Click to learn more 👇

'സ്വര്‍ണക്കടത്തില്‍ പ്രതികളാകുന്ന സ്ത്രീകളെ പോലീസുകാര്‍ ലൈംഗികമായി ഉപയോഗിച്ചു'; വീണ്ടും ഗുരുതര ആരോപണവുമായി അൻവര്‍; മൊഴിയെടുക്കല്‍ നീണ്ടത് പത്തുമണിക്കൂറോളം


 

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനും പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസിനുമെതിരേ പി.വി. അൻവർ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അൻവറിന്റെ മൊഴിയെടുത്തത്.


പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിശദമായി മൊഴി നല്‍കിയെന്ന് പി.വി. അൻവർ പറഞ്ഞു. എസ്.പി. ഓഫീസിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തത്. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിവിധ മുതലാളിമാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്നും ഇതിലൂടെ സുജിത് ദാസ് കോടികള്‍ ഉണ്ടാക്കിയെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ പ്രതികളാകുന്ന സ്ത്രീകളെ പോലീസുകാര്‍ ലൈംഗികമായി ഉപയോഗിച്ചെന്നും ഉന്നത ഉദ്യോഗസ്ഥര്‍, ഡാന്‍സാഫ് ഉള്‍പ്പടെയുള്ളവര്‍ ആണ് സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.


‘ഇനി വരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഈ ക്രിമിനല്‍ സംഘം ഒരുപാട് സ്ത്രീകളെ പല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. സ്വർണം കൊണ്ടുവന്ന സ്ത്രീകളെ കാര്യം എടുക്കാനില്ല. വേട്ടനായകളെ പോലെ അവരുടെ പിന്നാലെയാണ്. അത്രയും വൃത്തികെട്ടവന്മാരാണ്. പല സ്ത്രീകള്‍ക്കും ഇത് പുറത്ത് പറയാന്‍ ധൈര്യമല്ല. ലൈംഗികമായി ചൂഷണം ചെയ്തു എന്ന് മാത്രമല്ല ലൈംഗിക വൈകൃതമുള്ളവരാണ് ഇവരില്‍ പലരും. ഡാൻസാഫിന്റെ ഒട്ടുമിക്ക ആളുകളും ഇതിലുണ്ട്’- പി.വി. അൻവർ ആരോപിച്ചു.


പൊന്നാനിയിലെ പീഡന പരാതിയില്‍ എന്തുകൊണ്ടാണ് കേസ് എടുക്കാത്തത്. ഇതില്‍ കേസ് എടുക്കണം. പൊന്നാനിയിലെ കേസില്‍ ഇതുവരെ എഫ്‌ഐആര്‍ ഇട്ടില്ല. ഇരുപത് വർഷം മുമ്ബുള്ള ആരോപണങ്ങളില്‍ മുകേഷ് എം.എല്‍.എയ്ക്കടക്കം ഒരു അന്വേഷണ റിപ്പോർട്ടും ഇല്ലാതെ എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെതിരേ ബലാത്സംഗ വെളിപ്പെടുത്തലുമായി ഇതുവരെ ഒരു സ്ത്രീ എത്തിയിട്ടും എഫ്.ഐ.ആർ.ഇട്ട് അന്വേഷിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് പോലീസ് മുങ്ങിക്കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.


പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വീണ്ടും പി.വി. അൻവർ ആരോപണമുന്നയിച്ചു. പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശനെന്നാണ് അൻവർ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എം.ആർ. അജിത് കുമാറും വി.ഡി. സതീശനും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പുനർജ്ജനി കേസ് അട്ടിമറിക്കാൻ ആർ.എസ്.എസ്. നേതാക്കളെ സതീശൻ കണ്ടുവെന്നും അദ്ദേഹം ആരോപിച്ചു.


രാവിലെ 11.30ഓടെയാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. രാത്രി ഒമ്ബതരയോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. മൊഴിയെടുക്കല്‍ പത്തുമണിക്കൂറോളം നീണ്ടു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്.

കിട്ടിയ തെളിവുകള്‍ കൈമാറിയെന്നും മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ടെന്നും പിവി അന്‍വര്‍ മൊഴിയെടുപ്പിനുശേഷം പ്രതികരിച്ചു. മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്ബറില്‍ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.350 വിവരങ്ങളാണ് ഇതിനോടകം വന്നത്. പൊലീസിനെതിരായ പരാതികള്‍ പരിശോധിക്കാൻ വേറെ സംവിധാനവും പരിശോധിക്കുന്നുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക