*പ്രഭാത വാർത്തകൾ*
2024 | നവംബർ 10 | ഞായർ | തുലാം 25
◾ ഒബിസി വിഭാഗത്തില്‍ നിന്നുള്ള പ്രധാനമന്ത്രിയെ കോണ്‍ഗ്രസിന് ഇനിയും ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്ര നാന്ദേഡിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒബിസികളുടെ സ്വത്വം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വിവിധ വിഭാഗങ്ങളാക്കി ഒബിസികളെ ഭിന്നിപ്പിക്കാനാണ് നീക്കമെന്നും കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മോദി മുന്നറിയിപ്പ് നല്‍കി. ചുവന്ന പുറംചട്ടയും കാലി പേജുകളുമുള്ള ഭരണഘടനയുടെ കോപ്പികള്‍ നല്‍കിയ കോണ്‍ഗ്രസ് നടപടി ഞെട്ടിക്കുന്നതാണെന്നും മോദി പറഞ്ഞു.
◾ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ അരിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടെ കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ വയനാട് കളക്ടര്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യവിഷബാധയടക്കമുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്നും വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തുവെന്നാരോപിച്ച് വിവാദങ്ങളും സമരങ്ങളും വാദപ്രതിവാദങ്ങളും കൂടുതല്‍ ശക്തമാവുകയാണ്. അതിനിടെയാണ് കളക്ടറുടെ നടപടി.
◾ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ അരിയില്‍ പുഴുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ റവന്യു മന്ത്രി കെ രാജനെ വെല്ലുവിളിച്ച് യു.ഡി.എഫ് നേതാക്കളായ ടി സിദ്ദിഖ് എംഎല്‍എ, രാജ്മോഹന്‍ ഉണ്ണിത്താന്‍, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാന്‍ അവര്‍ മന്ത്രിയെ വെല്ലുവിളിച്ചു.
◾ കോണ്‍ഗ്രസ് -ബിജെപി ഡീല്‍ ആരോപണം ചേലക്കര തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്നും പിണറായി പറഞ്ഞു. തൃശ്ശൂരിലൂടെ ലോക്സഭയിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായിയെന്നും ബിജെപി- കോണ്‍ഗ്രസ് മാനസിക ഐക്യം അത്രത്തോളമാണെന്നും ഇരുവരുടെയും പ്രധാന ശത്രു എല്‍ഡിഎഫാണെന്നും പിണറായി പറഞ്ഞു.
◾ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിക്കായി വണ്ടൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ഡികെ ശിവകുമാറിന്റെ നിര്‍ണായക പ്രഖ്യാപനം. മൂന്ന് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വിളിച്ചിരുന്നുവെന്നും ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം എങ്ങനെ തീര്‍ക്കാം എന്നാണ് പ്രിയങ്ക ചോദിച്ചതെന്നും ശിവകുമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരുറപ്പ് നല്‍കാമെന്നും പ്രിയങ്ക എംപിയായശേഷം അവരുടെ സാന്നിധ്യത്തില്‍ കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും ആ ചര്‍ച്ചയില്‍ നിങ്ങളെ നിരാശരാകാത്ത നല്ല ഒരു ഫലം നമുക്ക് പ്രതീക്ഷിക്കാമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
◾ വഖഫിലെ വിവാദപ്രസ്താവനയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. വയനാട്ടിലെ കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്ന പരാതി കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് നല്‍കിയത്. വഖഫ് വിഷയവുമായി സംസാരിക്കുന്നതിനിടെ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
◾ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ എന്‍ പ്രശാന്ത് ഐ എ എസിന്റെ പരസ്യ പ്രതികരണം ശക്തമായി തുടരുന്നു. 'ഓണക്കിറ്റില്‍ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയര്‍ തീര്‍ക്കാന്‍ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് എന്‍ പ്രശാന്ത് ഏറ്റവും ഒടുവിലായി കുറിച്ചത്. ജയതിലകിനെതിരായി പരസ്യ വിമര്‍ശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്ന കമന്റിനുള്ള മറുപടിയായാണ് എന്‍ പ്രശാന്ത് ഇക്കാര്യം കുറിച്ചത്.
◾ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്‍. പ്രശാന്തിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. എന്ത് നടപടിയാണ് ഉണ്ടാകുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പ്രശാന്തിന്റെ പരാമര്‍ശം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
◾ മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി ഡിജിപി . വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
◾ വണ്ടൂരില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തിയാണ് മുനീര്‍ പിണറായിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. 'സ്വന്തം വീടിന്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയനെന്നാണ് മുനീര്‍ പറഞ്ഞത്. ഗതികേടേ നിന്റെ പേരോ പിണറായി എന്നും മുനീര്‍ പറഞ്ഞു.
◾ മുനമ്പം നിരാഹാര സമരപ്പന്തലിലെത്തിയ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും ഏത് അതിര്‍ത്തി വരെ പോകേണ്ടിവന്നാലും സമരക്കാരുടെ കൂടെയുണ്ടാകുമെന്നും, സമരക്കാരിലെ അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
◾ സീപ്ലെയ്ന്‍ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.
◾ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സി പി എം അതേ പദ്ധതി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയില്‍ ഇറക്കാന്‍ പോലും സമ്മതിച്ചില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
◾ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് കണ്ണൂര്‍ മട്ടന്നൂരില്‍ അപകടം. സിനിമ കാണാനെത്തിയ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളില്‍ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്.
◾ കള്ളനോട്ട് നിര്‍മ്മിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. 30,000 രൂപയുടെ കള്ളനോട്ട് നിര്‍മ്മിച്ച ഇവര്‍ ഡമ്മി നോട്ടുകള്‍ പ്രചരിപ്പിക്കുകയായിരുന്നു. സതീഷ് റായി, പ്രമോദ് മിശ്ര എന്നിങ്ങനെ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കമ്പ്യൂട്ടര്‍ പ്രിന്റ് ചെയ്താണ് ഇവര്‍ 500 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചത്. എല്ലാ നോട്ടുകള്‍ക്കും ഒരേ സീരിയല്‍ നമ്പറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
◾ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തിന് കാരണം ബ്ലാക്‌മെയ്‌ലിങെന്ന് പൊലീസ്. സംഭവത്തില്‍ തിരൂര്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികള്‍ തട്ടി എടുത്തിരുന്നു.
◾ കൊല്ലം അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ് സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ മരിച്ചു. അഴീക്കല്‍ സ്വദേശിനി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജാമോള്‍ക്കും 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. രാത്രി എട്ടുമണിയോടെയാണ് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. ഇരുവരും ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നാണ് വിവരം.
◾ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥിനി മരിച്ചു. വയനാട് ചുണ്ടേല്‍ തുണ്ടത്തില്‍ ഷാന്റി- രാജി ദമ്പതികളുടെ മകളും അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായ ആന്‍മരിയ(19) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്.
◾ ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കക്കാഴം സ്വദേശി യാസിന്‍ മുഹമ്മദ് (26) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം കുറവന്തോട് ജങ്ഷനിലാണ് അപകടമുണ്ടായത്.
◾ മലപ്പുറം വാഴക്കാട് മുണ്ടുമുഴിയില്‍ കാറിലിടിച്ച് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനടുത്ത് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നവരുടെ മേല്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. ഓട്ടുപാറ കുറുമ്പാടിക്കോട്ട് അഷറഫ്, സഹോദരന്റെ മകന്‍ നിയാസ് എന്നിവരാണ് മരിച്ചത്.
◾ ആണ്‍സുഹൃത്ത് ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിലെ മനോവിഷമത്തില്‍ യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ യുവാവിന്റെ ആത്മഹത്യാശ്രമം തടഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
◾ ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടില്‍നിന്ന് തീ പടര്‍ന്ന് ലക്ഷദ്വീപ് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ട് പൂര്‍ണമായി കത്തിനശിച്ചു.
◾ സ്ത്രീകളെ അവരുടെ സ്വപ്നങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുരുഷമേധാവിത്വത്തിന് ആവുമായിരുന്നെങ്കില്‍ എങ്ങനെ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമായിരുന്നുവെന്ന് കേന്ദ്ര ധനമനന്ത്രി നിര്‍മല സീതാരാമന്‍. സമസ്തമേഖലയിലും സ്ത്രീകളുടെ ഉന്നമനത്തിന് തടസം നില്‍ക്കുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വമാണ് എന്നൊരു പറച്ചിലുണ്ടെന്നും എന്നാല്‍ നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍, അത് നേടണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പുരുഷമേധാവിത്വമൊന്നും ഒരു തടസമാവില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
◾ ബിജെപി ഉള്ള കാലത്തോളം മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ സഹായിക്കുമെന്ന് പറയുന്നു. എന്നാല്‍ ഭരണഘടനയില്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ വ്യവസ്ഥയില്ല. മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയുമെന്നും ഇത് തങ്ങള്‍ അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.
◾ ട്രെയിന്‍ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച ബീഹാറിലെ ബെഗുസാരായിയിലെ ബറൗണി ജംഗ്ഷനിലാണ് സംഭവം. റെയില്‍വേ പോര്‍ട്ടര്‍ ഷണ്ടിംഗ് ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സോന്‍പൂര്‍ റെയില്‍വേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനില്‍ പോര്‍ട്ടര്‍ ജോലി ചെയ്യുന്ന അമര്‍ കുമാര്‍ റാവുവാണ് കൊല്ലപ്പെട്ടത്.
◾ ഝാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്ത് അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തുമെന്നും എത്ര സംവരണം ലഭിക്കുമെന്നും ചോദിച്ച അദ്ദേഹം ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും പറഞ്ഞു. ഛത്രയില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2222222222222222222222222222
◾ ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ വെള്ളിയാഴ്ച ബിജെപി പ്രവര്‍ത്തകര്‍ക്കായി സമൂസ വിരുന്നൊരുക്കി. മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണത്തിന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് വിരുന്ന്. പ്രതിപക്ഷ നേതാവായ ജയറാം താക്കൂര്‍ സമൂസ കഴിക്കുന്നതും ബിജെപി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിന്റെയും വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.
◾ ഇന്ത്യ-കാനഡ നയതന്ത്രപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ വിദേശവിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
◾ യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് ആശംസകളറിയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്താനില്‍ നിരോധിച്ച സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസയറിയിച്ചത്. നിരോധനം മറികടക്കാനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് പാക് പ്രധാനമന്ത്രി എക്‌സ് ഉപയോഗിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. .
◾ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യലുള്ള റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാവിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം.
◾ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് 2024-25 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 59.68 കോടി രൂപയുടെ വളര്‍ച്ചയോടെ 269.37 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 28.46 ശതമാനമാണ് വളര്‍ച്ച. ഈ കാലയളവില്‍ ബാങ്കിന്റെ വായ്പാ വിതരണം 9.34 ശതമാനം വര്‍ധിച്ച് 15,633.50 കോടി രൂപയായി. വരുമാനം 35.48 ശതമാനം വര്‍ധിച്ച് 2,113.78 കോടി രൂപയുമായി. മുത്തൂറ്റ് ഫിന്‍കോര്‍പ് കൈകാര്യം ചെയ്യുന്ന ആസ്തി 41,873.15 കോടി രൂപയുമായി. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഏകീകൃത ലാഭം 118.02 ശതമാനം വര്‍ധനയോടെ 198.17 കോടി രൂപയാണ്. കമ്പനിയുടെ തനിച്ചുള്ള വായ്പാ വിതരണം 12,741 കോടി രൂപയും കൈകാര്യം ചെയ്യുന്ന ആസ്തി 27,043 കോടി രൂപയുമാണ്. ഏകീകൃത വരുമാനം 920.37 കോടി രൂപയില്‍ നിന്ന് 46.44 ശതമാനം വര്‍ധനയോടെ 1,347.76 കോടി രൂപയായി.
◾ ഫഹദ് ഫാസില്‍ നായകനായ 'ആവേശം' സിനിമയുടെ തെലുങ്ക് പതിപ്പ് റീമേക്ക് അവകാശം രവി തേജ സ്വന്തമാക്കി. ഫഹദ് അവതരിപ്പിച്ച രങ്കണ്ണന്‍ എന്ന കഥാപാത്രത്തെ രവി തേജയാണ് പുനരവതരിപ്പിക്കുക. ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. ഫഹദ് ഫാസിലിന്റെ കരിയറിലെ ബോക് ബസ്റ്റര്‍ ചിത്രമാണ് ആവേശം. രങ്കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
◾ തമിഴ് താരം കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മീശ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഏറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഒരു ത്രില്ലറാണ് ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തമിഴ് താരം കതിര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും മീശ എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധയകന്‍ എംസി ജോസഫ് തന്നെയാണ്.
◾ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ കരസ്ഥമാക്കി മാരുതി സുസുക്കി ഡിസയര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ നാല് സ്റ്റാറും ഡിസയര്‍ സ്വന്തമാക്കി. ആറ് എയര്‍ബാഗുകളും ഇഎസ്സിയും പെഡസ്ട്രിയന്‍ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡല്‍ മുതലുണ്ട്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 ല്‍ 31.24 മാര്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ 48 ല്‍ 39.20 മാര്‍ക്കും ഡിസയറിന് ലഭിച്ചു. പുതിയ ഡിസയറിനെ നവംബര്‍ 11 നാണ് മാരുതി വിപണിയില്‍ അവതരിപ്പിക്കുന്നത്. പഴയ മോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളുമായി എത്തുന്ന വാഹനത്തില്‍ പുതിയ എന്‍ജിനുമാണ് വാഹനം വിപണിയില്‍ എത്തുന്നത്. സ്വിഫ്റ്റിലൂടെ അരങ്ങേറിയ 1.2 ലീറ്റര്‍ മൂന്ന് സിലിണ്ടര്‍ കെ12എന്‍ എന്‍ജിനാണ് വാഹനത്തില്‍. 82 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 5 സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകള്‍. മാനുവല്‍ മോഡലിന് 24.7 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 25.7 കിലോമീറ്ററും സിഎന്‍ജി മോഡലിന് 33.73 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.
◾https://dailynewslive.in/ നമ്മുടെ നോവലുകളുടെ ആരംഭകാലം മുതല്‍തന്നെ തിരുവിതാങ്കൂറെന്ന വേണാടിന്റെ ചരിത്രം പല ഭാവങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുചരിത്രങ്ങളിലൂടെ, സാമ്പ്രദായിക ചരിത്രപരിശോധനകളിലൂടെ, പോപ്പുലര്‍ ഹിസ്റ്റോഗ്രഫിയിലൂടെ അത് ഇന്നും തുടരുന്നു. ഇവിടെ, ഈ നോവലില്‍ ആ ചരിത്രം പുതുഭാവത്തില്‍ അവതരിപ്പിക്കുകയാണ്. ചരിത്രകഥാപാത്രങ്ങള്‍ക്കൊപ്പം കല്പിതകഥാപാത്രങ്ങളും ചേര്‍ന്നുകൊണ്ട് ചരിത്രത്തിന്റെ നിശ്ശബ്ദതകള്‍ക്ക് ശബ്ദംനല്കാനുള്ള ശ്രമം. 'ഉമാനാട് വേണാട്'. പ്രശാന്ത് മിത്രന്‍. ഡിസി ബുക്സ്. വില 288 രൂപ.
◾ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശം നീക്കി പോഷകങ്ങളുടെ സംസ്‌കരണ വരെ നിര്‍വഹിക്കുന്നത് കരളാണ്. എന്നാല്‍ കരള്‍ സമ്മര്‍ദത്തിലാക്കുന്നതോ അമിതമായി ജോലി ചെയ്യേണ്ടിയോ വരുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കാം. എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്ന് തോന്നാറുണ്ടോ? ഇത് ഒരുപക്ഷെ കരള്‍ തകരാറിലാകുന്നതിന്റെ സൂചനയാകാം. കരള്‍ തകരാറിലാകുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദത്തിലാകുമ്പോള്‍ ശരീരത്തില്‍ നിന്ന് വിഷാംശം അരിച്ചു നീക്കാന്‍ പ്രയാസപ്പെടുന്നു. ഇത് ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാനും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. കരള്‍ തകരാറിലാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ക്ഷീണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കാന്‍ ഇടയാകും. ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം പതിവായി വയറിളക്കം, ഓക്കാനം, അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് ഒരുപക്ഷെ കരള്‍ സമ്മര്‍ദത്തിലാവുന്നതു കൊണ്ടാകാം. നിങ്ങളുടെ കരള്‍ ആവശ്യത്തിന് ദഹന എന്‍സൈമുകള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അടിവയര്‍ പെട്ടെന്ന് വീര്‍ക്കുന്നതായി അനുഭവപ്പെടുന്നത് കരളിന്റെ മോശം ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അടിവയറ്റിന് ചുറ്റും കൊഴുപ്പ് കൂടുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലം മാനസിക സമ്മര്‍ദം തുടങ്ങിയവയാണ് ഫാറ്റി ലിവറിന്റെ പ്രധാന കാരണങ്ങള്‍. പെട്ടെന്നുണ്ടാകുന്ന ചര്‍മത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ചര്‍മത്തില്‍ ചൊറിച്ചില്‍, മുഖക്കുരു, മഞ്ഞനിറം തുടങ്ങിയവ കരളിന്റെ മോശം ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കരള്‍ തകരാറിലാകുമ്പോള്‍ രക്തത്തില്‍ നിന്ന് വിഷാംശം അരിച്ചു നീക്കാന്‍ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയോട് തീവ്രമായ ആസക്തി തോന്നുന്നതും കരളിന്റെ മോശം ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാന്‍ കരളിന് കഴിയാതെ വരുന്നു. ഇത് പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്ന പഞ്ചസാരയോട് ആസക്തിയും വിശപ്പും ഉണ്ടാക്കാം.