Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/07/2024)




◾ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍  ബജറ്റിലുണ്ടാകുമോയെന്നതാണ് ആകാംക്ഷ. റോഡ് വികസനം, റയില്‍വേ, തുറമുഖ വികസനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. ഡിജിറ്റല്‍ ഇന്ത്യയെന്ന മുദ്രാവാക്യത്തിന് ശക്തി പകരാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. അതേസമയം എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. ബജറ്റ് ജനപ്രിയമാകുമെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും നേരത്തെ പ്രതികരിച്ചിരുന്നു.

◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍  കാണാതായ അര്‍ജുന്റെ വാഹനത്തിന്റെ സിഗ്നല്‍ ഗംഗാവലി നദിക്കടിയില്‍ നിന്ന്  കിട്ടിയതായി സൈന്യം. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്നല്‍ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ല. എന്നാല്‍ കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന  സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തെരച്ചില്‍ നടത്തും. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്ററും ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക.


◾ കര്‍ണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ കരഭാഗത്തെ പരിശോധന പൂര്‍ത്തിയാക്കിയെന്ന് സതീഷ് സൈല്‍ എംഎല്‍എ. ഇന്ന് മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും, ഡ്രെഡ്ജിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും ഇതിനുള്ള അനുമതി തേടുമെന്നും എംഎല്‍എ പറഞ്ഞു. എന്‍ഡിആര്‍എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത വിദഗ്ധന്‍ ഇന്ന് സ്ഥലത്തെത്തുമെന്നും എംഎല്‍എ പറഞ്ഞു.


◾ അര്‍ജുന് വേണ്ടിയുള്ള സൈന്യത്തിന്റെ തെരച്ചിലില്‍ അതൃപ്തിയറിയിച്ച് അര്‍ജുന്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നുവെന്നും എന്നാല്‍ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ ഷീല പറഞ്ഞു. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂവെന്ന് പറഞ്ഞ അമ്മ അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും മാധ്യമങ്ങളോട് പറഞ്ഞു.


◾ നിപ വൈറസ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 9 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. മലപ്പുറത്ത് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന  13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരില്‍ 9 പേരുടെ ഫലം ആണ് വന്നത്. മരിച്ച 14കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 406 പേരാണുളളത്. ഇവരില്‍ 194 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലുണ്ട്. ഇവരില്‍ 139 പേര്‍ ആരാഗ്യ പ്രവര്‍ത്തകരാണ്.



◾ നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.  


◾ മലപ്പുറത്ത് പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്. വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം മാത്രമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. പാലക്കാട് ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നീളുന്ന പരിശോധനയാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.


◾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് മേലടി സ്വദേശിയായ 14 വയസ്സുകാരന്‍ രോഗമുക്തി നേടി. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.


◾ കണ്ണൂര്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവായി.  മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഫാമിലുള്ള പന്നികള്‍ക്കാണ് നിലവില്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.


◾ എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും, മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണമെന്നും ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.



◾ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള നീക്കം പിണറായി മന്ത്രിസഭ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ഈ നീക്കം ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരം നല്‍കലാകുമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുജനത്തിന്റെ മടിക്കുത്തിന് പിടിക്കുകയല്ല ചെയ്യേണ്ടതെന്നും പൊതുജനത്തെ പിഴിഞ്ഞായാലും പണം കൊള്ളയടിക്കണം എന്ന ചിന്തയാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.അഞ്ചുമാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഇപ്പോഴും കുടിശ്ശികയാണെന്നും അത് കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ കേരളീയം നടത്താന്‍ കാട്ടുന്ന ആത്മാര്‍ത്ഥതയ്ക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


◾ ലോക്സഭാതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി മറികടക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖയുമായി സി.പി.എം. എല്ലാമാസവും മുടങ്ങാതെ ക്ഷേമപെന്‍ഷന്‍ വിതരണംചെയ്യണമെന്നും അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, പരമ്പരാഗത തൊഴിലാളികള്‍, പട്ടികവിഭാഗക്കാര്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികയാകരുതെന്നും സര്‍ക്കാര്‍ജീവനക്കാരുടേത് അടക്കമുള്ളവരുടെ കുടിശ്ശികയായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.


◾ കെഎസ്ഇബി ജീവനക്കാര്‍ രാത്രിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. അയിരൂരില്‍ കെഎസ്ഇബി ജീവനക്കാര്‍ മദ്യപിച്ചിരുന്നില്ലെന്ന വൈദ്യപരിശോധന റിപ്പോര്‍ട്ടുകള്‍ കെഎസ്ഇബി പുറത്തു വിട്ടു. പൊലീസിനെ വിളിച്ചു വരുത്തിയത് ജീവനക്കാര്‍ തന്നെയാണ്. കുടുംബനാഥന്‍ മോശമായി പെരുമാറിയപ്പോഴാണ് പൊലീസിനെ വിളിച്ചതെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.


◾ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍   നിന്നും എട്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് എത്തിച്ച പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും  കൊച്ചുവേളി റെയില്‍വേ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.


◾ 108 ആംബുലന്‍സ് ജീവനക്കാര്‍ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സമരം ചെയ്യുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ്  കെ. ബൈജൂ നാഥ് നിര്‍ദ്ദേശം നല്‍കിയത്.


◾ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ വച്ചു താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്  മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫയല്‍ അദാലത്തിലൂടെ നിയമപ്രകാരം പരിഹരിക്കാനാവുന്ന എല്ലാ ഫയലുകളും തീര്‍പ്പാക്കണം എന്നും മന്ത്രി വ്യക്തമാക്കി .



◾ തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഇന്നലെ ഉച്ചയോടെയാണ്ശക്തമായ മഴയോട് കൂടി മിന്നല്‍ ചുഴലി ഉണ്ടായത്. കനത്ത കാറ്റില്‍  വൈദ്യുത പോസ്റ്റുകള്‍ നിലംപതിച്ചു. ചാവക്കാട് പാപ്പാളിയിലും, തൃശൂര്‍ കോലഴിയിലുമടക്കം വിവിധയിടങ്ങളില്‍  വ്യാപക നഷ്ടമാണുണ്ടായത്. 


◾ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലാവുകയും, മരണപ്പെടുകയും ചെയ്ത കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സാപ്പിഴവ് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ആരോഗ്യവകുപ്പ് അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.


◾ അച്ഛനേയും മകനേയും ചിറ്റൂര്‍ ഫെറിയില്‍  വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ബൈക്ക് യാത്രക്കാരുടേയും കാര്‍ യാത്രക്കാരുടേയും പരാതിയില്‍ ചേരാനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം . ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി.


◾ എറണാകുളം വാഴക്കുളം കുന്നുവഴിയിലുണ്ടായ വാഹനാപകടത്തില്‍ മാറമ്പിള്ളി എംഇഎസ് കോളേജിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനിയായ റെയ്‌സ ഫാത്തിമ (20) മരിച്ചു. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും വഴി വിദ്യാര്‍ത്ഥിനി ഓടിച്ചു വന്ന സ്‌കൂട്ടറില്‍ കാറ് ഇടിക്കുകയായിരുന്നു. തെറിച്ച് റോഡില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ ദേഹത്തുകൂടി മറ്റൊരു പിക്കപ്പ് വാന്‍ കയറിയിറങ്ങുകയായിരുന്നു.


◾ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കുമളിയില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി 66ാം മൈലിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം.


◾ ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാര്‍ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ജീവപര്യന്തം തടവും 54 പേര്‍ക്ക് ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ യുഎഇയില്‍ തെരുവില്‍ ഇറങ്ങി നാശനാഷ്ടങ്ങള്‍ ഉണ്ടാക്കിയ കേസിലാണ് നടപടി എടുത്തത്.


◾ നീറ്റ് പരീക്ഷ വീണ്ടും നടത്തണോ എന്നതില്‍ വാദം കേള്‍ക്കുന്നതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടന്നതിന് തെളിവുണ്ടോയെന്ന ചോദ്യവുമായി സുപ്രീംകോടതി. ഹര്‍ജിക്കാര്‍ ഇക്കാര്യം തെളിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകള്‍ ഉണ്ടായി എന്ന ഹര്‍ജിക്കാരുടെ വാദം സമ്മതിക്കാമെന്നും എന്നാല്‍, പിഴവുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.



◾ കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍  തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നുള്ള ശരവണന്‍ എന്ന ട്രക്ക് ഡ്രൈവറെയും ഏഴ് ദിവസമായി കാണാനില്ല. ശരവണന്റെ അമ്മയും ബന്ധുക്കളും ലോറി ഉടമയും ആറ് ദിവസമായി ഷിരൂരിലുണ്ട്. ശരവണനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്നും ശരവണന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്..


◾ ബിഹാറിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പാര്‍ലമെന്റില്‍ വിശദീകരിച്ച് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. 2012ല്‍ മന്ത്രിതല സമിതി നിര്‍ദ്ദേശം തള്ളിയതാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ ബിഹാറിന് പ്രത്യേക പദവി സഖ്യകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടിരുന്നു.


◾ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ട് പേരും ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ച് ഉച്ചത്തില്‍ പാട്ടു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. രാജ്ദെപൂര്‍ സ്വദേശികളായ സമീര്‍ (15), സാകിര്‍ അഹമദ് (16) എന്നിവരാണ് മരിച്ചത്.


◾ ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബ്രഹ്‌മപുത്രയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു സേനാംഗത്തെ കാണാതായെന്ന് വിവരം. ഞായറാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചെങ്കിലും കാണാതായ ജൂനിയര്‍ സെയിലര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി.


◾ മന്ത്രിസ്ഥാനം പോയതിന് പിന്നാലെ രാജിഭീഷണി മുഴക്കി മധ്യപ്രദേശ് എം.എല്‍.എ. നാഗര്‍സിങ് ചൗഹാന്‍. മധ്യപ്രദേശിലെ മോഹന്‍ യാദവ് സര്‍ക്കാരില്‍ വനം- പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.ചൗഹാനെ സ്ഥാനത്തുനിന്ന് നീക്കുകയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയുമായിരുന്നു. ഇതോടെയാണ് നാഗര്‍സിങ് ചൗഹാന്‍ രാജീഭീഷണി മുഴക്കിയത്.


◾ പാരിസ് ഒളിംപിക്സോടെ വിരമിക്കുമെന്ന പ്രഖ്യാപനം നടത്തി ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന തന്റെ നാലാമത്തെ ഒളിംപിക്സായ പാരീസ് ഒളിംപിക്‌സായിരിക്കും ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീജേഷിന്റെ അവസാന ടൂര്‍ണമെന്റ്. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്.


◾ ഒളിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേട്ടത്തിന് ഉടമയായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓര്‍ഡര്‍ സമ്മാനിക്കും. അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോര്‍ഡിന്റേതാണ് തീരുമാനം. 22 വര്‍ഷം നീണ്ട കരിയറില്‍ 150ല്‍ അധികം മെഡലുകള്‍ നേടിയിട്ടുള്ള അഭിനവ് ബിന്ദ്രയെ രാജ്യം പത്മ ഭൂഷണ്‍ പുരസ്‌കാരമടക്കം നല്‍കി ആദരിച്ചിട്ടുണ്ട്.



◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 294.13 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാള്‍ ലാഭം 45.29 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 490.24 കോടി രൂപയില്‍ നിന്ന് 3.56 ശതമാനം വര്‍ധിച്ച് 507.68 കോടി രൂപയുമായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി  5.13 ശതമാനത്തില്‍ നിന്ന് 4.50 ശതമാനമായും  അറ്റ നിഷ്‌ക്രിയ ആസ്തി 1.85 ശതമാനത്തില്‍ നിന്ന് 1.44 ശതമാനമായും  കുറയ്ക്കാന്‍ സാധിച്ചത് ബാങ്കിനെ സംബന്ധിച്ച് നേട്ടമാണ്. അറ്റപലിശ വരുമാനം 7.18 ശതമാനം വര്‍ധിച്ച് 865.77 കോടി രൂപയായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത 199 കോടി രൂപയില്‍ നിന്ന് 113 കോടി രൂപയായി കുറഞ്ഞു. അതേ സമയം ബാങ്കിന്റെ സാമ്പത്തികാരോഗ്യം സൂചിപ്പിക്കുന്ന കറന്റ് സേവിംഗ്‌സ് അക്കൗണ്ട് അനുപാതം 32.64 ശതമാനത്തില്‍ നിന്ന് 32.03 ശതമാനമായി കുറഞ്ഞത് ചെറിയ ക്ഷീണമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 1.67 ലക്ഷം കോടി രൂപയില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 1.83 ലക്ഷം കോടി രൂപയായി. ഇക്കാലയളവില്‍ വായ്പകള്‍ 74,102 കോടി രൂപയില്‍ നിന്ന് 11.44 ശതമാനം മെച്ചപ്പെട്ട് 82,580 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകള്‍ 23.48 ശതമാനം വര്‍ധിച്ച് 33,984 കോടി രൂപയായി. വ്യക്തിഗത വായ്പകള്‍ 1,935 കോടി രൂപയില്‍ നിന്ന് 2,312 കോടി രൂപയായും സ്വര്‍ണ വായ്പകള്‍ 14,478 കോടി രൂപയില്‍ നിന്ന് 16,317 കോടി രൂപയായും വര്‍ധിച്ചു. 12.70 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ വാര്‍ഷിക വളര്‍ച്ച. ബാങ്കിന്റെ നിക്ഷേപങ്ങള്‍ 95,499 കോടി രൂപയില്‍ നിന്ന് 8 ശതമാനം ഉയര്‍ന്ന് 1.03 ലക്ഷം കോടിയുമായി. റീറ്റെയില്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയും പ്രവാസി നിക്ഷേപം 6.06 ശതമാനം വര്‍ധിച്ച് 30,102 കോടി രൂപയുമായി. കറന്റ് സേവിംഗ് നിക്ഷേപങ്ങള്‍ 31,166 കോടിയില്‍ നിന്ന് 33,196 കോടിയായി.


◾ സംവിധായകന്‍ എസ്.എസ് രാജമൗലിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി മോഡേണ്‍ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. ഓഗസ്റ്റ് രണ്ടിനാണ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്ററി സ്ട്രീം ചെയ്ത് തുടങ്ങുക. സംവിധായകന്റെ വ്യക്തി ജീവിതവും സിനിമ ജീവിതവും അടക്കം ഡോക്യുമെന്ററിയിലുണ്ടാകുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ബാഹുബലി, ആര്‍ആര്‍ആര്‍ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ അണിയറയില്‍ സംഭവിച്ച കാര്യങ്ങളും ഡോക്യുമെന്ററിയില്‍ ഉണ്ടെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. പ്രഭാസ്, റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, കരണ്‍ ജോഹര്‍, എംഎം കീരവാണി, ജെയിംസ് കാമറൂണ്‍ തുടങ്ങിയവരെല്ലാം ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 'ഇയാള്‍ സിനിമ ചെയ്യാന്‍ ജനിച്ചയാളാണ്, ഇതുവരെ പറയാത്ത കഥകള്‍ പറയാന്‍ ജനിച്ചയാളാണ്. അങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല- എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറയുന്നത്. 'ചിലപ്പോഴൊക്കെ ഞാന്‍ ഞെട്ടിപ്പോകും, അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ എന്നെ മറ്റൊരാളായാണ് കാണുന്നത്' രാം ചരണ്‍ പറയുന്നു. 'എന്ത് ജോലി ചെയ്താലും, ആരുടെ കൂടെ ജോലി ചെയ്താലും അവരുടെ ആദരവ് അദ്ദേഹത്തിന് ലഭിക്കും' എന്ന് ജെയിംസ് കാമറൂണ്‍ പറയുന്നു. 'ഞാന്‍ ചെയ്യുന്ന കഥയുടെ അടിമയാണ് എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ' എന്നാണ് എസ് എസ് രാജമൗലി ട്രെയ്‌ലറില്‍ പറയുന്നത്.



◾ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന 'പണി' തിയറ്ററുകളിലേക്ക്. അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു. തോക്കേന്തിയ ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററില്‍ കാണാനാവുക. 'ആന്‍ ഐ ഫോര്‍ ആന്‍ ഐ' അഥവാ 'കണ്ണിനു കണ്ണ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. അഭിനയ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. മുന്‍ ബിഗ്‌ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഒരു മാസ് ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.


◾ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അതിന്റെ 5-ഡോര്‍ ഥാറിന് പേരിട്ടുകൊണ്ട് വാഹനത്തെച്ചുറ്റിപ്പറ്റിയുള്ള സസ്‌പെന്‍സുകളില്‍ ഒരെണ്ണം അവസാനിപ്പിച്ചിരിക്കുന്നു. റോക്സ് എന്നാണ് അഞ്ച് ഡോര്‍ ഥാറിന്റേ പേര്. പേരുപുറത്തുവിട്ടുകൊണ്ട് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ടീസറാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.  ഈ ഹ്രസ്വ ക്ലിപ്പില്‍, ഥാറിന്റെ രൂപകല്‍പ്പനയും നിരവധി ഡിസൈന്‍ ഘടകങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 15-ന് മഹീന്ദ്ര ഥാര്‍ റോക്സ് ലോഞ്ച് ചെയ്യും. സണ്‍റൂഫിനൊപ്പം എഡിഎഎസ് സുരക്ഷാ ഫീച്ചറുകളും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര 5-ഡോര്‍ ഥാറില്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും, ഇത് 203 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. രണ്ടാമത്തെ ഓപ്ഷന്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആയിരിക്കും. ഈ എഞ്ചിന്‍ 175 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. അതേ സമയം, 117 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മറ്റൊരു ഓപ്ഷന്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഒഴികെ, ശേഷിക്കുന്ന രണ്ട് പവര്‍ട്രെയിനുകള്‍ ഇതിനകം തന്നെ അതിന്റെ 3-ഡോര്‍ മോഡലില്‍ ലഭ്യമാണ്. മഹീന്ദ്ര ഥാര്‍ അഞ്ച് ഡോറിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 13 ലക്ഷം മുതല്‍ ആരംഭിച്ച് ഏകദേശം 25 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


◾ 'ഒരു മൂവന്തിയില്‍ തനിച്ച് മലമടക്കുകള്‍ക്കിടയിലെ വിദൂരഗ്രാമത്തില്‍ എത്തിച്ചേരുമ്പോഴത്തെപ്പോലെ വിഷാദം കലര്‍ന്ന ആനന്ദം. പുതിയ പുസ്തകം പുറത്തുവരുമ്പോള്‍, തുടങ്ങിയേടത്തല്ല, എനിക്കുതന്നെ പിടിയില്ലാത്ത മറ്റെവിടെയോ എത്തിയിരിക്കുന്നു എന്ന താല്‍ക്കാലികമായ തോന്നലുണ്ടാകുന്നു. അതെന്നെ ജീവിപ്പിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും. എല്ലാ ക്യൂവിലും നിന്നുനിന്ന് തഴമ്പിച്ച, എങ്ങുമെത്താത്തതെന്നു തോന്നിപ്പിക്കുന്ന ഇത്തിരി വാഴ്വ് തന്നെയാണ് എവിടെയൊക്കെയോ എത്തിയെന്ന തോന്നലിന്റെ ഈ ആനന്ദമരുളി അനുഗ്രഹിക്കുന്നത് എന്നോര്‍ത്തു വിസ്മയിക്കുന്നു.' പൊതുകാവ്യഭാഷയോടു ചേര്‍ന്നുനില്‍ക്കാതെ എതിരൊഴുക്കായി നിറയുന്ന പി. രാമന്റെ നൂറില്‍പരം കവിതകള്‍. മനോജ് കുറൂരിന്റെ ആസ്വാദനക്കുറിപ്പ്. 'നനവുള്ള മിന്നല്‍'. ഡിസി ബുക്സ്. വില 234 രൂപ.



◾ എല്ലാ സലാഡും ഒരു പോലെ ആരോഗ്യകരമാണോ? ഉയര്‍ന്ന കലോറിയുള്ള ചേരുവകള്‍ സാലഡില്‍ ഉള്‍പ്പെടുത്തുന്നതും വറുത്ത ടോപ്പിങ്ങും അവയുടെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കാനും ആരോഗ്യം മോശമാക്കാനും സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രധാന ഭക്ഷണമാണ് സാലഡ്. പ്രോട്ടീനും വിറ്റാനും ധാതുക്കളും തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു ഫുള്‍ പാക്ക്. എന്നാല്‍ വിവേകമില്ലാതെ തെരഞ്ഞെടുക്കുന്ന ചേരുകവകള്‍ സാലഡിന്റെ പോഷക മൂല്യം കുറയ്ക്കുകയും വിപരീത ഫലമുണ്ടാക്കുകയും ചെയ്യുന്നു. ചില കലോറി നിറഞ്ഞ സലാഡുകളില്‍ ഒരു ബര്‍ഗറിനോ വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സിലോ ഉള്ള അത്രയും കൊഴുപ്പ് ഉണ്ടാകും. എന്നാല്‍ ഇത് തിരിച്ചറിയാതെ നിരവധി ആളുകള്‍ എല്ലാത്തരം സാലഡും ആരോഗ്യകരമെന്ന് വിശ്വസിക്കുന്നു. തൗസന്റ് ഐലന്‍സ്(അമേരിക്കന്‍ സാലഡ് ഡ്രസിങ്), ക്രീമി റാഞ്ച്, ബ്ലൂ ചീസ് തുടങ്ങിയ കൊഴുപ്പുള്ളവ സാലഡില്‍ ഉപയോഗിക്കരുത്. വറുത്ത നട്സ്, ചിക്കന്‍, നാച്ചോസ് തുടങ്ങിയവ ഒഴിവാക്കണം. അമിതമായ ഉപ്പും പഞ്ചസാരയും ഉപയോഗിക്കാന്‍ പാടില്ല. സീസണല്‍ പച്ചക്കറികളും പഴങ്ങളും, വേവിച്ച പയര്‍വര്‍ഗങ്ങള്‍, ചിക്കന്‍, മുട്ട തുടങ്ങിയവയ്ക്കൊപ്പം ഡ്രൈ ഫ്രൂട്സ് എന്നിവയും സലാഡില്‍ ഉപയോഗിക്കാം. തുടര്‍ന്ന് നാരങ്ങാനീര്, വിനാഗിരി, ഒലിവ് ഓയില്‍, ഉപ്പ്, സോസ്, മല്ലിയില/ പുതിന, തൈര് തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച് സാലഡ് ഡ്രസിങ് ഉണ്ടാക്കുന്നതാണ് മികച്ചത്. വയറിന് പ്രശ്നമുള്ളവരാണെങ്കില്‍ ധാരാളം അസംസ്‌കൃത പച്ചക്കറികള്‍ കഴിക്കുന്നത് വയറു വീര്‍ക്കുന്നതിനും നെഞ്ചരിച്ചിലിനും കാരണാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പച്ചക്കറികള്‍ വേവിച്ചോ ഗ്രില്‍ ചെയ്തോ സാലഡില്‍ ഉള്‍പ്പെടുത്താം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക