◾ സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും. നാളെ എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് ആണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്.
◾ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ 16 -ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
◾ വയനാട്ടില്‍ കനത്ത മഴ. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലാണ് അതിതീവ്ര മഴ. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്, വടുവന്‍ചാല്‍ മേഖലയില്‍ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റര്‍ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
◾ മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി. മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികള്‍ ഉറപ്പുവരുത്തണമെന്നും അല്ലെങ്കില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള പ്രതിബന്ധം ജനാധിപത്യത്തിലേക്കല്ല, ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കാണ് നയിക്കുകയെന്നും വാര്‍ത്ത നല്‍കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോര്‍ത്ത് പോകേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെ ഇന്നലത്തെ തെരച്ചിലിനിടെ സൂചിപ്പാറയ്ക്ക് താഴെ ആനടികാപ്പില്‍ നിന്ന് രണ്ട് ശരീരഭാഗങ്ങളും മുണ്ടേരി ഇരുട്ടുകുത്തി, ചാലിയാര്‍ കൊട്ടുപാറ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ശരീര ഭാഗങ്ങളും കണ്ടെത്തി. സൂചിപ്പാറ മേഖലയില്‍ ഇന്നലെ ഏഴ് സംഘങ്ങളായാണ് തെരച്ചില്‍ നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് കല്‍പറ്റയിലെത്തിച്ചിട്ടുണ്ട്. ഇവ മോര്‍ച്ചറിയിലേക്ക് മാറ്റി ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ച് മറ്റ് പരിശോധനകള്‍ കൂടി നടത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം.
◾ വയനാട് ദുരന്തത്തിലെ തിരിച്ചറിയാനാകാത്ത ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും സംസ്‌കാരം പുത്തുമലയില്‍ ഇന്നലെയും നടന്നു. ഒരു പൂര്‍ണ മൃതദേഹവും മൂന്ന് ശരീര ഭാഗവുമാണ് സംസ്‌കരിച്ചത്. തിരിച്ചറിയാത്ത 51 പൂര്‍ണ മൃതദേഹങ്ങളും 194 ശരീര ഭാഗങ്ങളുമാണ് ഇതുവരെ പുത്തുമലയില്‍ സംസ്‌കരിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 124 പേരെ ഇനിയും കണ്ടെത്താനുണ്ട്.
◾ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോ എന്നറിയാനുമായി ആറംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു.. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഉടന്‍ വയനാട്ടിലെത്തുക. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായി സര്‍ക്കാര്‍ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.
◾ വയനാട് ഉരുള്‍പൊട്ടലില്‍, മുന്നറിയിപ്പ് പ്രാധാന്യത്തോടെ എടുത്തില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി എംബി രാജേഷ്. മുന്നറിയപ്പ് കണക്കിലെടുത്ത് അവിടെ നിന്ന് 150 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അവരോട് അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം ബന്ധുവീടുകളിലേക്ക് പോയി. മറ്റ് ചിലര്‍ അല്ലാതെയും മാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയതായി റവന്യൂ മന്ത്രി കെ.രാജന്‍. ദുരന്തത്തില്‍പ്പെട്ടവരെ എവിടേക്കെങ്കിലും പറഞ്ഞയക്കുക എന്ന തരത്തിലല്ല പുനരധിവാസം നടത്തുന്നതെന്നും ശാസ്ത്രീയപരിശോധന ഇതിന് വേണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍പ്പെട്ട ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകള്‍ കേരളാ ബാങ്ക് എഴുതിത്തള്ളി. വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍, കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും, ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിതള്ളാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. വയനാട് ദുരന്തമേഖലയിലെ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാന്‍ പ്രാഥമിക പട്ടികയിലൂടെ തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ 50 ലക്ഷം രൂപയാണ് കേരള ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
◾ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം വീണ്ടും പുനരാരംഭിക്കുന്നത്. ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
◾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ തെരച്ചില്‍ അനിശ്ചിതമായി വൈകുന്നുവെന്നും, രണ്ടു ദിവസത്തിനുള്ളില്‍ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
◾ കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സ്‌പ്ലൈകോയ്ക്ക് 997 കോടിയാണ് ധനവകുപ്പ് നല്‍കാനുള്ള കുടിശ്ശികയെന്നും ഇതു നല്‍കുന്നതിന് പകരം വെറും 50 കോടിമാത്രമാണ് അനുവദിച്ചതെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ഇത് സ്‌പ്ലൈകോയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നും ഓണക്കാല വിപണിയിടപെടലിന് സപ്ലൈകോയ്ക്ക് കഴിയാതെ വന്നാല്‍ വന്‍വിലക്കയറ്റത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. സിപി ഐ ഭരിക്കുന്ന വകുപ്പുകളോട് ധനവകുപ്പിന് ചിറ്റമ്മനയമാണെന്നും ഭരണക കക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള ശീതസമരം കാരണം ദുരിതത്തിലാക്കുന്നത് കര്‍ഷകരും സാധാരണ ജനങ്ങളുമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾ കെട്ടിടനിര്‍മ്മാണം നടക്കുന്ന പ്ലോട്ടില്‍ ആവശ്യമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിര്‍മാണ ചട്ടത്തിലെ വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് . നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വര്‍ഷങ്ങളായുള്ള പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ പെര്‍മിറ്റിന്റെ കാലാവധി 15 വര്‍ഷംവരെ നീട്ടിനല്‍കുമെന്നും മന്ത്രി വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികള്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
◾ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദവും കാര്യക്ഷമവുമാക്കുമെന്നും മന്ത്രി എം.ബി.രാജേഷ്. വ്യാപാര സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസര്‍ഫീസ് നിശ്ചയിച്ച് നല്‍കും. ചില നഗരസഭകളില്‍ എല്ലാ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതി പരിഗണിച്ചാണ് നടപടി.
◾ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ അന്തര്‍ സംസ്ഥാന പദ്ധതികള്‍ തയ്യാറാക്കാന്‍ തീരുമാനിച്ച് ബാംഗ്ലൂരില്‍ ചേര്‍ന്ന മന്ത്രിതല യോഗം. മനുഷ്യരും -ആനയും തമ്മിലുള്ള സംഘര്‍ഷ - പരിപാലനം സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ചാണ് മന്ത്രി തല യോഗം ചേര്‍ന്നത്. കേരളത്തിന്റെ ആക്ഷന്‍ പ്ലാന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചതായി സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പന്തീരാങ്കാവ് പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് നടപടി. സുരക്ഷാ സേനയാണ് ഇയാളെ ദില്ലി പൊലീസിന് കൈമാറിയത്. കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഇയാളെ പിന്നീട് വിട്ടയച്ചു.
◾ സഹകരണ മേഖലപ്രശ്നങ്ങളില്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. സി പി എം കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തുകയാണ്. കള്ളവോട്ട് കൊണ്ട് പിടിച്ചെടുത്ത ബാങ്കുകള്‍ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് സതീശന്‍ നിലപാട് കടുപ്പിച്ചത്.
◾ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് 25000 രൂപയായിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഈ മാസം 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
◾ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എ അരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഒരുമാസത്തിനകം നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി പൂര്‍വ്വ സ്ഥിതിയിലാക്കണം എന്നാണ് നിര്‍ദേശം. ഉടമസ്ഥര്‍ ചെയ്തില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
◾ മലപ്പുറം കിഴിശേരി ആള്‍ക്കൂട്ട കൊലപാതക കേസില്‍ വിചാരണക്കിടെ തുടരന്വേഷണം നടത്താന്‍ പൊലീസിന് കോടതി അനുമതി നല്‍കി. ബിഹാറില്‍ നിന്നുള്ള രാജേഷ് മാഞ്ചിയാണ് ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായത്. കൂടുതല്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയത്.
◾ തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ബഡ്സ് ആക്ട് പ്രകാരം സ്വത്തുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ജില്ലാ ഭരണകൂടം. സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവര സ്വത്തുകളുടെ മഹസ്സര്‍,ലൊക്കേഷന്‍ സ്‌കെച്ച്,തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും. 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പാണഞ്ചേരി ജോയിയും കുടുംബാംഗങ്ങളും 30 കോടി തട്ടി എന്നായിരുന്നു പരാതി ഉയര്‍ന്നത്.
◾ സെക്രട്ടറിയേറ്റ് വളപ്പില്‍ ഇടതു സംഘടനാ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി. ജില്ലാ ട്രഷറിയിലെ അമല്‍, സോമന്‍ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന് ശേഷം ട്രഷറി ജീവനക്കാര്‍ക്കെതിരെ ക്യാന്റീന്‍ ജീവനക്കാര്‍ കന്‍ോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.
◾ ആലപ്പുഴയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി.
◾ കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ പെന്‍ഷന്‍ വിഭാഗം സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍. പെന്‍ഷന്‍ വിഭാഗം സൂപ്രണ്ട് ശ്യാം, സെക്ഷന്‍ ക്ലര്‍ക്ക് ബിന്ദു കെ.ജി., അക്കൗണ്ട് വിഭാഗത്തില്‍ ബില്‍ തയാറാക്കുന്ന സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
◾ സ്‌കൂട്ടര്‍ തെന്നി വീണ് നടുറോഡില്‍ വീണ യുവാവ് കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവല്ല കവിയൂര്‍ സ്വദേശി ജയ്സണ്‍ ജേക്കബ് (19) ആണ് മരിച്ചത്. പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയിലാണ് അപകടം നടന്നത്.
◾ സ്വാതന്ത്ര്യ ദിന അവധി ദിവസത്തിലെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വെ പ്രത്യേക ട്രെയിന്‍ അനുവദിച്ചു. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ് അനുവദിച്ചത്.
◾ ക്രിപ്റ്റോ കറന്‍സി സൈബര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് പിടികൂടി കേരള പൊലീസ് . 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
◾ ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് അതിശക്ത മഴ . രാജസ്ഥാന്‍, ഹിമാചല്‍, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേര്‍ മരണമടഞ്ഞു. നാല് സംസ്ഥാനങ്ങളിലായി 8 പേരെ കാണാതായിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
◾ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതില്‍ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം. കേസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ ഒരാഴ്ചക്കകം കൊണ്ടുവരണമെന്നും അന്വേഷണത്തില്‍ പൊലീസ് പരാജയപ്പെടുകയാണെങ്കില്‍ കേസ് സി ബി ഐക്ക് വിടുമെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
◾ വിപണികളെ തളര്‍ത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും നടത്തുന്നതെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന രാഹുല്‍ ഗാന്ധി ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
◾ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന നിക്ഷേപകന്‍ ഹംഗേറിയന്‍ വംശജനും യു.എസ് നിക്ഷേപകനുമായ ജോര്‍ജ് സോറോസാണെന്ന ആരോപണവുമായി ബി.ജെ.പി. ഇന്ത്യയ്‌ക്കെതിരേ നിരന്തരം പ്രചരണം നടത്തുന്നയാളാണ് ജോര്‍ജ് സോറോസെന്നും കോണ്‍ഗ്രസിന് സാമ്പത്തിക നിക്ഷേപങ്ങള്‍ ഇവിടെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി എംപി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
◾ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പുകഴ്ത്തി രാജ്യത്തെ ഇടക്കാലസര്‍ക്കാരിലെ മുഖ്യഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ്. ഇത് വിദ്യാര്‍ഥികള്‍ നയിച്ച വിപ്ലവമാണെന്നും ഒടുവില്‍ ഈ നിമിഷമെത്തിയെന്നും മോണ്‍സ്റ്റര്‍ പോയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെയാണ് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റത്.
◾ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 28.30 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാര്‍ച്ച് പാദത്തില്‍ 3.31 കോടി രൂപയായിരുന്നു ലാഭം. 2022 ജൂണ്‍ പാദത്തിലാണ് ഇതിനു മുന്‍പ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്. അന്ന് 26.43 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് വിഭാഗങ്ങളുടെ മോശം പ്രകടനമാണ് നഷ്ടത്തിന് വഴിവെച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 57.94 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടായിരുന്നത് ഇക്കഴിഞ്ഞ പാദത്തില്‍ 3.29 കോടി രൂപയുടെ നഷ്ടത്തിലേക്ക് മാറി. എന്നിരുന്നാലും തൊട്ടു മുന്‍പാദത്തിലെ 17.44 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടവുമായി നോക്കുമ്പോള്‍ ഇത് മികച്ചതാണ്. പ്രവര്‍ത്തന നഷ്ടത്തിനിടയിലും ബാങ്ക് ലാഭം രേഖപ്പെടുത്തിയത് കിട്ടാക്കടം എഴുതിത്തള്ളാനായി നീക്കി വച്ച 20.75 കോടി രൂപ തിരിച്ചു കിട്ടിയതായിരുന്നു. ജൂണ്‍ പാദത്തില്‍ വരുമാനവും ഇടിഞ്ഞു. 2023 ജൂണ്‍ പാദത്തിലെ 341.40 കോടി രൂപയില്‍ നിന്ന് 337.94 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ വരുമാനം 347.30 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.21 ശതമാനത്തില്‍ നിന്ന് 4.04 ശതമാനമായി കുറഞ്ഞു. അതേസമയം, അറ്റ നിഷ്‌ക്രിയ ആസ്തി 1.09 ശതമാനത്തില്‍ നിന്ന് 1.26 ശതമാനമായി ഉയരുകയാണ് ചെയ്തത്. തൊട്ടു മുന്‍പാദത്തില്‍ 1.25 ശതമാനമായിരുന്നു.
◾ സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'കങ്കുവ'. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സൂര്യയും ബോബി ഡിയോളും തമ്മിലുള്ള പോരാട്ടമാണ് ട്രെയിലറില്‍ നിറഞ്ഞി നില്‍ക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമാണ്. ഒക്ടോബര്‍ പത്തിന് ചിത്രം റിലീസ് ചെയ്യും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കങ്കുവ' സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. വില്ലന്‍ വേഷത്തിലാണ് ബോബി ഡിയോള്‍ എത്തുന്നത്. താരത്തിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന 'കങ്കുവ'യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. 'കങ്കുവ'യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾ തമിഴില്‍ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി തിരക്കഥാകൃത്ത് സജീവ് പാഴൂര്‍. 'എന്ന വിലൈ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായിക. കലാമയ ഫിലിംസിന്റെ ബാനറില്‍ മലയാളിയായ ജിതേഷ് വി ആണ് നിര്‍മ്മാണം. ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് എന്ന വിലൈ. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, ചിത്ത, ജിഗര്‍ത്തണ്ട ഡബിള്‍ എക്‌സ് എന്നീ വലിയ ഹിറ്റുകള്‍ക്ക് ശേഷം നിമിഷ നായികയായി എത്തുന്ന തമിഴ് ചിത്രം കൂടിയാണ്. നിമിഷ സജയനൊപ്പം കരുണാസ് ആണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൈ.ജി മഹേന്ദ്രന്‍, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്‍ഗല്‍ രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍, കവിതാലയ കൃഷ്ണന്‍, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥന്‍, കൊട്ടച്ചി, ദീപ ശങ്കര്‍, ചിത്ത ദര്‍ശന്‍, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പര്‍ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ രാമേശ്വരത്ത് പൂര്‍ത്തിയായി. ചെന്നൈ ഗോകുലം സ്റ്റുഡിയോയിലും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിലും റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരിക്കുന്ന എന്ന വിലൈ ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. മലയാളിയായ ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം സാം സി എസ് ആണ്. പോര്‍ തൊഴില്‍, ജനഗണമന, ഗരുഡന്‍ ഉള്‍പ്പെടെയുള്ള ഹിറ്റ് മലയാള ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റര്‍.
◾ 2024 ജൂലൈയില്‍ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ വില്‍പ്പനയില്‍ ഹ്യൂണ്ടായ് ക്രെറ്റ ഒന്നാം സ്ഥാനം നേടി. ഹ്യുണ്ടായ് ക്രെറ്റ ഈ കാലയളവില്‍ 23 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 17,350 യൂണിറ്റ് എസ്യുവികള്‍ വിറ്റു. വില്‍പ്പന പട്ടികയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവില്‍ 16 ശതമാനം വാര്‍ഷിക വര്‍ധനയോടെ മഹീന്ദ്ര സ്‌കോര്‍പിയോ മൊത്തം 12,237 യൂണിറ്റ് എസ്യുവികള്‍ വിറ്റു. മൂന്നാം സ്ഥാനത്താണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര. ഗ്രാന്‍ഡ് വിറ്റാര മൊത്തം 9,397 യൂണിറ്റ് എസ്യുവികള്‍ വിറ്റു. നാല് ശതമാനം ശതമാനം വാര്‍ഷിക വര്‍ദ്ധനവ്. പട്ടികയില്‍ മഹീന്ദ്ര എക്സ്യുവി 700 നാലാം സ്ഥാനത്താണ്. 7,779 യൂണിറ്റ് എസ്യുവികള്‍ വിറ്റു, 26 ശതമാനം വാര്‍ഷിക വര്‍ദ്ധനവ്. ടൊയോട്ട ഹൈറൈഡര്‍ അഞ്ചാം സ്ഥാനത്തായിരുന്നു. 119 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 7,419 യൂണിറ്റ് എസ്യുവികള്‍ വിറ്റു. കിയ സെല്‍റ്റോസ് ആറാം സ്ഥാനത്തായിരുന്നു. 45 ശതമാനം വാര്‍ഷിക ഇടിവോടെ കിയ സെല്‍റ്റോസ് മൊത്തം 5,347 യൂണിറ്റ് എസ്യുവികള്‍ വിറ്റു. മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ ടാറ്റ സഫാരി ഏഴാം സ്ഥാനത്താണ്. ടാറ്റ സഫാരി ഈ കാലയളവില്‍ 25 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 2,109 യൂണിറ്റ് കാറുകള്‍ വിറ്റു. ടാറ്റ ഹാരിയര്‍ ഈ വില്‍പ്പന പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു. ടാറ്റ ഹാരിയര്‍ ഈ കാലയളവില്‍ അഞ്ച് ശതമാനം വാര്‍ഷിക ഇടിവോടെ മൊത്തം 1,991 യൂണിറ്റ് കാറുകള്‍ വിറ്റു. ഇതുകൂടാതെ, ഈ വില്‍പ്പന പട്ടികയില്‍ എംജി ഹെക്ടര്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. ഹെക്ടര്‍ മൊത്തം 1,780 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു, ഇത് 15% വാര്‍ഷിക ഇടിവാണ്. ഫോക്‌സ്വാഗണ്‍ ടൈഗണ്‍ ഈ വില്‍പ്പന പട്ടികയില്‍ പത്താം സ്ഥാനത്താണ്. 18 ശതമാനം വാര്‍ഷിക ഇടിവോടെ മൊത്തം 1,564 യൂണിറ്റ് കാറുകള്‍ വിറ്റു.
◾ ആരാണയാളെ വെടിവെച്ചത്? സുന്ദരിയായ ആ പെണ്‍കൊടിക്ക് അതിലെന്താണു പങ്ക്? ശൈഖ് അസ്ഫൂര്‍ കാട്ടുന്നത്ര നിഗൂഢതകള്‍ അതിനുള്ളിലുണ്ടോ??? നാടിനെ ഉള്‍ക്കൊള്ളാത്ത, കെട്ടിയിറക്കപ്പെട്ട നിയമങ്ങളുടെ ഒരു കോടതി സംവിധാനം. അതിന്റെ ലീഗല്‍ ഓഫീസറായി ഈജിപ്ഷ്യന്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നൊരു യുവാവ്. അയാള്‍ക്കു മുന്നിലേക്കാണ് ഈ കൊലപാതകക്കേസെത്തുന്നത്. സ്വാര്‍ത്ഥബുദ്ധികളായ ഭരണവര്‍ഗ്ഗത്തിനും ജനക്ഷേമതത്പരരല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പൊതുജനം കടലാസുപണികളിലെ വിവരങ്ങള്‍ മാത്രമായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയാണയാള്‍. ഈ കോട്ടയില്‍നിന്നും എന്നാണിനിയൊരു മോചനം? കടലാസിലൊതുങ്ങാത്ത മനുഷ്യനെക്കാണാന്‍ എന്നാണിവര്‍ക്കൊക്കെ കഴിയുക? ആധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവല്‍. 'ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകള്‍'. പരിഭാഷ - എസ്.എ ഖുദ്സി. മാതൃഭൂമി. വില 187 രൂപ.
◾ നിങ്ങളുടെ മുടി എത്ര വേഗത്തില്‍ വളരുന്നു, ശരീരഭാരം എത്ര കൂടുന്നു അല്ലെങ്കില്‍ കുറയുന്നു, നിങ്ങളുടെ ശരീരം പഞ്ചസാര എങ്ങനെ പ്രോസസ്സ് ചെയ്യുന്നു, ആര്‍ത്തവചക്രം എന്നു തുടങ്ങി ശരീരത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് നിങ്ങളുടെ ശരീരത്തിലുള്ള ഹോര്‍മോണുകളാണ്. രക്തത്തിലൂടെ അവയവങ്ങള്‍, ചര്‍മം, കോശങ്ങള്‍ എന്നിവയോടെല്ലാം ആശയവിനിമയം നടത്തുന്ന രാസവസ്തുക്കളാണ് ഹോര്‍മോണ്‍. ശരീരത്തിലെ വിവിധ കോശങ്ങളും ഗ്രന്ഥികളുമാണ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. മനുഷ്യശരീരത്തില്‍ ഏതാണ്ട് 50-ലധികം തരം ഹോര്‍മോണുകള്‍ ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഏറ്റക്കുറച്ചിലുകള്‍ പലതരം ആരോഗ്യ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ഡയറ്റില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റുകള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ അമിതമായി നിയന്ത്രിക്കുന്നത് ഹോര്‍മോണ്‍ ബാലന്‍സ് കുഴപ്പത്തിലാക്കും. പ്രോട്ടീന്‍ ആണ് ഹോര്‍മോണുകളുടെ ബില്‍ഡിങ് ബ്ലോക്കുകള്‍ കൂടാതെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യം മോശമാകുന്നത് ഹോര്‍മോണ്‍ ബാലന്‍സ് ഇല്ലാതാക്കും. കുടലിന്റെ ആരോഗ്യം മോശമാകുക എന്നാല്‍ ഹോര്‍മോണ്‍ മെറ്റബോളിസത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയ കുറയുന്നു എന്നാണ് അര്‍ഥം. ഹോര്‍മോണ്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ദോഷകരമായ തന്മാത്രകളോട് പോരാടാന്‍ ആന്റി-ഓക്സിഡന്റുകള്‍ കൂടിയേ തീരൂ. വിട്ടുമാറാത്ത മാനസിക സമ്മര്‍ദം നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് തകിടം മറിക്കാം. സമ്മര്‍ദം ഉറക്കമില്ലായ്മയിലേക്കും സ്ട്രെസ് ഹോര്‍മോണ്‍ പുറന്തള്ളുന്നതിലേക്കും നയിക്കുന്നു. ദിവസവും ഉപയോഗിക്കുന്ന ചര്‍മസംരക്ഷണ വസ്തുക്കള്‍, പെര്‍ഫ്യൂം, പ്ലാസ്റ്റിക് വസ്തുക്കള്‍, സ്റ്റിറോയിഡുകള്‍, ചില മരുന്നുകള്‍ തുടങ്ങിയവ നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് കുഴപ്പത്തിലാക്കാം. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിനും ഉല്‍പാദനത്തിനും പരമപ്രധാനമാണ് വെള്ളം. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് കുഴപ്പത്തിലാക്കാം.