Click to learn more 👇

വിക്കറ്റ് വീഴ്ത്തി അൻവർ; ക്രമസമാധാനചുമതലയില്‍ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റും


 

പി.വി.അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ക്രമസമാധാനചുമതലയില്‍ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റും. മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റുന്നത്. 


ആ സ്ഥാനത്തേക്ക് ക്രൈം ബ്രാഞ്ച് മേധാവി എച്ച്‌. വെങ്കിടേഷ്, ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇതിനൊപ്പം സ്പെഷ്യല്‍ ബ്രാഞ്ച് എഡിജിപി മനോജ് എബ്രഹാമിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.


ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണമുണ്ടാകുമെങ്കിലും സസ്പെൻഷൻ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിവരം. ക്രമസമാധാനത്തിന് പുറമെ ബി ബറ്റാലിയന്റെ ചുമതലകൂടി അജിത് കുമാറിനുണ്ട്. ക്രമസമാധാന ചുമതല ഒഴിവാക്കി ബറ്റാലിയൻ ചുമതല മാത്രമാക്കി നിലനിർത്തി സസ്പെൻഷൻ ഒഴിവാക്കിയേക്കുമെന്നാണ് കരുതുന്നത്. ഇതല്ലെങ്കില്‍ പോലീസില്‍നിന്ന് മാറ്റി മറ്റേതെങ്കിലും യൂണിഫോം സർവീസിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. ഇങ്ങനെയാണെങ്കില്‍ ജയില്‍ വകുപ്പിലേക്കാവും മാറ്റമുണ്ടാകുക.


അജിത്കുമാറിനെതിരെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത് പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍, എഡിജിപി എം.ആർ.അജിത്കുമാറിനെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ഫയർ ഫോഴ്സ് മേധാവി കെ. പത്മകുമാർ ഇവരിലാരെങ്കിലുമാകും അജിത് കുമാറിനെതിരെ അന്വേഷണം നടത്തുകയെന്നാണ് വിവരം. അൻവറിന്റെ ആരോപണത്തില്‍ ഡിജിപി എസ്. ദർവേഷ് സാഹിബുമായി കോട്ടയത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക