◾ വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ജീവനെടുത്തവരില്‍ തിരിച്ചറിയാത്ത 8 പേര്‍ക്ക് ഒന്നിച്ച് അന്ത്യവിശ്രമം. 8 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്‌കരിച്ചത്. സര്‍വ്വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് എട്ട് പേര്‍ക്കും അന്ത്യാഞ്ജലിയേകിയത്. മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരില്‍ എട്ട് പേരെയാണ് ഒരേ മണ്ണില്‍ അടക്കം ചെയ്തത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഒടുവില്‍ തീരുമാനമായി. പുത്തുമലയില്‍ കഴിഞ്ഞ തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. 64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.
◾ വയനാട് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 380 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും. വീടുകള്‍ക്കുമേല്‍ നാല്‍പത് അടിയോളം ഉയരത്തില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
◾ വയനാട്ടിലെ ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനയെ വിലക്കിയതിന് പിന്നാലെ ഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വെള്ളവും പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ളവയും ലഭിച്ചില്ലെന്നാണ് പലരും പരാതിപ്പെട്ടത്. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുറമേ നിന്നുള്ളവരുടെ അനധികൃതപണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിശദീകരണം.
◾ വയനാട്ടിലെ ദുരന്തഭൂമിയില്‍ ഭക്ഷണവിതരണം തടസ്സപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ. രാജന്‍ . പ്രശ്‌നം പരിഹരിക്കുമെന്നും, തിരുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉച്ചയ്ക്കും ഭക്ഷണം ലഭിച്ചില്ലെന്ന് വിവിധ രക്ഷാപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. കുടിവെള്ളം നല്‍കാതെ മടക്കിയയച്ചുവെന്നും കാലാവധി കഴിഞ്ഞ കേടായ ബ്രഡ് ലഭിച്ചുവെന്നും പലരും പറഞ്ഞു. വൈകീട്ട് മൂന്നുമണിയായിട്ടുപോലും ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
◾ ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണമെന്നും കലക്ടര്‍ അറിയിച്ചു.
◾ വയനാട്ടിലെ ദുരന്തമേഖലയില്‍ സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം നിര്‍ത്തലാക്കിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍. ഡിസാസ്റ്റര്‍ ടൂറിസം പോലെ ഡിസാസ്റ്റര്‍ പിആറും വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുറന്നടിച്ചു. വൈറ്റ് ഗാര്‍ഡിന്റെ ക്യാന്റീന്‍ നിര്‍ത്തിച്ചതില്‍ ഒരു രാഷ്ട്രീയമുണ്ട്. ദുരന്തത്തിനിടയില്‍ പി ആര്‍ വര്‍ക്ക് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ദുരന്തഭൂമിയില്‍ നിന്ന് രാഷ്ട്രീയ നെറികേട് കാണിക്കരുത് എന്നും രാഹുല്‍ പറഞ്ഞു.
◾ ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ബെയ്‌ലി പാലത്തിലൂടെ ഇന്ന് മുതല്‍ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി പറഞ്ഞു.
◾ വയനാട് പുനരധിവാസവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. യു.ഡി.എഫിലെ എല്ലാ എം.എല്‍.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. വയനാട്ടിലെ ദുരിതമേഖലയില്‍ നിന്ന് ദില്ലിയിലെത്തിയ ശേഷമാണ് ജോര്‍ജ് കുര്യന്‍ വിശദവിവരങ്ങള്‍ മോദിയെ അറിയിച്ചത്. കേന്ദ്ര സേനകള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം നല്‍കിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
◾ വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
◾ ദുരന്ത മേഖലയിലെ അടച്ചിട്ട വീടുകളില്‍ മോഷണം നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധന നടത്താന്‍ പൊലീസിന്റെ തീരുമാനം. രാത്രിയിലും പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. ഇതിനായി പൊലീസിന് വേണ്ടി മുണ്ടക്കൈയില്‍ താത്കാലിക ടെന്റ് സ്ഥാപിക്കും. ദുരന്ത മേഖലയോട് ചേര്‍ന്ന മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും അപകടം സംഭവിക്കാത്ത വീടുകളില്‍ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്.
◾ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചൂരല്‍മലയിലെത്തി ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈയിലെത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ലെന്നും, അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തെ ആദ്യദിനം മുതല്‍ സമീപിക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പക്ഷേ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ചിലരെങ്കിലും ഈ ഘട്ടത്തിലും ഉന്നയിക്കുന്നുവെന്നും ദേശീയ ദുരന്തം എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം, എന്താണ് സംഭവിച്ചതെന്ന് കുട്ടികളോട് ചോദിയ്ക്കാതിരിക്കുക, മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിക്കാതിരിക്കുക, തുടങ്ങിയ കാര്യങ്ങള്‍ കൂടി മാധ്യമങ്ങള്‍ പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ വിവര ശേഖരണം തുടങ്ങി. ഈ മേഖലയില്‍ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താം വാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാം വാര്‍ഡായ മുണ്ടക്കെയില്‍ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.
◾ ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
◾ വയനാട്ടില്‍ അനാഥരാക്കപ്പെട്ട കുട്ടികളുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്. വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി കുമാര്‍ ഐഎഎസിനോട് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾ ചാലിയാര്‍ പുഴയില്‍ തെരച്ചിലിന് പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാന്‍ കഴിയുന്നില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഊ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നത്.
◾ തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.
◾ മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്റി ബോഡി കണ്ടെത്തിയത്.
◾ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതാവസ്ഥയിലെന്ന് അര്‍ജുന്റെ സഹോദരി വ്യക്തമാക്കി. ഈശ്വര്‍ മാല്‍പെ തിരച്ചിലിന് ഇറങ്ങാന്‍ തയ്യാറായെങ്കിലും അധികൃതര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് അവര്‍ ആരോപിച്ചു. ഈശ്വര്‍ മാല്‍പെ സ്വന്തം റിസ്‌കില്‍ ഇറങ്ങാന്‍ വേണ്ടി വന്നതായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ തിരികെ പോയെന്നാണ് ഭര്‍ത്താവ് ജിതിന്‍ അവിടെനിന്ന് വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് സഹോദരി അഞ്ജു പറഞ്ഞു. അതേസമയം തിരച്ചില്‍ അവസാനിപ്പിച്ച ദിവസത്തേ അതേ ഒഴുക്കാണ് ഗംഗാവലി പുഴയില്‍ ഇപ്പോഴുമുള്ളത് എന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം.
◾ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനഞ്ച് മിനുറ്റോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കി. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ആശ്വാസമേകിയെന്ന് സന്ദര്‍ശനത്തിന് ശേഷം അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.
◾ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് കര്‍ണാടകയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവില്‍ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.
◾ ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് നല്കുവാന്‍ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നിലവില്‍ വിതരണത്തിന് ലഭ്യമാണ്. തിങ്കളാഴ്ച മുതല്‍ ഈ തുക വിതരണം ചെയ്യാനാവുമെന്നും, നിലവില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും ഇതിലൂടെ തുക നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദര്‍ മേനോന്‍ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ് സുന്ദര്‍ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
◾ വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ അധികാരങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതിയെന്നുമാണ് സൂചന. വഖഫ് നിയമത്തില്‍ 40-ഓളം ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്.
◾ 1994 ലെ കൂത്തുപറമ്പ് വെടിവെപ്പിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുഷ്പന്‍ ഐ സി യുവില്‍. ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുഷ്പന്റെ ചികിത്സാ പുരോഗതിയും വിവരങ്ങളും അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ആശുപത്രിയിലെത്തി. 1994 ലെ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്.
◾ ജയിലില്‍ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് നേതാവ് സോമന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി. നിരാഹാര സമരത്തിന് പിന്നാലെ നെഞ്ചുവേദനയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായത്.
◾ ആര്യനാട് കരമനയാറിലെ മുന്നേറ്റ് മുക്കില്‍ കടവില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ മുങ്ങി മരിച്ചു. അനില്‍ കുമാര്‍ (50), അദ്വൈത് (22), ആനന്ദ് (25), അമല്‍ (13) എന്നിവരാണ് മരിച്ചത്. അനില്‍ കുമാറിന്റെ മകനാണ് അമല്‍. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേര്‍. അനില്‍കുമാറിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ബന്ധുക്കള്‍.
◾ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊയിലാണ്ടി വരക്കുന്ന് സ്വദേശിയായ ഫാത്തിമാസില്‍ കുരിയസ്സന്റവിട റഷീദാണ് മരിച്ചത്. ബസ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ സംസ്ഥാനത്ത് ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ അതിതീവ്ര ന്യുനമര്‍ദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.
◾ ജമ്മു കശ്മീരിലെ ഗണ്ടര്‍ബാലിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറി. നിലവില്‍ ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു. 190 ലധികം റോഡുകള്‍ അടച്ചു. പ്രളയത്തില്‍ സംസ്ഥാനത്തെ 294 ട്രാന്‍സ്‌ഫോര്‍മറുകളും 124 ജലവിതരണ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിന് നേരെ ഉണ്ടായ ബോംബ് ആക്രമണ ഭീഷണിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇ-മെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. അല്‍-ഖ്വയ്ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടില്‍ നിന്നാണ് ഇമെയില്‍ വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് ബോംബ് ഇടുമെന്നും ബിഹാറിലെ സ്പെഷ്യല്‍ പൊലീസ് ഫോഴ്സിനും ആക്രമണം തടയാന്‍ കഴിയില്ലെന്നുമാണ് ഇ-മെയില്‍ ഭീഷണിയില്‍ പറയുന്നത്.
◾ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളില്‍ തീപിടുത്തം. കോച്ചുകള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും ജീവാപായമോ പരിക്കുകളോ സംഭവിച്ചില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് റെയില്‍വെ അന്വേഷണം തുടങ്ങി.
◾ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഷാപൂര്‍ മേഖലയില്‍ മണ്‍ഭിത്തി ഇടിഞ്ഞുവീണ് ഒന്‍പത്കുട്ടികള്‍ മരിച്ചു. 10 മുതല്‍ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാവന്‍ മാസത്തിലെ ആചാരത്തിന്റെ ഭാഗമായി മണ്ണുകൊണ്ട് ശിവലിംഗങ്ങള്‍ നിര്‍മ്മിക്കുന്ന ഹര്‍ദൗള്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
◾ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാര്‍ മേഖലയായ ജിസാനില്‍ 10 മണിക്കൂര്‍ തോരാതെ പെയ്ത മഴയില്‍ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങുകയും നിരവധി റോഡുകളും പാലങ്ങളും തകരുകയും ചെയ്തിട്ടുണ്ട്. താഴ്വരകളില്‍ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. തകര്‍ന്ന പാലത്തിന്റെ സ്ലാബ് കാറിന് മുകളില്‍ പതിച്ച് യുവതി മരിച്ചു.
◾ ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 91 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 14 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
◾ മൂന്നുപെണ്‍കുട്ടികളുടെ കൊലപാതകത്തെത്തുടര്‍ന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. 13 വര്‍ഷത്തിനിടെ രാജ്യംകണ്ട വലിയ കലാപമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച സൗത്ത്‌പോര്‍ട്ടില്‍വെച്ച് അക്സല്‍ റുഡാകുബാന എന്ന പതിനേഴുകാരന്‍ മൂന്നുപെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് കലാപത്തിന് കാരണം. കൊലപാതകിയെക്കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങളാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷാനുകൂലികളെ തെരുവിലേക്കെത്തിച്ചത്. മുസ്ലിംപള്ളികള്‍ക്കുനേരേയും പ്രക്ഷോഭകാരികള്‍ അക്രമം അഴിച്ചുവിട്ടു.
◾ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. ഹനിയെയുടെയും ഹിസ്ബുള്ള മിലിട്ടറി തലവന്‍ ഫുവാദ് ഷുക്റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയ്ക്ക് ഇറാനും അവരുടെ കൂട്ടാളികളും ഇന്ന് പുലര്‍ച്ചെ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയിലെയും ഇസ്രയേലിലെയും ഉന്നതോദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായാണ് സൂചന.
◾ അമേരിക്കയുടെ നോഹ ലൈല്‍സ് പാരിസ് ഒളിംപിക്സിലെ വേഗരാജാവ്. പുരുഷന്‍മാരുടെ 100 മീറ്റര്‍ 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി. കിഷെയ്ന്‍ തോംസണെ 0.005 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പിന്തള്ളിയാണ് നോഹ ലൈല്‍സ് സ്വര്‍ണം സ്വന്തമാക്കിയത്.
◾ പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ കിടിലന്‍ സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്. നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടര്‍ന്നതോടെ ഇന്ത്യ വിജയത്തിലെത്തി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ 4-2ന് വിജയിക്കുകയായിരുന്നു.
◾ പാരിസ് ഒളിംപിക്‌സിലെ ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്നിന് സെമി ഫൈനലില്‍ തോല്‍വി. നിലവിലെ ഒളിംപിക്‌സ് ചാംപ്യനും ലോക രണ്ടാം നമ്പറുമായ വിക്റ്റര്‍ അക്‌സെല്‍സെന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യയെ തോല്‍പ്പിച്ചത്. രണ്ട് ഗെയിമിലും വലിയ ലീഡെടുത്തതിന് ശേഷമാണ് ലക്ഷ്യ തോല്‍വി സമ്മതിച്ചത്. വെങ്കല മെഡലിനായുള്ള ലക്ഷ്യയുടെ മത്സരം ഇന്ന് വൈകീട്ട് 6 മണിക്കാണ്.
◾ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ശ്രീലങ്കക്ക് 32 റണ്‍സിന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും 42.2 ഓവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തത്. 64 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അക്‌സര്‍ പട്ടേല്‍ 44 റണ്‍സെടുത്ത് പുറത്തായി.
◾ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. ഈ കമ്പനികള്‍ക്ക് ഒന്നാകെ വിപണി മൂല്യത്തില്‍ 1,28,913 കോടിയാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് നഷ്ടമായത്. ടിസിഎസ്, ഇന്‍ഫോസിസ് എന്നി ഐടി കമ്പനി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ടിസിഎസിന്റെ നഷ്ടം 37,971.83 കോടിയാണ്. 15,49,626.88 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഇന്‍ഫോസിസിന് ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ നിന്ന് 23,811 കോടിയാണ് ഒഴുകിപ്പോയത്. നിലവില്‍ 7,56,250 കോടിയാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം. ഐടിസി 16,619 കോടി, എസ്ബിഐ 13,431 കോടി, റിലയന്‍സ് 13,125 കോടി എന്നിങ്ങനെയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. ഒരാഴ്ച കൊണ്ട് എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യത്തില്‍ 32,759 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. എല്‍ഐസിയുടെ വര്‍ധന 1,075 കോടിയാണ്. ജൂലൈയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ 32,365 കോടിയാണ് ഒഴുക്കിയത്.
◾ ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്സിന്റെയും എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥക്ക് എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി ബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഒരിടവേളക്ക് ശേഷം മലയാളത്തില്‍ നായികയായി നസ്രിയ വീണ്ടും എത്തുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്‌കാന്‍ ബിസാരിയ, അപര്‍ണ റാം, അഭിരാം പൊതുവാള്‍, ബിന്നി റിങ്കി, നന്ദന്‍ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
◾ സുധാന്‍ഷു സരിയ സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍ 'ഉലഝ്' ചിത്രത്തിന്റെ റിലീസ് ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തി. ജാന്‍വി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും ഗുല്‍ഷന്‍ ദേവയ്യയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദില്‍ ഹുസൈന്‍, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി, സാക്ഷി തല്‍വാര്‍ എന്നിങ്ങനെയുള്ള താരനിരയും അണിനിരന്നിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം 1.15 കോടിയാണ് ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍. ശനിയാഴ്ച ഇതില്‍ വര്‍ധനവ് ഉണ്ടാവുമെന്നും സാക്നില്‍ക് പ്രവചിക്കുന്നുണ്ട്. വന്‍ താരനിര ഇല്ലാത്ത ചിത്രമെന്ന നിലയില്‍ ഇപ്പോഴത്തെ ബോളിവുഡിന്റെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട കളക്ഷനായാണ് ഇത് പരിഗണിക്കപ്പെടുന്നത്. അതേസമയം റോഷന്‍ മാത്യുവിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഉലഝ്. നെറ്റ്ഫ്ലിക്സിന്റെ ഡയറക്ട് റിലീസ് ആയിരുന്ന ചോക്ക്ഡ് ആയിരുന്നു അദ്ദേഹത്തിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം. ഡാര്‍ലിംഗ്സ് എന്ന മറ്റൊരു ചിത്രവും പിന്നീട് ചെയ്തു.
◾ ഇറ്റാലിയന്‍ ആഡംബര കാര്‍ കമ്പനിയായ മസെരാട്ടി, തങ്ങളുടെ പുതിയ എസ്യുവി ഗ്രെകേലിനെ ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ വരുന്ന ഈ എസ്യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 1.31 കോടി രൂപയാണ്. വിപണിയില്‍, പോര്‍ഷെയുടെ പ്രശസ്തമായ കാര്‍ മാക്കനുമായാണ് ഇത് മത്സരിക്കുന്നത്. അതിന്റെ വില 96.05 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ കാറിന് നിരവധി മികച്ച സവിശേഷതകളുണ്ട്. മസെരാട്ടി ഗ്രീക്കലിന്റെ അടിസ്ഥാന വേരിയന്റായ ജിടിയില്‍, 2.0 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ 300 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. വെറും 5.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്യുവിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 240 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. മുന്‍നിര വകഭേദമായ ഗ്രീക്കല്‍ ട്രോഫിയോയുടെ എഞ്ചിനാണ് ഏറ്റവും കരുത്തുറ്റത്. ഈ വേരിയന്റില്‍, കമ്പനി 3.0 ലിറ്റര്‍ വി6 ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. ഇത് 530 എച്ച്പിയുടെ ശക്തമായ പവര്‍ ഉത്പാദിപ്പിക്കുന്നു. വെറും 3.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വേരിയന്റിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
◾ അത്ഭുതസംഖ്യകള്‍ ചുറ്റളവും വിസ്തീര്‍ണ്ണവും, അക്ഷരവും അക്കവും, അസാധാരണഗുണിതം, ആറിന്റെ ഗുണിതങ്ങള്‍, അക്ഷരങ്ങള്‍ കളിയിലൂടെ തുടങ്ങി കണക്കിലെ രസകരവും വിജ്ഞാനപ്രദവുമായ കുസൃതിച്ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും പുസ്തകം. 'കണക്കിലേക്കൊരു വിനോദയാത്ര'. പള്ളിയറ ശ്രീധരന്‍. എന്‍ബിഎസ്. വില 123 രൂപ.
◾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ബെസ്റ്റാണ് മാതള നാരങ്ങ. മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിന്‍ എ തലച്ചോറിലെ കോശങ്ങളെ നീര്‍ക്കെട്ട്, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ്, അള്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ നീര്‍ക്കെട്ടും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സുമാണ്. മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓര്‍മ്മക്കുറവുള്ളവരില്‍ ഓര്‍മ്മ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും പക്ഷാഘാത സാധ്യതകളെയും കുറയ്ക്കുന്നു ചെയ്യുന്നു. മാനസിക നില, ഓര്‍മ്മശക്തി എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോട്രാന്‍സ്മിറ്ററുകളായ അസറ്റൈല്‍കോളിന്‍, ഡോപ്പമിന്‍, സെറോടോണിന്‍ എന്നിവയെ ഉത്തേജിപ്പിക്കാനും മാതളനാരങ്ങയ്ക്ക് കഴിയും. ദിവസവും ഒരു കപ്പ് മാതളനാരങ്ങയോ ഒരു ഗ്ലാസ് ജ്യൂസോ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രായത്തിനും ഭാരത്തിനും ആരോഗ്യസ്ഥിതിക്കും കഴിക്കുന്ന മരുന്നുകള്‍ക്കും അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. പ്രമേഹം, രക്തസമ്മര്‍ദ്ധം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവും, രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മാതളനാരങ്ങ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവൂ. മാതളനാരങ്ങ ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാനും രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. കൂടാതെ ഇതിന്റെ അസിഡിക് സ്വഭാവം പല്ലുകള്‍ക്ക് നിറം മാറ്റമുണ്ടാക്കുകയും ഇനാമലിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാം. ഇതിനാല്‍ മാതളനാരങ്ങ കഴിച്ച ശേഷം വായ കഴുകുന്നതും ചെറുതായി പല്ലു തേയ്ക്കുന്നതും നല്ലതാണ്.