2024 | ഒക്ടോബർ 29 | ചൊവ്വ | തുലാം 13 |
◾ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ 12 മണിക്ക് ശേഷമായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
◾ തൃശൂര്‍ പൂരം കലങ്ങി എന്നല്ല കലക്കാന്‍ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്നും തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
◾ തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പൂരം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം പൂരം കലങ്ങിയില്ല എന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നുവെന്നും ഇനി അന്വേഷണത്തിന് എന്തു പ്രസക്തിയെന്നും ചോദിച്ച രമേശ് ചെന്നിത്തല പൂരം കലക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ സിപിഐ നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
◾ പൂരം കലക്കി എന്നതില്‍ യാതൊരു സംശയവുമില്ലെന്നും മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിതെന്നും സിപിഐ നേതാവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന ആവര്‍ത്തിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയാണ് സുനില്‍കുമാറിന്റെ പ്രതികരണം.
◾ താമസിച്ചാല്‍ മാറ്റിവെച്ചു നടത്താന്‍ സര്‍ക്കാര്‍ ഓഫീസിലെ പരിപാടിയാണോ വെടിക്കെട്ടെന്നും വെടിക്കെട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പൂരം കലക്കലില്‍ മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കും എന്നത് കൊണ്ടാണെന്നും മുന്നണിയിലെ ഘടക കക്ഷികളെ പോലും തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തിയും വെട്ടിക്കെട്ട് മനപൂര്‍വ്വം വൈകിച്ചും തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂര്‍ പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെതന്നും അദ്ദേഹം ചോദിച്ചു
◾ തൃശ്ശൂര്‍ പൂരം കലങ്ങിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായി വി.മുരളീധരന്‍. മറ്റ് മതവികാരങ്ങളുടെ പിന്തുണ നേടാന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്നും ഇതിനേക്കാള്‍ ഭയങ്കരമായി ഭാവിയില്‍ പൂരം കലക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് മനസിലാകുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പുതിയ എഫ്.ഐ.ആറിലൂടെ ദേവസ്വം ഭാരവാഹികളുടെ പേരില്‍ കേസ് എടുക്കാനാണ് നീക്കമെങ്കില്‍ ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നാല്‍ ഉത്തരവാദി പിണറായി മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
◾ പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലന്‍സിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വണ്ടിയിലാണ് താന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നവെന്നാണ് ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ പറഞ്ഞത്. ഏതു മാര്‍ഗവും ഉപയോഗിച്ച് സുരേഷ് ഗോപിയെ അവിടെ എത്തിക്കണമെന്നുള്ളതായിരുന്നു തീരുമാനമെന്നും അനീഷ് കുമാര്‍ പറഞ്ഞിരുന്നു.
◾ ചതിയന്മാരുടെ പാര്‍ട്ടിയില്‍ നില്‍ക്കണോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പരിശോധിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന്‍ തെളിയിക്കണമെന്നും എകെ ബാലന്‍ പറഞ്ഞു. കെ കരുണാകരനെ പറ്റി പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതെന്നും അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതൃപ്തിയിലാണെന്നും എകെ ബാലന്‍ പറഞ്ഞു.
◾ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍. 2029ല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്നും തോല്‍വി മുന്നില്‍ കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി ഉറപ്പായും മത്സരിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്ലാം പറയുന്നത് കേട്ട് എടുത്ത് ചാടാന്‍ ഇനി ഇല്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
◾ തന്നെ സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ കണ്‍വന്‍ഷനിലെത്തി സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്നും പത്തുപേര് തികച്ച് ബിജെപി യ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
◾ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ 'പൊളിറ്റിക്കല്‍ ടൂറിസ്റ്റ്' എന്ന് വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് സി.ആര്‍ കേശവന്‍. രാഹുല്‍ ഗാന്ധിയെപ്പോലെ തന്നെ പ്രിയങ്ക ഗാന്ധിയേയും വിശ്വസിക്കാന്‍ കഴിയില്ലെന്നും അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേതെന്നും സി.ആര്‍ കേശവന്‍ ആരോപിച്ചു.
◾ വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടി ശക്തമായ ഇടപെടല്‍ നടത്തുമെന്നും രാത്രിയാത്രാ നിരോധനം നീക്കാനും മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ഇടപെടുമെന്നും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതിലൂടെ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുകയാണെന്നും നിങ്ങള്‍ എന്നെ തിരഞ്ഞെടുത്താല്‍ അത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
◾ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട് ലോക്സഭ മണ്ഡലത്തില്‍ 16 ഉം പാലക്കാട് 12 ഉം ചേലക്കരയില്‍ 7 ഉം സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 നാണ്.
◾ സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂര്‍. എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. സമസ്ത ജോയിന്റ് സെക്രട്ടറിയായ ഉമര്‍ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറിയെ മറികടന്ന് ജോയിന്റ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ സിനിമാ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയെന്നും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്.
◾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഏറെക്കാലമായി കോളേജില്‍ എത്തുന്നില്ലെന്നും കൃത്യമായ കാരണം അറിയിച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും എറണാകുളം മഹാരാജാസ് കോളേജ് അധികൃതര്‍. എന്നാല്‍ എക്സിറ്റ് ഓപ്ഷന്‍ എടുത്ത് പഠനം അവസാനിപ്പിക്കുകയണെന്ന് ആര്‍ഷോ മഹാരാജാസ് കോളേജിനെ അറിയിച്ചു. ആദ്യ ആറു സെമസ്റ്റര്‍ പരീക്ഷകള്‍ പൂര്‍ണമായി ജയിക്കാത്തതിനാല്‍ എക്സിറ്റ് ഓപ്ഷന്‍ നല്‍കുന്നതില്‍ കോളേജ് അധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടി.
◾ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നതിനിടെ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വന്ന 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
◾ ദീപാവലി ആഘോഷങ്ങളില്‍ നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹരിത പടക്കങ്ങള്‍ മാത്രമേ സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
◾ തലശ്ശേരിയില്‍ 2011 ല്‍ സിപിഎം പ്രവര്‍ത്തകന്‍ അഷ്റഫിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രനു ബാബു, നിധീഷ്, ഷിജില്‍, ഉജേഷ് എന്നിവരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അഷ്റഫിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
◾ കൊച്ചി ചിറ്റൂരില്‍ തൊടുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലാര്‍ ബസിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു. ബസ്സിന്റെ അടിയില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
◾ താമശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം. ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ക്രമാതീതമായ വാഹന തിരക്കാണ് ചുരത്തില്‍ അനുഭപ്പെടുന്നത്. ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നതോടെ ബ്ലോക്ക് പതിവായിരുന്നു.
◾ കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ അപകടത്തില്‍ മരണം മൂന്നായി. ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖ, ശോഭ, യശോദ എന്നിവരാണ് മരിച്ചത്.
◾ എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ വരച്ചു നല്‍കുന്ന ജോലി ചെയ്യുന്ന ഷീജ ഒരു കെട്ടിടത്തിന് വരച്ച് കൊടുത്ത പ്ലാനുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ കളക്ടേറ്റില്‍ എത്തിയ ഷീജ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആശങ്ക പരത്തിയെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു.
◾ നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലി ഇന്നലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്.
◾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയെന്ന് സിപിഎം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 84.8 ലക്ഷം തൊഴിലാളികള്‍ ഒഴിവാക്കപ്പെട്ടതായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചുള്ള ഗവേഷക കൂട്ടായ്മയായ 'ലിബ്‌ടെക്'പഠനം ഉയര്‍ത്തിയാണ് സിപിഎം വിമര്‍ശനം. തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തൊഴിലാളികളാണ് കൂടുതല്‍ ഒഴിവാക്കപ്പെട്ടത്.
◾ തമിഴക വെട്രി കഴകം അധ്യക്ഷന്‍ നടന്‍ വിജയ്‌ക്കെതിരേ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും. വിജയ് പ്രഖ്യാപിച്ച തമിഴക വെട്രി കഴകത്തിന്റെ പ്രത്യയശാസ്ത്രം, തങ്ങളുടേത് കോപ്പിയടിച്ചതാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ എല്ലാ പാര്‍ട്ടികളില്‍നിന്നും എടുത്ത കോക്ടെയില്‍ പ്രത്യയശാസ്ത്രമാണ് ടി.വി.കെയുടേതെന്നും പഴയ വൈന്‍ പുതിയ കുപ്പിയില്‍ ആക്കിയിരിക്കുന്നതാണെന്നും എ.ഐ.എ.ഡി.എം.കെ. വക്താവ് കോവൈ സത്യനും വിമര്‍ശിച്ചു.
◾ വിമാനങ്ങള്‍ക്കുണ്ടായ ബോംബ് ഭീഷണിയുടെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഒക്ടോബര്‍ പതിനാല് മുതല്‍ ആകെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്.
◾ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ഇന്നലെ 328 ആയി. വായുമലിനീകരണതോത് ഗുരുതരാവസ്ഥയിലേക്ക് മാറിയ സാഹചര്യത്തില്‍ മലിനീകരണം കുറയ്ക്കാന്‍ ദീപാവലിക്ക് പടക്ക നിരോധനമേര്‍പ്പെടുത്തിയ ദില്ലി സര്‍ക്കാര്‍ ഹിന്ദു വിരോധികളാണെന്ന് ബിജെപി വിമര്‍ശിച്ചു.
◾ ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
◾ ജനന നിരക്ക് ഗണ്യമായി കുറഞ്ഞ ചൈനയില്‍ ആയിരക്കണക്കിന് കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാലാണ് രാജ്യത്ത് വ്യാപകമായി കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നത്.
◾ ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് പരാതി നല്‍കി. ഒക്ടോബര്‍ 26-ന് ഇറാനില്‍ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സര്‍ക്കാര്‍ വക്താവ് ബാസിം അലവാദി പറഞ്ഞു.
◾ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വരുന്ന ഐപിഎല്‍ സീസണില്‍ നിക്കോളാസ് പുരാന്‍ നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ കെ എല്‍ രാഹുല്‍ ഫ്രാഞ്ചൈസി വിടുമെന്ന് ഉറപ്പായി. താരം ഐപിഎല്‍ മെഗാ ലേലത്തിനുണ്ടാവും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ പ്രധാനമായും ശ്രമിക്കുക.
◾ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ത്യന്‍ വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു മാസത്തിനിടെ ഒരു ലക്ഷം കോടിയുടെ ഓഹരി വിറ്റഴിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ 2020 മാര്‍ച്ചില്‍ 65,000 കോടിയുടെ വില്‍പനയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നടത്തിയതെങ്കില്‍ 2024 ഒക്ടോബര്‍ അവസാനിക്കാന്‍ ദിവസം ബാക്കിനില്‍ക്കെ 1,00,242.17 കോടിയുടെ വില്‍പനയാണ് അവര്‍ നടത്തിയത്. തുടര്‍ച്ചയായ ഈ വില്‍പന വിപണിയുടെ കുതിപ്പിന് തടയിട്ടിരിക്കുകയാണ്. വലിയൊരു വിഭാഗം നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ നഷ്ടത്തിലായി. 97,000 കോടിയിലേറെ രൂപയുടെ വാങ്ങലാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഈ മാസം നടത്തിയത്. രണ്ടുലക്ഷം കോടിയോളം നീക്കിയിരിപ്പുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ പണമൊഴുക്കിയില്ലായിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിരിച്ചുവരുന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നല്ലൊരു കുതിപ്പിന് സാധ്യതയുണ്ട്.
◾ മിമിക്രി ആര്‍ടിസ്റ്റും നടനുമായ കലാഭവന്‍ പ്രജോദ് സംവിധായനാകുന്നു. സിനിമയുടെ കാസ്റ്റിങ് കോള്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള പ്രമേയമാകും ചിത്രത്തിന്റേതെന്നാണ് സൂചന. മാര്‍ഷ്യല്‍ ആര്‍ട്സില്‍ പ്രാഗല്‍ഭ്യമുള്ള 18നും 24നും ഇടയിലുള്ള പുരുഷന്മാരും 30നും 48നും ഇടയിലുള്ള മാര്‍ഷ്യല്‍ ആര്‍ട്സ് പ്രഗത്ഭരെയുമാണ് ഈ ചിത്രത്തിലേക്കു തേടുന്നത്. 18നും 24നും ഇടയില്‍ മാര്‍ഷ്യല്‍ ആര്‍ട്സില്‍ പ്രാഗല്‍ഭ്യം ഉള്ളവര്‍ kalabhavanprajodmovie1@gmail.com എന്ന ഇമെയില്‍ ഐഡിയിലെക്കും 30നും 48നും ഇടയില്‍ പ്രാഗല്‍ഭ്യം ഉള്ളവര്‍ kalabhavanprajodmovie2@gmail.com എന്ന ഇമെയിലിലും പ്രൊഫൈല്‍ അയയ്ക്കണം. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
◾ 'സിങ്കം എഗെയ്ന്‍' ടൈറ്റില്‍ ട്രാക്കിന് 2 കോടിയിലധികം വ്യൂ്സ്
അജയ് ദേവ്ഗണ്‍ ബിഗ് സ്‌ക്രീനിലെ തന്റെ ഹിറ്റ് കഥാപാത്രം ബജിറാവു സിങ്കമായി മൂന്നാം തവണ എത്തുന്ന ചിത്രമാണ് 'സിങ്കം എഗെയ്ന്‍'. അജയ്ക്കൊപ്പം ഇക്കുറി വമ്പന്‍ താരനിരയെയാണ് രോഹിത് ഷെട്ടി ഇറക്കുന്നത്. കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജീക്കി ഷ്രോഫ് എന്നിങ്ങനെ നീളുന്നു ആ നിര. ഒപ്പം സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ടൈറ്റില്‍ ട്രാക്ക് ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. രവി ബസ്റൂര്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ ട്രാക്കിന് വരികള്‍ എഴുതിയിരിക്കുന്നത് സ്വാനന്ത് കിര്‍ക്കിറെ ആണ്. ആലപിച്ചിരിക്കുന്നത് സന്തോഷ് വെങ്കി. ഒരു ദിവസം കൊണ്ട് 2 കോടിയിലധികം കാഴ്ചകളാണ് ടൈറ്റില്‍ ട്രാക്കിന് യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിലെ ഗാനങ്ങള്‍ രവി ബസ്റൂറിനൊപ്പം തമന്‍ എസും ഒരുക്കിയിട്ടുണ്ട്.
◾ ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് 92672 കാറുകള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാന്‍ ഹോണ്ട കാര്‍സ് ഇന്ത്യ. 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയില്‍ നിര്‍മിച്ച അമേസ്, സിറ്റി, ബിആര്‍വി, ജാസ്, ഡബ്ല്യുആര്‍വി തുടങ്ങിയ വാഹനങ്ങളെയാണ് തിരിച്ചു വിളിച്ച് പരിശോധിക്കുന്നത്. ഫ്യുവല്‍ പമ്പ് സ്പെയര്‍പാര്‍ട്ടായി മാറിയ 2204 യൂണിറ്റ് വാഹനങ്ങളും ഈ കൂട്ടത്തില്‍ പെടും. തകരാര്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നാണ് ഹോണ്ട അറിയിക്കുന്നത്. തകരാറിലായ ഇംപെല്ലറുള്ള ഫ്യുവല്‍ പമ്പ് മൂലം വാഹനം പെട്ടെന്ന് ഓഫാകാനും പിന്നീട് സ്റ്റാര്‍ട്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് ഹോണ്ട പറയുന്നു. നവംബര്‍ അഞ്ചു മുതലാണ് കമ്പനി വാഹനങ്ങള്‍ ഘട്ടം ഘട്ടമായി തിരിച്ചുവിളിക്കുന്നത്. അമേസിന്റെ 18,851 യൂണിറ്റുകള്‍, ബ്രിയോയുടെ 3,317 യൂണിറ്റുകള്‍, ബിആര്‍-വിയുടെ 4,386 യൂണിറ്റുകള്‍, സിറ്റിയുടെ 32,872 യൂണിറ്റുകള്‍, ജാസിന്റെ 16,744 യൂണിറ്റുകള്‍, ഡബ്ല്യുആര്‍-വിയുടെ 14,298 യൂണിറ്റുകള്‍ എന്നിവയെയാണ് തിരിച്ചു വിളിക്കുന്നത്.
◾ കാലം ചില പരിണാമങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അത് വ്യക്തിജീവിതത്തിലായാലും സമൂഹത്തിലായാലും. ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ് ആകാശച്ചില്ലകള്‍. ദേശാടനപ്പക്ഷികളില്‍നിന്ന് ജീവിതം ഗതിമാറിയൊഴുകിയ പവിത്രയും ജിബിയയും കഠിനകാലങ്ങളെ അതിജീവിച്ച് ഉയരങ്ങള്‍ കീഴടക്കുന്ന അപൂര്‍വ്വ കാഴ്ച. പരിചരണ ലോകത്തിലെ അകക്കാഴ്ചകളും, പുരുഷമേധാവിത്വ പ്രവണതകള്‍ക്കു നേരെയുള്ള വെല്ലുവിളികളും, കൂടെപ്പിറപ്പുപോലും നല്‍കാത്ത സ്നേഹവും വിശ്വാസവും പകരുന്ന സൗഹൃദത്തിന്റെ മനോഹാരിതയും വെളിപ്പെടുത്തുന്ന കൃതി. ഒറ്റയ്ക്കു നില്‍ക്കുന്ന ജീവിതങ്ങളെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള താന്‍പോരിമയും ആതുരസേവനരംഗത്തെ നഴ്സുമാരുടെ വര്‍ത്തമാനകാല സാന്നിധ്യവുമാണ് ഈ നോവല്‍. മനുഷ്യകുലത്തിന് എന്നും കരുണയുടെയും സേവനത്തിന്റെയും തണലാകുന്നവരുടെ കഥ. 'ആകാശച്ചില്ലകള്‍'. ജോയ്‌സി. ഗ്രീന്‍ ബുക്സ്. വില 503 രൂപ.
2222222222222222222222222222
◾ തലച്ചോറിനേല്‍ക്കുന്ന അറ്റാക്കാണ് സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരികയും തുടര്‍ന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇതു മൂലം ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരുന്നു. ആന്റി ഓക്‌സിഡന്റുകള്‍, ആരോഗ്യപരമായ കൊഴുപ്പുകള്‍, ഫൈബര്‍ എന്നിവയടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മത്സ്യം, നട്‌സ് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നതിന് സഹായകമാണ്. കൃത്യമായ വ്യായാമം ചെയ്താല്‍ ശരീരത്തില്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് സ്‌ട്രോക്കിനെ തടയാന്‍ സഹായിക്കും. ആരോഗ്യപരമായ മാനസിക നിലയും സ്‌ട്രെസ്സും കുറക്കാന്‍ വ്യായാമം ഏറെ ഗുണം ചെയ്യും. സ്‌ട്രോക്കുള്ളവരില്‍ ഏറിയ പങ്കും അമിത വണ്ണമുള്ളവരാണ്. വണ്ണം കുറയ്ക്കാന്‍ മികച്ച ഡയറ്റും പതിവായുള്ള വ്യായാമവും സഹായിക്കും. ഇതും സ്‌ട്രോക്കെന്ന അപകടാവസ്ഥയിലെത്തിക്കാതിരിക്കാന്‍ സഹായിക്കും. ശരീര ഭാരം നിയന്ത്രിക്കാനായാല്‍ ബ്ലഡ് പ്രഷര്‍, ഡയബറ്റിക്, കൊളസ്‌ട്രോള്‍ എന്നിവയും വരുതിയിലാകും. പുകവലി രക്തക്കുഴലുകളെ നശിപ്പിക്കും. രക്തം കട്ടപിടിക്കുക,തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഉറക്കകുറവുണ്ടായാലും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ പിന്തുടരാം. 7-9 മണിക്കൂര്‍ വരെയാണ് ആരോഗ്യപരമായ ഉറക്കം. നല്ല ഉറക്കം കിട്ടുന്നതിന് സ്‌ട്രെസ്സ് കുറക്കണം. ഉയര്‍ന്ന നിലയിലുള്ള മാനസിക സമ്മര്‍ദം, ബ്ലഡ് പ്രഷര്‍ എന്നിവ സ്‌ട്രെസ്സ് വര്‍ധിപ്പിക്കും. മെഡിറ്റേഷന്‍, ബ്രീത്തിങ് എക്‌സര്‍സൈസ്, വിനോദങ്ങള്‍ എന്നിവയിലൂടെ സ്‌ട്രെസ്സ് കുറക്കാന്‍ കഴിയും. തലച്ചോറിന്റെ ആരോഗ്യം എത്രമാത്രം മെച്ചപ്പെടുത്തുന്നോ അത്രമാത്രം സ്‌ട്രോക്കിനുള്ള സാധ്യതയും കുറഞ്ഞിരിക്കും.