗത്തില്‍ അമൃതവല്ലിയെ അവതരിപ്പിച്ചത്. നാല്‍പതുകാരനായാണ് കമല്‍ ഹാസന്‍ ഇന്ത്യന്‍ 3യില്‍ എത്തുക. ഡീ എയ്ജിംഗ് സാങ്കേതികവിദ്യയിലൂടെയാകും താരത്തെ ചെറുപ്പമാക്കിയിരിക്കുക. അത്യുഗന്‍ വിഷ്വല്‍ എഫ്ക്ട്‌സുകളാല്‍ സമ്പന്നമാകും സിനിമയെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്ത്യന്‍ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
◾ ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന 'ഗോസ്റ്റ് പാരഡെയ്സി'ന്റെ ചിത്രീകരണം കേരളത്തില്‍ പൂര്‍ത്തിയായി. എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓഗസ്റ്റ് മാസം മുതല്‍ ഓസ്ട്രേലിയയില്‍ ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത് ജോയ് കെ.മാത്യു ആണ്. ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
◾ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 2വി റേസിംഗ് എഡിഷന്‍ 1.28,720 രൂപ എക്സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു. ഒരു പ്രത്യേക മാറ്റ് ബ്ലാക്ക് കളര്‍ സ്‌കീം ലഭിക്കുന്ന ഈ ബൈക്കിന് ചുവപ്പും ചാരനിറത്തിലുള്ള വരകളും കാര്‍ബണ്‍-ഫൈബര്‍ പ്രചോദിത ഗ്രാഫിക്സും ചുവന്ന അലോയ് വീലുകളുമുണ്ട്. പുതിയ അപ്പാച്ചെ റേസിംഗ് എഡിഷന്‍ പുറത്തിറക്കിയതോടെ കമ്പനി ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഇത് ബുക്ക് ചെയ്യാം. പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 റേസിംഗ് എഡിഷനില്‍ 5-സ്പീഡ് ഗിയര്‍ബോക്സുള്ള അതേ 159.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നു. മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 13.32 പിഎസ് പവറും 6,500 ആര്‍പിഎമ്മില്‍ 12.7 എന്‍എം ടോര്‍ക്കും അര്‍ബന്‍, റെയിന്‍ മോഡുകളില്‍ നല്‍കുന്നു. സ്‌പോര്‍ട് മോഡില്‍, ഇത് 8,750 ആര്‍പിഎമ്മില്‍ 16.04 പിഎസും 7,000 ആര്‍പിഎമ്മില്‍ 13,85 എന്‍എമ്മും വാഗ്ദാനം ചെയ്യുന്നു. സാധാരണ മോഡലിന് സമാനമായി, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ റേസിംഗ് പതിപ്പിന് 5.3 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.
◾ കാലഹരണപ്പെടാത്ത ഭാഷയാണ് എം.ഡി. രത്‌നമ്മയുടേത്. വായിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സീതയും വിഷ്ണുവും ലക്ഷ്മി അമ്മായിയുമൊന്നും മനസ്സില്‍നിന്നു മാഞ്ഞിട്ടില്ല. എത്ര മഹത്തരമാണെന്നു പറഞ്ഞാലും വായനാസുഖമില്ലെങ്കില്‍ ഒരു പുസ്തകത്തിലേക്ക് നമുക്ക് കയറാനാവില്ല. 'ആദിമധ്യാന്തങ്ങള്‍' എന്ന നോവലിന്റെ ആദ്യത്തെ മേന്മ അതു നല്‍കുന്ന വായനാസുഖം തന്നെയാണ്. ഒരു കാലം നമ്മുടെ മുന്നിലിങ്ങനെ ഇതള്‍ വിരിയുന്ന അനുഭവം. പ്രണയവും പകയും ആത്മനൊമ്പരങ്ങളും നമ്മുടേതു തന്നെയാണെന്നു തോന്നിപ്പോകും. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരിയാണ് രത്‌നമ്മ. ഈ നോവല്‍ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 'ആദിമധ്യാന്തങ്ങള്‍'. എം.ഡി. രത്‌നമ്മ. ഗ്രീന്‍ ബുക്സ്. വില 361 രൂപ.
◾ ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധ വേണ്ട ഒന്നാണ് നോറ വൈറസ് ബാധ. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. ആഹാരത്തിനു മുമ്പും, ടോയ്ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.