നിപ്പ ബാധിച്ച രോഗിയെ പരിചരിച്ച മെയില്‍ നഴ്സ് എട്ട് മാസമായി അബോധാവസ്ഥയില്‍. മംഗലാപുരം സ്വദേശി ടിറ്റോ തോമസ് (24) ആണ് നിപയ്‌ക്ക് ശേഷമുള്ള നിപ എൻസഫലൈറ്റിസ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കണ്ണുപോലും തുറക്കാതെ കോമാവസ്ഥയില്‍ കഴിയുന്നത്.
നിലവില്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ജീവൻ നിലനിർത്തുന്നത്.
അത്യാഹിത വിഭാഗത്തിനലെ നേഴ്സായിരുന്ന ടിറ്റോയ്‌ക്ക് 2023 ആഗസ്റ്റിലാണ് നിപ പിടിപെട്ടത്. രോഗിയില്‍ നിന്നാണ് അസുഖം പിടിപെട്ടത്. പിന്നാലെ രോഗം ഭേദമാവുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കടുത്ത തലവേദനയും കഴുത്തുവേദനയും പിടികൂടി. വേദന കാര്യമാക്കാതെ ടിറ്റോ ജോലി തുടർന്നു. ഡിസംബറില്‍ രോഗം ഗുരുതരമായതിനെ തുടർന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധയിലാണ് നിപ എൻസഫലൈറ്റിസ് സ്ഥിരീകരിച്ചത്.
ചികിത്സ നടക്കുന്നതിനിടെ ദിവസങ്ങള്‍ക്കുള്ളില്‍ ടിറ്റോ അബോധാവസ്ഥയില്‍ ആയി. ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് മെഡിക്കല്‍ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടാവാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
ജോലി ചെയ്തിരുന്നു സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ് എട്ടു മാസമായി ടിറ്റോ ഉള്ളത്. ഇതുവരെ 40 ലക്ഷത്തിലധികം രൂപയുടെ ചികിത്സക്കായി മാനേജ്മെൻറ് ചെലവഴിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ഏതെങ്കിലും ആശുപത്രിയില്‍ ടിറ്റോയുടെ ചികിത്സ തുടരണമെന്നാണ് അമ്മയുടെയും സഹോദരന്റെയും ആവശ്യം. എന്നാല്‍ ഇതിനുള്ള സാമ്ബത്തിക സ്ഥിതി കുടുംബത്തിന് ഇല്ല.
സംസ്ഥാന സർക്കാറിന്റെ എതെങ്കിലും വിധത്തിലുള്ള സഹായവും ഇതുവരെ കുടുബത്തിന് ലഭിച്ചിട്ടില്ല.