*പ്രഭാത വാർത്തകൾ*
2024 | നവംബർ 26 | ചൊവ്വ | വൃശ്ചികം 11 |
◾ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 1976ലെ 42-ാം ഭേദഗതി പ്രകാരം സോഷ്യലിസ്റ്റ് സെക്യുലര്‍ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. ആമുഖം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോള്‍ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
◾ വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയില്‍ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷവും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഒരിക്കലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ഭൂരിപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നതെന്നും ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് പ്രഖ്യാപനത്തില്‍ ഇനി കാലതാമസമുണ്ടാകില്ലെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും റിപ്പോര്‍ട്ട് ധനമന്ത്രിക്ക് ലഭിച്ചുവെന്നും കെ.വി. തോമസ് പറഞ്ഞു.
◾ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരന്‍. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകുമെന്നും മുരളീധരന്‍ പറഞ്ഞു. അമ്മയെ തല്ലുന്നത് നിര്‍ത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നതെന്നും പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തോറ്റതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
◾ പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും വികെ ശ്രീകണ്ഠന്‍ എംപിയും വ്യക്തമാക്കി. അതൃപ്തരായ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികള്‍ക്ക് ബി ജെ പിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
◾ മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടിയുമായി ഡി.സി ബുക്‌സ്. സംഭവത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.
◾ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ രവി ഡിസിയുടെ മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസി ബുക്സ് . കരാര്‍ ഇല്ലെന്ന് മൊഴി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. പുസതകം പ്രസിദ്ധീകരിക്കാന്‍ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്സ് നല്‍കുന്നത്.
◾ ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
◾ ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നവംബര്‍ 16 ന് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
◾ ആര്‍എസ്എസും മുസ്ലിം ലീഗും തമ്മില്‍ വ്യത്യാസമില്ലാതായെന്ന് മന്ത്രി സജി ചെറിയാന്‍. മതനിരപേക്ഷ നിലപാട് ലീഗ് മറന്നുവെന്നും മുസ്ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലീം ഏകോപനം നടത്താന്‍ ലീഗ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷത പറഞ്ഞ ശേഷം വര്‍ഗീയ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു.
◾ വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്. അന്വേഷണം പുരോഗമിക്കുന്നെന്നും ഇതുവരെ 24 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റ കമ്പനിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
◾ ഓര്‍ത്തോഡോക്സ്- യാക്കോബായ സഭാ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയടക്കം ഇരുപതോളം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ഒഴിവാക്കി സുപ്രീംകോടതി. ഈ മാസം 29ന് നേരിട്ട് ഹാജരാകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
◾ തിരുവനന്തപുരത്തെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ കര്‍ണ്ണാടക പൊലീസിന്റെ റെയ്ഡ്. കോളേജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. കര്‍ണ്ണാടക സ്വദേശികളില്‍ നിന്നും ഏഴരകോടിയോളം രൂപ വാങ്ങി തിരികെ നല്‍കാത്തതില്‍ കര്‍ണ്ണാടക മല്ലേശ്വരം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാള്‍ കാശ് തട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാത്തതിനാല്‍ കോടതി ഉത്തരവ് പ്രകാരമാണ് റെയ്ഡുമായി പൊലീസ് എത്തിയത്.
◾ ആദിവാസി വിഭാഗക്കാര്‍ താമസിച്ചിരുന്ന കുടിലുകള്‍ വനം വകുപ്പ് പൊളിച്ചുമാറ്റി. വയനാട് തോല്‍പ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വര്‍ഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്. പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പരാതിപ്പെട്ടു.
◾ ആശുപത്രി ക്യാന്റീനില്‍ നിന്ന് വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളില്‍ അട്ടയുണ്ടായിരുന്നെന്ന് പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട ഉണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ക്യാന്റീന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്.
◾ ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവായ രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലന്‍സില്‍വെച്ചും മര്‍ദിച്ചെന്നും യുവതി പറഞ്ഞു. മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റിട്ടുണ്ട്. എന്നാല്‍, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവര്‍ എഴുതി നല്‍കി. ഇന്നലെ രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലം വിട്ടു.
◾ ആന്‍ഡമാന്‍ കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മയക്കുമരുന്ന് വേട്ട. മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഏകദേശം അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
◾ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 17 ആയി. നവംബര്‍ 14നുണ്ടായ അഗ്നിബാധയില്‍ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റല്‍ വിഭാഗത്തില്‍ നിന്ന് രക്ഷിച്ചത്. ഇവരില്‍ രണ്ട് പേരാണ് മരണത്തിന് കീഴടങ്ങിയതെന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പില്‍ ഡോ നരേന്ദ്ര സിംഗ് സെന്‍ഗാര്‍ വിശദമാക്കുന്നത്.
◾ രഹസ്യമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം മുംബൈ വിമാനത്താവളത്തില്‍ പിടികൂടി. 2.714 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാമോളം സ്വര്‍ണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. സ്വര്‍ണക്കടത്ത് തടയാന്‍ ലക്ഷ്യമിട്ട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് സ്വീകരിച്ചുവരികയായിരുന്ന നടപടികളുടെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.
◾ തെലങ്കാനയിലെ യങ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്ക് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി രൂപ നിരസിച്ച് രേവന്ത് റെഡ്ഡിയുടെ സര്‍ക്കാര്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ യു.എസ്. കോടതിയിലെ കുറ്റപത്രത്തില്‍ ഗൗതം അദാനിയുടെയും മറ്റും പേര് ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണിത്.
◾ അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയതിന് പിന്നാലെ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.
◾ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്. പതിന്നാലു മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തിലെ ആദ്യഗെയിം സിങ്കപ്പുരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലാണ് നടന്നത്.
◾ രണ്ട് ദിവസമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന 2025ലെ ഐ.പി.എല്‍. സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം പൂര്‍ത്തിയായി. 10 ടീമുകള്‍ 182 താരങ്ങള്‍ക്കുവേണ്ടി 639.15 കോടി രൂപ മുടക്കി. 62 വിദേശ താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് വന്‍ തുക ലഭിച്ചതാണ് രണ്ടാം ദിവസത്തെ താരലേലത്തിലെ ഹൈലൈറ്റ്. ആര്‍സിബി 10.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ച വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാറാണ് രണ്ടാം ദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ച താരം. ദീപക് ചാഹറിനെ 9.25 കോടിക്ക് മുംബൈയും എട്ടു കോടി രൂപ വീതം ചിലവഴിച്ച് ആകാശ്ദീപ് സിങിനെ ലഖ്നൗവും മുകേഷ് കുമാറിനെ ഡല്‍ഹിയും സ്വന്തമാക്കി. ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാനും സ്വന്തമാക്കി.
◾ മലയാളി താരങ്ങളില്‍ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ വിഷ്ണു വിനോദാണ് ഐപിഎല്ലില്‍ കൂടുതല്‍ വില ലഭിച്ച താരം. 30 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദെടുത്ത സച്ചിന്‍ ബേബിയും 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സെടുത്ത വിഘ്നേഷ് പുത്തൂരുമാണ് ടീമില്‍ ഇടം ലഭിച്ച മറ്റു മലയാളി താരങ്ങള്‍. ആദ്യ ഘട്ടത്തില്‍ ആരും ടീമിലെടുക്കാതിരുന്ന മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമില്‍ തിരികെയെത്തിച്ചു.
◾ ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ബിഹാറുകാരന്‍ വൈഭവ് സൂര്യവംശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പതിമൂന്നുകാരന്‍ വൈഭവിനെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
◾ പലിശനിരക്ക് കുറയ്ക്കുന്നത് അല്‍പം കൂടി നീണ്ടേക്കുമെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നതാണ് കാരണം. സെപ്റ്റംബറിലെ വിലക്കയറ്റതോത് 5.49 ശതമാനമായിരുന്നു. അടുത്ത മാസം വരാനിരിക്കുന്ന കണക്കും ഉയര്‍ന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 6ലെ പണനയപ്രഖ്യാപനത്തില്‍ പലിശ കുറച്ചേക്കുമെന്ന അനുമാനങ്ങള്‍ക്കിടെയാണ് ഗവര്‍ണറുടെ സുപ്രധാന പരാമര്‍ശം. ഈ മാസം ആദ്യം നടന്ന പണനയസമിതി യോഗത്തില്‍ തുടര്‍ച്ചയായി പത്താം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും, വൈകാതെ പലിശനിരക്കില്‍ കുറവു പ്രതീക്ഷിക്കാമെന്ന സൂചന റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു. എസ്ബിഐ ഗവേഷണവിഭാഗത്തിന്റെ അഭിപ്രായത്തില്‍ 2025ലായിരിക്കും ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കുന്നത്. ഗവര്‍ണറുടെ പുതിയ പ്രതികരണം കൂടി വന്ന സ്ഥിതിക്ക് ഡിസംബറില്‍ പലിശ കുറയ്ക്കാനുള്ള സാധ്യതയുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.
◾ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ എത്തുന്ന വിഷ്ണു മഞ്ചു ചിത്രം 'കണ്ണപ്പ'യുടെ റിലീസ് തീയതി പുറത്ത്. അടുത്ത വര്‍ഷം ഏപ്രില്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും. മുകേഷ് കുമാര്‍ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. ശരത് കുമാര്‍, മോഹന്‍ ബാബു എന്നീ താരങ്ങളും ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം, യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത് എന്നാണ് സൂചന. 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, ബ്രഹ്‌മാനന്ദം, മധൂ, ദേവരാജ്, അര്‍പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരന്‍, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
◾ ഷെയിന്‍ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രണയാര്‍ദ്രരായി നില്‍ക്കുന്ന ഷെയ്‌നും സാക്ഷിയും ആണ് പോസ്റ്ററിലുള്ളത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാര്‍ട്‌നര്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന.
◾ ഗ്രാന്‍ഡ് വിറ്റാര സ്മാര്‍ട് ഹൈബ്രിഡ് മികച്ച ഓഫറുകളോടെ സ്വന്തമാക്കാന്‍ നെക്സ ഷോറൂമുകളില്‍ 'ഗ്രാന്‍ഡ് വിറ്റാര സെലിബ്രേഷന്‍ ഡേ' ഒരുക്കുന്നു. 1,08,100 രൂപയുടെ ഓഫറുകളാണ് നല്‍കുന്നത്.ഗ്രാന്‍ഡ് എക്സ്ചേഞ്ച് ഓഫറായി 85,000 രൂപയും ഗ്രാന്‍ഡ് കണ്‍സ്യൂമര്‍ ഓഫറായി 20,000 രൂപയും ലഭിക്കും. കൂടാതെ 49,999 രൂപയുടെ ഡൊമിനിയന്‍ കിറ്റും സ്വന്തമാക്കാം. മാരുതി സുസുക്കി സ്മാര്‍ട് ഫിനാന്‍സ് ഓഫറിലൂടെ വാങ്ങുമ്പോള്‍ 30,000 രൂപയുടെ സ്പെഷല്‍ ഓഫറും ലഭിക്കും. ഒരു ലക്ഷത്തിന് 1475 രൂപ എന്ന നിലയിലുള്ള തവണവ്യവസ്ഥകളും ലഭിക്കും.
◾ ഇരുപതാം നൂറ്റാണ്ടില്‍ ബംഗാളില്‍ നിലനിന്നിരുന്ന ആണധികാരവ്യവസ്ഥയെ ചൂണ്ടിക്കാണിക്കുന്ന നോവല്‍. ധനികനായ മധുസൂദനനെ വിവാഹംചെയ്ത കുമുദിനിക്ക് ഭര്‍ത്താവിന്റെ അധികാരവ്യവസ്ഥയ്ക്കു മുന്‍പില്‍ കീഴടങ്ങേണ്ടിവരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി കുമുദിനി നടത്തുന്ന പ്രയാണം അവളുടെ ജീവിതത്തെത്തന്നെ മാറ്റിയെഴുതുന്നു. പരമ്പരാഗതമൂല്യങ്ങളും സ്ത്രീസ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ടാഗോര്‍കൃതിയുടെ ബംഗാളിയില്‍നിന്നുള്ള പരിഭാഷ. 'യോഗായോഗ്'. പരിഭാഷ - ലീല സര്‍ക്കാര്‍. മാതൃഭൂമി. വില 280 രൂപ.
◾ ബാക്കി വന്ന ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം അടുത്ത ദിവസം ഉപയോഗിക്കുന്ന ശീലമുണ്ടോ? ചില സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടമാകുമെന്നാണ് പൊതുധാരണ എന്നാല്‍ ചോറിന്റെ കാര്യം തിരിച്ചാണ്. അതതു ദിവസം പാകം ചെയ്ത ചോറിനെക്കാള്‍ ഗുണമുണ്ടത്രേ. ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറില്‍ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതല്‍ ആരോഗ്യപ്രദമായി മാറുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. മാത്രമല്ല, ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് സൂചിക കുറവായിരിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഗുണകരമാണ്. 12 മുതല്‍ 24 മണിക്കൂര്‍ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറില്‍ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് ആയി മാറും. ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് വിദഗ്ധര്‍ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാല്‍ വന്‍കുടല്‍ അര്‍ബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു. ഫ്രിഡ്ജില്‍ വെച്ച ചോറ് ദഹിക്കാനും എളുപ്പമാണ്. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഫ്രിഡ്ജില്‍ വെച്ച ചോറ് വീണ്ടും തിളപ്പിച്ചു കഴിക്കുന്നതും നല്ലതാണ്.