2024 | ഒക്ടോബർ 8 | ചൊവ്വ | കന്നി 22 |
◾ ജമ്മു കശ്മീര്‍, ഹരിയാണ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. ഇരു സംസ്ഥാനങ്ങളിലും 90 വീതം സീറ്റുകളാണ് ഉള്ളത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. ഇതിനിടെ തൂക്കുസഭക്ക് സാധ്യതയുള്ള ജമ്മുകാശ്മീരില്‍ വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്.
◾ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്ന സാഹചര്യത്തില്‍ ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ നേരിട്ട് വിളിപ്പിച്ചു . അവര്‍ നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്തിച്ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ നിയമസഭയിലെ പോര്‍വിളികള്‍ക്കും ഏറ്റുമുട്ടലിനുമിടെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലെ അടിയന്തര പ്രമേയ ചര്‍ച്ച മുങ്ങിപ്പോയി. സഭ നിര്‍ത്തിവച്ച് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ സഭ പിരിയാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം ഒളിച്ചോടിയെന്ന പ്രചാരണം ഉയര്‍ത്തി വിവാദങ്ങളെ നേരിടാനാണ് എല്‍ഡിഎഫ് തീരുമാനം.
◾ പ്രതിപക്ഷം നിയമസഭയില്‍ ജനാധിപത്യ ബോധത്തെ വെല്ലുവിളിച്ചുവെന്നും സത്യത്തിന് നിരക്കാത്ത ആക്ഷേപങ്ങളുമായി സര്‍ക്കാരിനെതിരെ നിലപാടെടുത്തുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ . പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്നും ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും ടിപി രാമകൃഷ്ണന്‍ ആരോപിച്ചു. പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് എന്നും അദ്ദേഹം അറിയിച്ചു.
◾ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുന്‍പായി സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ പിരിഞ്ഞ് സ്പീക്കര്‍ ഒളിച്ചോടിയെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
◾ കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചാല്‍ അതിന് ഏറ്റവും അര്‍ഹന്‍ വിഡി സതീശനാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയെക്കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചുവെന്നും ചര്‍ച്ച നടന്നാല്‍ പ്രതിപക്ഷ നേതാവിനെ സ്‌ട്രെചറില്‍ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു.
◾ നിയമസഭയിലെ ഭരണ പ്രതിപക്ഷ പോര് വെറും പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രക്ഷിക്കാനാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. എഡിജിപിയെ പിണറായി വിജയന്‍ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്നും ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും എഡിജിപിയെ പുറത്താക്കിയാല്‍ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
◾ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് രമേശ് ചെന്നിത്തല. സിപിഐക്കാരെ സമാധാനിപ്പിക്കാന്‍ മാത്രം ചെയ്തതാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.
◾ കേരളം മോശമാണെന്ന് പറയാന്‍ കുറച്ചാളുകളെ ശമ്പളവും വടിയും കൊടുത്ത് നിര്‍ത്തിയിട്ടുണ്ടെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. നിലമ്പൂര്‍ ചന്തക്കുന്നില്‍ പി.വി. അന്‍വറിനെതിരേ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളത്തരത്തിന്റെ ആള്‍ പി.വി. അന്‍വര്‍ എന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പി.വി.അന്‍വര്‍ ലോകത്തിലെ ഏറ്റവും വലിയ മഹാനാണെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചു. നേരത്തെ അന്‍വറിനെ പിന്തുണച്ചിരുന്ന നിലമ്പൂര്‍ ആയിഷയും യോഗത്തില്‍ പങ്കെടുത്തു.
◾ ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം പിടികൂടിയ കൂപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മലയാളം സിനിമാ താരങ്ങളായ നടി പ്രയാഗ മാര്‍ട്ടിന്റെയും നടന്‍ ശ്രീനാഥ് ഭാസിയുടെയും പേരുകള്‍. ഇവര്‍ ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.
◾ ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ എളമക്കര സ്വദേശി പൊലീസ് കസ്റ്റഡിയില്‍. ബിനു ജോസഫ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് പിടികൂടിയ ബിനുവിനെ മരട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാള്‍ സിനിമ താരങ്ങളെ ഓം പ്രകാശിന്റെ മുറിയില്‍ എത്തിച്ചെന്നാണ് സംശയം. അതേസമയം കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍നിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള എല്ലാവരെയും ചോദ്യംചെയ്യുമെന്ന് കൊച്ചി ഡി.സി.പി. കെ.എസ്.സുദര്‍ശന്‍.
◾ ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ വിശദീകരണവുമായി അലന്‍ വാക്കര്‍ ഷോയുടെ സംഘാടകര്‍. ഷോക്കിടെ ലഹരി കടത്താനും ഉപയോഗിക്കാനുമുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മഫ്തിയിലും അല്ലാതെയുമായി 200ലധികം പൊലീസുകാര്‍ പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായിരുന്നുവെന്നും സംഘാടകര്‍ വ്യക്തമാക്കി.
◾ സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇത് സംബന്ധിച്ച് കര്‍ശനമായ അന്വേഷണം ആവശ്യമാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
◾ പ്രവാസികള്‍ക്കായി കെഎസ്ആര്‍ടിസി വിമാനത്താവളങ്ങളില്‍ നിന്ന് സെമി സ്ലീപ്പര്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരളത്തിലെ 93 ബസ് ഡിപ്പോകളില്‍ ഇപ്പോള്‍ നഷ്ടത്തിലോടുന്നത് 11 ഡിപ്പോകള്‍ മാത്രമാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. നഷ്ടത്തില്‍ നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ഒപ്പം നില്‍ക്കുന്ന ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
◾ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണ് വിജയിയെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് കമ്മിറ്റി അറിയിച്ചു. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്.
◾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക നിവാരണത്തിനായി 'ഓപ്പറേഷന്‍ പ്രവാഹി'ന്റെ രണ്ടാം ഘട്ടത്തിന് സിയാല്‍ തുടക്കമിട്ടു. ചൊവ്വര, പുളിയാമ്പള്ളി, മഠത്തില്‍മൂല എന്നിവിടങ്ങളിലായി മൂന്ന് പുതിയ പാലങ്ങള്‍ നിര്‍മിക്കും. ചെങ്ങല്‍ത്തോട്ടില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജും നിര്‍മിക്കും. 80 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത് .
◾ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് നടപ്പിലാക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്റ്സ് പോര്‍ട്ടലിലൂടെ 10,307 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി വീണാ ജോര്‍ജ്. മേഖല അടിസ്ഥാനത്തില്‍ ആക്ട് സംബന്ധിച്ച ബോധവത്ക്കരണം നല്‍കുമെന്നും എല്ലാ സ്ഥാപനങ്ങളിലും നിയമാനുസൃത കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇടുക്കി ഡി എം ഒ ഡോ. എല്‍ മനോജിനെ ആരോഗ്യ വകുപ്പില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുു. കൈക്കൂലി അടക്കമുള്ള ഗുരുതര ആരോപണങ്ങളെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു.
◾ പ്രവാസിച്ചിട്ടിയുടെ തുടര്‍ച്ചയായി പ്രവാസി മലയാളികള്‍ക്കായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന പുതിയ നിക്ഷേപ പദ്ധതിയായ ''കെ.എസ്.എഫ്.ഇ. ഡ്യുവോ'' യുടെ ഗ്ലോബല്‍ ലോഞ്ചിങ്ങ് സൗദി അറേബ്യയിലെ റിയാദിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ അല്‍ കൈ്വസറില്‍ വെച്ചു നടന്ന പ്രവാസി മലയാളി സമ്മേളനത്തില്‍ വെച്ച് കേരള ധനമന്ത്രി അഡ്വ.കെ.എന്‍.ബാലഗോപാല്‍ നിര്‍വ്വഹിച്ചു. നിക്ഷേപവും ചിട്ടിയും ചേര്‍ന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഡ്യുവോ. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി, പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ.വരദരാജന്‍, മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍, കെ.എസ്.എഫ്.ഇ. ഡയറക്ടര്‍ എം.സി.രാഘവന്‍ തുടങ്ങിയവര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.
◾ കോഴിക്കോട് മുക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍ . ഒരു അസം സ്വദേശിയും അരീക്കോട് സ്വദേശികളായ രണ്ട് പേരുമാണ് പിടിയിലായത്. കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ കൊല്ലം പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ തീപിടിത്തം. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും കെഎസ്ആര്‍ടിസിയും അന്വേഷണം തുടങ്ങി.
◾ മലയാളി നഴ്സിനെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സാകേത് മാക്സ് ആശുപത്രിയിലെ നഴ്‌സ് സിബി വിനീതാണ് മരിച്ചത്. മുറിയില്‍ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾ അമേരിക്കന്‍ കപ്പലില്‍ നിന്നും കാസര്‍കോട് സ്വദേശിയായ ജീവനക്കാരന്‍ ആല്‍ബര്‍ട്ട് ആന്റണിയെ കാണാതായിട്ട് ഇന്നത്തേക്ക് നാല് ദിവസം കഴിഞ്ഞു. ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന എംവി ട്രൂ കോണ്‍റാഡ് കപ്പലില്‍ നിന്നാണ് ആല്‍ബര്‍ട്ട് ആന്റണിയെ കാണാതായത്. ആല്‍ബര്‍ട്ടിനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
◾ ഇറാന്‍ ക്വാഡ്സ് ഫോഴ്സ് തലവന്‍ ഇസ്മയില്‍ ഖാനിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ഖാനിയെ കാണാതായതെന്ന് ഇറാനിയന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾ പാക് സ്വദേശികള്‍ക്ക് വ്യാജ വിലാസത്തില്‍ ബെംഗളൂരുവില്‍ താമസിക്കാന്‍ ഒത്താശ ചെയ്ത നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലും ബെംഗളൂരുവിലുമാണ് ഇയാള്‍ പാക് കുടുംബങ്ങള്‍ക്ക് ഹിന്ദുപേരുകളില്‍ സ്ഥിര താമസത്തിനുള്ള സഹായങ്ങള്‍ നല്‍കിയെന്നാണ് വിവരം.
◾ മറീനാ ബീച്ചില്‍ വ്യോമസേന സംഘടിപ്പിച്ച എയര്‍ ഷോ കാണാനെത്തിയ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു. എയര്‍ ഷോ നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
◾ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാറിയ രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ഞായറാഴ്ച ഉപമുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞുകൊടുത്ത തേജസ്വി ഇവിടെനിന്നും എസിയും സോഫയും ചെടിച്ചട്ടികളും മോഷ്ടിച്ചുകൊണ്ടുപോയി എന്നാണ് ആരോപണം. ബിഹാറിന്റെ പുതിയ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പ്രൈവറ്റ് സെക്രട്ടറി ശത്രുധന്‍ കുമാറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
◾ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ അനുസ്മരണപരിപാടികളുമായി ഇസ്രയേല്‍. വികാരഭരിതമായ പരിപാടികളും ബന്ദികളാക്കിയിരിക്കുന്നവരെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ടുമുള്ള റാലികളും ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. ഹമാസ് ആക്രമണത്തിന്റെ ആരും ഇതുവരെ കാണാത്ത ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് വീഡിയോയും ഇസ്രയേല്‍ പങ്കുവെച്ചു.
◾ കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒന്നാം പ്രതി സഞ്ജയ് റോയ്‌ക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. ഇന്നലെ കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജോലിക്കിടയിലെ വിശ്രമസമയത്ത് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് പ്രതി വനിതാ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സഞ്ജയ് റോയ് ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവര്‍ 2024-ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. മൈക്രോ ആര്‍.എന്‍.എ. കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.
◾ ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വനിതാ ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദിപ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്.
◾ ഇന്ത്യന്‍ വിനോദ മാധ്യമരംഗത്തെ മുന്‍നിരക്കാരായ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക് ഇന്ത്യയ്ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ ഉണ്ടായത് 19 ശതമാനം ഇടിവ്. വരുമാനത്തില്‍ മൂന്ന് ശതമാനം കുറഞ്ഞതാണ് ലാഭത്തില്‍ പ്രതിഫലിച്ചത്. ആകെ വരുമാനം 6,912.02 കോടി രൂപയില്‍ നിന്ന് 2023-24 സാമ്പത്തികവര്‍ഷം 6,725.57 കോടിയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം പരസ്യവരുമാനം 2,824 കോടി രൂപയായിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ 3,209 കോടിയില്‍ നിന്ന് വലിയ കുറവാണ് നേരിടേണ്ടി വന്നത്. അതേസമയം, സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം ഏഴു ശതമാനത്തോളം ഉയര്‍ന്ന് 3,206 കോടി രൂപയിലെത്തി. 2022-23 കാലത്ത് 2,989 കോടി രൂപയായിരുന്നു ഇത്. സീ എന്റര്‍ടൈന്‍മെന്റുമായുള്ള ലയനവും അതിനു പിന്നാലെ വന്ന കേസുകളും സോണിക്ക് വലിയ സാമ്പത്തികബാധ്യത വരുത്തി വച്ചിരുന്നു. ഡിസ്‌നി ഹോട്ട്സ്റ്റാറും റിലയന്‍സിന്റെ വയാകോം18നും ചേര്‍ന്ന് സംയുക്ത സംരംഭം വരുന്നതും സോണിക്ക് തിരിച്ചടിയാകും. ഐ.പി.എല്‍ ക്രിക്കറ്റ്, ഐ.സി.സി ലോകകപ്പ്, പ്രധാനപ്പെട്ട മറ്റ് കായിക ഇനങ്ങള്‍ എന്നിവയെല്ലാം റിലയന്‍സ് സംയുക്ത സംരംഭത്തിന്റെ കൈവശമാണ്.
◾ രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സില്‍ നിന്നും എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം 'സിങ്കം എഗെയ്ന്‍' ട്രെയ്‌ലര്‍ പുറത്ത്. രാമായണ കഥ പുനരാവിഷ്‌കരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയ്‌ലര്‍ ആണിത്. കലിയുഗത്തിലെ രാമനായി അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍, രാവണനായി അര്‍ജുന്‍ കപൂര്‍ ആണ് വേഷമിടുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്ന ട്രെയ്‌ലറില്‍ കൊടൂര വില്ലനായാണ് അര്‍ജുനെ അവതരിപ്പിച്ചിരിക്കുന്നത്. കരീന കപൂറും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ നായികമാര്‍. അജയ് ദേവ്ഗണിന്റെ ഭാര്യ ആയാണ് കരീന വേഷമിടുന്നത്. ലേഡി സിങ്കം എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ലക്ഷ്മണന്‍ റെഫറന്‍സുമായി ടൈഗര്‍ ഷ്രോഫും, ഹനുമാനായി രണ്‍വീര്‍ സിംഗും, ജടായുവായി അക്ഷയ് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ദംബങ് സിനിമയിലെ ഛുല്‍ബുല്‍ പാണ്ഡെയായി സല്‍മാന്‍ ഖാന്‍ അതിഥിവേഷത്തില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. 350 കോടിയാണ് 'സിങ്കം എഗെയ്ന്‍' സിനിമയുടെ ബജറ്റ്. നവംബര്‍ ഒന്നിനാണ് റിലീസ്.
◾ തരംഗമായി മാറിയ 'സ്തുതി' ഗാനത്തിന് പിന്നാലെ 'ബോഗയ്ന്‍വില്ല'യിലെ പുതിയ പാട്ട് റിലീസ് ചെയ്തു. 'മറവികളെ പറയൂ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ ലിറിക്ക് വീഡിയോ പുറിത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രം ഒക്ടോബര്‍ 17നാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'സ്തുതി' എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കി മധുവന്തി നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.
◾ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി പുതിയ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സുസുക്കി ജിഎസ്എക്സ 8 ആര്‍ ന് 9.25 ലക്ഷം രൂപയാണ് വില. ഒരു വര്‍ഷത്തിനിടെ ഏറ്റവും സ്പോര്‍ട്ടിയായി കാണപ്പെടുന്ന സുസുക്കി മോട്ടോര്‍സൈക്കിളുകളിലൊന്നാണിത്. 776 സിസി ബൈക്കില്‍ പാരലല്‍-ട്വിന്‍ എന്‍ജിനാണ് ക്രമീകരിച്ചിരിക്കുന്നത്. 8,500 ആര്‍പിഎമ്മില്‍ 81.8 ബിഎച്പിയും 6,800 ആര്‍പിഎമ്മില്‍ 78 എന്‍എം ഉത്പാദിപ്പിക്കാന്‍ കരുത്തുള്ള എന്‍ജിനാണിത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ബൈക്ക് വരുന്നത്. കൂടാതെ സുസുക്കി വി-സ്‌ട്രോം എസ്എക്സിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ബ്രേക്കിംഗ് സംവിധാനത്തില്‍ മുന്‍വശത്ത് ഇരട്ട 310 എംഎം ഡിസ്‌കുകളും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ക്രമീകരിച്ചിരിക്കുന്നു. സുസുക്കി ഇന്ത്യ ഏറെ നാളുകള്‍ക്ക് ശേഷമാണ് 800 സിസി സെഗ്മെന്റില്‍ ഒരു മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നത്.
◾ വിനോദവും സൂഖാന്വേഷണവും എല്ലാം നല്‍കുന്ന അഭയകേന്ദ്രങ്ങള്‍. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേള്‍ക്കാനും റിസോര്‍ട്ടുകള്‍ കഥാകാരന് അവസരം നല്‍കി. അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു. അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാല്‍ കരിങ്കുറിഞ്ഞി മാത്രമല്ലെന്നും ചരിക്കുന്നവ അഥവാ സഞ്ചരിക്കുന്നവ എന്ന അര്‍ത്ഥത്തെക്കൂടി കൂടുതല്‍ സാര്‍ത്ഥകമാക്കുന്ന കഥകള്‍. 'സഹചരപ്പൂക്കള്‍'. എസ് മോഹന്‍. ഗ്രീന്‍ ബുക്സ്. വില 210 രൂപ.
◾ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വളരെ കുറയ്ക്കും. രോഗലക്ഷണങ്ങളുടെ അഭാവത്തില്‍ പോലും പതിവ് ഹൃദ്രോഗ പരിശോധനകള്‍ പ്രധാനമാണ്, പ്രത്യേകിച്ച് കുടുംബ ചരിത്രം, പൊണ്ണത്തടി, പുകവലി അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള അപകടകരമായ പശ്ചാത്തലമുള്ള വ്യക്തികള്‍ക്ക്. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും അവരുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം, അതേസമയം കുടുംബ ചരിത്രമോ മറ്റ് അപകടസാധ്യത ഘടകങ്ങളോ ഉള്ളവര്‍ വര്‍ഷം തോറും ഇത് ചെയ്യണം. മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ (മോശം കൊളസ്ട്രോള്‍), എച്ച്ഡിഎല്‍ (നല്ല കൊളസ്ട്രോള്‍), ട്രൈഗ്ലിസറൈഡുകള്‍ എന്നിവ അളക്കുന്നതിന് ലിപിഡ് പാനല്‍ അത്യാവശ്യമാണ്. ഒരു ഇസിജി ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനത്തെ വിലയിരുത്തുന്നു, കൂടാതെ ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പോലെയുള്ള ക്രമക്കേടുകള്‍ കണ്ടെത്താനാകും. വ്യായാമ വേളയില്‍ ആര്‍ക്കെങ്കിലും നെഞ്ചില്‍ അസ്വസ്ഥതയോ അസാധാരണമായ ക്ഷീണമോ അനുഭവപ്പെടുകയാണെങ്കില്‍, അത് സ്ട്രെസ് ടെസ്റ്റിനുള്ള ശക്തമായ സൂചനയാണ്. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര, പ്രത്യേകിച്ച് പ്രമേഹമുള്ളവരില്‍, ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയും എച്ച്ബിഎ1സിയും പതിവായി നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്. നിരന്തരമായ നെഞ്ചുവേദന അല്ലെങ്കില്‍ കൈകളിലേക്കോ കഴുത്തിലേക്കോ പുറകിലേക്കോ പടരുന്ന അസ്വസ്ഥത, ശ്വാസതടസ്സം, തലകറക്കം അല്ലെങ്കില്‍ തലകറക്കം എന്നിവ മുന്നറിയിപ്പ് അടയാളങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയമിടിപ്പ് അല്ലെങ്കില്‍ കാലുകളിലെ നീര്‍വീക്കം എന്നിവ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാം.