Click to learn more 👇

ചേലക്കര ചുവന്നു; ചേലക്കര പ്രദീപിനൊപ്പം; ഇത്തവണയും യുഡിഎഫിനായില്ല: വന്‍ വിജയവുമായി എല്‍ഡിഎഫ്


 

മധ്യകേരളത്തിലെ ചുവന്ന പൊട്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചേലക്കര നിലനിർത്തി എല്‍ ഡി എഫ്. ഉപതിരഞ്ഞെടുപ്പില്‍ 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ വിജയം.


സിറ്റിങ് എം എല്‍ എയായിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂർ ലോക്സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചതിനെ തുടർന്നാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

എല്‍ ഡി എഫ് 64827 വോട്ട് നേടിയപ്പോള്‍ യു ഡി എഫിന് ലഭിച്ചത് 52626 വോട്ടുകളാണ്. അതേസമയം 33609 വോട്ട് നേടി ബി ജെ പിയും മികച്ച മുന്നേറ്റം കാഴ്ചവെച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തിന് അടുത്തുള്ള ഭൂരിപക്ഷത്തിലായിരുന്നു ചേലക്കരയിലെ ഇടത് വിജയം. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ലീഡ് അയ്യായിരത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാല്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഈ തിരഞ്ഞെടുപ്പില്‍ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിർത്താന്‍ കഴിഞ്ഞു എന്നുള്ളത് അവരെ സംബന്ധിച്ച്‌ നല്‍കുന്ന ആശ്വാസം ചെറുതല്ല.


രമ്യ ഹരിദാസിനായി മികച്ച പ്രവർത്തനം തന്നെ മണ്ഡലത്തില്‍ യു ഡി എഫ് നടത്തിയിരുന്നു. മുതിർന്ന നേതാക്കള്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ച്‌ പ്രചരണം ഏകോപിപ്പിച്ചു. ഏറ്റവും കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ ഒരു പഞ്ചായത്തിലും ലീഡ് നേടാന്‍ അവർക്ക് സാധിച്ചില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 4.86 ശതമാനം വോട്ട് വർധിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അവരെ സംബന്ധിച്ചുള്ള ആകെ ആശ്വസകരം.

ബി ജെ പിയെ സംബന്ധിച്ച്‌ മികച്ച പ്രകടനമാണ് അവർ ഇത്തവണ പുറത്തെടുത്ത്. കെ ബാലകൃഷ്ണന്‍ മുപ്പതിനായിരത്തോളം വോട്ടുകള്‍ നേടുമെന്നായിരുന്നു അവർ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതാണ് 33609 ലേക്ക് എത്തിയത്. മണ്ഡലത്തില്‍ ബി ജെ പിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ട് വിഹിതമാണ് ഇത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക