ഉടുമ്ബൻചോലയ്ക്കടുത്ത് ചെമ്മണ്ണാറില്‍ മുത്തശ്ശിയോടൊപ്പം കാണാതായ നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.
കുഞ്ഞ് തുടർച്ചയായി കരയുന്നതില്‍ അസ്വസ്ഥയായ അമ്മ ചിഞ്ചു, കുഞ്ഞിനെ ചുമരിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് നാലുവർഷത്തിനുശേഷമാണ് ഇവർക്ക് കുഞ്ഞ് പിറന്നത്.
കുഞ്ഞിന്റെ അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ഉടുമ്ബൻചോല പോലീസ് അറസ്റ്റുചെയ്തു. ചെമ്മണ്ണാർ പുത്തൻപുരയ്ക്കല്‍ ചിഞ്ചു(27), ചിഞ്ചുവിന്റെ അച്ഛൻ ശലോമോൻ(64), അമ്മ ഫിലോമിന (ജാൻസി-56) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചിഞ്ചുവാണ് ഒന്നാംപ്രതി.
ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ വീട്ടില്‍നിന്ന് 300 മീറ്റർ മാറി തോട്ടുവക്കത്ത്
ഏലത്തോട്ടത്തില്‍ മരിച്ചനിലയിലും ചിഞ്ചുവിന്റെ അമ്മ ഫിലോമിനയെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.
പുലർച്ചെ നാലോടെ ജാൻസിയെയും കുഞ്ഞിനെയും കാണാതായെന്നാണ് ശലോമോൻ പറഞ്ഞിരുന്നത്. ഉടുമ്ബൻചോല പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍, രാവിലെ എട്ടോടെയാണ് ഇരുവരെയും കണ്ടെത്തിയത്. തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മരിച്ചുപോയ അയല്‍വാസി വിളിച്ചതിനെത്തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്ന് ഫിലോമിന പറഞ്ഞിരുന്നു. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞതിനെത്തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ചിഞ്ചുവിനെ ചോദ്യംചെയ്തെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല. സംശയം തോന്നിയ പോലീസ്, ഫിലോമിനയെ കോലഞ്ചേരിയില്‍നിന്ന് ഡിസ്ചാർജുചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. അവിടെവെച്ചാണ്, മാനസികാസ്വാസ്ഥ്യമില്ലെന്ന് കണ്ടെത്തിയത്.
തുടർന്ന് മൂവരെയും പലതവണ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു, കുഞ്ഞിനെയെടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് മനസ്സിലായതിനെത്തുടർന്നാണ് ഫിലോമിനയും ഭർത്താവും ചേർന്ന് കള്ളക്കഥ മെനഞ്ഞത്.