വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി.അഷ്റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായി മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്.
മന്ന കെ.എസ്.ഇ.ബി. ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടിലുള്ളവർ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്.
അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടക്കള്‍ വീടിനുള്ളില്‍ കടന്നത്. മൂന്നുപേർ മതില്‍ചാടി വീടിനുള്ളില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.