അഭിനയരംഗത്ത് നിന്ന് മകള്‍ക്ക് യാതൊരു തരത്തിലുളള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും ശരണ്യയുടെ അമ്മ പറഞ്ഞു. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം 2021ലാണ് മരിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ അമ്മ ഒരു യൂട്യൂബ് ചാനലിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.
'ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് മകള്‍ അഭിനയരംഗത്ത് സജീവമാകുന്നത്. നല്ല രീതിയിലാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. അടുത്തിടെയാണ് അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങളൊക്കെ വാർത്തയില്‍ വന്നിരുന്നു. എനിക്ക് അതുമായി ബന്ധപ്പെട്ട് ഒരുപാട് ഫോണ്‍ കോളുകളും വന്നു. ശരണ്യ, ബാലചന്ദ്രമേനോന്റെ സീരിയലില്‍ ആണല്ലോ അഭിനയിച്ചത്. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നൊക്കെ പലരും ചോദിച്ചു.
അതൊക്കെ കേട്ടപ്പോള്‍ വലിയ സങ്കടമായി.ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ അഭിനയത്തില്‍ നിന്ന് വലിയ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശരണ്യയ്ക്ക് അസുഖം വന്ന സമയത്തും ബാലചന്ദ്രമേനോൻ സാർ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. കലാഭവൻ മണിയുടെ സഹോദരിയായി ഒരു സിനിമയിലും അഭിനയിച്ചു.
മറ്റൊരു സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളെ മണിയൻപിളള രാജു സാർ വിളിക്കുന്നത്. സംസാരത്തിനിടയില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് സാർ പറഞ്ഞതായി മകള്‍ പറഞ്ഞു. അപ്പോഴേ ഞാൻ വേണ്ടെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ ശേഷം വീണ്ടും കോള്‍ വന്നു. അപ്പോള്‍ ഞാൻ അഡ്ജസ്റ്റ്‌മെന്റ് എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അഭിനയിക്കുന്ന ദിവസങ്ങള്‍ തമ്മില്‍ ക്ലാഷ് ആകരുതെന്നാണ് ഉദ്ദേശിച്ചതെന്ന് സാർ പറഞ്ഞു. അങ്ങനെയാണ് ഛോട്ടാമുംബയില്‍ അഭിനയിച്ചത്. പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രതികരിച്ചതിന് ശരണ്യയ്ക്ക് അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്'- ശരണ്യയുടെ അമ്മ പറഞ്ഞു.
നടി സീമ ജി നായരെക്കുറിച്ചും ശരണ്യയുടെ അമ്മ പറഞ്ഞു. 'സീമ ജി നായരുടെ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല. നല്ലൊരു മനസിന്റെ ഉടമയാണ് സീമ. ശരണ്യയുടെ ശസ്ത്രക്രിയകള്‍ നടത്താനുളള പണം തന്ന് സഹായിച്ചത് സീമയാണ്. ശരണ്യയുടെ വിവാഹമോചനം കഴിഞ്ഞ സമയമായിരുന്നു അത്.അവളുടെ മരണശേഷം എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും സീമയാണ് '- അമ്മ വ്യക്തമാക്കി.