ക്രിമിനല്‍ കേസില്‍ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരള ഹൈക്കോടതി
ക്ലാസിനുള്ളില്‍ ഡെസ്കില്‍ കാല്‍ കയറ്റിവച്ചത് ചോദ്യം ചെയ്തപ്പോള്‍ ചീത്ത വിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികയ്ക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
എന്തു ചെയ്യണം, ചെയ്യരുതെന്ന ഭയപ്പാടില്‍ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
ഗുരുദക്ഷിണയായി ചോദിച്ച പെരുവിരല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ചു നല്‍കിയ ഏകലവ്യൻ പകർന്ന പാഠമൊക്കെ ഇപ്പോള്‍ തലകീഴായി മറിഞ്ഞെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീൻ പറഞ്ഞു. അച്ചടക്ക പാലനത്തിന്റെ ഭാഗമായാണ് കുട്ടിയെ ശാസിച്ചതെന്ന് അധ്യാപിക ഹർജിയില്‍ വ്യക്തമാക്കി.
'വീട്ടില്‍ ചെയ്യുന്നതു പോലെ ഇവിടെ ചെയ്യരുത് എന്നു പറഞ്ഞപ്പോള്‍, 'വീട്ടുകാരെ പറഞ്ഞതു കൊണ്ട് ടീച്ചറെ അസഭ്യം പറഞ്ഞു' എന്ന് കുട്ടി തന്നെ മൊഴി നല്‍കിയതും ചൂണ്ടിക്കാട്ടി.
കുട്ടികളുടെ നല്ലതിനായി അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കരുതെന്നും കോടതി പറഞ്ഞു. ഇത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടർന്നാല്‍ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതില്‍ ആശങ്കയുടെന്നും കോടതി വ്യക്തമാക്കി.
കുട്ടിയ്ക്ക് പരിക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തി അധ്യാപികയുടെ പേരില്‍ തൃശൂർ വാടാനപ്പള്ളി പൊലീസ് കേസെടുത്തിരുന്നു. ശാരീരികമായോ മാനസികമായോ കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഉത്തരവിറക്കിയത്.