സ്വകാര്യ ലാബ് അധികൃതരുടെ പിഴവ് മൂലം ഇല്ലാത്ത തൈറോയ്ഡിന് മരുന്ന് കഴിച്ച് പാർശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന വീട്ടമ്മ നീതി തേടി നിയമവഴിയില്‍.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കുന്ന ലതാകുമാരിക്കാണ് സ്വകാര്യ ലാബ് അധികൃതരുടെ വീഴ്ച മൂലം ഇല്ലാത്ത രോഗത്തിന് മരുന്ന് കഴിക്കേണ്ടി വന്നത്.
തിരുവനന്തപുരം ഉള്ളൂരിലെ സ്വകാര്യ ലാബിനെതിരെയാണ് പരാതി. രക്തത്തിലെ ക്രിയാറ്റിൻ അളവ് പരിശോധിക്കാനായിട്ടാണ് ഉള്ളൂരിലെ സ്വകാര്യ ലബോറട്ടറിയില്‍ ലതാകുമാരി രക്തം പരിശോധനയ്‌ക്ക് കൊടുത്തത്. ലഭിച്ചത് മൂന്നു പേജുകള്‍ ഉള്ള ഒരു പരിശോധനാ ഫലം. ഇത് നെടുമങ്ങാട് ഉള്ള പ്രൈമറി ഹെല്‍ത്ത് സെൻറർ ഡോക്ടറെ കാണിച്ചു. പേര് ശ്രദ്ധിക്കാതെ റിപ്പോർട്ട് വായിച്ചു നോക്കിയ ഡോക്ടർ തൈറോയ്ഡിനുള്ള മരുന്ന് കുറിച്ചു നല്‍കി.
മരുന്ന് കഴിച്ചു കഴിഞ്ഞു ലതയ്‌ക്ക് ശരീരത്തില്‍ നീരും രക്തസ്രാവവും ഉണ്ടായി. തുടർന്ന് വീണ്ടും ഡോക്ടറെ കണ്ടപ്പോഴാണ് പരിശോധനാ ഫലം മാറിയതായി ഡോക്ടറുടെയും ശ്രദ്ധയില്‍പ്പെടുന്നത്. സ്വകാര്യ ലാബില്‍ തൈറോഡ് പരിശോധനയ്‌ക്ക് എത്തിയ അനീഷ് എന്ന വ്യക്തിയുടെ ലാബ് റിപ്പോർട്ടാണ് ലതയ്‌ക്ക് നല്‍കിയത്.
ലതാകുമാരിക്ക് തൈറോയ്ഡ് ഇല്ല. എന്നാല്‍ അനീഷിന്റെ റിപ്പോർട്ട് കാണിച്ചതിനാല്‍ ഡോക്ടർ തൈറോയ്ഡിനുളള മരുന്ന് നല്‍കി. അതിന്റെ പാർശ്വഫലമായി ശരീരത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായി. നെടുമങ്ങാട് പിഎച്ച്‌എസ്‌ഇയിലെ ഡോക്ടർക്കും ചികിത്സയില്‍ ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ലതാകുമാരി ആരോപിക്കുന്നു.
പിഴവ് മനസിലായ ശേഷം ലാബില്‍ വിളിച്ചപ്പോള്‍ നേരിട്ട് വരാൻ പറഞ്ഞു. നേരിട്ടെത്തി റിപ്പോർട്ടുകള്‍ പരിശോധിച്ച ശേഷം റിസപ്ഷനില്‍ ഇരുന്ന ജീവനക്കാരിയുടെ പിഴവാണെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് ചെയ്തത്. വേണമെങ്കില്‍ ജീവനക്കാരിയുടെ പേരില്‍ പരാതി നല്‍കാനും ലാബ് അധികൃതർ നിർദ്ദേശിച്ചുവെന്ന് ലതാകുമാരി പറയുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജില്‍ പോലിസിലാണ് ലതാകുമാരി പരാതി നല്‍കിയത്. ഇനിയും ആർക്കും ഈ അവസ്ഥ വരരുതെന്നും സ്വകാര്യ ലാബുകള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പറഞ്ഞാണ് ലതാകുമാരി പരാതി നല്‍കിയിരിക്കുന്നത്