ബസും വാനും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ വയനാട് ദുരന്തത്തില്‍ ഉള്‍പ്പെട്ട ശ്രുതിയും ജെൻസണും ഉണ്ട്.
തലയ്ക്ക് പരിക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
വയനാട് ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെ കാണാതായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ബന്ധുവീട്ടിലായിരുന്നതിനാലാണ് ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ശ്രുതിയുടെ വിവാഹം ഡിസംബറില്‍ നടത്താൻ നിശ്ചയിച്ചിരുന്നു. കല്യാണാവശ്യത്തിനായി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടിയിരുന്നു. അതും ഉരുളെടുത്തു.
പത്ത് വർഷമായി പ്രണയത്തിലാണ് ശ്രുതിയും ജെൻസണും. ഇതിനിടെ അപ്രതീക്ഷിതമായാണ് ശ്രുതിയുടെ മാതാപിതാക്കളുടെയും അനുജത്തിയുടെയും ജീവൻ ഉരുള്‍ കവർന്നെടുക്കുന്നത്.