മൂന്ന് വയസുള്ള മകളുടെ കഴുത്തില്‍ മാരകമായി മുറിവേല്പിച്ച ശേഷം സ്വയം കഴുത്തറുത്ത് മാതാവ് ജീവനൊടുക്കി.
എറണാകുളം മുളവുകാട് കേരളേശ്വരപുരം 'ധരണി"യില്‍ രാമകൃഷ്ണന്റെ ഭാര്യ ധനിക പി. പ്രഭു (30)വിനെയാണ് ഇന്നലെ രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
ഫെഡറല്‍ ബാങ്ക് കലൂർ ശാഖയിലെ ജീവനക്കാരനാണ് രാമകൃഷ്ണൻ. രണ്ട് മുറികളിലാണ് ഉറങ്ങാൻ കിടന്നതെന്നും രാവിലെ 9.15ന് ജോലിക്കുപോകാൻ നേരമായിട്ടും ഭാര്യയും മകളും മുറിക്കുപുറത്ത് വരാത്തതിനെത്തുടർന്ന് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടതെന്നുമാണ് രാമകൃഷ്ണൻ പറയുന്നത്. ധനിക മരിച്ചിരുന്നെങ്കിലും കുട്ടിക്ക് ജീവന്റെ തുടിപ്പുണ്ടായിരുന്നു. അയല്‍വാസികളും ഗ്രാമപഞ്ചായത്ത് അംഗം സോഫി ലിവേരയും ചേർന്നാണ് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.
പച്ചാളം സ്വദേശിയായ രാമകൃഷ്ണനും മട്ടാഞ്ചേരി സ്വദേശിയായ ധനികയും നാലരവർഷം മുമ്ബാണ് വിവാഹിതരായത്. നാലു വർഷത്തോളം പച്ചാളത്ത് വാടകവീട്ടിലായിരുന്നു താമസം. എട്ടു മാസം മുമ്ബാണ് മുളവുകാട് പഞ്ചായത്തിലെ കേരളേശ്വരപുരത്ത് സ്വന്തമായി സ്ഥലം വാങ്ങി വീട് നിർമ്മിച്ചത്. കിടപ്പുമുറിയിലെ എ.സിയുടെ തണുപ്പ് ബുദ്ധിമുട്ടായതിനാലാണ് ഭാര്യയും മകളും മറ്റൊരു മുറിയില്‍ ഉറങ്ങാൻ കിടക്കുന്നതെന്നും ധനികയ്ക്ക് ചെറിയതോതില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നുമാണ് രാമകൃഷ്ണൻ അയല്‍വാസികളോട് പറഞ്ഞത്.
പ്രാഥമിക നിഗമനത്തില്‍ മരണകാരണം ആത്മഹത്യയാണെന്നും സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും മുളവുകാട് പൊലീസ് പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.