എലിവിഷം വച്ച മുറിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. ചെന്നൈയ്ക്കുസമീപത്തായിരുന്നു സംഭവം.
ആറ് വയസുകാരി വിശാലിനിയും ഒരു വയസുകാരി സായി സുധനുമാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ബാങ്ക് മാനേജരാണ് ഗിരിധരൻ. ഇവരുടെ വീട്ടില്‍ എലിശല്യം രൂക്ഷമാണ്. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഗിരിധരൻ കീടനാശിനി കമ്ബനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ കമ്ബനി പ്രതിനിധികള്‍ എലിയെ നശിപ്പിക്കാനെന്നുപറഞ്ഞ് എലിവിഷം കിടപ്പുമുറിയില്‍ ഉള്‍പ്പെടെ പലയിടത്തായി പൊടിച്ചിടുകയും സ്‌പ്രേചെയ്യുകയും ചെയ്തു.
ഇത് കാര്യമാക്കാതെ രാത്രി മുറിയിലെ എ സി പ്രവർത്തിപ്പിച്ച് നാലുപേരും കിടന്നുറങ്ങി. നേരം വെളുത്തിട്ടും ആരെയും പുറത്തുകാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരെയും അവശനിലയില്‍ കണ്ടെത്തിയത്.
ഉടൻതന്നെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്ബുതന്നെ ഇരുവരും മരിച്ചിരുന്നു. മാതാപിതാക്കള്‍ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികള്‍ മരിച്ചതോടെ കീടനാശിനി കമ്ബനിയുടെ ഉടമ ഒളിവില്‍പ്പോയിരിക്കുകയാണ്. കമ്ബനിയുമായി ബന്ധപ്പെട്ട ഒരാള്‍ അറസ്റ്റിലായി എന്ന് റിപ്പോർട്ടുണ്ട്. വിഷത്തിലെ രാസവസ്തുക്കള്‍ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് കരുതുന്നത്.