നടനും എംഎല്‍എയുമായ മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. ജൂനിയർ ആർട്ടിസ്റ്റായ സന്ധ്യയാണ് പുതിയ ആരോപണവുമായി മുകേഷിനെതിരെ രംഗത്തെത്തിയത്.
തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി മോശമായി പെരുമാറിയെന്നും അവിടെ നിന്ന് അവർ അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
'എന്റെ സുഹൃത്തായ ജൂനിയർ ആർട്ടിസ്റ്റിന്റെ മേല്‍വിലാസം കണ്ടെത്തി അവരുടെ വീട്ടിലെത്തി. അന്ന് സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. ആ സമയത്ത് മുകേഷ് അമ്മയോട് മോശമായി പെരുമാറി'- സന്ധ്യ വെളിപ്പെടുത്തി. സിനിമ മേഖലയില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും സന്ധ്യ തുറന്നുപറഞ്ഞു.
പ്രൊഡക്ഷൻ കണ്‍ട്രോളർ വിച്ചു, വഴങ്ങിയാല്‍ മാത്രമേ, സിനിമയില്‍ അവസരം നല്‍കുവെന്നും ഇല്ലെങ്കില്‍ ജോലി ഇല്ലാതെ വീട്ടിലിരിക്കാൻ പറഞ്ഞുവെന്നും സന്ധ്യ ആരോപിക്കുന്നു.
'സിനിമയിലേക്കെത്തിയത് അഭിനയ മോഹം കൊണ്ടാണ്, ആകെ ഒരു സിനിമ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ പറഞ്ഞത്. അങ്ങനെയുള്ള അവസരം എനിക്ക് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതെയായി'- സന്ധ്യ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുകേഷിനെതിരെ വെളിപ്പെടുത്തലുമായി നടി മിനു മുനീർ രംഗത്തെത്തിയിരുന്നു. ലൊക്കേഷനില്‍ വച്ച് മുകേഷ് ലൈംഗിക ആവശ്യവുമായി സമീപിച്ചു. വില്ലയിലേക്ക് ക്ഷണിച്ചു. നേരിട്ടും ഫോണിലും മോശമായി സംസാരിച്ചു എന്നാണ് മിനു ആരോപിച്ചത്.