2024 | ഒക്ടോബർ 21 | തിങ്കൾ | തുലാം 5
◾ ജമ്മു കശ്മീരില്‍ ഭീകരാക്രണം. ഡോക്ടറടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരാക്രമണത്തെ അപലപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ കടുത്ത നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
◾ തങ്ങളുടെ ആവശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലും സര്‍ക്കാരിലും അറിയിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍. ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതിയും സ്ഥിരമായിട്ടുള്ള പുനരധിവാസവും അനിശ്ചിതമായി നീണ്ടുപോകുമെന്ന ആശങ്കയിലും ടൗണ്‍ഷിപ്പിനായി രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനിരിക്കെ കമ്പനികള്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലും കൂടിയാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് ദുരന്തബാധിതര്‍ പറഞ്ഞു. വായ്പകള്‍ എഴുതിത്തള്ളുന്നതിലെ നടപടികള്‍ നീളുന്നതിലടക്കം എല്ലാം പ്രതിസന്ധിയിലാകുമെന്ന വലിയ രീതിയിലുള്ള ഭയമുണ്ടെന്നും സമൂഹത്തോടും സര്‍ക്കാരിനോടും കാര്യങ്ങള്‍ കൃത്യമായി പറയാനും നടപടിയുണ്ടാകാനും വേണ്ടി ഒരു ശബ്ദം വേണമെന്ന നിലയിലാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം നടപടികള്‍ വൈകരുതെന്നും ദുരന്തബാധിതര്‍ പറഞ്ഞു.
◾ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ വ്യാജ ബോംബ് ഭീഷണിയെത്തിയത് രണ്ട് വിമാനങ്ങള്‍ക്ക്. ഭീഷണി സന്ദേശം എത്തുമ്പോഴേക്കും രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തിരുന്നു. എന്നാല്‍, പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. എയര്‍ ഇന്ത്യയുടെ കൊച്ചി - ദമാം, ആകാശ് എയറിന്റെ കൊച്ചി - മുംബൈ വിമാനങ്ങള്‍ക്കാണ് ഇന്നലെ ഭീഷണി സന്ദേശമെത്തിയത്.
◾ വിമാന സര്‍വീസുകള്‍ക്ക് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പോലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കം കര്‍ശന നടപടികള്‍ക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സര്‍വീസുകള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്.
◾ ചിലര്‍ വിചാരിച്ചാല്‍ എല്‍ഡിഎഫിനെ അങ്ങ് തകര്‍ത്തു കളയാം എന്നാണ് കരുതുന്നതെന്നും ഇത്തരം ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.. സി.എച്ച്.കണാരന്‍ ദിനാചരണ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശരിയായ നിലപാട് സിപിഎമ്മും ഇടതുപക്ഷവും കൈക്കൊള്ളുന്നുണ്ടെന്നും ഇത് എല്ലാ കാലത്തും പാര്‍ട്ടി സ്വീകരിച്ചു വരുന്ന നിലപാടാണെന്നും ജാഗ്രതയോടെയുള്ള പ്രതിരോധം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്നലെ വൈകിട്ടോടെയാണ് സുരേഷ് ഗോപി നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദര്‍ശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു.
◾ എഡിഎം നവീന്‍ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിപി ദിവ്യയെ പ്രകോപിപ്പിച്ചത് സിപിഐ ഇടപെടലെന്ന് സൂചന. പെട്രോള്‍ പമ്പിന്റെ എന്‍ഓസിക്കായി സിപിഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി അപേക്ഷകന്‍ പ്രശാന്ത് പറഞ്ഞു. വിജിലന്‍സിനും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്കും നല്‍കിയ മൊഴികളിലാണ് സിപിഐ സഹായത്തെപ്പറ്റി പരാമര്‍ശമുള്ളത്.
◾ എഡിഎം നവീന്‍ ബാബുവിന്റെ വീട്ടിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുന്‍ എംഎല്‍എ രാജു എബ്രഹാം തുടങ്ങിയവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അന്വേഷണത്തിന് എന്തെല്ലാം നടപടികള്‍ വേണോ അതിനെല്ലാം പൂര്‍ണ്ണമായി പിന്തുണക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
◾ കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനായി നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ പരിചയവും നൈപുണ്യ പരിശീലനവും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
◾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ക്ക് മോഷ്ടിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ്. ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ നിലത്തു വീണതായും മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോള്‍, നിലത്തിരുന്ന പാത്രത്തില്‍ വച്ചാണ് നല്‍കിയതെന്നും ഓസ്ട്രേലിയന്‍ പൗരന്‍ ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു. പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാല്‍ പാത്രം കൊണ്ടു പോയെന്നും ഗണേഷ് ജാ മൊഴി നല്‍കി.
◾ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. 35 നിയന്ത്രണങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളതെന്നും ഇതില്‍ പ്രധാനമായും അഞ്ച് നിബന്ധനകള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാല്‍ തേക്കിന്‍കാട് മൈതാനത്തില്‍ വെച്ച് വെടിക്കെട്ട് നടത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
◾ പാലക്കാട്ടെ പോരാട്ടം ഇടതുപക്ഷവുമായിട്ടാണെന്നും ബി ജെ പി ചിത്രത്തിലില്ലെന്നും രമേശ് ചെന്നിത്തല. ഇ ശ്രീധരന്‍ പാലക്കാട് നിന്നിട്ട് വിജയിച്ചില്ല, ബി ജെ പിയിലെ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും അവിടെ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി ഫോറത്തിലാണ് പറയേണ്ടതെന്നും അല്ലാതെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തല്ല ഉന്നയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
◾ പാലക്കാട് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ അഗ്നിപര്‍വതം പുകയുന്നവെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉള്ളില്‍ അമര്‍ഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഇനിയും ഉണ്ടാകുമെന്ന് രാജേഷും കൂട്ടിച്ചേര്‍ത്തു.
◾ യുഡിഎഫിന് മുന്നില്‍ ഉപാധിവെച്ച് പി.വി അന്‍വര്‍ എംഎല്‍എ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നതാണ് അന്‍വറിന്റെ ആവശ്യം. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് അന്‍വറിനോട് ആവശ്യപ്പെട്ടപ്പോഴാണ് അന്‍വര്‍ ഉപാധി മുന്നോട്ട് വെച്ചത്.
◾ പാലക്കാട് സിപിഎം വോട്ടുമറിച്ചെന്ന പരാമര്‍ശത്തില്‍ തിരുത്തുമായി ഡോ. പി സരിന്‍. ഷാഫിക്ക് സിപിഎം വോട്ടുകള്‍ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നും സരിന്‍ പറഞ്ഞു. ആ വോട്ടുകള്‍ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്നായിരുന്നു ഡോ.പി.സരിന്‍ നേരത്തെ പറഞ്ഞത്.
◾ ഷാഫി പറമ്പില്‍ മറ്റുള്ളവരെ വളരാന്‍ വിടുന്നില്ലെന്ന് കെപിസിസിക്ക് പരാതി നല്‍കി ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീന്‍. ഷാഫിക്കെതിരെ സംസാരിച്ച് പാര്‍ട്ടി വിട്ടവര്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്നും ഡിസിസി സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്താക്കിയ നേതാവ് എകെ ഷാനിബും ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
◾ കോണ്‍ഗ്രസിന്റെ ആട്ടുംതുപ്പുമേറ്റ് കഴിയുന്ന കെ.മുരളീധരന് ഓട്ടക്കാലിന്റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു
◾ വയനാട് ലോക്സഭാ മണ്ഡലത്തിലെ പ്രചരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചരണം നടത്താന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കം വയനാട്ടിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍പ്പറ്റയില്‍ ഇവര്‍ ഒന്നിച്ച് തന്നെ റോഡ് ഷോയും നടത്തും. ഇതിനു ശേഷമാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം.
◾ ഇന്ന് വയനാട്ടില്‍ എത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ റോഡ് ഷോ നടത്തി സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി ബി ജെ പി. പ്രിയങ്കക്കെതിരായ മത്സരത്തില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചരണം നടത്താനാണ് ബി ജെ പി ഒരുങ്ങുന്നത്.
◾ രാഹുല്‍ ഗാന്ധി വയനാടിനോട് ചെയ്തത് ചതിയെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. പ്രിയങ്ക ഗാന്ധിയും നല്ല സ്ഥലത്ത് വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കുമെന്നും സാധാരണക്കാര്‍ക്ക് നേരിട്ട് കാണാന്‍ പോലും സാധിക്കാത്തവരാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരെന്നും സത്യന്‍ മൊകേരി പറഞ്ഞു.
◾ വടക്കന്‍ പറവൂരിലെ മാഞ്ഞാലിയിലുള്ള എസ്എന്‍ ട്രസ്റ്റ് കോളേജിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോടതി ഉത്തരവുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ രണ്ടാമതും ജപ്തി നടപടികള്‍ക്കായി കോളേജില്‍ എത്തി. എന്നാല്‍ പഠനം മുടങ്ങുമോയെന്ന ആധിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായെത്തുകയയും കോളേജ് കവാടം പൂട്ടി പ്രതിഷേധക്കാര്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്തു. പൊലീസ് കര്‍ശന നിലപാടെടുത്തതിന് പിന്നാലെ സംഘര്‍ഷം ഒഴിവാക്കാന്‍ പ്രതിഷേധക്കാര്‍ ഗേറ്റ് തുറന്നു. കോളേജ് അധികൃതരെത്തി പണം അടയ്ക്കാമെന്ന് ഇപ്പോള്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.
◾ കടമ്പനാട്ട് ഡോക്ടര്‍മാര്‍ അവധി എടുത്തതിന്റെ പേരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. മൂന്ന് ഡോക്ടര്‍മാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുളളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും മറ്റ് ജീവനക്കാര്‍ ടൂറ് പോകുകയും ചെയ്തു. ഇതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടത്. പഞ്ചായത്തിന്റെ കീഴിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
◾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി (70) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഹോര്‍ട്ടികോര്‍പ്പ് മുന്‍ ചെയര്‍മാനുമായിരുന്നു. തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിച്ചത്.
◾ കോഴിക്കോട് താമരശ്ശേരി പുനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകന്‍ ആദില്‍ (11) ആണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചത്. അവധി ദിവസമായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ആദില്‍.
◾ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും നീങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ കേരളത്തിന് 'ദന' വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന. എന്നാല്‍ കേരളത്തില്‍ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
◾ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഈ മാസം 24 ന്. ഖത്തറിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന മീറ്റ് ദി അംബാസിഡര്‍ ഓപ്പണ്‍ ഹൗസില്‍ എല്ലാ ഇന്ത്യന്‍ പ്രവാസികള്‍ക്കും പ്രശ്നങ്ങള്‍ പങ്കുവെക്കാം.
◾ കര്‍ണാടകയില്‍ രേഖകളില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന 2,73,27,500 രൂപ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം മാല്‍-മാരുതി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുനെ-ബെംഗളൂരു ദേശീയപാതയിലാണ് പണം പിടികൂടിയത്. സാംഗ്ലിയില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരക്ക് ട്രക്കിന്റെ ക്യാബിനിലാണ് പണം ഒളിപ്പിച്ചത്.
◾ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് റിയാദില്‍ രൂപവത്കരിച്ച സഹായ സമിതിയുടെ പൊതുയോഗം ചേര്‍ന്നു. മോചന ഉത്തരവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന അടുത്ത കോടതി സിറ്റിങ് ഇന്നാണ്. ഈ ദിനം നിര്‍ണായകമെന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.
◾ മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.
◾ ധോല്‍പൂരിലെ ദേശീയപാതയില്‍ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളാണ്. ധോല്‍പൂര്‍ ജില്ലയിലെ ബാരി നഗരത്തിലെ കരിം കോളനിയിലെ ഗുമാറ്റില്‍ താമസിക്കുന്നവരാണ് അപകടത്തില്‍ പെട്ടത്. കുടുംബത്തിലെ 15 പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ശര്‍മതുരയില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.
◾ നിര്‍മ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും നിയമക്കുരുക്കിലേക്ക്. ഇവരുടെ കീഴിലുള്ള ഒടിടി പ്ലാറ്റ്ഫോമില്‍ വന്ന അഡള്‍ട്ട് വെബ് സീരീസിന്റെ എപ്പിസോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല രംഗം കാണിച്ചതിന് പോക്‌സോ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. എന്നാല്‍ പരാതിയില്‍ പറയുന്ന വിവാദ എപ്പിസോഡ് നിലവില്‍ ഈ ആപ്പില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
◾ ലോക്സഭാ സീറ്റും സര്‍ക്കാര്‍ കരാറുകളും തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് മുന്‍ എംഎല്‍എയില്‍ നിന്ന് കോടികള്‍ വാങ്ങിയതിന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനും അനന്തരവനും അറസ്റ്റില്‍. മുന്‍ ജെഡിഎസ് എംഎല്‍എയില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് ബെംഗളൂരു പൊലീസ് ഗോപാല്‍ ജോഷിയേയും മകനേയും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 17നാണ് കേന്ദ്രമന്ത്രിയുടെ സഹോദരനും അനന്തരവനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തത്.
◾ അയോധ്യക്കേസിനിടെ പ്രശ്‌നപരിഹാരത്തിനായി താന്‍ ദൈവത്തോട് പ്രാര്‍ഥിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരാള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം ഒരു വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
◾ ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ലെബനനില്‍ കര, വ്യോമ ആക്രമണം ഇസ്രയേല്‍ ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുള്ള. ഇസ്രയേലിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ച് ലെബനനില്‍നിന്ന് നൂറോളം റോക്കറ്റുകളെത്തിയതായും ഇതില്‍ കുറേ റോക്കറ്റുകള്‍ ഇസ്രയേല്‍ വ്യോമസേന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വച്ച് തന്നെ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം. ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജയവുമായി മടങ്ങിയത്.
◾ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാണ്ടിന് എട്ട് വിക്കറ്റിന്റെ വിജയം. രണ്ടാമിന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം കിവീസ് അനായാസം മറികടന്നു. 36 വര്‍ഷത്തിന് ശേഷമാണ് കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പ് 1988 ലാണ് സ്വന്തം മണ്ണില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് പരാജയപ്പെടുത്തിയത്.
◾ വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസിലന്‍ഡിന്. ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് കന്നി കിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ രാജ്യത്തിനായി ഹാട്രിക്കടിച്ച് ദിവസങ്ങള്‍ക്കിപ്പുറം ക്ലബ്ബ് ഫുട്‌ബോളിലും ഹാട്രിക്കുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി. എം.എല്‍.എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരേ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്ക് മയാമി വിജയിച്ചു. പകരക്കാരനായി ഇറങ്ങി 11 മിനിറ്റിനിടെയാണ് മെസ്സിയുടെ ഹാട്രിക് നേട്ടം.
◾ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 81,151 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 156 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്. ഐസിഐസിഐ ബാങ്ക് മാത്രം 28,495 കോടിയുടെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. വിപണി മൂല്യം 8,90, 191 കോടിയായി ഉയര്‍ന്നു. 23,579 കോടിയുടെ വര്‍ധനയോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 12,82,848 കോടിയായി ഉയര്‍ന്നു. എസ്ബിഐ 17,804 കോടി, ഭാരതി എയര്‍ടെല്‍ 11,272 കോടി എന്നിങ്ങനെയാണ് മറ്റു രണ്ടു ഓഹരികളുടെ നേട്ടം. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഇന്‍ഫോസിസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി ഓഹരികള്‍ നഷ്ടം നേരിട്ടു. ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 76,622 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഇന്‍ഫോസിസിന് മാത്രം 23,314 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 16,645 കോടിയുടെ നഷ്ടത്തോടെ, റിലയന്‍സിന്റെ വിപണി മൂല്യം 18,38,721 കോടിയായി താഴ്ന്നു.
◾ ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഹലോ മമ്മി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹലോ മമ്മി'. സാന്‍ജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നടന്‍ സണ്ണി ഹിന്ദുജ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ 2022ല്‍ റിലീസ് ചെയ്ത് കേരളത്തിലടക്കം വന്‍ ഹിറ്റായി മാറിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. ധനുഷും നിത്യ മേനനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ട് വര്‍ഷത്തിനിപ്പുറം നിത്യയും ധനുഷും വീണ്ടും ഒന്നിക്കുകയാണ്. 'ഇഡ്ഡലി കടൈ' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. രായന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് നടന്‍ തന്നെയാണ് നടത്തിയത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്ഡലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സംഗീതം. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലുള്ള ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
◾ ദീപാവലി സീസണിന്റെ ഭാഗമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ സ്‌കോര്‍പിയോ ക്ലാസിക് എസ്യുവിയുടെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് ബോസ് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ ലിമിറ്റഡ് എഡിഷന് സാധാരണ മോഡലിനെ അപേക്ഷിച്ച് കുറച്ച് സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളും ഇന്റീരിയര്‍ അപ്‌ഡേറ്റുകളും ലഭിക്കുന്നു. ഇതിന്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാല് വകഭേദങ്ങളിലാണ് സ്റ്റാന്‍ഡേര്‍ഡ് സ്‌കോര്‍പിയോ ക്ലാസിക് എസ്യുവി മോഡല്‍ ലൈനപ്പ് വരുന്നത്. യഥാക്രമം 13.62 ലക്ഷം രൂപ, 13.87 ലക്ഷം രൂപ, 17.42 ലക്ഷം രൂപ, 17.42 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. സാധാരണ മോഡലിന് സമാനമായി, മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് ബോസ് എഡിഷനും 2.2 എല്‍ ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരും, ഇത് പരമാവധി 132 പിഎസ് പവറും 300 എന്‍എം ടോര്‍ക്കും നല്‍കുന്നു. ട്രാന്‍സ്മിഷന്‍ 6-സ്പീഡ് മാനുവല്‍ യൂണിറ്റ് അതേപടി തുടരും.
◾ രാഷ്ട്രീയ, സാഹിത്യ, ചലച്ചിത്ര മേഖലകളില്‍ തിളങ്ങി നില്‍ക്കുകയും കേരളീയ പൊതുജീവിതത്തില്‍ അഗാധമായ സ്വാധീനം ചെലുത്തുകയും ചെയ്ത വ്യക്തി പ്രഭാവങ്ങളെ അടുത്തറിയാനുള്ള ശ്രമമാണ് 'മറക്കാത്ത മുഖങ്ങള്‍ മരിക്കാത്ത ഓര്‍മകള്‍'. ജനമനസ്സുകളില്‍ ഇടം നേടിയ രാഷ്ട്രീയ, സാഹിത്യ. ചലച്ചിത്ര നായകരെ അവരുടെ ഭാര്യമാരും മക്കളും ഓര്‍ത്തെടുക്കുന്നു. 'മറക്കാത്ത മുഖങ്ങള്‍ മരിക്കാത്ത ഓര്‍മകള്‍'. ബഷീര്‍ രണ്ടത്താണി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 323 രൂപ.
◾ പനിയുള്ളപ്പോള്‍ വര്‍ക്കൗട്ട് ചെയ്യുമോ എന്നത് പലര്‍ക്കും തോന്നുന്ന ഒരു സംശയമാണ്. പനി വരുമ്പോള്‍ ശരീരത്തിന് വിശ്രമം നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് പ്രതിരോധ സംവിധാനത്തിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കി പനിയുടെ ദൈര്‍ഘ്യം കൂടാന്‍ ഇടയാക്കാം. എന്നാല്‍ മൂക്കൊലിപ്പ്, തൊണ്ട വേദന പോലുള്ള ലഘുവായ പ്രശ്‌നങ്ങളെ ഉള്ളൂവെങ്കില്‍ മിതമായ വര്‍ക്ക്ഔട്ട് ചെയ്യാം. എന്നാല്‍ അണുബാധ പകരുന്നത് തടയാന്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ശരീരവേദന, പനി, ക്ഷീണം തുടങ്ങിയവ ഉള്ളപ്പോള്‍ ശരീരത്തിന് വിശ്രമം നല്‍കേണ്ടത് പ്രധാനമാണ്. പനിയും ചുമയുമൊക്കെ വരുമ്പോള്‍ ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കഠിന വ്യായാമങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. ഓട്ടം, ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയ്‌നിങ്, ഭാരം ഉയര്‍ത്തല്‍, റെസിസ്റ്റന്‍സ് വ്യായാമങ്ങള്‍ എന്നിങ്ങനെയുള്ള കാര്‍ഡിയോവാസ്‌കുലര്‍ വ്യായാമങ്ങള്‍ ശ്വാസകോശത്തില്‍ ഉയര്‍ന്ന സമ്മര്‍ദമുണ്ടാക്കാം. പനിക്ക് ശേഷം യോഗ, സ്ട്രെച്ചിങ്, നടത്തം പോലുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.