ചേലാകർമ്മത്തെ തുടർന്ന് നവജാത ശിശു മരിച്ചു. സംഭവത്തില്‍ ഇടുക്കി കാഞ്ഞാർ സ്വദേശികള്‍ അറസ്റ്റില്‍. ചേലാകർമ്മം ചെയ്ത നേര്യമംഗലം സ്വദേശി ഇബ്രാഹിം, സഹായി റിഷാദ് എന്നിവരാണ് പിടിയിലായത്.
കാഞ്ഞാർ സ്വദേശികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ചേലാകർമത്തെ തുടർന്ന് മരിച്ചത്. അമിത രക്തസ്രാവവും അണുബാധയുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചേലാകർമ്മത്തിന് ശേഷം അമിത രക്തസ്രാവം ഉണ്ടായതോടെ കുഞ്ഞിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇന്നലെ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് മരണകാരണം വ്യക്തമായത്. പിന്നീട് കാഞ്ഞാർ പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി.