2024 | സെപ്റ്റംബർ 10 | ചൊവ്വ | ചിങ്ങം 25
◾ രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതനിര്‍ദ്ദേശം നല്‍കി. എംപോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്. 2022ല്‍ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു.
◾ സ്‌നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ്. സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തില്‍ ഒതുക്കാന്‍ നോക്കുകയാണെന്നും എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ലോകസ്ഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭരണഘടനയ്ക്കും മതവിശ്വാസത്തിനും സംസ്ഥാനങ്ങള്‍ക്കും എതിരായ ആക്രമം അനുവദിക്കാനാവില്ല എന്ന കാര്യം രാജ്യത്തെ ജനം തിരിച്ചറിഞ്ഞു എന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
◾ ആര്‍എസ്എസിനെ പറ്റി മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ലെന്നും അത് അറിയണമെങ്കില്‍ രാഹുല്‍ പല ജന്മം ജനിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യദ്രോഹിക്ക് ഒരിക്കലും ആര്‍എസ്എസ് എന്താണെന്ന് അറിയില്ലെന്നും ഇന്ത്യയെ ആക്ഷേപിക്കാനാണു രാഹുല്‍ വിദേശയാത്ര നടത്തുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു. ഇന്ത്യയുടെ മൂല്യങ്ങളില്‍നിന്നും സംസ്‌കാരത്തില്‍ നിന്നുമാണ് ആര്‍എസ്എസ് ജനിച്ചതെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
◾ 54ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കാന്‍സര്‍ മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും കേന്ദ്രധനമന്ത്രി അറിയിച്ചു. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും ഇന്നലത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
◾ ഓണം ഉത്സവബത്തയായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ എഡിജിപി എം.ആര്‍.അജിത്കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെയുള്ള ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന തിരിച്ചറിവില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനോടു സിപിഎം നേതൃത്വം നിര്‍ദേശിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു വിശ്വസ്തര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്ന സൂചന ശക്തമായി.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ദര്‍വേശ് സാഹേബും ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി. എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. സെക്രട്ടറിയേറ്റിലെ ഓഫീസിലായിരുന്നു യോഗം. പതിവ് കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് യോഗം ചേര്‍ന്നതെന്നാണ് വിവരം.
◾ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തില്‍ ഒറ്റയാള്‍ക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എ.ഡി.ജി.പിക്കെതിരായ സര്‍ക്കാരിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
◾ എഡിജിപി എംആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കര്‍ എ. എന്‍ ഷംസീര്‍. എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും, ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി.
◾ എഡിജിപി എംആര്‍ അജിത്കുമാര്‍- ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയെക്കുറിച്ച് സ്പീക്കര്‍ ഷംസീര്‍ നടത്തിയ പ്രസ്താവന സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ആണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിക്ഷ്പക്ഷനായിരിക്കേണ്ട സ്പീക്കര്‍ സിപിഎമ്മിന്റെ സൂപ്പര്‍ സെക്രട്ടറി കളിക്കുകയാണെന്നും സിപിഎം നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ് സ്പീക്കര്‍ പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.
◾ കേരളത്തില്‍ സിപിഎം - ബിജെപി അന്തര്‍ധാര സജീവമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
◾ നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന കടുത്ത വിമര്‍ശനങ്ങളെ തള്ളി ഇടത് മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. നവകേരളത്തെ മുന്നോട്ട് നയിക്കുന്ന പിണറായി വിജയന്‍ ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയില്‍ എത്തിയതെന്നും, ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും റസാഖ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
◾ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് എം എല്‍ എ പി.വി. അന്‍വര്‍ വീണ്ടും ആവശ്യപ്പെട്ടു. അജിത് കുമാര്‍ ചുമതലയില്‍നിന്ന് മാറുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ്. പൊലീസിന്റെ പ്രവര്‍ത്തനം ശരിയല്ലെന്നും, തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ അടക്കം എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നുമാണ് യുവജന സംഘടനയുടെ ആവശ്യം.
◾ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. അബിന്‍ വര്‍ക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.
◾ കോടികള്‍ ചെലവിട്ട് സംഘടിപ്പിച്ച നവകേരള സദസ്, എന്റെ കേരളം പദ്ധതികളുടെ നടത്തിപ്പില്‍ വലിയ തട്ടിപ്പ് നടന്നതായും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി മുഖ്യപങ്കുവഹിച്ചുവെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന അഴിമതികളില്‍ അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
◾ സിനിമാ മേഖലയിലെ ലൈംഗിക പീഡന പരാതികളില്‍ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. എം.എല്‍.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികള്‍ക്ക് എത്രയും വേഗത്തില്‍ നോട്ടീസ് നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ നടന്മാര്‍ പലരും നേരത്തെ തന്നെ കോടതികളില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് ഇത് ബാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
◾ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയില്‍ 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
◾ മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് ഡബ്ലുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു. ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
◾ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ് ഇടക്കാല ഉത്തരവ്.
◾ ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിക്കാന്‍ ലോകബാങ്കിന് താത്പര്യം ഉള്ളതായി അവര്‍ അറിയിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
◾ മെഡിസെപ്പ് പദ്ധതിയില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍. ഇതില്‍ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കായാണ് നല്‍കിയതെന്നും ധനകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◾ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
◾ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലില്‍ കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍. അഭിഭാഷക പാനലിലേക്ക് രണ്ട് വര്‍ഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
◾ ചങ്ങനാശ്ശേരി വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയില്‍ തകര്‍ന്ന മതില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മിക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. നിര്‍മാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റില്‍നിന്ന് ഈടാക്കാനും നിര്‍ദേശിച്ചു.
◾ കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം വെളളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി. കേസ് അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച കുടുംബം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇത് പരാതിയായി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
◾ പാംമ്പ്ള ഡാം പുലര്‍ച്ചെ ഒരു മണി മുതല്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി കളക്ടര്‍. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ബെംഗളൂരുവിലെ ബി.ജെ.പി ഓഫീസില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
◾ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്താത്തതോടെ ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന സൂചനയുമായി ആം ആദ്മി പാര്‍ടി. തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും 90 സീറ്റിലേക്കും സ്ഥാനാര്‍ഥികളായെന്നും പാര്‍ടി ദേശീയ വക്താവ് സജ്ഞയ് സിങ് എംപി പറഞ്ഞു. പത്ത് സീറ്റ് ആവശ്യപ്പെട്ട എഎപിക്ക് മുന്നില്‍ നാല് മുതല്‍ ആറ് സീറ്റ് വരേയേ നല്‍കാനാകൂ എന്ന നിലപാടാണ് കോണ്‍ഗ്രസ് വെച്ചത്.
◾ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 20 പേരുടെ പട്ടികയാണ് എ.എ.പി. പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല- കിലോയിലും ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
◾ സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലേറിഞ്ഞു. തൗബാലില്‍ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി. സംഘര്‍ഷത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
◾ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായരംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.
◾ ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കി സിറിയ. ഇന്ത്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറിയ ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയത്.
◾ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് പരിഷ്‌കരിച്ചു. സെപ്റ്റംബര്‍ ഏഴുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. പ്രതിവര്‍ഷം 9.10 ശതമാനത്തിനും 9.45 ശതമാനത്തിനും ഇടയിലാണ് പുതുക്കിയ എംസിഎല്‍ആര്‍ നിരക്കുകള്‍. മൂന്ന് മാസ കാലാവധിയുള്ള എംസിഎല്‍ആറിന്റെ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. മറ്റു കാലാവധിയിലുള്ള എംസിഎല്‍ആര്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 3 മാസം കാലാവധിയുള്ള എംസിഎല്‍ആറില്‍ അഞ്ചു ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 9.25 ശതമാനത്തില്‍ നിന്ന് 9.30 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ 9.10 ശതമാനവും ഒരു മാസത്തെ നിരക്ക് 9.15 ശതമാനവുമാണ്. 6 മാസത്തെ നിരക്ക് 9.40 ശതമാനമായി തുടരും. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം കാലാവധിയുള്ള നിരക്കുകള്‍ മാറ്റമില്ലാതെ 9.45 ശതമാനമായി തുടരും.
◾ രജനികാന്ത് നായികനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം വേട്ടയ്യനിലെ 'മനസിലായോ' ഗാനം റിലീസ് ചെയ്തു. തമിഴും മലയാളവും കലര്‍ന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. സൂപ്പര്‍ സുബു, വിഷ്ണു എടവന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍ വാസുദേവന്‍, അനിരുദ്ധ് രവിചന്ദര്‍, ദീപ്തി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്. മലേഷ്യ വാസുദേവന്റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉള്‍പ്പെടുത്തിയത്. ഫെസ്റ്റിവല്‍ മോഡില്‍ എത്തിയ ഗാനത്തില്‍ രജനികാന്തിനൊപ്പം തകര്‍ത്താടുന്ന മഞ്ജുവാര്യരെ കാണാനാകും.
◾ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ കടന്നു പോവുന്നത്. ഇറങ്ങുന്ന പടങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി പരാജയപ്പെടുകയാണ്. അതിനിടെ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. തന്റെ കരിയറില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള പ്രിയദര്‍ശനൊപ്പമാണ് അക്ഷയ് ഒന്നിക്കുന്നത്. 'ഭൂത് ബംഗ്ലാ' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രം 2025ല്‍ തിയറ്ററില്‍ എത്തും. 14 വര്‍ഷത്തിനു ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്നത്. പാത്രത്തിലെ പാല്‍ നക്കിക്കുടിക്കുന്ന അക്ഷയ് കുമാറിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണാനാവുക. താരത്തിന്റെ തോളിലായി കറുത്ത പൂച്ചയേയും കാണാം. ഹൊറര്‍ കോമഡി ചിത്രമായിരിക്കും എന്നാണ് സൂചന.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ സെവന്‍ സീറ്റര്‍ എസ്യുവിയായ അല്‍ക്കസാറിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ക്രെറ്റ അടിസ്ഥാനമാക്കിയുള്ള ഈ എസ്യുവി ഒരു മിഡ്-സൈക്കിള്‍ റിഫ്രഷിനായി ദീര്‍ഘനാളായി കാത്തിരിക്കുകയായിരുന്നു. ഹ്യുണ്ടായ് അല്‍ക്കസാര്‍ ഫെയ്സ്ലിഫ്റ്റ് 2024ന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 14.99 ലക്ഷം രൂപയും ഡീസല്‍ വേരിയന്റുകള്‍ക്ക് 15.99 ലക്ഷം രൂപയുമാണ് സ്‌പെഷ്യല്‍ പ്രാരംഭ വില. 1.5ലി ഡീസല്‍, 1.5ലി ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 4-സിലിണ്ടര്‍ യൂണിറ്റാണ് ഓയില്‍ ബര്‍ണര്‍. ഇത് 115 എച്ച്പിയും 250 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇതിന് രണ്ട് ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ ഉണ്ട്.
◾ അനാഥാലയത്തില്‍ വളര്‍ന്ന്, അറിവിന്റെ കരുത്തില്‍ വെല്ലുവിളികളെ അതിജീവിച്ച്, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ഹിന്ദി-മലയാളം ഭാഷകള്‍ക്കും സാഹിത്യത്തിനും അമൂല്യസംഭാവനകള്‍ നല്‍കിയ ഡോ. ആര്‍സുവിന്റെ ആത്മകഥ. 'അനാഥാലയത്തില്‍ നിന്ന് വിശ്വവിദ്യാലയത്തിലേക്ക്'. ഡോ ആര്‍സു. മാതൃഭൂമി ബുക്സ്. വില 266 രൂപ.
◾ രാത്രി വൈകി കിടക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത 50 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. വൈകി ഉറങ്ങാനും വൈകി ഉണരാനുമാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നത്. പലരിലും ഇത്തരം ശീലങ്ങള്‍ക്ക് കാരണം ഒരു പക്ഷെ പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണെന്നും പഠനം പറയുന്നു. ഈ ശീലം അമിതവണ്ണത്തിനും ടൈപ്പ് 2 ഡയബറ്റിസ്, വിട്ടുമാറാത്ത രോഗത്തിനും ഇടയാക്കും. വൈകി ഉറങ്ങുന്നവര്‍ക്ക് ശരീരം അമിതമായി വണ്ണം വെക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ വൈകി ഉറങ്ങുന്ന ശീലം എത്രത്തോളം ശരീരത്തിലെ കൊഴുപ്പിനെ ബാധിക്കുന്നുവെന്ന് വ്യക്തമല്ല, നെതര്‍ലന്‍ഡ്സ് എപ്പിഡെമിയോളജി ഓഫ് ഒബിസിറ്റി പഠനത്തില്‍ രജിസ്റ്റര്‍ ചെയ്ത 5,000-ത്തിലധികം ആളുകളില്‍ ഉറക്കസമയം, പ്രമേഹം, ശരീരത്തിലെ കൊഴുപ്പ് വിതരണം എന്നിവ തമ്മിലുള്ള ബന്ധം പഠിച്ചു. അമ്പത് വയസ് പ്രായമുള്ളവര്‍, അവരുടെ സാധാരണ എഴുന്നേല്‍ക്കുന്നതിന്റെയും ഉറക്കത്തിന്റെയും സമയ വിവരങ്ങള്‍ നല്‍കി. ഏര്‍ളി ക്രോണോടൈപ്പ്, ലേറ്റ് ക്രോണോ ടൈപ്പ്, ഇന്റര്‍മീഡിയറ്റ് ക്രോണോടൈപ്പ് എന്നിങ്ങനെമൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഇവരെ ഏഴ് വര്‍ഷത്തോളം നിരീക്ഷിച്ചു. ആ സമയത്ത്, 225 പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. പ്രായം, ലിംഗം, വിദ്യാഭ്യാസം, മൊത്തത്തിലുള്ള ശരീരത്തിലെ കൊഴുപ്പ്, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ നിലവാരം, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ എന്നിവയുടെ ഫലങ്ങള്‍ ക്രമീകരിച്ചതിന് ശേഷം, കാലക്രമേണ വൈകിയുള്ള പങ്കാളികള്‍ക്ക് പ്രമേഹസാധ്യതയുള്ളവരേക്കാള്‍ 46% കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.